Friday, August 26, 2005

ഇച്ഛാഭംഗം

ചക്രവ്യൂഹത്തിന്റെ ഉൾദളങ്ങളിലെങ്ങോ വെച്ചൊരു നിമിഷം വീണുകിട്ടി.

ആയുധത്തിന്റെ പരിധിയിലും, താഴെയും, മേലെയും, നാലു വശത്തും എതിരാളികളൊഴിഞ്ഞിരിക്കുന്നു.

വിശ്വസിക്കാൻ പ്രയാസം.

പിൻകഴുത്തിലെ രോമങ്ങളിപ്പോഴും എഴുന്ന് നിൽക്കുന്നു. പക്ഷെ, ദൃഷ്ടിയിലെങ്ങും ആരുമില്ല.

ഇതിനുള്ളിൽ കയറിയത് മുതൽ സ്വന്തം ഉയിരു കാപ്പാൻ വീര്യത്തോടെ പൊരുതുകയായിരുന്നു.

എന്നിട്ടിപ്പോൾ, എതിരിടാൻ ആരുമില്ലെന്നോ?

വലംകൈയിലെ വാളവൻ കരുതലോടെ തെല്ലു താഴ്ത്തി. പൂർണ്ണമായും താഴെ വെക്കാൻ മനസ്സനുവദിക്കുന്നില്ല.

ഇല്ല.

ആരുമില്ല.

കേട്ടറിവുള്ളിടത്തോളം ഉയിരോടെ ഇതിനു പുറത്താരും എത്തിയിട്ടില്ല.

ഇതു താൻ ഭേദിച്ചോ?

ആയോധനത്തിന്റെ ചോരക്കറ പുരണ്ട പടച്ചട്ട.

മുറിവേറ്റ കൈത്തണ്ടയിൽ നിന്നും ചോരയിറ്റിറ്റ് വീഴുന്നു.

സ്ക്രീനിലൊരു കോണിൽ, ഹെൽ‍ത്ത് മോണിട്ടറിൽ ചുവപ്പിന്റെ ചെറിയൊരംശം കാണുന്നില്ലേ?

ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നുറപ്പുണ്ടോ?

ഗെയിമിന്റെ ചെക്ക്പോയിന്റ് സേവ് ചെയ്യാൻ കൺസോളിന്റെ ബട്ടൺ ഞെക്കിയതും, കരണ്ടങ്ങ് പോയി.

അറിയപ്പെടാതെ പോയ മറ്റനേകം ഇതിഹാസങ്ങൾ പോലെ ഈ വീരകഥയും നഷ്ടമാകുന്നു.

ഇലക്ട്രിസിറ്റി ബോർഡുകാരെ മനസ്സാ തെറിവിളിച്ചു കൊണ്ടവൻ കൈയ്യിലിരുന്ന പ്ലേ സ്റ്റേഷൻ കൺസോൾ
അരിശത്തോടെ വലിച്ചെറിഞ്ഞു.

8 comments:

.::Anil അനില്‍::. said...

ഛേ :(

സു | Su said...

ഹി ഹി :)

viswaprabha വിശ്വപ്രഭ said...

Great theme!

Nicely written!

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട്! :)

Anonymous said...

nallathukanTaal namikkaNam. -S-

കെവിന്‍ & സിജി said...

പൊരുതിയ യുദ്ധങ്ങളെല്ലാം പാട്ടുകളായി തലമുറകൾ പാടിനടന്ന ചരിത്രമുണ്ടു് നമ്മുക്കു്. ഇന്നു ഞാൻ പൊരുതി നേടിയ ചരിത്രവിജയങ്ങൾക്കു്, പക്ഷേ സാക്ഷ്യം വഹിയ്ക്കാനാരുമില്ല. എന്തൊരു കലികാലം. ഞാനുമിതാ എന്റെ ഗെയിം കണ്ട്രോൾ വലിച്ചെറിഞ്ഞു പിന്തിരിഞ്ഞു നടക്കുന്നു.

Paul said...

നന്നായിരിക്കുന്നു....
വളരെ നാളായി എവൂരാനെ കണ്ടിട്ട്. പെരിങ്ങോടനെ കാണാനേയില്ല..

evuraan said...

നന്ദി.

തുടക്കത്തിലേ ഒന്നുമില്ലാത്തവനിൽ നിന്നും എല്ലാം നേടിയിട്ടും ഒന്നും നേടാനാവാത്തവൻ എങ്ങിനെ വ്യത്യസ്തനാകും?

തോറ്റവനും പറയാൻ ചരിത്രങ്ങളുണ്ട്, കേൾക്കാനാരുമില്ലെങ്കിലും. വിജയത്തിന്റെ മാസ്മരികതയില്ലെങ്കിലും, ആത്യന്തികമായ സ്ഥിരത തോൽ‍വിക്കല്ലേ? അതും ഇന്നത്തെ ലോകത്ത്..

ഈയിടെ ഇത്തിരി തിരക്കിലാ പോളേ...

അവധിക്ക് നാട്ടിലാണ്.

--ഏവൂരാൻ