Monday, October 10, 2005

ഇരുപത്തിനാലാം ബർത്ത്

മുഷിഞ്ഞ മഞ്ഞ നിറം ചൊരുത്തുന്ന വിളക്കുകൾക്കരികിൽ അക്ഷമയോടെ കാത്ത്നിൽക്കവേ, ഉച്ചഭാഷിണിയിൽ മധ്യറെയിൽവേയുടെ അറിയിപ്പ് മുഴങ്ങി:

“യാത്രീഗൺ കൃപയാ ധ്യാൻ ദേ...! നയീ ദില്ലീ സേ ത്രിവേന്ദ്രം തക് ജാനേവാലീ കേരളാ എക്സ്പ്രസ്സ്, ധോടീ ഹീ ദേർ മെ ഏക് നമ്പർ പ്ലാറ്റ്ഫോം പർ ആയേഗീ...!”

ഇത്രമേൽ സന്തോഷമുളവാക്കിയിട്ടുള്ളൊരു ഹിന്ദി വാചകം വേറെ കേട്ടിട്ടില്ല -- ജോലി കിട്ടി ഒരു വർഷത്തിനു ശേഷം ആദ്യമായ് നാട്ടിൽ പോകുന്നവന്റെ വികാരം.

ശൈത്യത്തിന്റെ വികൃതി വിട്ട്മാറാത്ത രാത്രി.

തല വഴി കമ്പിളി പുതച്ചും, വീർത്ത ജാക്കറ്റിട്ടും നില്ക്കുന്ന മറ്റു യാത്രക്കാർ. സ്വർഗ്ഗത്തേക്കാളും സുന്ദരമായ മലയാളഗ്രാമങ്ങളിലേക്ക് പോകാൻ നില്ക്കുന്നവർ.

വെള്ളം, സിഗരറ്റ് , സാധനസാമഗ്രികകൾ വെച്ച് പൂട്ടാനുള്ള ചങ്ങല, താഴ്, എന്നിവ കൊണ്ട് നടന്ന് വില്ക്കുന്ന കിഴവനോട് ഒരുവൻ ഉച്ചത്തിൽ വിലപേശുന്നു.

“മദ്രാസി”ന്നും തെക്കുള്ളവരാകയാൽ വഹിപ്പിച്ചേക്കാം എന്ന് വാണിഭക്കാർ കരുതുക സ്വാഭാവികം, അതിനെ മലയാളം കലർന്ന ഹിന്ദിയാൽ എതിർക്കുകയാണയാൾ.

ഒരു വട്ടിയിൽ മൺകോപ്പകളും മറുകൈയിൽ ചായയുടെ കെറ്റിലുമായ് ചായക്കാരൻ.

അയാളടുത്ത് വന്ന്, “സാർ, ചായ വേണമാ..?” എന്ന് ചോദിച്ചപ്പോൾ അദ്ഭുതപ്പെട്ടു പോയി.

ഇവിടെ, ഈ സമയത്ത് തമിഴ് കലർന്നൊരു ചോദ്യം അയാളിൽ നിന്ന് പ്രതീക്ഷിച്ചില്ല.

മലയാളത്തിൽ ചോദിച്ചതിനു മാത്രം അയാളോടൊരു ചായ വാങ്ങി.

ഇരുപത് വർഷത്തോളമായത്ര അയാളിവിടെ, ഈ ഉത്തരേന്ത്യൻ റെയിൽവേ സ്റ്റേഷനിൽ ചായക്കാരനായിട്ട്.

കോപ്പ ചുണ്ടോടടുപ്പിക്കുമ്പോൾ മണ്ണിന്റെ സുഗന്ധം.

മണ്ണ് കൊണ്ടുള്ളതെങ്കിലും, ഈ കോപ്പയിതിനു മുമ്പെത്ര പേരുപയോഗിച്ചു കാണുമെന്ന് ചിന്തിക്കാതിരിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

എന്തായാലും ഇതിനിയാരും ഉപയോഗിക്കരുത്.

ചായ തീർന്ന കോപ്പ, ഊക്കോടെ പാളത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടെ മരുവിക്കൊണ്ടിരുന്ന കറുത്ത പന്നിക്കൂട്ടങ്ങൾ -- ഉത്തരേന്ത്യൻ നഗരങ്ങളുടെ നാലുകാലുള്ള തോട്ടികൾ, അലോസരപ്പെട്ടോടി മാറി.

ഹിഗ്ഗിൻ ബോഥംസിന്റെ ബുക്സ്റ്റാൾ അടച്ചിട്ടിരിക്കുന്നു -- അതിന്റെ ബോർഡിനരുകിൽ, വഴിതെറ്റി വന്നപോലെ രണ്ട് പ്രാവുകൾ പമ്മിയിരിക്കുന്നു.

പ്രാവുകളെ കണ്ടപ്പോൾ “വെള്ളക്കൂട്ട”ത്തിൽ കേട്ടൊരു കഥയോർമ്മ വന്നു:

ഈ നഗരത്തിൽ വിനോദസഞ്ചാരത്തിനു വന്നൊരു വിദേശി, കമ്പോളത്തിലൊരു പ്രാവിനെ കണ്ടു. അതിന് രണ്ട് ചിറകുകളുണ്ടെങ്കിലും, പറക്കുന്നത് ഒരൊറ്റ ചിറകുപയോഗിച്ചാണ്. കൌതുകം മൂത്ത വിദേശി, വലിയൊരു തുക കൊടുത്താ പ്രാവിനെ വാങ്ങി. സ്വരാജ്യത്ത് ചെന്ന്, വലിയോരദ്ഭുതമെന്ന് ആളും പേരും വിളിച്ച് കൂട്ടി അതിനെ പറത്തിയപ്പോളോ, ഏതൊരു പ്രാവിനെയും പോലെ ഇരുചിറകും വിടർത്തി പറക്കുന്നു.

കാണാൻ വന്നവരാൽ അപമാനിതനായ വിദേശി ക്രുദ്ധനായി, പ്രാവുമായ് തിരികെയെത്തി, വിറ്റയാളെ കണ്ട് പിടിച്ചു.

കഴുത്തിന് കുത്തിപ്പിടിച്ചു നില്ക്കുന്ന വിദേശിയുടെ കൈയിൽ നിന്നും വില്പനക്കാരൻ, ആ പ്രാവിനെ മേടിച്ചു പറത്തി.

ഇടംവലം നോക്കിയിട്ടതതാ ഒറ്റ ചിറകുപയോഗിച്ച് പറക്കുന്നു..!!

ഇതെന്തൊരു മറിമായം...?! അവിടെ രണ്ട് ചിറകുമടിച്ച് പറക്കുന്ന പ്രാവ്, തിരിച്ചിവിടെ വന്നപ്പോൾ ഒരു ചിറകുമാത്രം ഉപയോഗിക്കുന്നു...

അന്തിച്ച് നില്ക്കുന്ന വിദേശിയോട് വില്പനക്കാരൻ പറഞ്ഞു:

“ഈ പ്രാവ് ഇവിടെ മാത്രമെ ഇങ്ങനെ ഒറ്റചിറകിൽ പറക്കൂ..!! ഇതിങ്ങനെ പറക്കുന്നതേ, ഈ സ്ഥലം മോശമായിട്ടാ... പറക്കുമ്പോൾ പോലും സ്വന്തം പിന്നാമ്പുറം നോക്കിയില്ലെങ്കിൽ അബദ്ധമാവുമെന്നറിയാമെന്നതു കൊണ്ടാ..!! ങ്ങള് വേറെ എവിടേലും കൊണ്ട് പറത്തിയാൽ അതു രണ്ട് ചിറകിട്ടും പറക്കും, അതിന് ഞാനെന്തു ചെയ്യാനാ ഹേ..?”

യാത്രിഗണങ്ങൾക്കുള്ള അറിയിപ്പ് വീണ്ടും മുഴങ്ങി.

അതു വരെ സാമാന്യം അടങ്ങി നിന്നിരുന്ന ജനക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും പായാൻ തുടങ്ങി.

വളഞ്ഞ് കിടക്കുന്ന സ്റ്റേഷന്റെ അങ്ങേയറ്റത്ത് വണ്ടിയുടെ വെളിച്ചം.

എന്റെ നാട്ടിലേക്കുള്ള വണ്ടി.

കോരിത്തരിച്ചു പോയി.

ഒന്നല്ല, രണ്ട് എഞ്ചിനാണ് വലിക്കുന്നത്. ഒരുപാട് ബോഗികളുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിനല്ലേ?

ഹുങ്കാരത്തോടെ വിദ്യുത് എഞ്ചിനുകൾ കടന്നു പോയി.

തൊട്ട് പിന്നാലെ, പാർസൽ വാഗണിൽ കേരളാ എക്സ്പ്രസ്സെന്ന് മലയാളത്തിലെഴുതി വെച്ചിരിക്കുന്നു, കൂടെ ഒരു കഥകളി വേഷത്തിന്റെ ചിത്രവും.

തലയെടുപ്പുള്ള, രാജകീയമായ വരവ് ; 2626 ദെൽഹി - തിരുവനന്തപുരം കേരളാ എക്സ്പ്രസ്സിനോട് ബഹുമാനം തോന്നിപ്പോയി.

കാക്കയെപ്പോലെ കറുത്ത കോട്ടുകളിട്ട ടിക്കറ്റ് എക്സാമിനർമാർ ഉറക്കച്ചടവോടെ ഇറങ്ങുന്നു.

ബോഗി കണ്ട് പിടിക്കാൻ പണിപ്പെടേണ്ടി വന്നില്ല. ഒരു വിധത്തിൽ കയറിപ്പറ്റി.

ഇനി ഇരുപത്തിനാലാം ബർത്ത് തപ്പിയെടുക്കണം.

രാത്രികാലമായതിനാൽ, മങ്ങിയ നീലവെളിച്ചം പരത്തുന്ന നൈറ്റ്ലാമ്പുകളൊഴിച്ചുള്ളതെല്ലാം അണഞ്ഞിരുന്നു.

ഒരുവനതാ എനിക്കുള്ള ബർത്തിൽ കിടന്നുറങ്ങുന്നു.

“ഹലോ..?” വിളിച്ചുണർത്താൻ നോക്കി.

രക്ഷയില്ല.

അങ്ങോർ ചുരുണ്ട് കൂടിക്കിടന്നുറങ്ങുകയാണ്.

“ഭായ് സാബ്..., യേഹ് മേരാ ബർത്ത് ഹൈ..!!”

ആ രൂപം ഒന്നനങ്ങിയെന്ന് തോന്നുന്നു.

ആഴ്ചകൾക്ക് മുമ്പേ ബുക്ക് ചെയ്ത ടിക്കറ്റാണ്. രണ്ട് ദിവസത്തോളം യാത്രയുമുണ്ട്. ഇങ്ങിനെ വിട്ടാൽ പറ്റില്ല.

തോളത്തിരുന്ന ബാഗ് താഴെ വെച്ചിട്ട് ലൈറ്റിട്ടു. ചുരുണ്ട് കൂടിക്കിടക്കുന്ന രൂപത്തെ കുലുക്കിയുണർത്താൻ തുടങ്ങി.

അയാളുടെ ശരീരം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

പിച്ചും പേയും പറഞ്ഞുകൊണ്ടയാൾ എഴുന്നേറ്റിരുന്നു. മലയാളിയാണ്. മുണ്ടും ഷർട്ടും വേഷം, കൃശഗാത്രൻ. അമ്പതിനോടടുത്ത് പ്രായം. നിരൂപകൻ കൃഷ്ണൻ‍നായരെ മാതിരിയുള്ള ഹെയർ‍സ്റ്റൈൽ. തലയുടെ ഒത്ത നടുക്ക് കഷണ്ടി, വശങ്ങളിൽ മാത്രം അല്പം മുടി.

“ത്രീ സ്റ്റൂജസി”ലെ ലാറിയെ ഓർത്തപ്പോൾ പൊട്ടിയ ചിരി ഒരു തരത്തിലടക്കി.

ആയാസപ്പെട്ടയാൾ ബർത്തിലൊരു കോണിൽ വെച്ചിരുന്ന കറുത്ത ബാഗിൽ നിന്നും ട്രെയിൻ ടിക്കറ്റെടുത്ത് നീട്ടി.

മകനെ രാജസ്ഥാനിലുള്ള കോട്ടയിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനു കൊണ്ട് ചേർത്തിട്ട് മടങ്ങി വരികയാണ്. തണുപ്പടിച്ച് ആരോഗ്യം തീരെ മോശമായി -- ക്ഷീണിച്ച ശബ്ദത്തിൽ അയാൾ വിവരണങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാൻ തുടങ്ങി.

മറ്റ് ബെർത്തുകളിൽ കിടന്നിരുന്ന യാത്രക്കാർക്ക് അലോസരം തോന്നിതുടങ്ങിയോ? അവർ അപ്രിയത്തോടെ ഇങ്ങോട്ട് നോക്കുന്നുവോ?

അയാളുടെ ടിക്കറ്റ് വാങ്ങി നോക്കി, ആർ ഏ സി-24 എന്ന് വലിയ അക്ഷരത്തിൽ ചരിച്ചെഴുതിയിരിക്കുന്നു.

“അമ്മാവാ..!! എന്നോടിതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഈ ബർത്ത് ആർ.ഏ.സിയല്ല. എനിക്കുള്ളതാണ്... ടീടീഈ-യ്ക്ക് പിശകു പറ്റിയതാവും...!!”

അയാൾ അന്തിച്ചിരിക്കയാണ്.

“ഹാ..!! ഈ സീറ്റെന്തായാലും എന്റെയാ..!! ഇറങ്ങിയാട്ടെ... പോയി ടീടീഈ-യോട് സംസാരിച്ച് നോക്ക്... ”

പ്രയാസപ്പെട്ടയാൾ താഴെയിറങ്ങി.

തന്റെ ചെരിപ്പ് കണ്ട്പിടിച്ച്, സഞ്ചിയുമെടുത്ത് വേച്ച് വേച്ച് നടന്നു നീങ്ങി.

ബാഗ് തുറന്നൊരു ബഡ്‍ഷീറ്റെടുത്ത് ബർത്തിൽ വിരിച്ചു കിടന്നു; ലൈറ്റും ഓഫാക്കി.

നിദ്രയ്ക്ക് ഭംഗം ഭവിച്ച സഹയാത്രീഗണങ്ങളെ, അസൌകര്യത്തിന് സോറി...! കുറ്റം എന്റെയല്ല... പിന്നെയോ, ഞാൻ ഇപ്പോൾ ഇറക്കിവിട്ട ആ മനുഷ്യന്റെയാണ്; അയാളെ വഹിപ്പിച്ച ഉത്തരേന്ത്യൻ ടീടീഈ-യുടേതാണ്.

അങ്ങേർ കിടന്നിടത്ത് നല്ല ചൂടാണല്ലോ? ഷീറ്റിനുള്ളിലൂടെയും എന്റെ പുറം പൊള്ളുന്നു.

“കഷ്ടം..!!”മനസ്സിലിരുന്നാരോ പറഞ്ഞു.

“ഹേയ്, എന്തു കഷ്ടം..? എന്റെ സീറ്റേൽ ഞാൻ കയറിക്കിടക്കുന്നത് എന്തു കഷ്ടമുണ്ടാക്കാനാ..??”

* * *

ആരോ പുറത്ത് തട്ടുന്നതു പോലെ തോന്നി.

തോന്നലല്ല, ശരിയാണ്.

വിളക്കുകൾ തെളിഞ്ഞിരിക്കുന്നു.

കാക്കക്കോട്ടിട്ട ഒരുവൻ കൈനീട്ടി നില്ക്കുകയാണ്. എന്റെ ടിക്കറ്റ് പരിശോധിക്കാൻ.

പാന്റ്സിന്റെ കീശയിൽ നിന്നും ടിക്കറ്റെടുത്ത് കൊടുത്തു.

അതു നോക്കവെ പരിശോധകന്റെ മുഖം ചുളിഞ്ഞു.

ടിക്കറ്റ് തിരികെ തന്നിട്ട്, ഇറങ്ങി പിന്നോട്ട് പോവാൻ ആംഗ്യം കാട്ടിക്കൊണ്ടയാൾ പറഞ്ഞു, “ഹേയ് ഭായ്...!! യേഹ് എസ്-8 ഹൈ. തുമ്ഹാരാ ബോഗി തോ എസ്-9 ഹൈ.., പീഛേ വാലാ ടബ്ബാ..!! ബിഹൈൻഡ്..!! ബിഹൈൻഡ്...!! ”

അയ്യോ? ഇത് എസ്-9 അല്ലേ? ആണെന്നാണല്ലോ കരുതിയത്...!!

ഛേ..!! ആ പാവം വയസ്സനെ ഇത്രയും പുകിലൊക്കെയുണ്ടാക്കി ഇറക്കിവിടുകയും ചെയ്തു...!!

വായിക്കാനറിയില്ല, അല്ലേ?, എന്ന മട്ടിൽ ബാക്കിയുള്ളവരുടെ നോട്ടം...

ഇളിഭ്യത മറയ്ക്കാനായ് അതിവേഗത്തിൽ ചാടിയിറങ്ങി.

ബാഗും ഷീറ്റും കൈയിലെടുത്ത് പിന്നിലത്തെ “ബിഹൈൻഡ് ബിഹൈൻഡ് ഡബ്ബ”യിലേക്ക് നടപ്പ് തുടങ്ങി.

കമ്പാർട്ട്മെന്റിന്റെ അറ്റമെത്തിയപ്പോൾ കണ്ടു: പാറ്റകളോടി നടക്കുന്ന വാഷ്‍ബേസിനരുകിൽ, ഒരു തോർത്ത് വിരിച്ചുറങ്ങുകയാണയാൾ.

അടുക്കി വെച്ചിരുന്ന ചെരിപ്പുകളിലൊരെണ്ണം അല്പം മാറിക്കിടക്കുന്നു.

ശുഷ്കമായ കൈയൊരെണ്ണം നേരത്തെ കണ്ട കറുത്ത ബാഗിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു.

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ണടയും പേനയും എത്തിനോക്കുന്നു.

അർഹതപ്പെട്ടതല്ലെങ്കിലും പിടിച്ചു വാങ്ങിയത് അയാളുടെ തന്നെ സീറ്റായിരുന്നു. കഷ്ടം.

എഴുന്നേൽപ്പിച്ച് തിരികെ 24-ൽ തന്നെ കൊണ്ട് കിടത്തിയാലോ?

അയാളുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരില്ലേ?

എന്തു ചെയ്യണം?

ആത്മസംഘർഷം കൊടുമ്പിരിക്കൊള്ളവെ, അടുത്ത കമ്പാർട്ട്മെന്റിലേക്ക് നയിക്കുന്ന വാതിലിലൂടെ അതിവേഗം നടന്നു, എസ് 9-ലെ ഇരുപത്തിനാലാം നമ്പർ ബർത്തിൽ പോയിക്കിടന്ന് സുഖമായ് ഉറങ്ങാൻ.

11 comments:

വിശാല മനസ്കന്‍ said...

ആസ്വദിച്ചു വായിച്ചു, ഓരോ വരിയും. വെരി ഗുഡ്‌ വർക്ക്‌.

.::Anil അനില്‍::. said...

യാത്രകൾക്കിറങ്ങുമ്പോൾ മനുഷ്യത്വം നാം ഒപ്പം എടുക്കാറില്ല.
നല്ല കഥ ഏവൂരാനേ.

-സു‍-|Sunil said...

Welcome back. Remembered the old days of train journey

പെരിങ്ങോടന്‍ said...

ബാലചന്ദ്രന്റെ ചിദംബരസ്മരണകളിലെ ഭ്രാന്തന്‍ എന്ന കഥയിലും ഇതുപോലുള്ളൊരു സന്ദര്‍ഭമുണ്ട്. നിന്ദിതരും പീഢിതരും എന്ന പ്രയോഗം ഓര്‍മ്മ വരുന്നു; സ്വയം നിന്ദിക്കപ്പെടുന്നു - സ്വയം പീഢിതരാവുന്നു.

അതുല്യ said...

മനുഷ്യൻ പിടിക്കപെടുമ്പോൾ മാത്രമല്ലേ "ക്രിമിനൽ" ആവുന്നതു? അതു വരെ അവനും, നമ്മളിൽ ഒരുവൻ തന്നെ!

ഉമേഷ്::Umesh said...

കല്യാണം കഴിഞ്ഞു കഥാലോകത്തേയ്ക്കു മടങ്ങിവന്ന ഏവൂരാനു സ്വാഗതം!

ഏവൂരാന്‍ ആ വയസ്സനെ കൊല്ലുമെന്നാണു ഞാന്‍ കരുതിയതു്‌. അവസാനത്തെ വാക്യത്തില്‍ ചുട്ടു പൊള്ളുന്ന ശരീരത്തിനു പകരം ഒരു തണുത്തു വിറങ്ങലിച്ച ശരീരം പ്രതീക്ഷിച്ചു. കല്യാണത്തിനു ശേഷം ആളല്‍പം ലോലഹൃദയനായിട്ടുണ്ടു്‌, അല്ലേ? :-)

- ഉമേഷ്‌

viswaprabha വിശ്വപ്രഭ said...

കല്യാണം കഴിയുമ്പോൾ അങ്ങനെയാണ്. ഒരു മാതിരി ക്രൂരതകളൊക്കെ മാറിക്കിട്ടും!

:)

എന്തായാലും ഏവൂരാനെ കാത്തുകെട്ടി ഞങ്ങളിവിടെ പ്ലാറ്റ്ഫോറത്തിൽ ഏറെനാളായി കാത്തിരിക്കുന്നു. അപ്നാ നിർദ്ധാരിത് സമയ് സേ ഥോഡാ ഥേർ ഹോകർ ഭീ തോ, വന്നല്ലോ! നന്നായി.

ഇനി അനുദിനം അനു-ദിനം കഥയുടെ കെട്ടഴിച്ചോളൂ...

evuraan said...

ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..

ഞാൻ പണ്ടേയൊരു ലോലമനസ്കനല്ലേ? :)

വിശാല മനസ്കാ, സുനിൽ, അതുല്യേ: നന്ദി...!

സ്വന്തം വാതില്പടി കഴിഞ്ഞാൽ പുറത്തുള്ളവരെല്ലാം നല്ലവരെന്ന് കരുതുന്നത് പോലെ തന്നെ ആപത്ക്കരമാണ് അവരെല്ലാം ദുഷ്‍ലാക്കുള്ളവരെന്ന് കരുതി പെരുമാറുന്നത്.

കനിവും സ്നേഹവും കിട്ടേണ്ടവർക്കും അർഹതപ്പെട്ടവർക്കും കൊടുക്കാതിരിക്കൻ നമുക്ക് കാരണമാകുന്നത് പലപ്പോഴും അഹംഭാവം മാത്രമല്ല, അതിനുള്ള ധൈര്യമില്ലായ്മയുമാണ്. സ്നേഹിക്കപ്പെടനെളുപ്പമാണ്, എന്നാൽ സ്നേഹിക്കാൻ -- അതിന് ധൈര്യം വേണം, ചങ്കുറപ്പ് വേണം. അവശരെയും ആലംബഹീനരെയും മുൻ‍വിധികളില്ലാതെ സ്നേഹിച്ച മഹദ്വ്‍വ്യക്തികളുടെ വലിപ്പം ഞാനറിയുന്നത് ഈ ചിന്തയിലാണ്.

ക്ലീഷേയെ ഭയന്നാണ് ഈയിടെ ആൾക്കാരെ തട്ടാത്തത് എന്ന് പറഞ്ഞാൽ അത് കളവല്ലാ.
ബൂലോകങ്ങളിൽ കാലനെ അഴിച്ചുവിടുന്നവൻ ഏവൂരാൻ, എന്ന് വരുംകാല ബ്ലോഗ്ഗർമാർക്ക് തോന്നരുതല്ലോ? :)

എന്നാലും, ഇത്തിരി വ്യതിയാനങ്ങളോടെ ഇതു പോലൊരെണ്ണം സംഭവിച്ചു എന്നതാണ് വാസ്തവം. ആ പാവം മനുഷ്യനെ ഞാനെന്തിനേറെ ഉപദ്രവിക്കണം.?

ഉമേഷും പെരിങ്ങോടരും വിശ്വപ്രഭയും -- മൂവരും അഭിപ്രായമെഴുതിയപ്പോൾ തന്നെ ഞാൻ ധന്യനായി.

പ്രത്യേകിച്ച് ഉമേഷ്, വളരെക്കാലമായ് കാണാനില്ലെങ്കിലും എല്ലാമെവിടെയോ പതിയിരുന്ന് വായിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം.

പെരിങ്ങോടരെ, ഞാൻ മനസ്സിലാക്കിയിരിക്കുന്നിടത്തോളം, അഭിപ്രായമെഴുതുന്നതിൽ ലുബ്ധനാണ് താങ്കൾ. എന്ന് വെച്ചാൽ നന്നേ ഇഷ്ടമായെങ്കിൽ മാത്രം അഭിപ്രായമെഴുതുന്നവൻ എന്നർത്ഥം.

ഈ മൂവരെയും ഇവിടെ വരുത്താൻ കഴിഞ്ഞത് തന്നെ ഒരംഗീകാരമാണ്. മൂന്ന് ശക്തികളെ ഒന്നിച്ചൊരണിയിലേക്കാവാഹിക്കാൻ കഴിഞ്ഞ ഒരു മന്ത്രവാദിയുടെ സന്തോഷമാണത് പ്രദാനം ചെയ്യുന്നത്. :)

വർദ്ധിച്ച സന്തോഷത്തോടെയിതാ ആ കമ്മന്റാണി ഇവിടെയടിച്ചിറക്കുന്നു..!! :)

--ഏവൂരാൻ.

ഉമേഷ്::Umesh said...

കുറെക്കാലമായി ബ്ലോഗൊന്നും വായിക്കാറില്ല, ഏവൂരാനേ. ഇന്നലെ രണ്ടെണ്ണം വായിച്ചു. ഇന്നു്‌ ഏവൂരാനെയും. അത്രമാത്രം. പെരിങ്ങോടനെയും വിശ്വത്തിനെയുമൊക്കെ വായിക്കാന്‍ കിടക്കുന്നു. എന്നാണോ ഇതൊക്കെ പറ്റുക?

വീട്ടിലെ windows machine കേടായി. പിന്നെ ഒരുപാടു തിരക്കുകളും.

വല്ലപ്പോഴുമാണെങ്കിലും വായിക്കാം. വളരെ നല്ല കഥകളാണു്‌ ഏവൂരാന്റേതു്‌. ആളുകള്‍ അതുമിതും പറയുന്നു വെച്ചു ശൈലി കളയേണ്ട കാര്യമില്ല. വളരെപ്പേര്‍ക്കു ദുഃഖകഥകളും ശോകഗാനങ്ങളും ഇഷ്ടമല്ലായിരിക്കാം. പക്ഷേ അവയ്ക്കുള്ള ചാരുത പലപ്പോഴും എന്റര്‍ടൈനറുകള്‍ക്കു കണ്ടെന്നു വരില്ല.

ഇതു "സു"വിനോടും കൂടിയാണു്‌. ആളുകള്‍ പറഞ്ഞെന്നു പറഞ്ഞു ശോകകഥകള്‍ എഴുതാതിരിക്കരുതു്‌. അവയും വളരെ നല്ലതാണു്‌.

ആശംസകളോടെ,

- ഉമേഷ്‌

Mridul Narayanan said...

ശരിയാണല്ലൊ ഏവൂരാനെ, എന്തൊക്കെയൊ ഒരു
href="http://entekathakal.blogspot.com/2005/11/pukavalikkaaran.html">സാമ്യം

!!! സത്യായിട്ടും ഞാന്‍ ഇതു മുന്‍പു കണ്ടിട്ടില്ല കേട്ടോ.
മൃദുല്‍

വേണു venu said...

യാദൃഛികതയില്‍ നിന്നു് ഉരുത്തിരിഞ്ഞ ഒരു സംഭവം ഹൃദയസ്പര്‍‍ശിയായ ഒരു നല്ല കഥയായി വായിച്ചു.
ആശംസകള്‍.