Sunday, October 02, 2005

സഞ്ചാരി

രസികൻ ഊണായിരുന്നു. ഊണ് കഴിക്കാൻ ഹോട്ടൽ തിരഞ്ഞ് വശായപ്പോളാണീ ആര്യഭവൻ കണ്ടത്.

തമിഴ് ബ്രാഹ്മണർ നടത്തുന്ന വെജിറ്റേറിയൻ ഹോട്ടൽ. ആഹാരം വെജിറ്റേറിയനാവുമെന്നതിനാൽ
മനസ്സില്ലാ മനസ്സോടെയാണ് കയറിച്ചെന്നത്, എങ്കിലും പ്രതീക്ഷച്ചിതിനേക്കാൾ നല്ലതായിരുന്നു.

നീണ്ട, ചതുരാകൃതിയിലുള്ള സ്റ്റീൽ പാത്രത്തിൽ ചോറും, പിന്നെ, എട്ടോളം ചെറുകിണ്ണങ്ങളിൽ
കൂട്ടാനും. എല്ലാറ്റിനും മേലെ പപ്പടവും.

തൃപ്തിയായി.

കൈ കഴുകിയിറങ്ങി വരുന്ന വഴി, ഹോട്ടലുകാരൻ പട്ടരുടെ മേശയിലൊരു ഡപ്പിയിൽ വെച്ചിരുന്ന
പെരുംജീരകം അല്പം എടുത്തു വായിലിട്ടു. ഒപ്പം പല്ലുകുത്താനുള്ള ഒരു കമ്പും ചിറികൾക്കിടയിലൂടെ
കടിച്ചു പിടിച്ചു.

ഹോട്ടലുകാരന്റെ പിന്നിലെ ഷെൽഫിൽ, ചിരിക്കുന്ന തലയാടുന്ന ഒരു തടിയന്റെ ചെറിയ പ്രതിമ.
അതിന്റെ കടുക്കനിട്ട കാതുകൾ അളവിലും വലുതല്ലേയെന്നൊരു സംശയം തോന്നാതിരുന്നില്ല...

നിരത്തിലിറങ്ങി. തെക്കോട്ട് പോകണോ, അതോ വടക്കോട്ട് പോകണോ?

വടക്കോട്ടുള്ള വഴിയരികിൽ വലിയ കെട്ടിടങ്ങളൊക്കെ കാണുന്നു. ആ വഴിക്ക് തന്നെ നടക്കാം

സ്വർണ്ണാഭരണശാലകളാണേറെയും. ഇടയ്ക്കിടെ നാരങ്ങാ വെള്ളവും കോളയുമൊക്കെ കിട്ടുന്ന കടകളുമുണ്ട്.

ഷർട്ടിന്റെ പോക്കറ്റ് തപ്പി നോക്കി. ബീഡിക്കെട്ടിന് കനം കുറഞ്ഞിട്ടില്ല, നിൽ‍ക്കാതെ നടന്നു.

വയർലെസ്സ് സെറ്റും പിടിച്ചു കൊണ്ടൊരു ട്രാഫിക്ക് പോലീസുകാരൻ. ഈ പൊടിയിലും പുകയിലും വെളുത്ത
ഷർട്ട് തന്നെ അയാൾക്ക് യൂണിഫോമായി ആരു കൽ‍പിച്ചു കൊടുത്തോ എന്തോ..

മൂന്ന്‌ നിലകളിൽ വലിയൊരു കെട്ടിടം. തുണിക്കടയാണ്. കാക്കികുപ്പായമണിഞ്ഞ, റബ്ബർ സ്ലിപ്പറിട്ട
ജോലിക്കാർ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിപ്പോകുന്ന ഇടപാടുകാരുടെ കാറുകൾക്ക് പാർക്കിംഗ്
സൌകര്യമൊരുക്കാൻ ഓടി നടക്കുന്നു.

ഇടുങ്ങിയൊരു വഴിവന്ന് ചേരുന്ന തിരക്കേറിയ കവല.

ഒരുത്തൻ വശത്തിരുന്ന് കളിപ്പാട്ടങ്ങൾ വിൽക്കുന്നു. പ്ലാസ്റ്റിക് മുയലുകൾക്കും തവളകൾക്കും താക്കോൽ
കൊടുത്തിട്ട് ഒരു ചെറിയ തട്ടിൽ ഓടാൻ വിടുന്നു. അടുത്തതിന് താക്കോൽ കൊടുക്കുന്നതിനും മുന്നേ
ഇപ്പോൾ വിടുന്നത് ഓടിത്തീരുന്നു. എങ്കിലുമയാൾ ഓടിത്തീർന്നതെടുത്ത് വീണ്ടും താക്കോൽ
കൊടുത്തിറക്കുന്നു...

ഓരോരൊ കളിപ്പീരും കൊണ്ടിറങ്ങിക്കോളും. ഇവനിന്ന്‌ ഇതിൽ എത്രയെണ്ണം വിറ്റുകാണും?

പൂമാലകളും ബൊക്കെകളും റീത്തുകളും വിൽക്കുന്ന കടകളാണിനി. നിരനിരയായ് അഞ്ചാറെണ്ണമുണ്ട്.
കല്ല്യാണമായാലും മരണമായാലും സ്വീകരണമായാലും വില്പന തകൃതിയായ് നടക്കുന്നുണ്ടാവണം.

അടുത്ത കവലയിലെത്തി. കടകളുടെ പൊലിപ്പും പൊലിമയും കുറഞ്ഞോരിടം.

അവിടെയും ഒരുവൻ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വിൽക്കാനുണ്ടായിരുന്നു.

അടുത്ത് ചെന്നൊരു മുയലിനെ കൈയിലെടുത്തിട്ട് വില്പനക്കാരനോട് ചോദിച്ചു: “എന്താ വില?”

താക്കോൽ കൊടുപ്പ് നിർത്തിയിട്ട് പയ്യൻ കണ്ണുകളുയർത്തി

“പതിനഞ്ച് രൂപാ, സാർ.”

അതിനുള്ള വകയില്ലെന്ന് അവനുമറിയാം.

“പത്ത് രൂപായ്ക്ക് തരുമെങ്കിലൊരെണ്ണം എടുത്തോളാം..”

അവന്‌ സമ്മതം. പച്ച നിറത്തിലെ ഒരു മുയലിനെ തിരഞ്ഞ്പിടിച്ചെടുത്തു.

കൈവെള്ളയിലെടുത്ത് ഞെക്കിനോക്കി, തീരെ കനം കുറഞ്ഞ പ്ലാസ്റ്റിക്കാണ്, പതുങ്ങുന്നു.

ണിം ണിം ണിം

പോക്കറ്റിൽക്കിടന്ന സെൽഫോൺ അടി തുടങ്ങി.

ജാഥാ മുതലാളിയുടെ വിളിയാണ്.

“ഹലോ..!!”

“ടേയ്..!! നാളെ മറ്റവന്മാരുടെ കലക്ട്രേറ്റ് പിക്കറ്റിങ്ങുണ്ട്, വിമതന്മാരുടെ.. ഒരു
പത്താളെക്കൂട്ടിയങ്ങെത്തിക്കോണം.. സ്ഥിരം റേറ്റാ..!!”

ഒത്തു..!! നാളെത്തെ കോളൊത്തു...!!

മതി, ഇന്നത്തെ സഞ്ചാരം; നാളത്തേക്ക് ആളെക്കൂട്ടണമെങ്കിൽ താമസിയാതെ കോളനിയിലെത്തണം.

ഓടിത്തീർന്ന മുയലിനെയും കീശയിലിട്ടയാൾ ബസ്സ്സ്റ്റാൻഡിലേക്ക് നടപ്പ് തുടങ്ങി.

7 comments:

സു | Su said...

:) പതിവുപോലെ നന്നായിരിക്കുന്നു. അവസാനനിമിഷത്തിൽ കാലനെ വിളിക്കാഞ്ഞതിൽ ആശ്വാസവും ആയി.താക്കോൽ കൊടുത്തു ഓടാൻ വിട്ട് കഴിഞ്ഞാൽ തന്റെ മുയലുകൾ ഓടിത്തീർന്നാൽ ദൈവം പിന്നേം താക്കോൽ കൊടുക്കില്ല. പക്ഷേ മനുഷ്യന് അതു സാധിക്കുന്നുണ്ടല്ലോ. മുയലിന് ഇനീം താക്കോൽ കൊടുത്താൽ അതു ഓടിക്കോളും .

കലേഷ്‌ കുമാര്‍ said...

:) നന്നായിരിക്കുന്നു...

.::Anil അനില്‍::. said...

സഞ്ചാരം നടക്കട്ടെ:)
ഒപ്പം ഒരു ‘വെൽക്കം ബാക്കും’ ഇരിക്കട്ടെ.

kumar © said...

നല്ല പോസ്റ്റ്. (കോട്ടയത്തുള്ള ജാഥാ തൊഴിലാളികളുമായി ഒരു ഇന്റർ വ്യൂ, ‘അണിയറ‘യിൽ വന്നത് സ്മരിക്കുന്നു)
സൂവിന്റെ കമന്റും നന്നായിരിക്കുന്നു.

evuraan said...

സൂ, കലേഷ് -- നന്ദി.

കുമാർ, കോട്ടയത്തൊന്ന് കറങ്ങാൻ പോയപ്പോഴാണിങ്ങനെ ഒന്നെഴുതണമെന്ന് തോന്നിയത്.

അനിൽ, നന്ദി.

--ഏവൂരാൻ.

പാപ്പാന്‍‌/mahout said...

കഥ കൊള്ളാം.

എന്നാൽ കല്യാണത്തെപ്പറ്റിയാണിനി അറിയേണ്ടത്.
വില്ലെടുത്തോ? ഒടിച്ചോ? മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ടോ? സ്വയം‍വരം കഴിഞ്ഞോ?

Inji Pennu said...

സഞ്ചാരി എന്ന പേരു മാത്രം എനിക്ക് മനസ്സിലായില്ല..?

ഞാന്‍ സ്വാഗതം മുതല്‍ വായിച്ച് വായിച്ച് ഇവിടം വരെ എത്തി...തീപ്പെട്ടി കൂട് കാലു കൊണ്ട് ഞെരിച്ച പെണ്ണിനേയും മഷിക്കുപ്പിയില്‍ വിളക്കുണ്ടാകിയവനേയും മലയാളം ബ്ലോഗ് റോളിന്റെ തുടക്കങ്ങളേയും (അതും അതിലെ കമന്റും വായിച്ചപ്പൊ ഒരു ബ്ലാക് ആന്റ് വൈറ്റ് സിനിമ കണ്ട പോലെ..), ഈര്‍ക്കിലി കൊണ്ട് അമ്പുണ്ടാക്കിയ ചേട്ടനേയും, വിശ്വേട്ടന്റെ അഞ്ജലിയേയും,നാക്കു വടിക്കാത്തതും, എച്-1ബ് ക്കാരനെ കൊന്നതും (എന്തിന് ? എന്തിന് ?)
ഒക്കെ വായിച്ചു...രസിച്ചു...