Monday, July 18, 2005

അവന്റെ ലോകം

ഒരു ഫോണ് വിളിപ്പാടകലെ, മഹാസമുദ്രങ്ങള്‍ക്കപ്പുറത്തു, അവള്‍ കാതോര്‍ത്തിരിക്കയായിരുന്നു, അവന്റെ സ്വരം കേള്‍ക്കാന്‍.

കേട്ടു തഴന്പിച്ച ശൈലികള്‍ക്കകലെ, കണ്ടു പരിചയിച്ച മുഖങ്ങള്‍ക്ക് ദൂരെ, അന്നേരം, അരവയര്‍ നിറയ്ക്കാനവന് പണിപ്പെടുകയായിരുന്നു.

സമയബന്ധങ്ങളുടെ കെണിയില്‍ പെടാതെ, എഴുതിയതു മായ്‍ച്ചവന്‍ വീണ്ടും കോഡെഴുതുകയായിരുന്നു. മായയാം സാമാന്യബുദ്ധിയിലെ കീടങ്ങള്‍ക്കെതിരെ തന്റെ യുദ്ധം തുടരുകയായിരുന്നു.

അവന്റെ അരവയര്‍ മാറി കുടവയറായപ്പോഴും, മുഖത്തും കഴുത്തിലും മേദസ്സ് വര്‍ദ്ധിച്ചപ്പോഴും, വിദൂരത്തില് അവള്‍ കാത്തിരിപ്പ് തുടരുകയായിരുന്നു.

പിന്നാന്പുറങ്ങളിലെ തണലുകളില്‍ അവളുടെ നെടുവീര്‍പ്പിനു അപ്പോള് ചൂടേറി വന്നു.

തലയ്ക്ക് മുകളിലെ ഏസിയുടെ വെന്റിലൂടെ നിശ്ശബ്ദമായി അരിച്ചിറങ്ങുന്ന‍ ചത്ത തണുപ്പില്‍ അവനതൊന്നും അറിഞ്ഞില്ല. അത്തരം അറിവുകള്‍ക്കായവന്‍ കാതോര്‍ത്തതുമില്ല.

അവനു തിരക്കേറിയിരുന്നു, അവന്റെ വരികളിലെ യുദ്ധതന്ത്രങ്ങള്‍ക്കൊരു പുതിയ തലം കൈവന്നിരുന്നു.

കാത്തിരുന്നു വലഞ്ഞവളൊടുവില് കല്‍പ്പണിക്കാരനൊപ്പം പലായനം ചെയ്തപ്പോഴും, അവനെഴുതിക്കൂട്ടിയവ തങ്ങളുടെ‍ സൃഷ്ടാവിനു വേണ്ടി യുദ്ധം ചെയ്യുകയായിരുന്നു.

ഓരോ തവണയും തന്റെ വരികളടരാടുന്ന യുദ്ധക്കളത്തിന്റെ മുറകള്‍ അവന് തിരുത്തിയെഴുതാന്‍ തുടങ്ങിയിരുന്നു -- അതുമാത്രമായിരുന്നു അവന്റെ ലോകം.

10 comments:

കലേഷ്‌ കുമാര്‍ said...

അവൻ അവളെ മറന്നതാണോ അതോ അവൾ അവനെ മറന്നതാണോ?എന്താ സംഭവിച്ചത്‌?

.::Anil അനില്‍::. said...

യുദ്ധത്തിനിടെ അവളെയോർക്കാൻ നേരമുണ്ടായിട്ടുണ്ടാവില്ല.

Anonymous said...

അവനവനിസം താന്‍ പ്രധാനിത്തമായി മാറി? -സു-

evuraan said...

അവനവനിസത്തെക്കുറിച്ച് ഇവിടെ
എഴുതിയിരിക്കുന്നതു കണ്ടു.

"മുമ്പേ നടക്കുന്ന ഗോവു തന്റെ പിന്നേ
ഗമിക്കുന്നു ബഹുഗോക്കളെല്ലാം" എന്ന
മട്ടില്‍ നമ്മള്‍ നടന്നിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?

പലരും കൂടിയാല്‍ പാമ്പും ചാകില്ലല്ലോ?

വെള്ളത്തില്‍ പൂട്ടാനും കൂട്ടത്തില്‍ പാടാനും പറ്റുന്ന പോലെ അത്ര എളുപ്പമാണോ സ്വന്തമായി
നിവര്‍ന്നു നില്‍ക്കാന്‍?

നിവര്‍ന്നു നില്‍ക്കുന്നവരില്‍ ഏറെയും കാതലില്ലാത്ത മരങ്ങളാകാം, സാരമില്ല, ഏറെ തഴച്ചാലും ഒരു കാറ്റത്തു നിലം പതിച്ചോളും.

ശരിയാണ്‍, വീണ്ടും അനേകം
പാഴ്‍ചെടികള്‍ തഴച്ചു വളരും.

കൂട്ടത്തില്‍ കാതലുള്ള വൃക്ഷങ്ങളും ഉണ്ടാവും. അങ്ങിനെയാണല്ലോ കാടുകളുണ്ടാവുന്നതു?

തടി വേണ്ടവര്‍ കാതലുള്ള മരം തേടിച്ചെല്ലും, വഴിമുടക്കി നില്ക്കുന്ന കുറ്റിച്ചെടികള്‍ പിഴുത്
തീയിലുമെറിയും.

ആസ്വാദനത്തിനുള്ള മാനദണ്ഡം ആപേക്ഷികമാണ്‍. വായിച്ചതു ചവറാണെന്നു അറിയുന്നതു, അതിലും
നല്ലതു വായിച്ചിട്ടുള്ളതു കൊണ്ടാണ്‍, അല്ലെങ്കില്‍ വായിക്കുമ്പോളാണ്‍.

ഉത്തമമായ വകകള്‍ ഇവിടെയും മുളപൊട്ടുന്നു.
പെരിങ്ങോടര്‍ ഒരു ഉദാഹരണമാണ്‍.

ഞാന്‍ നിരത്തി വരുന്നത്, ഒരു പരിധി
വരെ അവനവനിസം എന്നു വിളിക്കപ്പെടുന്ന
വ്യവസ്ഥയുടെ ന്യായീകരണമാണ്‍, ആള്‍ക്കൂട്ടത്തില്‍ വേറിട്ട്
ശ്രദ്ധിക്കപ്പെടാന്‍ ‍ ത്രാണിയുള്ളവരുടെ അവനവനിസം. മികച്ച
സൃഷ്ടികളും, മഹാന്മാരുമുണ്ടാകുന്നതു
നമ്മളറിയുന്നതു അവനവനിസക്കാരായ അണ്ടനേയും അടകോടനേയും പരിചയമുള്ളതു കൊണ്ടല്ലേ?

--ഏവൂരാന്

Paul said...

അവനവനിസത്തിന്‍റെ മുദ്രാവാക്യം തന്നെ “സ്വന്തം കാര്യം സിന്ദാബാദ്” എന്നാണ്. അത് ഒരുതരം ഒളിച്ചോട്ടമാണ്, നിവര്‍‍ന്നു നില്‍ക്കലല്ല. എവുറാന്‍‍ പറയുന്നത് individualism എന്നതിനെക്കുറിച്ചും. രണ്ടും കൂട്ടിക്കുഴയ്ക്കാതിരിക്കുക.

Anonymous said...

“അതുമാത്രമായിരുന്നു അവന്റെ ലോകം.“ ഈ വരികളിലൂടെ പോള്‍ പറഞ സ്വന്തം കാര്യം സിന്ദാബാദ് എന്ന അവസ്ഥയില്‍ എത്തി എന്നെനിക്കു തോന്നിയതു കൊണ്ടാണ്, ഞാന്‍ “താന്‍ പ്രധാനിത്തം” എന്ന് എഴുതിയത്. പക്ഷെ നമ്മള്‍ ചര്‍ച്ച ചെയ്തതും ഇതുമായി ബന്ധമുണ്ടായത് യാദ്ര്&ശ്ച്ചികം മാത്രം. “പലരും കൂടിയാല്‍ പാമ്പും ചാകില്ലല്ലോ?
“ ഈ പലരും കൂടുന്നതിന്‍റെ കാര്യം അതായിരുന്നു ചര്‍ച്ചാവിഷയം. ബാക്കി ചിന്തയില്‍, സമയം പോലെ.-സു-

evuraan said...

വിഷയത്തില്‍ നിന്നും ഇത്തിരി മാറിയാണോ എന്നൊരു സംശയമുണ്ടെങ്കിലും:

രാജ്യവും കുടുംബവും ഉള്പെടുന്ന തന്റെ ഭൌതിക ലോകവും ത്യജിച്ച് രാത്രിയില്‍ കൊട്ടാരം വിട്ടിറങ്ങി ഗൌതമ ബുദ്ധനായിത്തീര്‍ന്ന രാജകുമാരനെ എങ്ങിനെ നിര്‍വചിക്കുമെന്നറിയാനൊരു ആഗ്രഹം.

ദുഃഖം ആത്യന്തിക സത്യമാണെന്നും, അതു തന്നെ മുറിപ്പെടുത്തുമെന്നും തിരിച്ചറിഞ്ഞ് ആഗ്രഹവിമുക്തി നേടാന്‍ എല്ലാരേമിട്ടിട്ട് സ്ഥലം വിട്ടയാളല്ലേ അദ്ദേഹം?

അതു സ്വന്തം കാര്യം അദ്ദേഹം നോക്കിയതാണോ, അതോ നിവ‍ര്‍ന്നു നിന്നതാണോ ?

--ഏവൂരാന്‍.

Anonymous said...

ഒരു തരത്തില്‍ സ്വന്തം കാര്യം നോക്കി, പക്ഷെ സ്വന്തത്തില്‍ നിന്നില്ല. അപ്പോള്‍ പരന്നു നിവര്ന്നു നിന്നു. രണ്ടും വ്യത്യാസമില്ലേ? -സു-

സു | Su said...

:)

kadavanadu said...

i have to say something how i say it?????