Wednesday, October 26, 2005

പ്രവാസികളുടെ ദുഃഖം?

എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫീസിൽ മലയാളം സംസാരിക്കുന്ന ഓഫീസറെ നിയോഗിക്കുമെന്ന് ദീപിക വാർത്ത. (1)

അണ്ണാകുണ്ണാ ഭാഷയല്ല, മറിച്ച്, ശുദ്ധ മലയാളം സംസാരിക്കുന്ന ഒരുവനെ അവിടെയവർക്ക് പോസ്റ്റ് ചെയ്യാൻ തോന്നിയല്ലോ.

പക്ഷെ, പശുവിനെ തല്ലിയാൽ മോരിലെ പുളി മാറുമോ?

ഏയർ ഇന്ത്യയ്ക്ക് തിരുവല്ലയിൽ ഒരോഫീസുണ്ട്, സാറ്റ്ലൈറ്റ് ഓഫീസ് -- ഒരാവശ്യത്തിന് അവിടെയൊന്ന് പോകേണ്ടി വന്നു.

കറുത്ത ചില്ലിട്ട, ശീതീകരിച്ച ഒരു നെടുങ്കൻ മുറിയിൽ ആറേഴു കസേരകളുണ്ടെങ്കിലും, രണ്ട് "ഓഫീസേഴ്സ്" മാത്രമുള്ള ഒരോഫീസ്.

കൊമ്പൻ മീശയുള്ള തലപ്പാവുകാരന്റെ കട്ടൌട്ട് -- അതിന്റെ ചുവന്ന നിറം വ്യക്തമായും മങ്ങിത്തുടങ്ങിയിരുന്നു -- അതിനരികിൽ, ഉപഭോക്താക്കൾക്കിരിക്കാനുള്ള
കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചിരുന്നു.

എനിക്ക് പിന്നിൽ വേറെയാരുമില്ല, ഞാനാണവസാനത്തെ “കസ്റ്റമർ”

മറ്റിടപാടുകാർ കഴിഞ്ഞെന്റെ ഊഴം വന്നപ്പോൾ യാത്രാരേഖകളുമായ് കൌണ്ടറിൽ ചെന്ന് കാര്യം പറഞ്ഞു.

കസേരയിലിരുന്ന തടിച്ച് കുറുകിയ ദേഹം പിന്നോട്ടാഞ്ഞു. കൈയ്യിലിരുന്ന പേന ആട്ടിക്കൊണ്ട് ഗാംഭീര്യത്തോടെ ചോദിച്ചു:

"പേരെഴുതിച്ചോ..?"

എന്ത് പേരെഴുതിക്കാൻ? എവിടെ പേരെഴുതിക്കാൻ?

മുക്കാൽ മണിക്കുറവിടെ കാത്തിരുന്ന് തലങ്ങും വിലങ്ങും കണ്ണുകൾ പായിക്കവെയൊന്നുമീ പേരെഴുതിക്കൽ ചടങ്ങിനെ പറ്റിയൊന്നും കണ്ടില്ല.

തൊട്ടടുത്ത കസേരയിലിരുന്ന് ജോലി ചെയ്യുന്നയാളിനെ ചൂണ്ടിക്കാട്ടിയിട്ടയാൾ പറഞ്ഞു, "അവിടെ പേരെഴുതിക്കണം..."

ഭാഗ്യം...!!

ഇരുപത്തെട്ട് കെട്ടിക്കണം, പെല കുളിക്കണം എന്നൊന്നും അരുളിചെയ്തില്ലല്ലോ...

അങ്ങേരുടെ മുമ്പിലിരുന്നു കൊണ്ട് തന്നെ അടുത്ത കസേരയിലിരുന്നാളെക്കൊണ്ട് ഞാൻ എന്റെ "പേരെഴുതിച്ചു.."

പേര്, മേൽ‍വിലാസം, എവിടേക്ക് പോകുന്നു -- ഒരു വരയൻ നോട്ട്ബുക്കിലെ കോളങ്ങളിൽ മറ്റേയാളെഴുതിയെടുത്തു.

"പേരെഴുത്ത്" കഴിഞ്ഞശേഷമാണ് ഉദ്യോഗദേഹി മുന്നോട്ടാഞ്ഞെന്റെ ടിക്കറ്റ് വാങ്ങിയത്.

ചെണ്ട കൊട്ടിപ്പഠിക്കുന്ന പിള്ളേരെപ്പോലെ, തടിച്ച് കുറുകിയ വിരലുകളിട്ടയാൾ കീകൾ കണ്ട്പിടിച്ച് കൊട്ട് തുടങ്ങിയതും, അങ്ങേരുടെ മുമ്പിലിരുന്ന ഫോണടിച്ചു.

കൊട്ട് നിർത്തിയിട്ട് റിസീവറുമായ് പിറകോട്ട് പിന്നെയും ചാഞ്ഞു.

SABRE/SITAR -ല് ഒരു ടിക്കറ്റ് കൺഫേം ചെയ്യാൻ കഷ്ടിച്ച് അഞ്ച് മിനിട്ട് മതി.

ഇങ്ങേര് തപ്പും‍കൊട്ടും നിർത്തി ഞളുവയടിക്കാൻ തുടങ്ങിയിട്ട് പത്ത്-പതിനഞ്ച് മിനിട്ടായി.

ഇതേ വിലയ്ക്ക് പറക്കുന്ന മറ്റ് എയർലൈനുകളെല്ലാം വിട്ടിട്ട്, സർക്കാരിനെ ഗുണം പിടിപ്പിക്കാൻ എയർ ഇന്ത്യയുടെ ടിക്കറ്റെടുത്ത എന്റെ ദേശഭക്തി പടിയിറങ്ങി പോയ പോലെ...

ഒടുവിൽ, മുക്രയിട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് ഫോൺ താഴ്ത്തിവെച്ചിട്ട് അയാൾ വീണ്ടും “കൊട്ട്” തുടങ്ങി.

ഹാവൂ... ഇനിയേലും ഒന്ന് തീർത്തു തരുമല്ലോ...!!

സ്ക്രീനിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ടിതാ വരുന്നു അടുത്ത അരുളപ്പാട് : “ലിങ്ക് പോയി...!!”

ശരിയാണ്.

ലീസ്‍ഡ് ലൈൻ ചത്തു...

ഭിത്തിയിലെ ഇസ്രേലി മോഡത്തിന്റെ ലിങ്ക് എൽ.ഇ.ഡി അണഞ്ഞിരിക്കുന്നു.

“എക്സ്ചേഞ്ചിൽ വിളിച്ച് നോക്കട്ടെ..” ഫോണെടുത്ത് പിന്നെയും പിന്നോക്കം ചാഞ്ഞു.

“ശ്ശെടാ... ആരും എടുക്കുന്നില്ലല്ലോ...?”

ഇനിയവിടെ നിന്നാൽ എന്റെ സംസ്കാരം വഴിമാറും, സംസാരം മോശമാവും.

ടിക്കറ്റുകൾ വാരിയെടുത്ത് കൊണ്ടിറങ്ങി നടന്നു - ഇന്റർനാഷനൽ ടിക്കറ്റുകൾക്ക് കൺഫർമേഷൻ വേണ്ട എന്നെവിടെയോ കേട്ടതിന്റെ പിൻബലത്തോടെ...

“പറ്റിയത് പറ്റി. മേലാലിനി നിങ്ങളുടെ എയർലൈനിൽ പറക്കുന്ന പ്രശ്നമില്ല...” ഇറങ്ങിപ്പോരും വഴി അയാളുടെ മുഖത്ത് നോക്കിപ്പറഞ്ഞു.

പ്രതികരണം കാത്ത് നിന്നില്ല.

സർക്കാരുദ്ദ്യോഗസ്ഥനല്ലേ? “താൻ കേറിയില്ലേൽ ഞങ്ങൾക്ക് പുല്ലാ..!!” എന്നായിരിക്കും..

വാൽ‍ക്കഷണം: “ഇൻ‍ഫ്ളൈറ്റ് കണ്ടൻസേഷൻ” (2) -- ബാഗ്ഗേജ് ക്യാബിനുകളുടെ അടിയിൽ ഉരുവാകുന്ന തണുപ്പേറിയ വെള്ളത്തുള്ളികൾ സീറ്റിലിരിക്കുന്ന ഹതഭാഗ്യരാകുന്ന യാത്രക്കാരുടെമേൽ നിപതിക്കുന്ന പ്രക്രിയ -- ഞാനാകെ നനഞ്ഞു കുളിച്ചതാ യാത്രയിൽ തന്നെയെന്നതു തികച്ചും യാദൃശ്ചികമാകാം -- അല്ലാതെ സ്റ്റോവേജ് ബിന്നിലെ അബ്സോർബന്റ് നാരുകൾ (3) ദ്രവിച്ചതാകാനിടയില്ല -- ലോകോത്തര മെയിന്റനൻസല്ലേ ഏയർ ഇന്ത്യയുടേത്? (4)

3 comments:

വിശാല മനസ്കന്‍ said...

:)

കലേഷ്‌ കുമാര്‍ said...

കഴിയുന്നതും ഇന്ത്യൻ വിമാനങ്ങൾ ഒഴിവാക്കുക. ഇന്ത്യൻ വിമാനങ്ങളിൽ ദേശസ്നേഹം കൊണ്ട് ടിക്കറ്റെടുത്താൽ, ചെല്ലേണ്ടിടത്ത് എത്തിയാൽ എത്തിയെന്നായി.
അഹങ്കാരം നിറഞ്ഞ വൃത്തികെട്ട സർവീസും, കാളവണ്ടി പോലത്തെ എയർ ലൈനും - എന്തിന്നാ കാശ് കൂടുതൽ കൊടുത്ത് എയർ ഇന്ത്യയിലും ഇന്ത്യൻ എയർ ലൈൻസിലും പോകുന്നത്?
ഇൻഫ്ലൈറ്റ് സർവീസ്, കൃത്യമായ ഷെഡ്യൂളുകൾ - ഇവയൊക്കെ ഇന്ത്യൻ സർക്കാരിന്റെ വിമാനങ്ങളെ കൊണ്ട് ഈ അറ്റുത്ത കാലത്തൊന്നും പറ്റാത്ത കാര്യങ്ങളാ...

ദേവന്‍ said...

ഏവൂരാനേ, പഴയൊരു സീതിഹാജിക്കഥയുണ്ട്.
സീതിഹാജിയുടെ സ്കൂളിൽ DEO പരിശോധനക്കെത്തി. ഇൻസ്പെക്ഷന്റെ ഭാഗമാണ് കുട്ടികളെ ഇന്റർവ്യൂ ചെയ്യൽ. ഡീ ഈ ഒരു ക്ലാസ്സിൽ കയറിച്ചെന്നു ഒരു കുട്ടിയോട്
“5 ഉം 5ഉം എത്രയാണ്?”
“15“
ങേ?
അടുത്തയാൾ?
“8“
പോട്ടെ, 2ഉം 2ഉം?
“12“
സാറിനു ഒടുക്കത്തെ ഹാലിളകി നേരേ ഓഫീസുറൂമിൽ വന്ന് ഹാജിയോട്
“എന്തായിത് ഹാജ്യാരു സാറേ, ഒരു പുരോഗതിയും ഈ പിള്ളേർക്ക് കാണാനില്ലല്ലൊ?”
സീതിഹാജി പറഞ്ഞു “ ഡീ ഈ ഓ സാറെ, പുരോഗതിയില്ലെന്നു മാത്രം പറയല്ലേ. കഴിഞ തവണ ഒരു ഡീ ഓ വന്നിന്. ഓൻ ഒരു ചെക്കനോട് 3ഉം 3ഉം എത്രാണെന്നു ചോദിച്ചിട്ട് അവൻ കേട്ട ഭാവ്അം പോലും നടിച്ചില്ല. പിന്നെ ഒരു പെണ്ണിനോട് 5ഉം 5ഉം എത്രയാണെന്നു ചോദിച്ചപ്പോ ഓളുപറഞ തെറി കേട്ട് ഈ മിറ്റത്ത് കൊഴഞുവീണിന്. ഇങ്ങളിപ്പോ ചോദിച്ചപ്പോ തെറ്റിപ്പോയെൻകിലും ഒരു ഉത്തരം പുള്ളങള് പറയണുണല്ല്. പുരോഗതിയില്ലെന്നാ?”

എന്നു പറഞപോലെ ഇന്ത്യൻ ഐർലൈൻസ് പുരോഗമിക്കുന്നുണ്ട്. 1997 ഇൽ കോയമ്പതൂരു നിന്നും ഷാർജക്കു വന്ന ചെക്കനു രാത്രി ഭക്ഷണം കിട്ടിയത് രണ്ട് സമോസയും ഒരു ബണ്ണും ഓ സീ ആറും. ഇത്തവണ വന്നപ്പോൽ തയിർ സാദവും കിങ്ഫിഷെർ ബീറും.. പുരോഗതിയില്ലെന്നാ?