Friday, May 27, 2005

കൊല്ലണോ? തല്ലണോ? അതോ വ്യഭിചരിക്കണോ?

ഇത്തിരി കാശും പവറും പത്രാസുമൊക്കെയുണ്ടെങ്കില്‍ ആരെ കൊന്നാലും, ബലാത്സംഗം ചെയ്താലും, എന്തു ചെയ്താലും ഒരു പുല്ലും പറ്റാതെ തടി രക്ഷിക്കാന്‍ പറ്റുന്ന ഒരു രാജ്യമുണ്ട് -- എന്റെ രാജ്യം.

അഡ്മിറല്‍ നന്ദയുടെ പതിനാറു വയസ്സു പോലും തികയാത്ത ചെറുമകന്‍ വെള്ളമടിച്ചു ദല്‍‍ഹിയുടെ ഫുട്ട്പാത്തിലൂടെ പുതുപുത്തന്‍ ബി.എം.ഡബ്‍ളിയു വണ്ടി പറത്തി ആറു പേരെ കൊന്ന കേസു വിചാരണയ്ക്കു വന്നപ്പോള്‍, സാക്ഷികള്‍ കണ്ട കാറു ട്രക്കായി, പിന്നെയൊരു ചുവന്ന കോണ്ടസ്സക്കാറായി.

നൈരാശ്യം മൂത്തു ബോളിവുഡ് ഇടിനായകന്‍ സല്‍മാന്‍ ഖാന്‍, ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നിരുന്ന അപ്പാവികളെ പരലോകത്തെത്തിച്ചിട്ടും "സാംസ്കാരിക രംഗത്തു" നിറഞ്ഞിപ്പോഴും നില്‍ക്കുന്നു. അതും വിചാരണയ്ക്കു വന്നപ്പോള്‍ ഓടിച്ചതു ഡ്രൈവറായി, സ്ല്‍മാന്‍ പാസഞ്ചര്‍ സീറ്റിലുമായി.

ജെസ്സിക്ക ലാല്‍ എന്ന മോഡലിനെ ബാറില്‍ വെച്ചു കൊലപ്പെടുത്തിയ കേസു ത്രിശങ്കുവിലാണു, കൊന്നതൊരു മന്ത്രിപുത്രനാണെന്നതിനാല്‍.

ഈയിടെ പുതിയൊരു വേഷവും നമ്മുടെ കോടതികള്‍ ഏറ്റെടുത്തിരിക്കുന്നു...!! ബലാല്‍സംഗക്കേസിലെ പ്രതികളുടെ വിവാഹദല്ലാള്‍ പണി. ആരെയുമൊന്നു ബലാല്‍സംഗം ചെയ്യാന്‍ കൊതിപ്പിക്കുന്ന തരത്തിലാണു അടുത്തിടെ കണ്ട വാര്‍ത്തകള്‍. വിചാരണയ്ക്കു വരുന്പോള്‍ വാദിയോടു പ്രതിയെ കല്ല്യാണം കഴിക്കാന്‍ തയാറാണോ എന്ന ചോദ്യം നിയമമാക്കുമെന്നു തോന്നുന്നു. വാദി മുന്നേതന്നെ ഭര്‍തൃമതിയാണെങ്കില്‍, പ്രതിയുമായിട്ടുള്ള മാംഗല്യം നടത്തുന്നതിനായി ആദ്യ വിവാഹം അസാധുവാക്കാനുള്ള ഏര്‍പ്പാടു കൂടി വന്നാല്‍ ഇത്തിരി കൂടി സൌകര്യമായേനെ. സ്ഥിരം ബലാല്‍സംഗവീരന്മാര്‍ക്കു വേണ്ടി ബഹുഭാര്യാത്വ നിയമം ഇളവു ചെയ്യുന്ന കാര്യവും ഒന്നു പരിഗണിക്കാവുന്നതാണു.

ഇരുന്നൂറു കൂവായ്ക്കു രാഷ്ട്രപതിയ്ക്കെതിരേയും മറ്റും അറസ്റ്റ് വാറണ്ടു ഗുജറാത്തിലേ കോടതികളില്‍ ഒരു ഞളുപ്പുമില്ലാതെ ആര്‍ക്കും "പുറപ്പെടുവിക്കാം"...!!

അധോലോക നായകന്‍ രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന മുംബൈയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആസ്ഥാനമന്ദിരത്തില്‍ എം.എല്‍.ഏ ആയിട്ടു വിലസുന്നു. ഇനി വേറൊരു അധോലോക നായകന്റെ വളര്‍‍ച്ചയാകട്ടേ, ഇപ്പോള്‍ അയല്‍രാജ്യത്തിനു മുതല്‍ക്കൂട്ടായിരിക്കുന്നു. അവരയാളെ തങ്ങളുടെ ചിറകിനിടയില്‍ അരുമയായി പോറ്റി വളര്‍ത്തുന്നു.

ബീഹാറിലെ രാഷ്ട്രീയനേതാവിന്റെ വീടിന്റെ ഭിത്തിയില്‍ നിന്നും, നീന്തല്‍ക്കുളത്തില്‍ നിന്നും ഒരു എല്ലുപൊടി ഫാക്ടറിക്കാവശ്യമുള്ളത്ര (മനുഷ്യന്റെ) അസ്ഥികൂടങ്ങള്‍ പൊന്തിയിട്ടും അങ്ങേരിപ്പോഴും വിലാസലീലകള്‍ തുടരുന്നു.

നമ്മുടെ സ്വന്തം പാമോയില്‍ കേസ്സിന്റെ കാര്യമോ? വാദിയാരാ പ്രതിയാരാ എന്നറിയാത്ത തരത്തില്‍ തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു.

ആസ്ട്രേലിയന്‍ മിഷണറിയേയും പിഞ്ചുകുട്ടികളെയും ചുട്ടു കൊന്നവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ നമ്മുടെ ഭരണയന്ത്രത്തിനു കഴിഞ്ഞിട്ടില്ല.

കോടികള്‍ തിരിമറിഞ്ഞ മുദ്രപ്പത്ര കുംഭകോണവും അങ്ങിനെയൊരു വശത്തു. അതിലെ കൊന്പന്‍ സ്രാവുകള്‍ ഇപ്പോഴും നീന്തി തിമിര്‍ക്കുന്നു.

രാജ്യത്തിനെ ആകെ വ്യവഹാരത്തിന്റെ 40 ശതമാനത്തോളം കള്ളപ്പണത്തിന്റെ സമാന്തര പാതകളേറുന്പോഴും നമുക്കു മൌനം...

സ്‍കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ സീരിയല്‍ നടിയാക്കാമെന്നു പറഞ്ഞും "ഐസ്‍ക്രീം" കൊടുത്തും കൊന്പേല്‍ കോര്‍ത്ത പല കാളകള്‍ നമ്മുടെ കേരളത്തിലിന്നും യഥേഷ്ടം മേഞ്ഞു നടക്കുന്നു.

അവിഹിതമായി സ്വത്തു സന്പാദിച്ച കേസില്‍ ജയലളിതയ്‍ക്കെതിരായുള്ള കേസും എങ്ങുമായിട്ടില്ല, ആകുകയുമില്ല.

ആത്‍മീയത എല്ലായിടത്തും ഉണ്ടെങ്കിലും കുറ്റങ്ങളെ അസാരമായി കാണാനുള്ള ഒരു പ്രവണത നമ്മുടെ സമൂഹത്തില്‍ ഉണ്ടോ എന്നൊരു സംശയം.

ഞളുവയടിക്കുന്ന ലാഘവത്തില്‍ കള്ളസാക്ഷി പറയുന്നവരേ കഠിനമായി ശിക്ഷിക്കാനും, തലമുറകള്‍ നീളുന്ന കേസുവിസ്താരങ്ങളൊഴിവാക്കിയും, നിയമത്തിലെ പഴുതുകള്‍ അടച്ചെഴുതിയും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെ കരുതിയും നമ്മള്‍ എന്നു നീങ്ങുന്നുവോ, അന്നു വരെയും ഇതൊക്കെ ഇങ്ങനെ തന്നെ.

അതു വരെ, കൈയില്‍ പത്തു പുത്തനും, പിന്നില് വാലാട്ടാന്‍ രാഷ്ട്രീയത്തിലെ പേനായ്ക്കളുമുണ്ടെങ്കില് ബലാല്‍സംഗം ചെയ്യുകയോ, കൊല്ലുകയോ, തല്ലുകയോ, വ്യഭിചരിക്കുകയോ, കക്കുകയോ എന്തു വേണമെങ്കിലും.....

9 comments:

സു | Su said...

ശരിയാ കേട്ടോ.
സു

പെരിങ്ങോടന്‍ said...

നീതിബോധം ആദ്യം ഉണ്ടാവേണ്ടതു ജനത്തിനാണെന്നും അതുണ്ടാവാത്തിടത്തോളം കാലം നിയമവ്യവസ്ഥിതിയില്‍ നിന്ന്‌ അവയൊന്നും പ്രതീക്ഷിക്കരുതെന്നും ആനന്ദ് "ഗോവര്‍ധന്റെ യാത്രകളില്‍" എഴുതിയിരുന്നു. നാം ആദ്യവും അവസാനവും പഴിക്കേണ്ടത് നമ്മളെ തന്നെയാണു്.

കെവിന്‍ & സിജി said...

യഥാ പ്രജാ, തഥാ രാജാ

Sahodaran said...

paRanja karyangalodu yojikkunnu...pakshe enthu cheyyaanaa?

Anonymous said...

ജനാധിപത്യ സംവിധാനത്തില്‍ ഓരോ സമൂഹത്തിനും ലഭിക്കുന്നതു അവരര്‍ഹിക്കുന്നതാണു എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്‌. എങ്കിലും നമ്മുടെ രാജ്യത്തു നടക്കുന്ന ചില കാര്യങ്ങല്‍ ഷരിക്കും അവിശ്വസനീയം തന്നെയാണു.
-Najeeb
http://www.indigolog.com/malayalam

evuraan said...

ഓരേ സമൂഹത്തിനും അര്‍ഹിക്കുന്നതേ കിട്ടൂ എങ്കില്‍ ഭരണാധികാരികളും അതേ പ്രജകളും കൂടിയുള്ള ചാക്രിക പ്രയാണത്തില്‍ പെട്ടു സമൂഹം കൂടുതല്‍ അധ:പതിക്കാനല്ലേ സാധ്യത?

ദോഷികളെ സംഹരിക്കാന് താനൊന്നും ചെയ്യേണ്ട, വേറേ‍ ഏതെങ്കിലും ദേവാവതാരം ഉടനെ വരുമെന്നു പ്രതീക്ഷിക്കുവാന്‍ പഠിപ്പിക്കുന്നതു നമ്മുടെ സംസ്‍ക്കാരത്തിലെ ആത്‍മീയതയുടെ അതിപ്രഭാവത്തിന്റെ ചെറിയൊരു ദോഷവശമോ?

വെള്ളത്തില്‍ പൂട്ടുകയും, കൂട്ടത്തില്‍ പാടുകയും ചെയ്യുന്നതു ഗുണകരമല്ലെന്നു ജനാധിപത്യത്തിലെ വിശ്വാസികളോടാരു പറയും?

രാജാവു നഗ്നനെന്നു ചെറിയ കുട്ടി വിളിച്ചുറക്കെ ഘോഷിച്ചതു പോലെ കള്ളത്തരത്തിനെതിരേ ഒച്ചയെടുക്കാന്‍ നമുക്കേവര്‍ക്കും ആവതു വരട്ടെ..!!

നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മുടെതന്നെ വീടിന്റെ അടിത്തറ തോണ്ടുന്നവര്‍ക്കുള്ള കഴുമരങ്ങള്‍ മനസ്സുകളിലെങ്കിലും ഇപ്പോഴേ ഉയരട്ടേ..!!

--ഏവൂരാന്‍.

Zing said...

ഏെവൂരാന്‍ പറഞ്ഞതിനോട്‌ പൂര്‍ണമായും യോജിക്കുന്നു.....

സൂര്യനെല്ലി കേസിലെ കോടതി വിധിയും പ്ലാചിമട കൊക്കക്കോളാ കംബനിക്കനുകൂലമായി വന്ന വിധിയും ഇതില്‍ നിന്നു ഒട്ടും വ്യത്യസ്തമല്ല.


സല്‍മാന്‍ ഖാന്റെ കാര്യം പറഞ്ഞപ്പൊഴാ മറ്റൊരു സംഭവം ഓര്‍മ വന്നത്‌... മുംബൊരിക്കല്‍ കാട്ടില്‍ മാനിനെ വെടി വെച്ചതിനു ടിയാന്റെ പേരില്‍ ഒരു കേസ്‌ ഉണ്ടായിരുന്നു.അതിനെ പറ്റി പിന്നെയൊന്നും കേട്ടില്ലാ.. ആ മാന്‍ സ്വയം വെടി വെച്ചു ആത്ംഹത്യാ ചെയ്തൂന്നു വരുത്തി തീര്‍ത്ത്‌ അങ്ങേരു തടിതപ്പിയെന്നാരോ പറയുന്നുണ്ടായിരുന്നൂ... ;)

ഗള്‍ഫ്‌ മോഡല്‍ നീതി ന്യായ വ്യവസ്ഥിതി ഇവിടെ നടപ്പിലാക്കിയിരുന്നെങ്ഗില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ച്‌ പോയിട്ടുണ്ട്‌ :)

asanghadita said...

വ്യഭിചാരം എന്ന തലേക്കെട്ടിന്റെ ആകര്‍ഷണത്തില്‍ വന്നു എത്തിനോക്കീതാ..നിരാശപ്പെടുത്തിക്കളഞ്ഞൂ.! ഈ ഒരു താല്പര്യം നിലനില്‍ക്കുന്ന കാലത്തോളം എഴുതുന്നവന്റേയും വായിക്കുന്നവന്റേയും ചെയ്യുന്നവന്റേയും അനുഭവിക്കുന്നവന്റേയും ഉത്തരവാദത്തം അത്രയൊക്കെത്തന്നേയുള്ളു. അല്ലെങ്കില്‍ പ്രതികരിക്കാനുള്ള കെല്‍പ്പുണ്ടാവണം. അവനവനോടുള്ള കുറ്റബോധത്തില്‍നിന്നെന്ന പോലെ നിലവിളിച്ചോണ്ടിരിക്കാം.

Frudo said...

ithellaam ella rajyathum undallo. A clean country is impossible,

so lets clean our hands and show a model ..