Saturday, April 02, 2005

വേപ്പിന്റെ പേറ്റന്റ്‌ റദ്ദാക്കി

(മാതൃഭൂമി വാര്‍ത്ത..)

ലണ്ടന്‍: ആര്യവേപ്പിന്റെ പേരില്‍ അമേരിക്കന്‍ കാര്‍ഷികവകുപ്പും ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയും സമ്പാദിച്ച പേറ്റന്റ്‌ റദ്ദാക്കിയ നടപടി യൂറോപ്യന്‍ പേറ്റന്റ്‌ ഓഫീസ്‌ (ഇ.പി.ഒ) ശരിവെച്ചു. ഇതുസംബന്ധിച്ച്‌ പതിനൊന്നുവര്‍ഷമായി തുടര്‍ന്നുവന്ന തര്‍ക്കങ്ങള്‍ ഈ നടപടിയോടെ അവസാനിച്ചു. വേപ്പിന്റെ ഫംഗസ്‌ നശീകരണ ഗുണങ്ങള്‍ക്കാണ്‌ യു.എസ്‌. കാര്‍ഷികവകുപ്പും ബഹുരാഷ്ട്ര കമ്പനിയായ ഡബ്ല്യു.ആര്‍. ഗ്രേയ്‌സും പേറ്റന്റ്‌ നേടിയിരുന്നത്‌. ഭക്ഷ്യവിളകള്‍ക്കുപയോഗിക്കാവുന്ന, വേപ്പുപയോഗിച്ചുള്ള ജൈവ കീടനാശിനികള്‍ക്ക്‌ 1994-ലാണ്‌ ഇ.പി.ഒ. ഈ രണ്ടുകൂട്ടര്‍ക്കും പേറ്റന്റ്‌ അനുവദിച്ചത്‌. എന്നാല്‍, വേപ്പ്‌ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണെന്നും അതിന്റെ ഗുണങ്ങള്‍ രാജ്യത്തെ പരമ്പരാഗത വിജ്ഞാനശേഖരത്തിന്റെ ഭാഗമാണെന്നുമുള്ള ഇന്ത്യയുടെ വാദം അംഗീകരിച്ച്‌ വേപ്പിന്റെ പേറ്റന്റുകള്‍ 2000 മേയില്‍ ഇ.പി.ഒ. റദ്ദുചെയ്തു. അതിനെതിരെ ഡബ്ല്യു.ആര്‍. ഗേയ്‌സ്‌ കമ്പനി നല്‍കിയ അപ്പീലാണ്‌ യൂറോപ്യന്‍ പേറ്റന്റ്‌ അധികൃതര്‍ ഇപ്പോള്‍ തള്ളിയത്‌. ജൈവചോരണത്തിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്‌ എന്ന നിലയിലാണ്‌, വേപ്പിന്റെ പേറ്റന്റിനെതിരെയുള്ള നിയമനടപടികള്‍ വിലയിരുത്തപ്പെടുന്നത്‌. പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദന ശിവയും യൂറോപ്പിലെ ഗ്രീന്‍പാര്‍ട്ടി നേതാവും മുന്‍ ബെല്‍ജിയം ആരോഗ്യമന്ത്രിയുമായ മാഗ്ദ അലെവോട്ടുമാണ്‌ പേറ്റന്റിനെതിരെയുള്ള നിയമനടപടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ഫംഗസ്‌ ബാധയ്ക്കെതിരെയുള്ള വേപ്പിന്റെ ഗുണങ്ങള്‍ കഴിഞ്ഞ 2000 വര്‍ഷമായി ഇന്ത്യക്കാര്‍ക്ക്‌ അറിവുള്ള കാര്യമാണെന്നും അത്‌ ആരും പുതിയതായി കണ്ടുപിടിക്കേണ്ട കാര്യമില്ലെന്നും യൂറോപ്യന്‍ പേറ്റന്റ്‌ അധികൃതരെ ബോധ്യപ്പെടുത്താന്‍, ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച്‌ ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ്‌, ടെക്‌നോളജി ആന്‍ഡ്‌ ഇക്കോളജി (ആര്‍.എഫ്‌.എസ്‌.ടി.ഇ)ക്ക്‌ കഴിഞ്ഞു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഓര്‍ഗാനിക്‌ അഗ്രിക്കള്‍ച്ചര്‍ മൂവ്‌മെന്റ്‌സ്‌ എന്ന സംഘടനയും ഗ്രീന്‍പാര്‍ട്ടിയും ഇക്കാര്യത്തില്‍ പിന്തുണനല്‍കി. പരമ്പരാഗത വിജ്ഞാനമേഖലയ്ക്ക്‌ ലഭിക്കുന്ന വനവിജയമാണിതെന്ന്‌ നിരീക്ഷകര്‍ പറയുന്നു. ഇത്തരമൊരു കാരണത്താല്‍ ഒരു പേറ്റന്റ്‌ റദ്ദാക്കപ്പെടുന്നത്‌ ആദ്യമായാണെന്ന്‌ അലെവോട്ട്‌ പറഞ്ഞു.

No comments: