Tuesday, April 19, 2005

കടത്തുതോണിക്കാരന്‍...

സന്ധ്യ വഴിമാറിയപ്പോള്‍ ഇരുളാന്‍ തുടങ്ങിയ കറുത്ത കായലിലേക്കു മിഴിനട്ടിരിക്കയായിരുന്നു അയാള്‍. ഇരുണ്ട കായല്‍ കണ്ടപ്പോള്‍ കനച്ച വെളിച്ചെണ്ണയാണയാള്‍ക്കോര്‍മ്മ വന്നതു.

ഒരു ദിവസം കൂടി ഇവിടെത്തീരുന്നു.

ചെവിമടക്കില്‍ നിന്നും ഒരു കുറ്റിബീഡിയെടുത്തു ചുണ്ടുകള്‍ക്കിടയില്‍ തിരുകി.

എത്ര ദിവസങ്ങളിതു പോലെ തന്നെ കടന്നു പോയെന്ന് തെല്ലു നിര്‍വികാരിതയോടെ അയാളോര്‍ത്തു.

പതിമൂന്നു വയസ്സുള്ളപ്പോള്‍ അപ്പന്റെ കൂടെ വള്ളക്കാരനായതാണു. അന്നൊക്കെ കുറുകെ പോകാന്‍ ഒരുപാടാള്‍ക്കാരുണ്ടായിരുന്നു, നാലു വള്ളങ്ങളുണ്ടായിട്ടും കടവില്‍ തിരക്കായിരുന്നു. കായംകുളത്തു ചന്തയുള്ള ദിവസമെങ്കില്‍ പറയുകയും വേണ്ട.

എഴുപതാണ്ടുകളില്‍ ഒരുപാടു സംഭവങ്ങളുണ്ടായി.

സതിയെ പെണ്ണൂകെട്ടിയ ദിവസം ഓര്‍മ്മയില്‍ വന്നു.

പിച്ചവെയ്ക്കുന്ന മകന്‍ മാധവനും, മീശ കിളിച്ചപ്പോഴത്തെ മാധവനും തമ്മിലെന്തു വ്യത്യാസമായിരുന്നു...

വലിവു പിടിച്ചു സതി ചത്തതും, മാധവന്‍ നാടുവിട്ടതും, കൊല്ലങ്ങള്‍ക്കു ശേഷം കൊച്ചിയലവന്‍ വണ്ടി കേറി ചത്തതും, തെക്കുമ്മുറിയില്‍ പാലം വന്നതും, അതിനു മേലേ ഹൈവേ വന്നതും -- എല്ലാം ഒരു ചലച്ചിത്രമെന്ന പോലെ അയാളുടെ അകക്കണ്ണുകള്‍ക്കു മുന്നില്‍ വന്നു മറഞ്ഞു.

ഇനി ഓര്‍ത്തിട്ടെന്താ എന്നു കരുതി, അക്കരെക്കു പോകാന്‍ വള്ളക്കോലെടുത്തപ്പോളാണു കടവില്‍ ഒരു ബൈക്കു വന്നു നിന്നത്‌. സ്കൂള്‍ യൂണിഫോമണിഞ്ഞ പെണ്ണൂ പിന്‍സീറ്റില്‍ നിന്നിറങ്ങി വള്ളത്തിലേറാനോടി വരുമ്പോള്‍ അയാളോര്‍ത്തതു താനാദ്യം മോട്ടോര്‍സൈക്കിള്‍ കണ്ടതെന്നാണെന്നായിരുന്നു..

ഇതെവിടുത്തെ കൊച്ചാണോ എന്തോ?

ങ്‌ഹാ, തനിക്കൊരുപാടു വയസ്സായെന്നു മെല്ലെ പിറുപിറുത്തു കൊണ്ടയാള്‍ തന്റെ യാത്രക്കാരിയെ അക്കരെയെത്തിക്കാനാഞ്ഞാഞ്ഞു വള്ളമൂന്നി...

***

അക്കരെയെത്തി വള്ളമിറങ്ങിയ പെണ്‍കൊച്ചു വെച്ചുനീട്ടിയ നാണയത്തുട്ടുകള്‍ വാങ്ങിക്കുവാനെന്തോ അയാള്‍ക്കു തോന്നിയില്ല.

കരയില്‍ കിടന്ന ഒരു പലകയെടുത്തു വള്ളത്തിലിട്ടയാള്‍ അതിന്മേലൊന്നു കിടക്കാനായി ചാഞ്ഞു.

രാവേറെ ചെന്നിട്ടും രാഘവനുണരാന്‍ തോന്നിയില്ല.

"പഞ്ചായത്ത്‌ കടത്തുവള്ളം" എന്നു വെളുത്ത നിറത്തിലെഴുതിയ കേവു വള്ളം അഴിമുഖം കടന്നുള്‍ക്കടലിലെത്തിയപ്പോഴും അയാളുറക്കമായിരുന്നു.

ചുക്കിചുളിഞ്ഞ അയാളുടെ ദേഹം തൊട്ടു കടല്‍ക്കാറ്റു കിഴക്കു, കരയിലേക്ക്‌ മെല്ലെ വീശിയടിച്ചു.

3 comments:

സു | Su said...

baki katha.....
aroo urakke vilikkunnathu kettanu ayal njettiyunarnnathu. akkarekku pokenta yaatrakkar. jolikku pokunnavar, schoolil pokunnavar, bandhukkale sandarshikkan pokunnavar, angine angine oro avashyakkar .ayal eneettu vallam thuzhayan thudangiyappol ellarudem mughathu aswasam. ayalkkum oru unarvu thonni. ennittorthu. ennekkontu sadhikkunnathu cheythukodukkathe njaan maranathinte pinnale poyirunnel nashtam arkku?
Evuraaneee hehehehe.ayale kollan njan sammathikkilla.

rathri said...

katha thuTarunnu:

ullkataliloTTu poya thonikkaran pathu varshanghalkku sesham thirich~ kochin international airportil vimaanamirangunnu. ranTu kayyilum kanapetta pettikal. athbhutham kooriyavarote pulli:
Oh, annu nammal chennatinjath~ dubai kaTappurathayirunnu :)

കെവിന്‍ & സിജി said...

രാത്രീഞ്ചരോ, ദുബായു് കടപ്പുറത്തടിയുന്നോരെയെല്ലാം, കനപ്പെട്ട പെട്ടികളും കൊടുത്താണു് നാടുകടത്തുന്നതെന്നറിഞ്ഞില്ല. ഇടയ്ക്കൊന്നു പോയി ദുബായ് കടപ്പുറത്തടിയായിരുന്നു. തീരെ സമയമില്ലാതായിപ്പോയി. എവുരാ, നല്ല കഥ.