Saturday, February 19, 2005

എന്‍-106, രാമപുരം - തോട്ടപ്പള്ളി

ഹരിപ്പാട്ടു സ്കൂളില്‍ പഠിക്കുന്ന കാലം. അഞ്ചാം ക്ലാസ്സു മുതല്‍ എട്ടു വരെയൊ മറ്റോ ബസ്സിലായിരുന്നു യാത്ര. എന്‍.എച്‌-47-ല്‍ സര്‍ക്കാരിന്റെ സര്‍വീസുകള്‍ മാത്രമേ ഉള്ളൂ.

രാവിലെ 8:30-നു കോട്ടാംകോയിക്കല്‍ പോയി നിന്നാല്‍, ചിലപ്പോള്‍ അവിടെ തന്നെ നിന്നെന്നു വരും. ആലപ്പുഴയിലും മറ്റും ജോലി ചെയ്യുന്നവര്‍, തെക്കുള്ള കോളേജില്‍ പഠിക്കുന്നവര്‍, ഹരിപ്പാട്ടു ആശുപത്രിയില്‍ പോകുന്നവര്‍, എന്നു വേണ്ട, ആ ദേശത്തെ ഒരു പകുതി ജനസംഖ്യ ആ വഴിക്കു പോകാനുണ്ടാകും.

KSRTC സര്‍ക്കാര്‍ വക വെള്ളാനയായി വാഴുന്ന സമയം. ഒരു മാതിരി ആളെ നിറച്ചാല്‍, പിന്നെ ഓര്‍ഡിനറിയും ഇന്നത്തെ സൂപ്പര്‍ ഫാസ്റ്റിനെ വെല്ലുന്ന പാച്ചിലാവും.

തന്നെയുമല്ല, കണ്‍സഷന്‍ കാര്‍ഡുള്ള പിള്ളേരേ കയറ്റിയിട്ടു അവര്‍ക്ക്‌ വലിയ വ്യത്യാസം ഒന്നും കിട്ടാനില്ല, വേണ്ട പിള്ളേര്‍ എല്ലാ മാസവും കാര്‍ഡ്‌ പുതുക്കും, അങ്ങിനെ, വരുമാനത്തില്‍ വലിയ വര്‍ദ്ധന ഇല്ല.

മിക്ക ദിവസവും, വൈകിയേ സ്കൂളില്‍ എത്തു, ആഴ്ച്ചയില്‍ ഒരു മൂന്നു്‌ അസ്സംബ്ലിക്കു പോകേണ്ട കാര്യമേയില്ല...

അങ്ങിനെയിരിക്കുമ്പോളാണു്‌, ഹരിപ്പാട്‌ ഡിപ്പോയില്‍ നിന്നും ഒരു പുതിയ സര്‍വീസ്‌ തുടങ്ങുന്നത്‌, ഹരിപ്പാട്‌ - രാമപുരം, പിന്നെ, രാമപുരം - തോട്ടപ്പളി.

രാമപുരത്തു നിന്നും വിടുന്നതായതിനാല്‍, വലിയ തിരക്കൊന്നും ഇല്ല. ഒരു ഒന്‍പതരയകുമ്പോള്‍ ആടിയാടി വരുന്ന കാഴ്ച മനസ്സിനെ തണുപ്പിക്കുന്നതായിരുന്നു. മിക്കവാറും സീറ്റും കിട്ടുമായിരുന്നു. ബെല്ലടിക്കാന്‍ 5 മിനിറ്റുള്ളപ്പോള്‍ ഹരിപ്പാട്ടു എത്തും, പിന്നെ ഒന്നര കിലോമീറ്റര്‍ ഓട്ടമാണു്‌.

എന്‍-106-നു ഒരു പ്രത്യേക ശബ്ദമായിരുന്നു. വേറു ഒരു വണ്ടിക്കും അതു പോലത്തെ ഇരമ്പല്‍ ഇതുവരെ ഞാന്‍ കേട്ടിട്ടില്ല..

രണ്ടു വശത്തെയും ടര്‍പാളിന്‍ വിടര്‍ന്ന്‌ ചിറകുള്‍ ഉള്ള ഞങ്ങളുടെ രക്ഷാശകടം....

4 comments:

ദേവന്‍ said...

T 436 വെള്ളിമണ് - സ്റ്റാന്റിന്റെ കിഴക്കുഭാഗത്തായി പാർക്ക് ചെയ്യുന്നു... ഒരായിരം തവണ ഈ അനൌണ്സ്മെന്റിനു ഞാൻ കാത്തുനിന്നിട്ടുണ്ട്, കേട്ടിട്ടുമുണ്ട്. ഇതൊന്നും കേൾക്കാതെ തന്നെ ഒരു ഹോണടി ശബ്ദത്തിലോ എഞ്ചിന്റെ ഇരമ്പത്തിലോ ആ ബസ്സിനെ എനിക്കും തിരിച്ചറിയാമായിരുന്നു!ബസ്സിനെക്കാൾ ഒരു സഞ്ചരിക്കുന്ന ക്ലബ്ബായിരുന്നു അത് ഞങ്ങൾ പിള്ളേർ സ്കൂൾ വിശേഷങ്ങളുമായി എത്തും, വക്കീലന്മാർ കോടതിയിലെ കോളിളക്കവുമായെത്തും, തിരുവനന്തപുരത്തു നിന്നും ട്രെയിനിൽ വരുന്ന സർക്കാരു ജോലിക്കാരുടെ ബു. ജി വിശേഷങൾ.. കശുവണ്ടിയാപ്പീസിൽ പോയിട്ടു വരുന്ന പെണ്ണുങളുടെ വിപ്ലവ വിശേഷങൾ. അച്ഛനു ക്യാൻസറാണെന്ന പച്ചക്കള്ളം പ്രിന്റ് ചെയ്ത കാർഡുമായി തെണ്ടാനിറങുന്ന “കാർഡിയോളജിസ്റ്റ്” വിജയമ്മവരെ..മറന്നിരുന്നവരെയൊക്കെ ഓർത്തു ഞാനും ഏവൂരാനേ..

അതുല്യ said...

പച്ചക്കള്ളം പ്രിന്റ് ചെയ്ത കാർഡുമായി തെണ്ടാനിറങുന്ന “കാർഡിയോളജിസ്റ്റ്” വിജയമ്മവരെ, അതു വിജയമ്മ സ്വയം തെണ്ടിയതു - ഇതോ:

മാധ്യമം, നവംബർ, 15. ദുബായ്‌.

നാട്ടീന്നു ഒരു പരിചയവുമില്ലാത്ത ഒരു കാൻസർ രോഗിയെ, ചികിൽസക്കു പണം പിരിച്ചു തരാം എന്നു വ്യാമോഹിപ്പിചു, വിസിറ്റിൽ വിസയിൽ ദുബായി എത്തിച്ചു, ദുബായ്‌, ഷാർജ രാസൽകൈമ, ഫുജിറ എന്നിവിടങ്ങളിൽ, രണ്ട്‌ മാസത്തോളം കാറിൽ കൊണ്ടു നടന്നു. ഒരു ദിവസം ശരാശരി 7000 ദിർഹംസോളം, തന്നെ ഇവിടെ എത്തിച്ച എം.എം നിസാർ പിരിചു എന്നാണു കാൻസർ രോഗിയായ അബ്ദുൽ സലാം പറയുന്നത്‌. അസുഖം മൂർച്ചിചു, നീരു വച്ചു വികൃതമായ തന്നെ രാവും പകലും കാറിൽ കൊണ്ടു നടന്നാണു നാസർ കാശു പിരിച്ചത്‌. രണ്ടു മാസത്തിനു ശേഷം, നാട്ടിൽ പോണമെന്നു ശഠിച്ചപ്പോ, നാളെ റ്റികറ്റുമായി വരാം എന്നു പറഞ്ഞു പോയ നിസാറിനെ ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാ.

കൃത്യം ചെയ്തത്‌ ഒരു മലയാളി മറ്റൊരു മലയാളിയായ ക്യാൻസർ രോഗിയോട്‌ എന്നോർക്കുമ്പോ, എനിക്കു നോവുന്നു.

വര്‍ണ്ണമേഘങ്ങള്‍ said...

രാമപുര വാഹിനി ബി ബി എച്ച്‌ എസ്സ്‌,നങ്ങ്യാർകുളങ്ങര ടി കെ എം എം മുതലായ വിദ്യാ കേന്ദ്രങ്ങളിലെ നാടൻ പെൺകൊടികളെ പകുതിയിൽ നിന്നും പിറകിലേയ്ക്ക്‌ നിറച്ചൊതുക്കി രാമപുരം-തോട്ടപ്പള്ളി(പിന്നീട്‌ കന്നുകാലിപ്പാലം)ലയിനിൽ കുതിച്ചു വരുന്ന ചുണ്ടനെപ്പോലെ പിറകുവശം കൊണ്ട്‌ തൂങ്ങി,ചവുട്ടി അടിയിലാക്കിക്കളഞ്ഞ ആക്സിലറേറ്ററിന്റെ ഉരഞ്ഞു തീരാറായ കുതിപ്പിൽ ആടിയാടി വരുന്നത്‌ രാമപുരം അമ്പല ജംക്ഷനിലെ ഞാനടങ്ങുന്ന അനേകം യുവ നയനങ്ങൾക്ക്‌ അമൃതും,ആന്ദോളനവുമൊക്കെയായിരുന്നു...
ഒരു കാലം........!!

jayanEvoor said...

ഇന്നാണ് ഇതു കാണാന്‍ കഴിഞ്ഞത്!!

എന്‍-106 ലെ യാത്രക്കാരനായിരുന്നു ഞാനും!

നന്ദി സുഹൃത്തേ, ഓര്‍മകള്‍ പങ്കുവച്ചതിന്!

(ഏവൂരുകാരനാണു ഞാനും. നമ്മള്‍ തമ്മില്‍ അറിയുമോ? എന്റെ വീട് പള്ളത്ത്)