Saturday, May 14, 2005

അപ്പുവിന്റെ ശരവിദ്യ


അമര്‍ചിത്രകഥ തീര്‍ന്നപ്പോള്‍ അപ്പുവിനൊരു പൂതി.

അമ്പും വില്ലും വേണം.

ചിത്രകഥയിലെ അര്‍ജ്ജുനന്റെ അമ്പൊഴിയാത്ത ആവനാഴിയും കൊണ്ടു ടീവീയിലെ പോലെ ടിഷ്യൂം ടിഷ്യൂമെന്നു താനമ്പെയ്തു നടക്കുന്നതവന്‍ ഭാവനയില്‍ കണ്ടു.

അമ്പും വില്ലും ഇല്ലാതെ തന്നെയവനാ രംഗമൊന്നു ചെയ്തു നോക്കി.

നല്ല രസം.

ഒരെണ്ണം സംഘടിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. തീരുമാനിച്ചുറപ്പിച്ചു.

അച്ഛനാണേ രാവിലേ തന്നേയെങ്ങോട്ടോ പോയിരിക്കുന്നു. താനുണരുന്നതിനു മുന്‍പേ.

ചേട്ടനോടു ചോദിച്ചപ്പോള്‍ ഓടിച്ചു വിട്ടു. ഇഷ്ടനു പരീക്ഷക്കാലമാണത്രേ. മേശക്കിലിരുന്നുറങ്ങുന്നതിനു പക്ഷേ ഒരു കുഴപ്പവുമില്ല.

അമ്മ മത്തിവെട്ടുന്ന തിരക്കില്‍. പത്തുരൂപായ്ക്കു ഇന്നൊത്തിരി മീന്‍ ജബ്ബാറു കൊടുത്തത്രേ. പക്ഷേ കൂടുതലും പഴുത്തതാണു, വെട്ടിത്തീരാനേറെ നേരമാവുമത്രേ.

ഒരു വഴിയുണ്ട്‌. ഇന്നു താഴെ വെറ്റക്കണ്ടത്തില്‍ സോമരാജനുണ്ട്‌. പുള്ളിയോടു ചോദിക്കാം.

എവിടെപ്പോയാലും പറഞ്ഞിട്ടു പോകണമെന്നാണു അച്ഛന്റെ കല്‍പന.

"അമ്മേ, ഞാന്‍ സോമായന്റെവിടെ പോവ്വാ..." എന്നലച്ചിട്ടപ്പു താഴേക്കുള്ള വെട്ടുവഴി ഓടിയിറങ്ങാന്‍ തുടങ്ങി.

"സോമായ"നെന്നാല്‍ സോമരാജനെന്നു അപ്പുവിന്റെ ഭാഷയില്‍.

കാട്ടുകല്ലുകളിട്ടു കെട്ടിയ ദുര്‍ഘടമായ വഴിതാണ്ടിയവന്‍ സോമായന്റെ പക്കലെത്തി.

വെറ്റയ്ക്കു പടരാന്‍ ഒട്ടലു, മുളയേണിയിലേറി കെട്ടുകയായിരുന്നു, സോമരാജന്‍.

അപ്പു കൊഞ്ചിയും കുഴഞ്ഞും കാര്യമവതിരിപ്പിച്ചു.

"അതിനെന്താ അപ്പുവേ...!!" വാത്സല്യത്തോടെ സോമരാജന്‍ സമ്മതിച്ചു.

വില്ലുണ്ടാക്കുന്നതിനേറ്റവും നല്ലതു പുല്ലാനിക്കമ്പാണത്രേ. സൂക്ഷിച്ചു വേണം പുല്ലാനിക്കമ്പു വെട്ടാന്‍ പോകാന്‍. ചിലപ്പോള്‍ പുല്ലാനി മരത്തില്‍ പുല്ലാനി മൂര്‍ഖനുണ്ടാവുമത്രേ. അതിനു മരം കേറാനുമാവുമത്രേ...!!!

ഇടുപ്പിലേ പേനാക്കത്തി നിവര്‍ത്തി സോമരാജന്‍ കിഴക്കേ ഈടിയിലുലഞ്ഞു നിന്നിരുന്നൊരു പുല്ലാനിക്കമ്പു അപ്പുവിന്റെ പകുതിനീളത്തിനൊത്തു വെട്ടുമ്പോള്‍ അപ്പു കണ്ണുകള്‍ പരതി നോക്കിയതു ആ ചെടിപടര്‍പ്പില്‍ മൂര്‍ഖനുണ്ടോ എന്നായിരുന്നു.

ഇനി ഞാണ്‍ വേണം. സോമരാജന്‍ വെറ്റവാരത്തിലെവിടെയോ വെച്ചിരുന്ന ചൂണ്ട നൂലിട്ടൊരു ഞാണും കെട്ടി.

പണ്ടു കാലത്താള്‍ക്കാര്‍ ഞാണ്‍ കെട്ടിയിരുന്നതു, മാനിന്റെ ഞരമ്പുണക്കിയാണത്രേ...!!

എന്തെല്ലാം അറിവുകളാ... അപ്പുവിനാകെ ഞെരിപിരിയായി.

തന്റെ വില്ലിതാ ശരിയാകുന്നു...!! ഇത്രയും എളുപ്പം കിട്ടുമെന്നറിഞ്ഞിരുന്നില്ല...!!

ഒരു കമ്മ്യൂണിസ്റ്റ്‌ ചെടിയുടെ തണ്ടു മുറിച്ചാദ്യത്തെ അമ്പെയ്തതു നോക്കി, സോമരാജന്‍.

പിന്നെ അപ്പുവിനേ, വില്ലു പിടിക്കേണ്ട വിധം, അമ്പെയ്യേണ്ട വിധം - എല്ലാം കാണിച്ചും കൊടുത്തു.

"അപ്പുവേ, കുളിക്കാന്‍ വാടാ..." മേലേന്നു അമ്മ വിളിക്കുന്നു.

"വരുന്നു..."

മേലോട്ടുള്ള വഴിയിലപ്പു തകര്‍ത്തു...!!!

എയ്യ്തും പെറുക്കിയും തന്റെ ഭാവനയവന്‍ നേരാക്കി.

വീട്ടിലെത്തിയപ്പോളവന്‍ അമ്പിനായി മുറ്റം തൂക്കാനുള്ള ചൂലേന്നൊരു ഈര്‍ക്കിലൂരിയെടുത്തു.

വരാന്തയില്‍ മുട്ടേലെഴയുന്നു അനിയത്തിവാവ. അമ്മയവളെ കുളിപ്പിക്കാനായി മേലാകെ എണ്ണപുരട്ടി വിട്ടിരിക്കയാണു.

"വാവേ...!!, ചേട്ടന്റെ അമ്പും വില്ലും കണ്ടോ...?" അപ്പു അവളോടു ചോദിച്ചു.

പല്ലില്ലാത്ത മോണകാട്ടിയവളു ചിരിച്ചോ തന്നോട്‌?

ഈര്‍ക്കിലി ഞാണേല്‍ വെച്ചു വില്ലാഞ്ഞു വലിച്ചു തൊടുത്തു വിട്ടു, അപ്പു -- അനിയത്തിക്കൊച്ചിനേ കാണിക്കാന്‍.

ഇന്നലെ ചോറൂണു കഴിഞ്ഞ അനിയത്തിക്കുട്ടിയുടെ വലം കണ്ണില്‍ കൃത്യമായിട്ടവന്റെ ഈര്‍ക്കിലമ്പു ചെന്നു തറച്ചു നിന്നു.


8 comments:

പെരിങ്ങോടന്‍ said...

ഏവൂരാന്‍ ആളു ശരിയല്ല... ഇത്തിരി സാഡിസം കലരുന്നുണ്ടോ എഴുത്തില്‍ എന്നൊരു സംശയം.

-പെരിങ്ങോടന്‍

Anonymous said...

നന്നായിരിക്കുന്നു. അന്ത്യം ഒരുപാടു വിഷമിപ്പിച്ചുവെങ്കിലും.

viswaprabha വിശ്വപ്രഭ said...

ഇരുള്‍മുനകള്‍

ക്രൂരമായ കഥ! അതിക്രൂരമായ ഒരു ഓര്‍മ്മ പോലെതന്നെ ...
******** ***** *****
അവധിക്കാലത്തിനു നാട്ടില്‍ പോകാനുള്ള സമയമായിരുന്നു. അവിടെ ചെന്നാല്‍ ചെറുകുറുമ്പന്മാരുടെ കൂടെ അവരിലൊരാളായി കൂക്കിവിളിച്ചും കുന്നിക്കുരു പെറുക്കിയും ഉണങ്ങിയ കമുകിന്‍പാളയില്‍ പെരുമ്പറയടിച്ചും കളിച്ചുനടക്കലാണ്‌ പ്രധാന പരിപാടി.
വാര്‍സൌസറിനു പകരം കഷ്ടി കണങ്കാലെത്തുന്ന ഒരു കാവിമുണ്ട്. അത്രയേ അവരുമായി വ്യത്യാസമുള്ളൂ. (മുതിര്‍ന്നവര്‍ക്കത്ഭുതം ഈ വട്ടന്‍ എങ്ങനെയാണ്‌ പുറംലോകത്തു ചെന്നൊരു ഉദ്യോഗം വഹിക്കുന്നതെന്നാണ്‌.).

ആയിടെ എന്നും നാട്ടിലേക്കു കൊണ്ടുപോകേണ്ട സാധനങ്ങളും തെരഞ്ഞ്‌ അങ്ങാടിയില്‍ പോയി ചുറ്റിയടിക്കും.

കറുത്ത പാമ്പിന്‍റെ അങ്ങേത്തലക്കെത്തുമ്പോള്‍ ചുങ്കവും കൈനീട്ടവുമടച്ചു വീട്ടിലേക്കെത്തിക്കേണ്ട വലിയ പെട്ടിയ്ക്കു പതുക്കെപ്പതുക്കെ മാസം തികഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയൊരുദിവസമാണ്‌ അതു കണ്ടത്‌-
കൃത്യം സാക്ഷാല്‍ കൈത്തോക്കുപോലുള്ളൊരു കളിത്തോക്കു്! അതേ അളവുകള്‍. പേരുപോലും!
അതില്‍ നിറയ്ക്കാന്‍ ചെറിയ ചെറിയ മഞ്ഞ പ്ലാസ്റ്റിക് ബൂഗോളങ്ങള്‍!
ഒരു അറബിക്കരുമാടിക്കുട്ടന്‍ യന്ത്രം പരീക്ഷിച്ചുനോക്കുന്നു...
തെറിച്ചുചെന്ന ഒരു മഞ്ഞയുണ്ട അടുത്തുള്ള പ്ലൈവുഡ് ചുമരില്‍ തരക്കേടില്ലാത്ത ഒരു കുഴിയുണ്ടാക്കി എവിടെയോ ചെന്നു വീണു.

ഐഡിയാ!
നാട്ടിലെ കുഞ്ഞിക്കള്ളക്കൂട്ടത്തിന്‌ ഈ തോക്ക്‌ ഇഷ്ടമാവും! പണ്ട് കല്ലായ കല്ലൊക്കെ എറിഞ്ഞുതീര്‍ത്തിട്ടും ഓടിപ്പോവാതെ തിരിഞ്ഞുനിന്നു കുരച്ച നായ്ക്കളുടെ പിന്‍മുറക്കാരോടെങ്കിലും പ്രതികാരം തീര്‍ക്കുകയുമാവാം!
തിരിച്ചുവരുമ്പോള്‍ പെങ്ങളുടെ മോള്‍ പത്തുവയസ്സുകാരി അഞ്ജലിയ്ക്കു സമ്മാനമായി കൊടുക്കുകയും ചെയ്യാം.

അങ്ങിനെയാണ്‌ കൂട്ടത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും നല്ലതു നോക്കി വാങ്ങിയത്.

രാത്രി കൂട്ടില്‍ തിരിച്ചുവരുമ്പോള്‍ വാതില്‍പ്പടിയില്‍ പതിവുപോലെ മാതൃഭൂമി ദിനപ്പത്രം കിടക്കുന്നു.
മുന്‍പേജിലൊരു പെണ്‍കുട്ടിയുടെ ചിത്രം.
വാര്‍ത്ത:
"അച്ഛന്‍റെ കളിത്തോക്കു വെടിയേറ്റ് പെണ്കുട്ടി മരിച്ചു"
കൊച്ചിയിലാണ്‌ നടന്നത്. കുട്ടിയുടെ പേര്‌ അഞ്ജലി. വയസ്സ്‌ പത്ത്. അളിയന്‍ കൊണ്ടുവന്ന ഗള്‍ഫ് തോക്കുകൊണ്ട് അച്ഛന്‍ തമാശയ്ക്ക് ഒരു കോഴിയെ വെടിവെച്ചുനോക്കിയതായിരുന്നു. കുട്ടി കരുണയോടെ കോഴിക്കു തട നിന്നു. അങ്ങനെയാണ്‌ വെടികൊണ്ടത്.
മര്‍മ്മ‍ത്തില്‍ തന്നെ ഏറ്റുകാണണം, അഞ്ജലി തത്ക്ഷണം മരിച്ചു....

തരിച്ചിരുന്നു പോയി!

ഇതു സങ്കല്പമല്ല. നടന്ന കഥയാണ്‌.
2002 ജൂലൈയിലാണ്‌ ഇതു സംഭവിച്ചത്.

**** ***** *****

ആ കളിത്തോക്ക് നാട്ടിലേക്കുള്ള പെട്ടിയില്‍ കേറിയില്ല. ഒരിക്കല്‍ പോലും ഒരു തമാശക്കുവേണ്ടിപ്പോലും ഉപയോഗിക്കപ്പെടാതെ അതിപ്പോഴും ഇവിടെ എന്‍റെ മുറിയിലെ ചാക്കുകെട്ടുകള്‍ക്കിടയിലുണ്ട്.
കൊച്ചുകുഞ്ഞുങ്ങള്‍ക്കൊന്നും കയ്യെത്താത്തത്ര അങ്ങുമോളില്‍....

വലിച്ചെറിഞ്ഞുകളയാന്‍പോ‍ലുമാവാതെ..
ചവറുകുട്ടയില്‍നിന്നും എങ്ങാനും ഏതെങ്കിലും കുട്ടിക്കുറുമ്പനോ കാവിചുറ്റിയ വട്ടനോ അതു പെറുക്കിയെടുത്താലോ...

**** **** ****
വിടരുമ്പോള്‍ തന്നെ ചില കുരുത്തോലത്തുമ്പുകളില്‍ ഏതോ ഒരു കണ്ണിലേക്കുള്ള ഇരുള്‍ എഴുതിവെച്ചിരിക്കുന്നു.

ഉരുണ്ടുകൂടുമ്പോള്‍ തന്നെ ചില ഈയക്കട്ടകളില്‍ ഏതോ ഒരു ആത്മാവിലേക്കുള്ള മുള്‍മുനകള്‍ കോര്‍ത്തുവെച്ചിരിക്കുന്നു...

വില്‍ക്സ് ബൂത്തിന്‍റെ കൈവിരലുകളിലൂടെ,
ഗോഡ്സേയുടെ മനസ്സിലൂടെ,
ബിയാന്തിന്‍റെയും സത്വന്തിന്‍റേയും തലപ്പാവുകള്‍ക്കുള്ളിലൂടെ,
തനുവിന്‍റെ അരക്കെട്ടു ചുറ്റി,
ലാഡന്‍റെ അങ്ക(അംഗ)വസ്ത്രങ്ങളിലൂടെ
അവ കയറിയിറങ്ങുന്നു...

പിന്നെ വല്ലപ്പോഴും നിന്‍റെയും എന്‍റെയും മുറ്റത്തൂടെ ആ ഇരുള്‍മുനകള്‍ ഊരുചുറ്റിനടക്കുന്നു...

സുരേഷ് said...

എഴുതാനൊന്നുമില്ല... വിശ്വം, എരിതീയില്‍ എണ്ണയൊഴിക്കണമായിരുന്നോ... എന്തേ ബൂലോഗങ്ങള്‍ കണ്ണീരാല്‍ നിറയുന്നത്‌?

Arun said...

enthina veruthe...nalla rasamayi vaayichu varuvayirunnu...ellaam kondupoyi kalanjille...mindoolla:-(

പെരിങ്ങോടന്‍ said...

പലപ്പോഴും കരുതും ചില നല്ല ബ്ലോഗുകള്‍ കാത്തുസൂക്ഷിക്കണമെന്ന്‍... പിന്നെയൊരുനാള്‍ തിരികെ വന്നു ഒരു വട്ടം കൂടെ, നെഞ്ചില്‍ ഊറിക്കൂടുന്ന വേദനയും സഹിച്ച് വായിക്കുവാന്‍... (തികച്ചും അപ്രതീക്ഷിതമായി ബ്ലോഗിങ് നിറുത്തി ജീവിതത്തിന്റെ തിരക്കിലേക്ക് കുടിയേറിയ ആഷിക്കിന്റെ ബ്ലോഗുകളുടെ നഷ്ടം ഇന്നും എനിക്ക് വലുതായി തോന്നുന്നു.)

ഇപ്പോള്‍ വിശ്വത്തിനെ വായിക്കുമ്പോള്‍ അറിയുന്നു... ഒരു പക്ഷെ ഞാന്‍ ഈ കമന്റുകളും സൂക്ഷിച്ചു വയ്ക്കുവാന്‍ പഠിക്കേണമെന്ന്...

വിശ്വത്തെ അനുകരിച്ചു എഴുതട്ടെ: "വിരചിതമാകുമ്പോള്‍ തന്നെ ചില വരികള്‍ നൊമ്പരത്തിലേക്കുള്ള പ്രയാണമാരംഭിക്കുന്നു."

സു | Su said...

njaan mindoolaaaaaaaaaaaaaaa
Su.

viswaprabha വിശ്വപ്രഭ said...

ആരേയും സങ്കടപ്പെടുത്തണമെന്നു കരുതിയിരുന്നില്ല.
ഏവൂരാന്‍ ഇതുപോലൊരു കഥ ഭാവനയില്‍ നിന്നും എടുത്തെഴുതിയപ്പോള്‍ അകത്തൊരിടത്ത് വര്ഷങ്ങളായി കരിന്തിരി കത്തുന്ന ഒരു യാദൃശ്ചികസംഭവം തികട്ടിവന്നു.

എന്തിനാണ്‌ ചിലപ്പോളൊക്കെ ആരൊക്കെയോ കൂടി ആറാം ചാനലിലൂടെ അടയാളങ്ങള്‍ തന്ന്‌ നമ്മെ സംഭീതരാക്കുന്നത്?
ശോകമൂകരാക്കുന്നത്?
ക്ലേശിച്ച് ആവാഹിച്ചൊതുക്കിയിരുന്ന ദുരന്തഭൂതങ്ങളെ ഒട്ടും വിചാരിച്ചിരിക്കാത്ത നേരങ്ങളില്‍ പിന്നെയും പിന്നെയും ഓര്‍മ്മകളിലേക്കു പായിച്ചുവിട്ട്, നാം സ്വരുക്കൂട്ടിവെച്ച ചിരിയുടെ മുക്കുറ്റിപ്പൂക്കളൊക്കെ എന്തിനാണവര്‍ ഞെരിച്ചുടയ്ക്കുന്നത്?

ഈ കറുത്ത പുക നിന്‍റെ മന്ദഹാസത്തെ ശ്വാസം മുട്ടിച്ചുവെങ്കില്‍ മാപ്പ്!
സ്ഫുലിംഗങ്ങള്‍ നിന്‍റെ പൊട്ടിച്ചിരികളെ ചുട്ടുനീറ്റിയതിനും മാപ്പ്‌!