Saturday, April 23, 2005

പുത്രഭാഗ്യം...

"വയസ്സു കാലത്തു അപ്പനേയിനി വേണ്ടാതീനം പഠിപ്പിക്കാനാണോടാ നിന്റെ ഭാവം...?"

ഏലിയാമ്മ മകന്‍ കുര്യനോടു ചോദിക്കുന്നതു കേട്ടപ്പോള്‍ ദാനിയേല്‍ സാറിനു ചിരിവന്നു.

അവധിക്കു വന്നപ്പോളൊരു ത്രിഗുണന്റെ കുപ്പി തനിക്കു തന്നതിനാണീ ബഹളം. ഇത്തിരി കഴിയുമ്പോള്‍ അവളൊതുങ്ങിക്കൊള്ളും...

വര്‍ഷങ്ങള്‍ക്കു മുന്‍പു അനന്തപുരിയില്‍ കുര്യനെയും കൊണ്ടവന്റെ സെലക്ഷനു പോയതു സാറോര്‍ത്തു.

***

കുര്യനന്നു കഷ്ടിച്ചു പതിനേഴു വയസ്സു പ്രായം.

വര്‍ക്കിയളിയന്‍ പറഞ്ഞു കൊടുത്ത ചില വിദ്യകളുമായിരുന്നു പോക്ക്‌. ഫിസിക്കലു തുടങ്ങുന്നതിനു മുമ്പേ രണ്ടു മുഴുത്ത ഏത്തക്കായും കുറേ വെള്ളവും വയറ്റില്‍ ചെന്നല്‍ നേരം വൈകുന്നതു വരെയും ശരീരത്തിന്റെ ഭാരം കുറയില്ല. ഏലിയാമ്മ കുറേ ഏത്തക്കായകള്‍ അയ്യപ്പാസിന്റെ കവറില്‍ പൊതിഞ്ഞു തന്നയച്ചിരുന്നു.

കൂട്ടത്തിലൊരെണ്ണം സാറും കഴിച്ചു.

ഗേറ്റു കയറി മകന്‍ മറഞ്ഞപ്പോള്‍ തങ്ങള്‍ക്കിത്തിരി കൂടി ഗതിയുണ്ടായിരുന്നെങ്കില്‍ കുര്യനെ ഈപ്പണിക്കു വിടില്ലായിരുന്നു എന്ന് സാറോര്‍ത്തു.

മൂന്നരയോടെ നഗരികണ്ടു സാര്‍ തിരികെ പാങ്ങോട്ടെത്തി.

അല്‍പം കഴിഞ്ഞപ്പോള്‍ ക്ഷീണിച്ച സീമന്തപുത്രനിറങ്ങി വന്നു.

വഴിവക്കില്‍ നിന്നു ഇട്ടിരുന്ന ബനിയനൂരിയപ്പോള്‍ കണ്ടു, അവന്റെ നെഞ്ചത്തെ നീല പെയിന്റിലുള്ളൊരു "45".

ക്രമസംഖ്യയാണത്രേ.

തൊട്ടു മണത്തു നോക്കി. പെയിന്റു തന്നെയാണു.

അറവുകാരന്‍ മൊയ്തീന്റെ കടയിലേക്കു തെളിച്ചു കൊണ്ടു വരുന്ന പാണ്ടിക്കാളകളുടെ മേലുള്ള അക്കം പോലെ...

നടക്കുന്നതിനിടയില് കുര്യന്‍ പറഞ്ഞു, ഉത്തരേന്ത്യക്കാരന്‍ പട്ടാള ഡോക്ടര്‍ കൈയുറകളിട്ടവന്റെ വൃഷണം പരിശോധിച്ച കഥ.

പിന്നീടു, തിരികെ നാട്ടിലേക്കുള്ള ഫാസ്റ്റില്‍, തന്റെ കൈത്തണ്ടയില്‍ മുഖമണച്ചു മകനുറക്കം തുടങ്ങിയപ്പോള്‍ ആ സര്‍ക്കാര്‍ പ്രൈമറി അധ്യാപകന്റെ കണ്ണുകള്‍ നനഞ്ഞു വന്നു.

* * *

വെളിച്ചം അലോസരപ്പെടുത്തിയപ്പോള്‍ തോര്‍ത്തു കൊണ്ടു മുഖം മറച്ചിട്ടു ഒന്നു നിവര്‍ന്നു കിടന്നു.

ആരോ വന്നു തൊട്ടുണര്‍ത്തിയപ്പോഴാണു കണ്ണു തുറന്നതു. ഗോപിസാറാണു.

"എത്തി..."

ഗോപിസാറിന്റെ ബലത്തിലൊരുവിധത്തില്‍ ഉമ്മറത്തേക്കു നടക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ അലറുന്ന മണിയന്‍പിള്ളയുടെ സ്വരം കേട്ടു...

"ഈ നാടിന്റെ ഓമന പുത്രനും, ധീരയോദ്ധാവുമായ
സുബേദാര്‍ വട്ടപറമ്പില്‍ കുര്യന്‍ ദാനിയേലിന്റെ ...."

മനസ്സില്‍ ദേഷ്യം തോന്നിപ്പോയി. കുര്യന്‍ മേടിച്ച പത്തുസെന്റിന്റെ അതിരു കഴിഞ്ഞയാഴ്ചയും മാന്തിയവനാണിപ്പോള്‍ ഗദ്‌ഗദകണ്ഠനാകുന്നതു...

മുറ്റം നിറയെ ആള്‍ക്കാര്‍.

പച്ച യൂണിഫോമിട്ട കറുത്ത ബൂട്ടുകളിലേറി, ത്രിവര്‍ണ്ണ പതാക പുതച്ചു മകന്റെ ശവപ്പെട്ടിയിതാ തന്റെ പടികയറി വരുന്നു...

ഇക്കുറി റിട്ടയേര്‍ഡ്‌ പ്രൈമറി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ദാനിയേല്‍ സാര്‍ വിതുമ്പിപ്പോയി....

1 comment: