Sunday, May 22, 2005

നാക്കൊന്നു വടിക്കാന്‍...

കുട്ടിക്കാലത്തു, നാക്കുവടിച്ചില്ലേല്‍ നാക്കുതിരിയാതെ പോകും എന്നൊരു propaganda ഉപയോഗിച്ചാണു മുതിര്‍ന്നവര്‍ ഞങ്ങളെക്കൊണ്ട് നാക്ക് വടിപ്പിച്ചിരുന്നതു. ഉപ്പും കുരുമുളകും പൊടി ച്ചു ചേര്‍ത്ത ഉമിക്കരിയും കൈയിലെടുത്തു പറന്പിലാകെ നടന്നു ഉരച്ചു പല്ലുതേച്ചു തീരുന്പോള്‍, താഴ്ന്നു നില്‍ക്കുന്ന ഏതേലുമൊരു ഓലമടലില്‍ നിന്നും ഒരു ഈര്‍ക്കിലൊടിച്ചു, വളഞ്ഞു നിന്നു ഗ്വാ ഗ്വാ എന്നു ഒച്ചയുണ്ടാക്കി ഒരു കാലത്തു എന്നും രാവിലെ നാക്കും വടിച്ചിരുന്നു. പള്ളിക്കൂടത്തില്‍ പോകേണ്ട അയല്‍പക്കത്തെ മറ്റു പിള്ളേരും ഏകദേശം ആ സമയത്തു അവരവരുടെ പറന്പുകളില്‍ ഗ്വാ ഗ്വാന്നിങ്ങനെ... ആകെ ശബ്ദമുഖരിതമായിരുന്നു ഞങ്ങളുടെ രാവിലേകള്‍...

എത്ര വടിച്ചെങ്കിലും നാക്കു തിരിയാത്തവനെന്നു ആള്‍ക്കാര്‍ കളിയാക്കിയിരുന്നെങ്കിലും... അതൊക്കെ അവരുടെ സ്നേഹം കൊണ്ടാവുമെന്നു ഇന്നു തോന്നുന്നു.

ഇത്തിരികൂടി വളര്‍ന്നു സാക്ഷരനായപ്പോള്‍ കൈയില്‍ കിട്ടിയ വനിതയിലാണെന്നു തോന്നുന്നു, ഒരിക്കല്‍ വായിച്ചതു, നാക്കു വടിച്ചാല്‍, നാവേലുള്ള രസമുകുളങ്ങള്‍ നഷ്ടപ്പെടുമെന്നു.

അതും കൊണ്ടു നടന്നു പിന്നെ റിവേഴ്സ് പ്രൊപ്പഗന്‍ഡയായിരുന്നു പിന്നെ കുറേ നാള്‍. മുതിര്‍ന്നവര്‍ അതു മുഖവിലയ്ക്കു പോലുമെടുത്തില്ലെങ്കിലും ഒരുടക്കിനു കുറേനാളത്തേക്കു വനിതയിലെ ആരോഗ്യരംഗത്തിലെ ലേഖനം കാരണമായി.

വര്‍ഷങ്ങള്‍ക്കു ശേഷം നാക്കു വടിക്കുകയെന്നതു ഒരിക്കലും മറക്കാത്തൊരു ദിനചര്യയായി. രാവിലെയെഴുന്നെറ്റു നേരെ ചെന്നൊന്നു പല്ലുതേച്ചു പിന്നെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയൊന്നു നാക്കുവടിച്ചില്ലേല്‍ ആ ദിവസം പോക്കാണ്‌‍. അപ്പോഴേക്കും ഉമിക്കരി മാറി പേസ്റ്റായി, കൈവിരലുകള്‍ക്കു പകരം ടൂത്ത്‍ബ്രഷായി.

സായിപ്പിന്റെ നാട്ടില്‍ നാക്കുവടിക്കാന്‍ ഈര്‍ക്കില്‍ കിട്ടില്ലല്ലോ. അവരിങ്ങനെ (1) ഒരു സാധനമാണുപയോഗിക്കുന്നതു. നാട്ടിലെ ടംഗ്‍ ക്ളീനറെന്നതിനു പകരം ടംഗ് സ്ക്രേപ്പറെന്നു പേരും.

എന്തായാലും, ആറേഴു മാസത്തോളം ഞാനുപയോഗിച്ചിരുന്ന ആ കുന്ത്രാണ്ടം ഒരു രാവിലെ വായിലിരുന്നൊടിഞ്ഞു പോയി. തലേന്ന് രാത്രി വൈകി സേവിച്ച വിസ്കിയുടെ കെട്ടു മാറാതെയൊരു പിടിപിടിച്ചതായിരുന്നു.

വൈകുന്നേരം തിരികെ വരുന്പോളൊരെണ്ണം വാങ്ങിക്കൊണ്ടു വരാമെന്നു കരുതി ദിനചര്യകളൊക്കെ തീര്‍ത്തു പോകേണ്ട വഴിക്കു പോയി.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു എട്ടു കടയെങ്കിലും കയറിയിറങ്ങിക്കാണും, സ്ക്രേപ്പറു മേടിക്കാന്‍. എങ്ങുമില്ല ഈ സാധനം. അവിടുള്ളതോ, ബ്രഷു പോലുള്ളൊരു സംഭവം (2). വിസ്‍തൃതമായി, വിശാലമായി നാവു വടിച്ചു ശീലിച്ച നമുക്കത് കണ്ടപ്പോഴേ മനസ്സിലായി, അതു ശരിയല്ലെന്നു. എങ്കിലും ഒരെണ്ണം മേടിച്ചു

എന്നിട്ടു, അടുത്ത തവണ പല്ലുതേച്ചപ്പോള്‍ പുതിയ കുന്ത്രാണ്ടം എടുത്തൊന്നു പരീക്ഷിച്ചു. ഛേ... അണ്ഡാവിനകം ചെറിയ സ്പൂണിട്ടു ചിരണ്ടുന്ന പ്രതീതി.

പിന്നെയും കടകള്‍ കയറിയിറങ്ങിയൊടുവില്‍ ഇന്നലെ ഒരിടത്തു നിന്നും കിട്ടി, നോക്കി നടന്നിരുന്ന "സ്ക്രേപ്പര്"‍.

അതിട്ടിന്നു രാവിലെയൊരു തവണ നാക്കു വടിച്ചു. ഗ്വാ ഗ്വാ --എന്നട്ടഹസിച്ചു കൊണ്ടു. ഈ ദേശം മുഴുവന്‍ കിടുങ്ങിക്കാണും. എന്നാലും എന്തു സുഖമായിരുന്നെന്നോ?

8 comments:

viswaprabha വിശ്വപ്രഭ said...

ഛേ... അണ്ഡാവിനകം ചെറിയ സ്പൂണിട്ടു ചിരണ്ടുന്ന പ്രതീതി!

Sunil said...

vaayanaatam maaRiyallO. samaadhaanam. ini mukhatthunOkki varthamaanam paRayaam!
(thamasaaaaa)

ഉമേഷ്::Umesh said...

Evooran,

Modern science says നാക്കുവടിക്കല്‍ is not necessary, and sometimes harmful.

I stopped it more than 20 years back. I never had any വായ്‍നാറ്റം due to that. I have done a lot of അക്ഷരശ്ലോകം and won a few prizes since then, and the correlation they tell about അക്ഷരസ്ഫുടത and നാക്കുവടിക്കല്‍ doesn't seem to be correct.

My tongue is always clean (except when I have a cold/fever, when that white coating is there), and that argument also is not right.

There was this uneasiness for a week when I stopped it, and that was it.

Anyway, doing it till the tongue bleeds is definitely bad.

- Umesh

Paul said...

:-)

കെവിന്‍ & സിജി said...

ഹിഹിഹി

.::Anil അനില്‍::. said...

Nice!!! took me back to many years.

Just a note:
Umesh P Nair said...
"I never had any വായ്‍നാറ്റം due to that. "
Then what is the reason for your വായ്‍നാറ്റം Umesh. (thamaaSa)

Anonymous said...

കൊള്ളാം നല്ല രസമുണ്ട് . ഉഗ്രന്‍ വിഷയം

വിശാല മനസ്കന്‍ said...

ഞാൻ വായിച്ചെത്താത്ത എന്തെല്ലാമൊക്കെയാണേ...ഈ ബ്ലോഗുകളിൽ മറഞ്ഞ്‌ കിടക്കണത്‌! നല്ല പോസ്റ്റിങ്ങ്‌.

പറമ്പിലൊക്കെ നടന്ന് പല്ല് തേച്ച്‌, കുഞ്ഞിത്തെങ്ങിന്റെ ഈർക്കിലിയെടുത്ത്‌ നാക്കുവടിച്ച്‌, കുളത്തിൽ വിരിഞ്ഞ ആമ്പലിന്റെ കണക്കെടുപ്പ്‌ നടത്തുമ്പോൾ 'ചായ ചൂടാറുമ്പോഴേക്കും വന്ന് കുടിക്കെടാ' എന്ന് വിളിച്ചുപറയാറുള്ള അമ്മയേ ഞാൻ ഓർക്കുന്നു. ഏവൂരാന്‌ താങ്ക്സ്‌. പൊക്കിയെടുത്തതിന്‌ കുട്ട്യേടത്തിക്കും.

എനിവേ, ഈ നാക്കുവടിക്കണ പരിപാടി ഒരു ദിവസം പോലും ഒഴിവാക്കാൻ പറ്റാത്ത സംഗതിയാണെനിക്ക്‌. 'ഗ്വാ ഗ്വാ' പതിവില്ലെങ്കിലും