Sunday, March 13, 2005

നിറകുടം തുളുമ്പില്ല...

കാവി ഭാരതീയതയുടെ പ്രതീകമാണു. വീരനായ അര്‍ജുനന്റെ കൊടിയുടെ നിറമാണു. ഋഷിവര്യരുടെ ചേലയുടെ നിറമാണു.

ഞങ്ങളുടെ കിഴക്കന്‍ നാട്ടില്‍, കാവിയുടുത്ത ആഢ്യന്മാരെ മുട്ടിയിട്ടു വഴി നടക്കാന്‍ മേല. കൂടെ ഒരു ചെമന്ന കുറിയും. സന്ധ്യയാകുമ്പോള്‍ മുക്കിനു എല്ലാ ആഢ്യന്മാരും കൂടി അതിലെ പോകുന്നവരുടെ കണക്കെടുപ്പാണ്‌. കൂടെ ഇച്ചിരെ വാട്ടീസും ഉണ്ടെങ്കില്‍ സാംസ്ക്കാരിക ധാരാളിത്തം അണ പൊട്ടുകയായി.

പ്രീയപ്പെട്ട തറവാടീ, കുലീനത നിന്റെ കുറിയിലോ, കേറ്റിയുടുത്ത നിന്റെ മുണ്ടിലോ? ശകല വിടലക്ഷണങ്ങളും തികഞ്ഞ നിന്റെ നോട്ടത്തിലോ?

നേരം വൈകുമ്പോള്‍ വീട്ടില്‍ ചെന്ന്‌, വല്ലതും വായിച്ചു പഠിക്കാന്‍ നോക്കൂ, അമ്മ-പെങ്ങന്മാരുടെ വിശപ്പകറ്റാനുള്ള വഴി നോക്കൂ.

ജനാധിപത്യത്തിന്റെ ഉന്നമനത്തിനു നീ കവലയിലെ കാവല്‍ക്കാരനാവേണ്ട. ചക്കാത്തില്‍ തരപ്പെടുന്നതു നക്കി നക്കി നടക്കാതെ, വല്ല പണിയും നോക്കി പോകരുതോ?

വിവരമുള്ള തന്തേടേം തള്ളേടേം പിള്ളേരെ, ആരെയും ഞാനാ കവലയില്‍ ഒരിക്കലും കണ്ടിട്ടില്ല.

നിറകുടം തുളുമ്പില്ലല്ലോ?

No comments: