Thursday, June 09, 2005

തപാലുരുപ്പടി...

ആഴ്ചയിലൊരിക്കല്‍ മാത്രമേ തപാല്‍ നോക്കാറുള്ളൂ. കുറേ ബില്ലുകളും, ബ്രോഷറുകളും അല്ലാതെ, നമുക്കു ഗുണംപിടിക്കുന്ന സാമഗ്രികളൊന്നും തപാലില്‍ വരാറില്ല.

ഇന്നിതാ, തപാല്‍ വകുപ്പിന്റെ ഒരു പിങ്ക് സ്ളിപ്പ്. എനിക്കായെന്തൊ ഒരു സാധനം വന്നിട്ടുണ്ട് പോലും, അതു ചെന്നു ഒപ്പിട്ടു വാങ്ങണമത്രെ. അവരെന്നെ ഇങ്ങനെയേറെ നാളുകളായി നോക്കിയിരിക്കുകയാണത്രേ...

കഴിഞ്ഞ തവണ ചെന്നിങ്ങനെ ഒരു സാധനം ചെന്നു ഒപ്പിട്ടു വാങ്ങിയതു, കോടതിയിലേക്കുള്ള വിളി (സമന്‍സ്) ആയിരുന്നു.

ഇനി ഇത്തവണ എന്തു മാരണമാണോ?

ഫിലാഡെല്ഫിയയില്‍ ഇന്‍ഡ്യന്‍ ഹോട്ടലു തപ്പി പോയ വഴിക്കു, ഒരു ട്രാഫിക് ലൈറ്റ് കടക്കുന്പോള്‍ പച്ച മഞ്ഞയായതും, പിന്നെ മുഴുവനെ കെട്ടുപോയതും, ഒപ്പം പിന്നില്‍ നിരത്തിലെ ക്യാമറക്കണ്ണുകള്‍ മിന്നിമിന്നിത്തെളിയുന്നതും ഓര്‍മ്മ വരുന്നു.

ഇനി അതു അതിന്റെ വകുപ്പു വല്ലതുമാണോ? ഈക്കണ്ട ട്രാഫിക് ടിക്കറ്റുകള്‍ ഞാനെവിടെ സൂക്ഷിച്ചു വെയ്ക്കുമോ എന്തോ?

നാട്ടിലാണേല്‍ ഈ വക മാരണങ്ങളൊന്നുമില്ല. എതുവഴി വേണേലും വണ്ടിയോടിക്കാം. എങ്ങിനെ വേണേലും ഓടിക്കാം...!!

ഇനി അതു പോരാഞ്ഞു, വല്ല ടാക്സ് ഓഡിറ്റോ മറ്റോ ആണോ ദൈവമേ?

കിട്ടിയ കാശീന്നു ഒള്ള ടാക്സ് മൊത്തം കൊടുത്തിട്ടും ശിഷ്ടമുള്ളതു ഇട്ടു വെയ്ക്കാന്‍ സ്ഥലം തികയില്ലെന്ന്‍ ബാങ്കുകാരന്‍ വിളിച്ചു പറഞ്ഞിരുന്നു.

ഇനി അതിന്റെ പൊല്ലാപ്പാണോ?

കന്പിയില്ലാക്കന്പി വന്നെന്നു കേള്‍ക്കുന്പോള്‍ നമ്മുടെയാള്‍ക്കാര്‍ പണ്ടു ബോധം കെടുന്നമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ചിലരു മണിയോര്‍ഡറിന്റെ സമയത്തല്ലാതെ എപ്പോഴെങ്കിലും പോസ്റ്റ്മാന്‍ പടികയറിവരുന്നതു കാണുന്പോഴേ നെഞ്ചത്തടി തുടങ്ങുമായിരുന്നു.

എന്തായാലും നാളെക്കാണാം എന്നു കരുതി വെറുതെ സമാധാനിക്കാനും കഴിയുന്നില്ല... ചത്തതു കീചകനെങ്കില്‍, കൊന്നതു ഭീമന്‍ തന്നെയെന്നു പറയുന്നതു പോലെ ഇതെന്തായാലും എനിക്കുള്ള ഒരു വലിയ ആപ്പ് തന്നെയെന്നു ഒരു തോന്നല്‍...

9 comments:

സു | Su said...

എന്തായിരുന്നു അത്? വെറുതേ അറിയാന്‍ ആഗ്രഹം .

കലേഷ്‌ കുമാര്‍ said...

സസ്പെന്‍സാ? എന്തായിരുന്നു സാധനം? കറന്റ്ബില്ലായിരുന്നോ??

.::Anil അനില്‍::. said...

അതൊരു കൂലിക്കത്തായിരിക്കുമെന്നാണെനിക്കു തോന്നുന്നത്. :)

evuraan said...

ഇന്നു രാവിലെ എട്ടേ മുക്കാലിനു തന്നെ ആ പിങ്ക് സ്ളിപ്പുമായി ഞാന്‍ ഞങ്ങളുടെ ചെറിയ തപാലാപ്പീസില്‍ ഹാജരായി.

പ്രീ-പ്രിന്റഡ് സ്‍ളിപ്പിന്മേല്‍ എന്റെ പേരൊന്നും എഴുതിയിരുന്നില്ല, എങ്കിലും എല്ലാം ചോദിച്ചറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സ്ത്രീ അവിടമെല്ലാം അരിച്ചുപെറുക്കി നോക്കി -- ഒന്നും കിട്ടിയില്ല.

ഒടുവില്‍, ഞങ്ങളുടെ പോസ്റ്റുമാന്‍ അബദ്ധത്തില് എന്റെ മെയില്‍ബോക്സില്‍ ഇട്ടു പോയതായിരിക്കും ആ കുറിപ്പ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.

വല്യ കാര്യം. ഒന്നുമില്ലാഞ്ഞതു നല്ല കാര്യം. നോ ന്യൂസ് ഈസ് ഗുഡ്ന്യൂസെന്നു പറയുന്നതു പോലെ...

ശുഭം.

--ഏവൂരാന്‍.

.::Anil അനില്‍::. said...

ഏവൂ,
ഇനി ഇങ്ങനെ എന്തെങ്കിലും സ്ളിപ്പ് കിട്ടിയാല്‌ പോസ്റ്റോഫീസില്‌ പോയി വന്നിട്ട് ബ്ളോഗിയാമതി കേട്ടോ. അല്ലപിന്നെ മനുഷ്യനെ വല്ലാതെ ആശിപ്പിച്ചുകളഞ്ഞില്ലേ..
:)

evuraan said...

അനിലേ,

എന്ത്‌?

ഞാനിവിടെ ആകുലതയില്‍ ഉഴറുന്പോള്‍, അവിടെ ആശയോടെ നിങ്ങളൊക്കെ എനിക്കു പണിവരുന്നതും നോക്കിയിരിക്കയായിരുന്നു എന്നോ?

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന ചൊല്ല്‍ എത്ര അര്ത്ഥപൂര്‍ണ്ണം...? :)

ഒരു പക്ഷെ ഇവിടെ അതിനെപ്പറ്റി എഴുതിയതു കൊണ്ടാവും, പുലി പോലെ വന്നതു, എലി പോലെ പോയതു..

--ഏവൂരാന്‍.

.::Anil അനില്‍::. said...

ഏയ്. പണിവരുന്നതല്ല നോക്കിയിരുന്നത്; എന്തെങ്കിലും കൌതുകമുള്ളത്. കഥയിലാണെങ്കില്‍ തലയില്‍ കല്ലിട്ടോ കല്ലില്‍ തലയടിച്ചോ ഒക്കെ കൊല്ലലാണല്ലോ പണി.
ഏവൂന്റെ ശുഭാന്ത്യമുള്ള ഒരു കഥ വായിച്ചിട്ട് മരിക്കണമെന്നാഗ്രഹമുള്ള ചിലര്‍ ഈ ലോകത്തുണ്ടെന്നറിയുക.
:)

-സു‍-|Sunil said...

eviTe? thapaalilonnumilla enna samaadhaanatthil irikkukayaano?"poozhipputhappuTan maati puRatthuvaruka sOdaraa"

evuraan said...

ഇവിടൊക്കെയുണ്ട്, ഇത്തിരി തിരക്കിലായിരുന്നു സുനിലേ..

പ്രൊഫൈലിലെ പടം അസ്സലായിട്ടുണ്ട്.

ചിരിക്കാനുള്ള വക ഒത്തു കിട്ടി..

--ഏവൂരാന്‍.