Sunday, June 05, 2005

യശോധരന്റെ ചെറിയ സ്വപ്നങ്ങള്‍ - നാം രണ്ട്, നമുക്ക് രണ്ട്

"ഐശ്വര്യമൊള്ളൊരു പെണ്ണു..."

നന്ദിനിയെ പെണ്ണുകാണാന്‍ പോയിവന്ന ശേഷം അമ്മ പറഞ്ഞു.

കേട്ടപ്പോള്‍ യശോധരനു ആശ്വാസമായി. ഈയൊരെണ്ണത്തെ അമ്മയ്ക്കും ഇഷ്ടപ്പെട്ടല്ലോ?

ഇത്തവണ അവധിക്കു വന്നിട്ടിതു വരെ എത്ര പെണ്ണുകാണല്‍ കഴിഞ്ഞിരിക്കുന്നു...

ചിലതിനെ കാണുമ്പോഴേ തനിക്കു പിടിക്കില്ല. പെണ്ണുകാണലിനു അവിടെ ചെന്നു പെട്ടു പോയല്ലോ എന്ന ചിന്തയാകും...

മറ്റു ചിലതിനെ തനിക്കു ബോധിച്ചാലും കൂടെയുള്ള തലമുതിര്‍ന്നവര്‍ക്കു ഇഷ്ട്മാവില്ല.

അവരു പറയുന്നതിലും കാര്യമുണ്ടാവാതിരിക്കുമോ? ലോകപരിചയം ഇത്രയുമുള്ള കൂട്ടരല്ലേ?

അമ്മയുടെ അഭിപ്രായത്തിനു വിലകൊടുത്തുള്ള വിവാഹം മതിയെന്നു നേരത്തെ തന്നെ കരുതിയതാണു.

അച്ഛന്റെ മരണശേഷം അമ്മയും അമ്മാവനും അല്ലാതെ ആരാണു തനിക്കു സ്വന്തമെന്നു പറയാനുള്ളതു?

എന്തായാലും, നന്ദിനിയുടെ കാര്യത്തില്‍ എല്ലാം വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്.

കുലീനമായ തറവാട്, ശാലീനമായ പെരുമാറ്റം, ഉദ്ദേശിച്ച പോലത്തെ ശരീരഘടനയും സൌന്ദര്യവും. ബാംഗ്ലൂരില്‍ ക്യാപ്പിറ്റേഷന്‍ സീറ്റിലാണെങ്കിലും ബി.ഇ. കഴിഞ്ഞതാണു. അതും കെമിക്കല്‍ എഞ്ചിനീയറിംഗ്. എന്നിരുന്നാലും അതിന്റെ ഒരു ഗര്‍വോ അഹങ്കാരമോ ഒന്നും ആ കുട്ടിക്കില്ല...

വന്ന വഴി മറക്കാത്തവരാണല്ലോ തങ്ങളും.

രാവിലെ അടുത്ത ആലോചനയിലെ പെണ്ണിന്റെ ഫോട്ടോയുമായി വന്ന ബ്രോക്കര്‍ കോശിയോടു അമ്മാവന്‍ പറഞ്ഞു, ഇനി വേറൊന്നും നോക്കണ്ട, ഇന്നലെ കണ്ട കാര്യം തന്നെ മുന്നോട്ടാലോചിക്കാം.

കോശിക്കും സമാധാനമായി. യശോധരനു പെണ്ണു തപ്പി അയാളും നടത്തം തുടങ്ങിയിട്ട് കാലമേറെയായിരുന്നു.

കാര്യങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോയി. രണ്ടു വീട്ടുകാരും കൂടി കാര്യങ്ങളൊക്കെ തീരുമാനിച്ചു.

പതിനേഴിനു നിശ്ചയവും, ഇരുപത്തഞ്ചിനു വിവാഹവും.

യശോധരന്‍ നന്ദിനിയുടെ ഫോട്ടോയും കീശയിലിട്ടു കൊണ്ടു നടപ്പു തുടങ്ങി. സ്വര്‍ഗ്ഗരാജ്യം ലഭിച്ച പ്രതീതി.

സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ നന്ദിനി ഫോണില്‍ വിളിക്കും, യശോധരന്‍ തിരിച്ചും. രണ്ടു വീട്ടുകാര്‍ക്കും ആദ്യമാദ്യം അസ്കിതം തോന്നിയെങ്കിലും, ഈ വന്ന കാലത്തെ പിള്ളേരല്ലേ എന്നു കരുതി ഒന്നും കണ്ടില്ലെന്നു നടിച്ചു.

* * *

ഏമ്പക്കം വിട്ടപ്പോള്‍, ഇന്നലെ, കല്ല്യാണത്തലേന്നടിച്ച മദ്യത്തിന്റെ രുചി സജീവന്റെ വായില്‍ തികട്ടി വന്നു. നേരമിത്രയുമായെങ്കിലും പിരിപിരി ഇപ്പോഴും കുറവില്ല.

വെളുപ്പിനെ മൂന്നു മണിക്കാണു യശോധരന്റെ കല്ല്യാണത്തലേന്നത്തെ പാര്‍ട്ടി തീര്‍ന്നതു. അച്ഛന്റെ അനന്തരവനാണെങ്കിലും സമപ്രായക്കാരായതിനാല്‍ യശോധരന്റെ സത്‍കാരം പൊടിപൊടിച്ചു. സൂത്രധാരനായതിനാല്‍ എല്ലാവനും സ്ഥലം വിടുന്നതു വരെ നില്‍ക്കേണ്ടിയും വന്നു.

ഉറക്കം വിട്ടത്രയും നേരംവെളുക്കുവോളം വരെ നിന്നതാണു പ്രശ്നം. കണ്ണുകളടഞ്ഞു വരുന്നു.

ആഹ്, സാരമില്ല...

സജീവന്‍ സൈഡിലെ കണ്ണാടി നോക്കി. മറ്റു കാറുകള്‍ പിന്നാലെ തന്നെയുണ്ട്.

പിന്നിലെ സീറ്റില്‍ വരനും വധുവും പിന്നെ അമ്മായിയും ചെറിയതായിട്ടു ഉറക്കം തൂങ്ങുന്നുണ്ട്. എല്ലാവരും രാവിലെ തുടങ്ങിയ അലച്ചിലല്ലേ? എങ്ങിനെ ക്ഷീണിക്കാതിരിക്കും...?

പോരാത്തതിനു ഇത്രയും ദൂരവും.

മുന്‍സീറ്റില്‍ അച്ഛനും ചാരിയിരുന്നുറങ്ങുന്നു.

സജീവന്‍ വണ്ടിയുടെ വേഗം കൂട്ടി

എന്നാലും, എം.സി റോഡല്ലേ? ഇനിയും ഒന്നര മണിക്കൂര്‍ കൂടി യാത്രയുണ്ട്. ഏസിയുള്ള കാറായതു കൊണ്ടു വലിയ ക്ഷീണം തോന്നുകയില്ല.

ഇത്തിരി കഴിഞ്ഞ്‌ എപ്പോഴോ സജീവന്റെ കണ്ണുകള്‍ ഒന്നടയുകയും കൈകള്‍ വളയത്തില്‍ നിന്നും വഴുതുകയും ചെയ്തു.

"നാം രണ്ട്, നമുക്ക് രണ്ട്" എന്ന പിന്നെഴുത്തുമായി പാണ്ടിനാട്ടില്‍ നിന്നും എതിരെ വന്നുകൊണ്ടിരുന്ന പടുകൂറ്റന്‍ ട്രൈലറിനു കീഴെ, കാതടപ്പിക്കുന്ന ശബ്ദത്തോടെ യശോധരന്റെ ചെറിയ ലോകവും, അതിലെ വലിയ സ്വപ്നങ്ങളും ഞെരിന്നമര്‍ന്നു.

8 comments:

സു | Su said...

എല്ലാരേം എന്താ കൊല്ലുന്നതു? അപ്പോ കാലന്‍ എന്താ പണി ചെയ്യാ?

gee vee said...

ഒരു സ്വപ്നം കണ്ടു നിന്നൂ അവന്‍, വന്നൂ അവള്‍
ഒരു സ്വപ്നം പോലെ കഴിഞ്ഞൂ ആദ്യരാത്രി
മറു സ്വപ്നം കണ്ടു മയങ്ങീ സജീവന്‍ വഴിയില്‍
പല സ്വപ്നം വീണു ചിതറീ ഇരുള്‍ക്കയത്തില്‍.

ഏവൂരാനേ, പാവം യശോധരന്റെ സ്വപ്നമെങ്കിലും തകര്‍ക്കാതിരുന്നുകൂടേ?

ജീവി

കലേഷ്‌ കുമാര്‍ said...

കാലന്‍ ബ്ലോഗര്‍.കോമുമായി വല്ല ബിസിനസ്സ്‌ അറേഞ്ച്മെന്റിലും എത്തിയോ?

മരണങ്ങള്‍....

മരണം വാതില്‍ക്കലൊരുനാള്‍ മഞ്ചലുമായ്‌ വന്നു നില്‍ക്കുമ്പോള്‍....

evuraan said...

ഫൈനല്‍ ഡെസ്റ്റിനേഷന്‍ എന്ന പേരില്‍ രണ്ടു ഇംഗ്ളീഷ് ചിത്രങ്ങളുണ്ട്‌ 1, 2 , ഒന്നിനു പുറകേ ഒന്നായി. രണ്ടാമത്തേതാണു കുറേക്കൂടി നന്ന്‍.

പിറന്നു വീഴുന്ന നാള്‍ മുതല്‍, ഒരു പക്ഷെ അതിനും മുന്നേ നാമുരുവാകുന്ന നാള്‍ മുതല്‍ തന്നെ, നമ്മുടെ പിന്നാലെ നിഴലു പോലെയൊരാളുണ്ട്. അയാളെ പറ്റിച്ചു കടക്കാനോ, ഒഴിവാക്കാനോ പറ്റില്ല.

കാവല്‍ മാലാഖമാരോ ഇഷ്ടദൈവങ്ങളോ അല്ലയാള്, മരണമാണയാള്.

പിറവിയുടെ നിമിഷം മുതല്‍ നാമെല്ലാവരും മരണത്തിലേക്കാണു വളര്‍ന്നു കയറുന്നതു.

മനുഷ്യന്റെ പിന്നാലെ മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ആ സഹചാരി കൂട്ടിനുണ്ട്.

എന്തിനു?, ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ദേവാവതാരങ്ങളുടെ പിന്നാലെയും ഇഷ്ടനുണ്ടായിരുന്നു.

ഈ ചതുരംഗക്കളത്തിലെ ആത്യന്തിക വിജയം മരണത്തിനുള്ളതാണ്‌. ഇന്നല്ലെങ്കില്‍ നാളെ എന്റെ പിന്നാലെ വരുന്ന അവന്‍ എന്നെ ചവിട്ടിവീഴ്തി , എന്നെ കടന്നു പോകും; അടുത്തൊരു ചതുരംഗത്തിലേക്കു, അടുത്ത എതിരാളിയെ തേടി. ആ പോരാളിയും അടിപറ്റുന്പോള്‍, ഈ അമരനായ യോദ്ധാവ് അടുത്ത പാവയെ കണ്ടു പിടിക്കുന്നു.

എലിയുടെ വാലറ്റത്തു കൂടിയിരിക്കുന്ന പൂച്ചയെ പോലെ, നമ്മുടെ എല്ലാവരുടെയും പിന്നില്‍ ആ അദൃശ്യനായ വീരയോദ്ധാവുണ്ടെങ്കിലും, നമ്മളതു മിക്കവാറും സൌകര്യപൂര്‍വ്വം മറന്നു കളയുന്നു.

"സമത്വമറ്റ ഹോമറും, സമര്‍ത്‍ഥനായ സീസറും
മറഞ്ഞു പോയി കാലചക്ര വിഭ്രമത്തിലെങ്കിലീ നിനക്കു പിന്നെയെന്തു ശങ്ക, മാറ്റമൊന്നുമില്ലതില്‍.." എന്നു സിസ്റ്റര്‍ മേരി ബനീജ്ഞ എഴുതിയ വരികള്‍ ഓര്‍മ്മ വരുന്നു...

നമ്മുടെ കഥകളിലെ യഥാര്‍ത്‍ഥ വിജേതാവിന്റെ കരുനീക്കങ്ങള്‍ എല്ലാം മുഴുവനെ നമ്മളറിയുന്നില്ല. അറിയുന്നതില്‍ ചിലതു കുടിലമെന്നും നമുക്കു തോന്നാം.

അന്തിമ വിജയം അയാളുടേതെങ്കിലും അപൂര്‍വം അവസരങ്ങളില്‍ ചന്തിക്കെ പൊടിയും തട്ടി തത്‍കാലം നമ്മള്‍ രക്ഷപെടുന്നു.

എങ്കിലും തോല്‍വി എന്തെന്നിതു വരെ അറിയാത്ത ആ ധീരന്‍ വീണ്ടും നമ്മുടെ പിന്നാലെ കൂടുന്നു.

അധ്വാനിയാണവന്‍. അര്‍പ്പണ മനോഭാവമുള്ള ബുദ്ധിമാന്. യുദ്ധത്തിനും പ്രണയത്തിനും വിജയം മാത്രമെയുള്ളൂ ആത്യന്തികമായ നിയമം എന്നറിയുന്നവന്‍..

ദൈനംദിന ജീവിതത്തിലും ഈ പോരാളിയുടെ കരുനീക്കങ്ങള്‍ ചടുലമാവാം. അറിഞ്ഞു കൊണ്ട് നമ്മള്‍ സാധാരണ തോറ്റുകൊടുക്കാറില്ലെങ്കിലും, നാമറിഞ്ഞു ചെയ്യുന്നതു ചിലപ്പോള്‍ അവന്റെ ജയത്തിനുപാധികളാവുന്നു.

നിരത്തു മുറിച്ച് കടക്കുന്പോള്‍, കളിക്കുന്പോള്‍, ഉറങ്ങുന്പോള്‍, വണ്ടിയോടിക്കുന്പോള്‍, വണ്ടിയിലിരിക്കുന്പോള്‍ -- അറിയാതെയെങ്കിലും നമ്മള്‍ പൊരുതുകയാണു, നമുക്കെതിരെ അവനും.

അവനെതിരെ അടരാടുന്ന നമ്മുടെയെല്ലാം യുദ്ധങ്ങള് ഏറെ നേരം നീണ്ടുപോവട്ടെ എന്നു വെറുതെയെങ്കിലും നമുക്കാഗ്രഹിക്കാം...

--ഏവൂരാന്‍.

Sunil said...

ഇതെല്ലാം പറയുമ്പോള്‍, പിംഗളവര്‍ണയും പിംഗളകേശിനിയുമായ ജീവന്‍ മശായിയുടെ ആ സന്തത സഹചാരിണിയേ മറന്നുവോ? (നോവല്‍:ആരോഗ്യനികേതനം -താരാശങ്കര്‍ ബാനര്‍ജി. മലയാളസിനിമയില്‍ നെടുമുടി വേണു ജീവന്‍ മശായിയായി വേഷമിട്ടു.)

gee vee said...

ഉദിച്ചുയര്‍ന്ന സൂര്യനും
പതിച്ചു പശ്ചിമാബ്ധിയില്‍
മദിച്ചുയര്‍ന്ന കൂരിരുട്ടു
കൊണ്ടുമൂടി ഭൂതലം

- സിസ്റ്റര്‍ മേരി ബനീജ്ഞ

കൂടെ ജീയുടെ മനോഹരമായ കവിതയും ഓര്‍മ്മവരുന്നു:

ഇന്നു ഞാന്‍ നാളെ നീ ഇന്നു ഞാന്‍ നാളെ നീ
ഇന്നൂം പ്രതിധ്വനിക്കുന്നിതെന്നൊര്‍മ്മയില്‍

Anonymous said...

When a Man Lies He Murders
Some Part of the World
These Are the Pale Deaths Which
Men Miscall Their Lives
All this I Cannot Bear
to Witness Any Longer
Cannot the Kingdom of Salvation
Take Me Home
-- Metallica, (Song: To Live Is To Die)

സു | Su said...

ഈ അജ്ഞാതന്‍ എന്താ ഇവിടെ ഓരോരുത്തര്‍ ചാവാന്‍ കിടക്കുമ്പോ പാട്ട് പാടുന്നതു?

ALL THIS I CAN NOT BEAR :(
പറഞ്ഞില്ലാന്നു വേണ്ട. (ദൈവമേ എന്നെ രക്ഷിക്കണേ)