Saturday, February 19, 2005

ഇരട്ടപ്പേരുകള്‍....

പഠിക്കുന്ന ക്ലാസ്സിലെ എല്ലാവര്‍ക്കും ഓരോ ഇരട്ടപ്പേരുകളുണ്ടായിരുന്നു. കാള സനേഷ്‌, കഞ്ഞിപ്പട്ടാളം, തികൂ, എലി ബിജു, കുപ്പമ്മാവന്‍ തുടങ്ങിയവ...

ഒരു പാട്ട്‌ ഇപ്പോഴും മനസ്സില്‍ എത്തുന്നു.

അഖില കേരള മേജര്‍ കുക്കേ സംഘടിക്കുവിന്‍,
സംഘടിച്ചു സംഘടിച്ചു കപ്പ മാന്തുവിന്‍,
ചുട്ടടിക്കുവുന്‍, പുഴുങ്ങിത്തിന്നുവിന്‍,
ബാക്കിയുള്ള റാറ്റുകള്‍ക്ക്‌ തീറ്റ നല്‍കുവിന്‍...

ഇതു പാടിയാല്‍ എലി ബിജുവിന്റ ഇടി ഉറപ്പ്‌. അവന്റെ അപ്പന്‍ പട്ടാളത്തിലായിരുന്നു, ഞങ്ങള്‍ അതു ചുരുക്കി, അവന്റെ അപ്പന്‍ പട്ടാളത്തിലെ കുശിനിക്കാരനാണു എന്നാക്കിയിരുന്നു. ഒരു 4 കൊല്ലമെങ്കിലും തോറ്റു കിടന്നയാളാണു.

കാള സനേഷിനെ ഡ്രില്‍ സമയത്തു ഹരികുമാര്‍ പിന്നില്‍ നിന്നും വട്ടം പിടിക്കും, ഞങ്ങള്‍ സൌകര്യം പോലെ കാളക്കിട്ടു ഇടിക്കും, അല്‍പം കഴിയുമ്പോള്‍ ഹരികുമാര്‍ പിടിവിടും. അപ്പോള്‍ കാളയുടെ തവണയാണു, ഞങ്ങളെ ഇടിക്കാന്‍. എല്ലാവരും ചിതറിയോടും, കാളയുടെ മുന്‍പില്‍ പെടാതിരിക്കാന്‍.

അശോകന്‍, പരീക്ഷയ്ക്കു മുന്‍പു കൈക്കൂലിയും കൊണ്ടു വരും, സഹതാപം ഉണര്‍ത്തിക്കാനുള്ള ശ്രമം, ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കണം. തോമസും, സഞ്ജീവും ഒരു രണ്ടാഴ്ചയ്ക്കു മുന്‍പേ ചെറിയ കുറിപ്പുകള്‍ എഴുതി തയ്യാറാവുമയിരുന്നു, ഡാപ്പടിക്കാന്‍. പരീക്ഷക്കാലത്തു അവന്മാര്‍ എല്ലാം മുണ്ടുടുക്കുന്ന നല്ല കുട്ടികളാവും...

പിന്നെ, വട്ടുപാക്കരന്‍, പട്ടര്‍, ബള്‍ക്കി മധു, ഷൈന്‍ തൂക്കി, പെണ്ണു മോന്‍, കാക്ക എന്നും കുറെപ്പേര്‍....

കുറേ നല്ല വര്‍ഷങ്ങള്‍

1 comment:

ദേവന്‍ said...

സ്ഥലം സര്‍ക്കാര്‍ പള്ളികൂടം. കാലം, കലികാലം. നിന്നോതിക്കോന്‍ മുള്ളും, ഉണ്ണികള്‍ മരമേറീടും മുള്ളും എന്ന കവിതക്കാധാരം ഞങ്ങളുടെ പള്ളിക്കൂടമാവാനേ വഴിയുള്ളൂ..

എന്നാലും ഹേഡ്‌മാഷ്‌ പുലിയാണ്‌,, പഴയ ആര്‍മ്മി.. പിച്ചള കെട്ടിയ ബാറ്റണ്‍ ചുവന്ന കണ്ണുകള്‍, ഒന്നു പറഞ്ഞാല്‍ രണ്ടിന്‌ അടി, മൂന്നിനു ആരും ശ്രമിക്കില്ല, കാരണം പുള്ളി നമ്മള്‍ പ്രതീക്ഷിക്കാത്തത്ര തറയാകും.. എന്നാലും പിള്ളെരെ ഇഷ്ടമാണ്‌. പഴയ സായിപ്പിന്റെ സ്കൂളില്‍ പടിച്ചയാളാണ്‌ ഗ്രാമര്‍ ക്ലാസുകള്‍ ഗംഭീരമാണ്‌..

ഹിസ്റ്ററി പീരിയഡ്‌. റ്റീചര്‍ എത്തിയില്ല്. ഹിസ്റ്റീരിയ പിടിച്ചപോലെ ഞങ്ങള്‍ അലച്ചു കൂവുമ്പോള്‍ അതാ പ്രത്യക്ഷപ്പെട്ടു വടിവേലന്നായി സണ്ണി ഹേഡ്‌..

"ഇവിടെന്താ ബഹളം?" ആരും മിണ്ടിയില്ല, നാധനില്ലാക്കളരിയില്‍ എന്താ ബഹളമെന്നത്‌ അര്‍ത്ഥമില്ലാത്തൊരു ചോദ്യമല്ലേ..
"ഇപ്പൊ എന്താ ക്ലാസ്സ്‌?"
"ഹിസ്റ്ററി"
"ആര ക്ലാസ്സ്‌ എടുക്കണെ?" ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി.. റ്റീച്ചറിന്റെ പേരറിയില്ല, ഇരട്ടപ്പേരേ അറിയൂ..

"എഴുന്നേല്‍ക്കെടാ" തണ്ണിച്ചന്‍ സണ്ണിച്ചന്‍ ബാറ്റണ്‍ ചൂണ്ടി... കുന്തമുനയില്‍ പെട്ട പാവം പ്രമോദ്‌ എഴുന്നേറ്റു
"ആരാടാ ഇപ്പോ ക്ലാസ്‌ എടുക്കേണ്ടത്‌?"
"അറിയില്ല സാര്‍" ഠേ . അടി പൊട്ടി.. "നിനക്കു സാറിന്റെ പേരറിയില്ലേ? കള്ളം പറയുന്നോടാ?"
പ്രമോദ്‌ മിണ്ടിയില്ല. ന ബ്രൂയാത്‌ സത്യമപ്രിയം എന്നല്ലെ ആപ്തവാക്യം..

വടി
ഷമീനക്കു നേരെ തിരിഞ്ഞപ്പോഴേ അവള്‍ അറിയാതെ എഴുന്നേറ്റുപോയി..
" ആരാടോ തന്നെ ഹിസ്റ്ററി പഠിപ്പിക്കുന്നത്‌?"
ഷമീന വായ തുറന്നു പക്ഷേ പഴ ചാപ്ലിന്‍ സിനിമ പോലെ വെറും ചുണ്ടനക്കല്‍ മാത്രം.. ശബ്ദമില്ല.. ബാറ്റണ്‍ ഉയര്‍ന്നു " പറയാന്‍!!"
"മഞ്ഞക്കിളി" ഷമീന അറിയാതെ പറഞ്ഞു പോയി
ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. തണ്ണിസ്സാറും ചിരിച്ചുപോയി..
"അവരുടെ പേര്‌ ലില്ലി സക്കറിയ എന്നാണ്‌ കേട്ടോ" ഹേഡ്‌ പാവം തോന്നി ഷമീനക്കു പറഞ്ഞുകൊടുത്തു. ക്ലാസ്സില്‍ ചിരി കൂടുതല്‍ ഉച്ചത്തിലായി- അപ്പൊ ഹേഡ്‌ മാസ്റ്റര്‍ക്കും അറിയാം മഞ്ഞക്കിളിയെ!!
അബദ്ധം മനസ്സിലാക്കിയ തണ്ണിസ്സാറ്‌ ഇവന്മാരുടെയൊക്കെ കാര്യം എന്നൊരാത്മഗതവുമായി വടികൊണ്ട്‌ കതകിലൊരടിയും അടിച്ച്‌ നടന്നുപോയി..