Monday, May 23, 2005

സഖാവ്‌

സഖാക്കളുടെ പടം വെച്ചു യോഗ പുസ്തകത്തിന്റെ പരസ്യം ഇട്ടതിനു സിപി‍എം മാപ്പു പറഞ്ഞു എന്നു വാര്‍ത്ത. അച്ചുമ്മാവന്റെ ചുറുചുറുക്കിന്റെയും വൃന്ദ കാരാട്ടിന്റെ സൌന്ദര്യത്തിന്റേയും രഹസ്യം യോഗയാണത്രേ. (ആദ്യം വായിച്ചപ്പോള്‍ കരുതി വെള്ളാപ്പള്ളിയുടെ യോഗത്തിന്റെ കാര്യമാണെന്ന്‌..!!) "മോഡലു"കളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു പോലും മുഖപത്രം പരസ്യമിട്ടതു.

അല്ല, കമ്മ്യൂണിസ്റ്റുകാരെന്നു മുതലാണപ്പാ ബ്രഹ്മവും ആത്‍മാവും തമ്മിലുള്ള ലയനത്തിന്റെ വക്താക്കളായതു?

അതു പോലെ, വടക്കെങ്ങാണ്ടവരു ഒരു പാര്‍ക്കുണ്ടാക്കി ദൈവനാമത്തില്‍ സമര്‍പ്പിച്ചു എന്നും കഴിഞ്ഞ ദിവസം വായിച്ചിരുന്നു. വെട്ടിയും കൊന്നും ബോംബ്‌ പൊട്ടിച്ചും മരിച്ച ആരുടെയെങ്കിലും പേരിടാനുള്ളതിനു...

ആശയദാരിദ്ര്യം എന്നൊക്കെ കേട്ടിട്ടേയുള്ളൂ.

മനസ്സില്‍ വരുന്നതു, ഏതോ മഹാസമ്മേളനത്തിനു പിരിവിനൊരു സഖാവു പണ്ടു വീട്ടില്‍ വന്നതാണു. രാഷ്ട്രീയവും വാറ്റിന്റെ ലഹരിയും ഇല്ലാത്ത അപൂര്‍വ നേരങ്ങളില്‍ നെയ്‍ത്തുകാരനാണു കക്ഷി.

ഒരു സന്ധ്യക്കു സര്‍ക്കാരുദ്യോഗവും കഴിഞ്ഞു വന്ന്‍ കുളിക്കാന്‍ കേറിയ പിതാവിനെ തിരക്കി വന്നയാള്‍ക്കു ആതിഥ്യമര്യാദയുടെ പേരില്‍ വരാന്തയില്‍ കസേരയിട്ടു കൊടുത്ത ഞാനറിഞ്ഞു അയാളു പരത്തുന്ന മണം തണ്ണിയുടേതാണെന്നു.

തത്രപ്പെട്ടു കുളി തീര്‍ത്തിട്ടു വന്നു താതന്‍, അധ്വാനിക്കുന്നവന്റെ പ്രതിനിധിയെ കാണാന്‍.

സ്വന്തം പ്രാരാബ്ധങ്ങളേറെയാണെങ്കിലും പത്തു രൂപായുടെ കുറ്റി കീറിക്കോളാന്‍ താതനുവാച.

പത്തു രൂപ അന്നത്തെക്കാലത്തത്ര മോശമൊന്നുമല്ലായിരുന്നു. ഒരു കിലോ അരിക്കു ഏഴു രൂപ വിലയുള്ള സമയം..

സഖാവിനതു പോരാ പോലും. ഉടനേ വന്നു, ട്രേഡ്‍മാര്‍ക്കുള്ള ഭീഷണി, മര്യാദയ്ക്കു ഇരുപതൂടെ തരണം.

ചെറിയ തോതിലന്ന്‍ ഇടതനായിരുന്നെങ്കിലും സര്‍ക്കാരുദ്യോഗസ്ഥന്റെ ക്ഷമ പറപറന്നു. കൊല്ലക്കുടിയില്‍ വന്നു സൂചി വില്‍ക്കുന്നതും പോരാ..!! കൊടുത്ത പത്തും തിരികെയെടുത്തിട്ടു ഒരാട്ടാട്ടി. ഇറങ്ങടാ വീട്ടീന്ന്‍` എന്നൊരലര്‍ച്ച. ഇനി മേലാലീ പടി കടക്കരുതെന്നും ബാക്കി.

കിറുങ്ങിയിരുന്നടിച്ചു വിട്ട വാചകം അബദ്ധമായെന്നു കണ്ട സഖാവിനെ പിന്നെ ആ വശത്തു കണ്ടിട്ടില്ല.

2 comments:

Anonymous said...

എന്റമ്മൊ

Sajeesh .V. Balan said...

Dear Friend, Dont be blind criticiser of any system and person. There are faults. Just point out the faults, if you are a well wisher. But now I know nobody listen to the facts. If they are not changing, people will change them. Policies are not for ever. It should review and evaluate timely. Otherwise it will collapse once. There are lot of examples. Still there are lot of them even without a strong policy. We have to bear all these, until a change to the whole system made possible...