Thursday, August 04, 2005

കടംകഥയാകുന്ന വാർത്തകൾ

“ക”യിലുണ്ട്, “പ”യിലില്ല എന്ന് തുടങ്ങുന്ന കടംകഥകൾ പോലെ നമ്മുടെ മലയാള പത്രങ്ങൾ വ്യംഗ്യ സാഹിത്യത്തിന് ഊന്നൽ കൊടുക്കുകയാണോ എന്ന് ഒരു സംശയം.

മാറാട് കലാപത്തിനെക്കുറിച്ച് ഈയിടെ വായിച്ചിരുന്നു, രണ്ട് മുൻ‍മന്ത്രിമാർക്ക് പങ്കുണ്ടെന്ന് ഇന്റലിജൻസ് കണ്ട് പിടിച്ചത്രെ. അരപേജോളം നീളത്തിൽ വാർ‍ത്തയുണ്ടെങ്കിലും, രഹസ്യകാമുകന്റെ പേര് മാത്രം മറച്ച് അവന്റെ വർ‍ണ്ണനയാൽ ആളുകളെ മുൾമുനയിൽ നിർത്തി പൊരിക്കുന്ന സുന്ദരിയെ പോലെ, വായിക്കുന്നവനെ കഴുതയാക്കുന്ന ഏർ‍പ്പാട് അവരും തുടരുന്നു: ബഹുമാനപ്പെട്ട മുന്നൻ‍മാരുടെ പേര് മാത്രമില്ല റിപ്പോർ‍ട്ടിൽ.

ഇതാ വേറൊരെണ്ണം (1). കണിച്ചുകുളങ്ങര കൊലപാതകവുമായി അടുത്ത് ബന്ധമുള്ളൊരു പോലീസുദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നതതലങ്ങളിൽ ചരടുവലികൾ നടക്കുന്നുവത്രെ. മതനേതൃത്വവും അങ്ങോരെ രക്ഷിക്കാൻ കൂട്ടിനുണ്ടത്രെ.

ഇതിലും യേമാന്റെ പേരവർ‍ പറയുന്നില്ല, എന്നാൽ കക്ഷി മുമ്പ് ചെയ്ത് കൂട്ടിയ വീരചരിതങ്ങളുടെ പരാമർശങ്ങൾ സുലഭം.

മുമ്പ് ആ സ്ഥലത്ത് സർവീസ്സിലിരുന്ന ഒരു പോലീസുകാരന്റെ പേര് ഇത്രയും മുട്ടൻ പത്രത്തിന് അറിയില്ല എന്നുള്ളത് വിശ്വസിക്കാൻ പ്രയാസം.

ആളാരായെന്ന് വേണേൽ തനിയെ കണ്ട് പിടിച്ചോ എന്ന് വായിക്കുന്നവരോട് പറയുന്നത് മാതിരി.

പേര് പറഞ്ഞു പോയാൽ ആ പോലീസുകാരന്റെയോ ശിങ്കിടികളുടെയോ ഇടി കിട്ടുമെന്ന പേടിയാവാം കാരണം എന്ന് അദ്ദേഹത്തെ പറ്റിയുള്ള ബാക്കി വിവരണങ്ങൾ കണ്ടാൽ തോന്നുന്നില്ല.

അത് പത്രങ്ങളുടെ സ്‍റ്റൈൽ.

എന്തായാലും കടംകഥയ്ക്ക് ഉത്തരം കിട്ടുമോന്ന് നമുക്കൊന്ന് നോക്കാം

1) മാറാട് കലാപത്തിൽ പങ്കുണ്ടെന്ന് ഇന്റലിജൻസ് പറയുന്ന മുന്മന്ത്രിമാരുടെ പേരെന്ത്?
2) കണിച്ചുകുളങ്ങര കൊലപാതകവുമായി അടുത്ത് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഡി.വൈ.എസ്.പി. യുടെ പേരെന്ത്?

ഉത്തരമറിയാമോ കൂട്ടരേ?

6 comments:

പെരിങ്ങോടന്‍ said...

കണിച്ചുകുളങ്ങരയുടെ മാതൃഭൂമി റിപ്പോർട്ട് ഈ വിധമെങ്കിൽ മരണരമ (ഛെ സ്പെല്ലിങ് മിസ്റ്റേക്ക്, മനോരമ) റിപ്പോർട്ട് വായിക്കേണ്ടത് തന്നെയാണ്. സുരേഷ് ഗോപി ഇടിപ്പടം കാണുന്നപോലായിരുന്നു.

പൌരധർമ്മമറിയാത്തെ ജനതയും പത്രധർമ്മമറിയാത്ത പത്രങ്ങളും... ആരാണ് ഈയിടയ്ക്കും “ദൈവത്തിന്റെ സ്വന്തം നാടെന്ന്” ബ്ലോഗ് ചെയ്തിരുന്നത്?

ദൈവമേ നീയെന്തറിയുന്നഹോ! ഹാ കഷ്ടം!

സിബു::cibu said...

എത്രയോ നാളുകളായി ഞാൻ മനസ്സിൽ പറഞ്ഞുനടന്ന കാര്യം എഴുതിക്കാണുതിൽ വലിയ സന്തോഷമുണ്ട്‌. ഇത്തരം റിപ്പോർട്ടുകളിലെ പല വാചകങ്ങളും 'ത്രെ'-യിലവസാനിക്കുന്നു എന്നത്‌ രസകരമാണ്.

ബൈ ദ ബൈ, സൂചിക മുഴുവൻ വലതുവശത്ത്‌ വരുത്തുന്ന വിദ്യ പറഞ്ഞുതരാമോ?

കലേഷ്‌ കുമാര്‍ said...

മുൻ മുസ്ലീംലീഗ്‌ മന്ത്രിമാരുടെ പേരാണ്‌ പറഞ്ഞ്‌ കേട്ടിരുന്നത്‌. അതിലൊന്ന് കുഞ്ഞാലിക്കുട്ടിയാണെന്ന രീതിയിൽ പ്രത്യക്ഷമായും പരോക്ഷമായുമൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു. മറ്റേത്‌ ആരെന്ന് അറിയില്ല.

നമ്മുടെ പത്രങ്ങൾ സർക്കുലേഷൻ എങ്ങനെ കൂട്ടാമെന്ന് മാത്രമാണിപ്പം കൂലംകഷമായി ചിന്തിക്കുന്നത്‌. അടിച്ചുവരുന്ന വാർത്തകളുടെ ക്വാളിറ്റിയെ കുറിച്ചൊന്നും ആർക്കും യാതൊരു ചിന്തയുമില്ല.

സന്തോഷ് said...

ഈ പൈങ്കിളിപ്പത്രങ്ങൾ ഇതൊക്കെ അടിച്ചു വിടുന്നതു കേട്ടുകേൾവിയുടെ പുറത്താണ്. എത്രയും പൈങ്കിളിയാകാമോ, അത്രയും നല്ലതു.
പേരു വെച്ചിട്ട്, പിന്നെ അവരാരെങ്കിലും മാനനഷ്ടത്തിനു കേസു കൊടുത്താൽ ബുദ്ധിമുട്ടല്ലേ? അതാണു ആരുടെയും പേരു വെക്കാത്തത് (വായനക്കാർക്കാനെങ്കിൽ പറഞ്ഞു തർക്കിക്കാൻ നല്ലൊരു വിഷയവും.)

സിബു, index മാറ്റാൻ template-ലെ CSS എഡിറ്റ് ചെയ്താൽ മതിയാകും.

സു | Su said...

എവൂ,
ഇതിനൊന്നും ഉത്തരം എനിക്കറിയില്ല. എനിക്കു വേറെ ഒരു പണീം ഇല്ലാത്തതുകൊണ്ട് വേണമെങ്കിൽ ഇതൊക്കെ കണ്ടുപിടിക്കാൻ ഇറങ്ങാം. പിന്നെ പത്രങ്ങൾ ഒരു ദിവസം കൊണ്ട് കൃത്യമായിട്ട് പേരു വെച്ചു കഴിഞ്ഞാൽ അതിന്റെ അടുത്ത ദിവസം അവർ വേറെ കഥയ്ക്ക് എവിടെ പോകും? അതുകൊണ്ട് കൃത്യമായിട്ട് അറിയുന്ന പേരു പോലും അവർ മറച്ച് വെച്ച് ഓരോ ദിവസവും ആകാംക്ഷാഭരിതരായ വായനക്കാരെ വിഡ്ഡികളാക്കി സർക്കുലേഷൻ കൂട്ടും.

ചില നേരത്ത്.. said...

ബ്ലോഗ്‌ സുഹൃത്തുക്കളെ കണിച്ചുകുളങ്ങര പ്രശ്നം ചര്‍ച്ച ചെയ്തതിന്‍ പേരില്‍ 'ത്രെ' ചേര്‍ത്ത്‌ നമ്മെ പറ്റിയും കഥയുണ്ടാകുമോ പത്രക്കാര്‍??..
ബ്ലോഗുകാരുമായി മലയാള പത്രക്കാര്‍ അത്ര രസത്തിലല്ല!!.
-ഇബ്രു-