Saturday, July 30, 2005

ചിരഞ്ജീവിയല്ല ഞാൻ

ഇന്ന് കിട്ടി. ഞാൻ ചിരഞ്ജീവിയല്ല എന്നുള്ളതിനുള്ള തെളിവ്. തെലുങ്കിലെ നായകന്റെ കാര്യമല്ല, അത് എന്തായാലും ഞാനല്ല, അയാൾക്ക് മലയാളം അറിയില്ലല്ലോ.

ഇന്നറിഞ്ഞത്,

ശാപത്താൽ, പാപഭാരത്താൽ, അനന്തകാലത്തോളം അലയാൻ വിധിക്കപ്പെട്ട അശ്വത്ഥ്വാമാവല്ല ഞാൻ. എന്തൊരാശ്വാസം.

പുണ്യകർ‍മ്മങ്ങളാൽ ഒടുങ്ങാത്ത ആയുസ്സ് വിധിക്കപ്പെട്ടവനുമല്ല.

ഞാൻ കൊല്ലപ്പെടാം.

ഒരു വെടിയുണ്ട - എന്റെ അമർത്യത അതോടെ തീരുന്നു.

ആരുടെയോ അരകളിലൊ, പുറം സഞ്ചികളിലോ ഉള്ള വിസ്ഫോടന വസ്തുവിനൊപ്പം എന്റെ ജീവനും ശതകഷണങ്ങളാകാം.

നിയന്ത്രണം വിടുന്ന ചക്രങ്ങൾ, തുരുമ്പിച്ച ഒരു കത്തി, വിഷം നിറഞ്ഞ സൂചി, ഉയർന്ന തെങ്ങിലെ തേങ്ങ, മാറാരോഗം, കരുത്തേറിയ ശത്രുകരങ്ങൾ -- ഏതിലാവും എന്റെയൊടുക്കം?

ഇഹലോക സുഖങ്ങളിലിനി എനിക്ക് മുഴുകാം. നാളെയെന്നൊന്നില്ല എന്ന മട്ടിൽ ജീവിതം രസിക്കാം.

അടങ്ങാത്ത ദുരയൊടെ സ്വത്ത് സ്വരുക്കൂട്ടാം.

എന്നിട്ട്, എല്ലാം മായയെന്ന് എന്നോട് തന്നെ പറയാം, പലവുരു.

കാരണം, ഞാൻ ജരാനരകളുടെ ബന്ധനത്തിലുള്ള വേറൊരു മനുഷ്യനാണ്, സംശയമില്ല.

ഇതു വരെ ജരയായില്ലെങ്കിലും.

ഇന്നത് ഒഫീഷ്യലായിരിക്കുന്നു. ആരും പറഞ്ഞറിയിക്കാതെ എനിക്കതു ബോധ്യമായിരിക്കുന്നു.

എന്റെ കണ്ണാലെ ഞാൻ കണ്ടു ഇന്ന്.

ഉച്ചിയിലെ വെള്ളിവര, എന്റെ ആദ്യത്തെ നരച്ച തലമുടി.

നടുങ്ങാതെയിരുന്നില്ല. വിഷമം തോന്നാതിരുന്നില്ല.

അതേ. പ്രായമെനിക്കേറുകയാണ്.

നിക്കർ വലിച്ചുകേറ്റാൻ പഠിച്ചത് ഇന്നലെയെന്ന് തോന്നുന്നുവെങ്കിലും; ഒടുങ്ങാത്ത കൌതുകവും, ബാല്യകാലത്തെന്ന പോലെ തീരാത്ത ചപലതയും പേറി ഞാൻ വളരുകയാണ്.

മരണത്തിലേക്ക്.

അതെ, എല്ലാം മായ തന്നെ...!!

10 comments:

സു | Su said...

നരയ്ക്കുന്നത് മരണത്തിലേക്കുള്ള ദൂരക്കണക്കാണോ? അല്ല. കുട്ടികള്‍ക്കും തല നരയ്ക്കില്ലേ? ദൈവം അങ്ങിനെ നല്ല കാര്യത്തിനും ചീത്തക്കാര്യത്തിനും കണക്ക് എടുത്തോണ്ടിരിക്ക്യാ എവൂരാനേ. ഒരു ദിവസം, നിര്‍ത്തിക്കോ ന്നും പറഞ്ഞ് ഒരു ഫുള്‍ സ്റ്റോപ്പ് ഇടും . അതുവരെ മായയില്‍ മുഴുകാം .

.::Anil അനില്‍::. said...

നരച്ചു തുടങ്ങിയാൽ‌പ്പിന്നെ എത്ര കാലം ഏവൂരാനേ?
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നോന്നറിയാനാ.

കലേഷ്‌ കുമാര്‍ said...

നര അത്രവല്യ പ്രശ്നമാണോ ഏവൂ? എനിക്ക്‌ ഇപ്പം വയസ്സ്‌ 30. കല്യാണം കഴിച്ചിട്ടില്ല. എന്റെ തലയിൽ നിറയെ നരയുണ്ട്‌. താടിയും നരച്ചു. എനിക്ക്‌ യാതൊരു ടെൻഷനുമില്ല!

നര പക്വതയുടെ ലക്ഷണമാ!

evuraan said...

സൂ, കുട്ടികളുടെ തല നരയ്ക്കുന്നത് പോലെയാണോ ഇത്?

കലേഷേ, പത്ത്-മുപ്പത് കൊല്ലം ഞാനും ഈ തല കൊണ്ട് നടക്കുകയായിരുന്നു.

എന്നാലും, ഇത്രയും നാൾ പ്രശ്നമൊന്നുമില്ലായിരുന്ന തലയിൽ നരച്ചൊരു മുടി ആദ്യമായെങ്കിലും കണ്ടപ്പോൾ...

അനിലേ, Sat Jul 30, 05:19:53 AM EDT വരെ താങ്കൾ ഉയിരോടെയുണ്ടായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

--ഏവൂരാൻ

സന്തോഷ് said...

കലേഷേ,
എങ്കിൽ പക്വത ഇല്ലെന്നു കാണിക്കാനാണോ, ആളുകൾ ഡൈ ചെയ്യുന്നത്?

;-)

ഏവൂരാനേ, തൽക്കാലം തെളിവു പറിച്ചു കളഞ്ഞ് കേസിൽ നിന്നു രക്ഷപ്പെടൂ.

.::Anil അനില്‍::. said...

ഇവിടെ കമന്റെഴുതിയാൽ കഥ ഏകദേശം കഴിയുമെന്നർത്ഥം.

evuraan said...

ആളുകൾ “ഡൈ“ ചെയ്യാൻ പോകുന്നതിന്റെ ധ്വനിയാണല്ലോ ഞാനും സൂചിപ്പിച്ചത്...

സന്തോഷിന്റെ കവിതയിൽ നിന്ന് തന്നെ കടമെടുത്താൽ:


ഒരു നാൾ, ഈ പാപത്തിൻ വിത്തുകൾ മുളക്കും
എന്റെ കണ്ണീരിലീ, കൊടികളുരുരുകും
എന്റെ നോട്ടത്തിലീ, മേടകളിടിയും
അന്നെന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയും..എന്നൊക്കെ നരയ്‍ക്ക് തോന്നിയാലാകെ പുകിലാകില്ലേ എന്ന് കരുതി, ആ നരച്ച മുടിയെ ശിരോമണി കണക്കെ കൊണ്ട് നടക്കാം എന്ന് കരുതുന്നു.

അനിലേ, നരന്മാർ‍ നമ്മൾ, ആയുരാരോഗ്യസൌഖ്യമായി ഇനിയും വർ‍ഷങ്ങളോളം ബ്ലോഗാൻ ഈശ്വരൻ ഇടവരുത്തട്ടെ...

--ഏവൂരാൻ

Anonymous said...

ജനിച്ചപ്പോൾ മുതൽ തുടങിയിട്ടുണ്ട്, നരക്കാനുള്ള വാസന. പക്ഷെ അത് പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ്. എന്നു ഞാൻ പറഞാൽ അത് ഗീതയാവുമോ?-സു-

കലേഷ്‌ കുമാര്‍ said...

ഈ "ഡൈ" ഉണ്ടാക്കുന്ന കമ്പനിക്കാർ എല്ലാം ഒരു സുപ്രഭാതത്തിൽ സമരം തുടങ്ങി ഈ ഡൈ കമ്പനികളൊക്കെയങ്ങ്‌ പൂട്ടിപോയാൽ സ്ഥിരമായി "ഡൈ" ചെയ്യാറുള്ള എന്റെ അച്ഛനും, മാമനും, ഞാൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പാളും അടക്കമുള്ള ആളുകളൊക്കെ എന്ത്‌ ചെയ്യുമെന്ന് ഞാൻ പണ്ട്‌ ആലോചിച്ചിട്ടുണ്ട്‌!
ഡൈ ചെയ്യുന്നവരും ചെയ്യാത്തവരും
ആയുരാരോഗ്യസൌഖ്യമായി ഇനിയും വർ‍ഷങ്ങളോളം ബ്ലോഗാൻ ഈശ്വരൻ ഇടവരുത്തട്ടെ...

ചില നേരത്ത്.. said...

പ്രിയ ഏവൂരാന്‍-

ഇല്ലാ മദ്യമില്ലാ,
മദിരാക്ഷിയില്ലാ-
മണ്ണ്‍ മണ്ണായ്‌,
മണ്ണില്‍ ലയിച്ചാല്‍ പിന്നെ.
ഇങ്ങോട്ട്‌(ദുബായിലേക്ക്‌)പോന്നോളൂ കൂട്ടിനൊരാളില്ലാതെ ഇരിക്കുവാ..
തീരുന്നതിന്‍ മുന്‍പ്‌-
തീര്‍ക്കാം നമുക്ക്‌ പലതും.
-ഇബ്രു-