Saturday, May 14, 2005
തിളക്കം
ഒരു വശത്തു ഇന്ത്യ തിളങ്ങുമ്പോഴും സിലിക്കണ്‍ വാലി ബാംഗ്ലൂരില്‍ പൊടിപൊടിക്കുമ്പോഴും ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളും പ്രാകൃതമായ അനാചാരങ്ങളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു (1,2).
മദ്ധ്യപ്രദേശിന്റെ ഗ്രാമങ്ങളില്‍ ഇക്കുറി അക്കാതീജിന്റെ അവസരത്തില്‍ നൂറുകണക്കിനു കുട്ടികളുടെ വിവാഹം നടത്തുന്നതു തടയാന്‍ ശ്രമിച്ച ശകുന്തള വര്‍മ്മ എന്ന ആംഗന്‍വാടി സൂപ്പര്‍വൈസര്‍ ആക്രമണത്തിനു ഇരയായി. വാളുകൊണ്ടുള്ള വെട്ടിലവരുടെ ഒരു കൈ അറ്റുപോയി, മറ്റതിനു സാരമായി പരുക്കേറ്റു (3,4). ശകുന്തള തടയാന്‍ ശ്രമിച്ച ഒരു വിവാഹത്തിലെ ശിശുവധുവിന്റെ സഹോദരനാണത്രേ ഈ കടുംകൈ ചെയ്തതു.
ഏഴര വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും ഇക്കുറിയും വധുക്കളായിരുന്നത്രേ.
അതിലൊരുവനായ (5) "ശ്രീചരണ്‍" എന്ന വരന്റെ ചിത്രം ദൈന്യതയാണു എന്നിലുളവാക്കിയതു. ചിത്രാലങ്കാരങ്ങളോടുള്ള എംജിആര്‍ സ്റ്റൈല്‍ തൊപ്പിയും വെച്ചു, കൈകളില്‍ മൈലാഞ്ചിയുമണിഞ്ഞു പൊട്ടുംതൊട്ടു വിവരക്കേടിന്റെയാള്‍ രൂപമായി എന്റെ രാജ്യത്തിന്റെ ഭാവിപൌരന്‍ താടിക്കു കൈയും കൊടുത്തിരിക്കുകയാണു.
ഏതോ വിഷമമാണോ അതോ പടമെടുത്തവനോടുള്ള ഈര്‍ഷ്യയാണോ ഈ ബാലന്റെ നോട്ടത്തിലുള്ളത്?
സംസ്ഥാന മുഖ്യന്റെ പ്രസ്താവനയില്‍ (6) നിസ്സഹായത തുടികൊട്ടുന്നു: "ഇതൊന്നും നിര്‍ത്താന്‍ സാദ്ധ്യമല്ല. ഗാന്ധിജിക്കു പോലും അയിത്തവും മദ്യപാനവും നിര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നെയാണോ ഈ ബാബുലാല്‍ ഗൌര്‍?"
പോരേ തിളക്കം?
Subscribe to:
Post Comments (Atom)

0 comments:
Post a Comment