Sunday, June 26, 2005

അവളും വീട്ടിമരവും

അകലെ, പട്ടണത്തിലെ തിരക്കിനും ബഹളത്തിനും ഇപ്പുറം കത്തിയെരിയുന്ന വെയിലിനു താഴെ, നദിയുടെ കരയിലുള്ള വീട്ടിമരത്തിന്റെ തണലിലവര്‍ മുഖാമുഖം നോക്കിയിരുന്നു.

അവളുടെ നാസികാഗ്രത്തില്‍ പൊടിഞ്ഞ വിയര്‍പ്പവന്‍ തെല്ലുനേരം കൌതുകത്തോടെ നോക്കി.

"ഒരു മാലാഖ മുന്പില്‍ വന്നിട്ട്, കൂടെ വന്നാല് നിനക്കു സ്വര്‍ഗ്ഗരാജ്യം തരാമെന്നു പറഞ്ഞാല്‍ എന്നെ ഇട്ടിട്ടു നീ പോകുമോ?" - പ്രണയകുതൂഹലങ്ങളുടെ ഇടയില് അവളവനോടു ചോദിച്ചു.

"കൂടെ നീയും വരുമെങ്കില്‍ മാത്രമോമനേ, ഞാന്‍ പോകൂ..", എന്ന്‍ ചെറുചിരിയോടുള്ള ഉത്തരം കേട്ടവള്‍ പ്രണയപുളകിതയായ് അവന്റെ തോളില്‍ തല ചായ്‍ച്ചു.

ആനന്ദപരവേശത്തില്‍ അവരങ്ങിനെ ഇരിക്കവേ, വലിച്ചു തീര്‍‍ന്ന സിഗരറ്റവന് നദിയിലേക്കു തട്ടിത്തെറിപ്പിച്ചു.

പൊടുന്നനെ, ഹുങ്കാരരവത്തോടെ നദിയിലെ വെള്ളം വകഞ്ഞു മാറി, ആഭരണവിഭൂഷിണിയായ സുന്ദരിയായൊരു യുവതി അവരുടെ മുന്പില്‍ ശ്യൂനതയില്‍ നിന്നും ഉരുവായി.

ചകിതരായി മരച്ചുവട്ടിലിരിക്കുന്ന യുവമിഥുനങ്ങളിലെ പുരുഷനോടായി ആ സുന്ദരി മംഗളസംഗീതത്തിന്റെ അകന്പടിയോടെ പറഞ്ഞു, "വത്സാ..!!, കോടാനുകോടി വര്‍ഷങ്ങളായി ഞാന്‍ കാത്തിരിക്കയായിരുന്നു, ഇന്നേ ദിവസം എന്നിലേക്ക് എന്തെങ്കിലും വലിച്ചെറിയുന്നവനൊരു വരം കൊടുക്കാന്.‍. കൂടെ വന്നാല്‍ അമരനാകാം, സ്വര്‍ഗ്ഗവാസിയാകാം."

ഇത്തിരി മുന്പ് പറഞ്ഞു തീര്‍ന്ന സങ്കല്‍പ്പകഥ യാഥാര്‍ത്ഥമാകുന്നതിന്റെ ആശ്ചര്യത്തില്‍, ഇണയുടെ നേരെ കൈനീട്ടി നില്‍ക്കുന്ന ദേവാംഗനയോട് നായിക ചോദിച്ചു, "ദേവീ, ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പോരാമല്ലോ, അല്ലേ..?"

പുഞ്ചിരിയോടെ ദേവത പെണ്‍കൊടിയോടായി മൊഴിഞ്ഞു, "പറ്റില്ല വത്സേ, വരം അവനു മാത്രം ഉള്ളതാണു, അവനു മാത്രം..."

അതുവരെയും വായും പൊളിച്ചു, അദ്ഭുതപരവശനായി എല്ലാം കണ്ടും കേട്ടുമിരുന്ന യുവാവിന്റെ ഭാവം മാറി.

കൈനീട്ടി നില്‍ക്കുന്ന ദേവസുന്ദരിയുടെ കരംഗ്രഹിക്കാന്‍ ചാടിയെഴുന്നേറ്റാഞ്ഞു നടന്നവന്‍.

നടന്നകലുന്ന കാമുകനോട് വ്യഥയോടെ പെണ്‍കുട്ടിയറിയിച്ചു: "നാഥാ, കേട്ടില്ലേ? എനിക്ക് കൂടെ വരാന്‍ പറ്റില്ല.., ഞാനുണ്ടാവില്ല, അവിടെ..."

തിരിഞ്ഞൊന്നു നോക്കാതെ, തന്റെ നടത്തത്തിന്റെ വേഗത കൂട്ടിക്കൊണ്ടവന് അവളോടു പറഞ്ഞു, "നീ ഉണ്ടെങ്കില്‍ പിന്നെ അവിടമെങ്ങിനെ സ്വര്‍ഗ്ഗമാകും..? പോടീ, പോടീ, വീട്ടില്‍ പോടീ...!!!"

ഒരുപാടു വേദനപ്പിക്കുന്ന ഒരറിവിന്റെ നോവിലവള്‍ പകച്ചു നില്‍ക്കവേ അവനേയും കൊണ്ടാ ദേവത ശ്യൂനതയില്‍ മറഞ്ഞു.

പട്ടണത്തിലെ തിരക്കിനും ബഹളത്തിനും അകലെ, പുഴയോരത്ത് അവളും വീട്ടിമരവും മാത്രമായപ്പോള്‍ വെയില്‍ താഴ്‍ന്നു തുടങ്ങിയിരുന്നു.

4 comments:

Anonymous said...

Jasmin, kaaNunnillE ithu? -S-

കലേഷ്‌ കുമാര്‍ said...

നായകന്‍ "പ്രാക്റ്റിക്കല്‍" ആയി ചിന്തിക്കുന്നവനായിരുന്നിരിക്കണം! - ജീവിക്കാന്‍ പഠിച്ചവന്‍!

കഥ ഉഗ്രന്‍!

സു | Su said...

ഇങ്ങനെയാണു ജീവിതം.:(

evuraan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.

കക്ഷിക്ക് മലയാളം വായിക്കാനറിയാത്തതു കൊണ്ട് വെറുതെ കണ്ടിട്ട് എന്തു ചെയ്യാനാ? ഞാന്‍ തന്നെ വേണ്ടേ വായിച്ചു കൊടുക്കാന്‍..?

അതറിഞ്ഞല്ലേ നമ്മള്‍ കഥ പറഞ്ഞു കൊടുക്കുന്നതു?

ഇനി, എഴുത്തും വായനയും പഠിച്ചു വരുന്പോഴാവും പ്രശ്നമാകുന്നത്..!!

--ഏവൂരാന്‍.