Friday, May 20, 2005

നെറ്റ്‍സ്കേപ്പ്‌: ഉപ്പോളം വരുമോ ഉപ്പിലിട്ടതു?


അമേരിക്ക ഓണ്‍ലൈനിന്റെ ടൈംവാര്‍ണ്ണര്‍ നെറ്റ്‍‍സ്കേപ്പിനെ 96-ല്‍ ഏറ്റെടുക്കുന്നതു വരെ നെറ്റ്‍സ്കേപ്പ് ഓപ്പണ്‍സോഴ്‍സായിരുന്നു.

അക്കഥയെല്ലാം 96-ല്‍ മാറി. ഒറിജിനല്‍ നെറ്റ്‍സ്കേപ്പിന്റെ ആള്‍ക്കാരെല്ലാം വയസ്സരുടെ പല്ലു കൊഴിയുന്നതു പോലെ
ടൈംവാര്‍ണ്ണര്‍ ഗ്രൂപ്പ്‌ വിട്ടുപോയി.

കാലാന്തരത്തില്‍ അവരില്‍ മിക്കവരും ഓപ്പണ്‍സോഴ്സ് സംരംഭമായ മോസ്സില്ലയുടെ പിന്നില്‍ അണിനിരന്നു.

നെറ്റ്‍സ്കേപ്പ് തങ്ങളുടെ 8.0 ബ്രൌസര്‍ വളരെ കൊട്ടിഘോഷിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കി. മോസ്സില്ലയുടെ ഫയര്‍ഫോക്സ് 1.0.3-ല്‍ ചുവടുറപ്പിച്ചുള്ളതാണെന്നും ഒക്കെ പറഞ്ഞായിരുന്നു അവരതു അവതരിപ്പിച്ചതു.

പക്ഷെ ഫയര്‍ഫോക്സ് 1.0.3-നെ ഒരു സമയത്തു ബാധിച്ചിരുന്ന ദോഷങ്ങള്‍ തങ്ങളുടെ 8.0-ലുണ്ടോ എന്നു കുലംകഷമായി പരിശോധിക്കാന്‍ അവരങ്ങു സൌകര്യപൂര്‍വം മറന്നു പോയി.

(കീടങ്ങളുണ്ടെന്നറിഞ്ഞു മൂന്നു നാളുകള്‍ക്കകം മോസ്സില്ല പ്രശ്നപരിഹാരമായി ഫയര്‍ഫോക്സ് 1.0.4 ഇറക്കിയിരുന്നു.)

വിവരമുള്ളവര്‍ ഓപ്പണ്‍സോഴ്‍സില്‍ ചെയ്തു തീര്‍ത്ത ജോലി ചൊവ്വേനേരേ പകര്‍ത്താന്‍ കൂടി നെറ്റ്‍സ്കേപ്പിനു കഴിയില്ലെങ്കില്‍ പിന്നെന്തിനാ?

ഏതു പോലീസുകാരനും ഒരബദ്ധം പറ്റും, അല്ലേ?

നെറ്റ്‍സ്കേപ്പ് എംപ്രാന്തിരികള്‍ 8.0 ബ്രൌസര് ഗണപതിക്കു വെച്ചതു കാക്കകൊത്തുകയും, ഓപ്പണ്‍സോഴ്സിന്റെ മികവു തെളിയുകയും ചെയ്തു എന്നു ചുരുക്കം.


No comments: