Friday, November 11, 2005

ഏകലവ്യന്റെ സംശയം

കോലാഹലങ്ങൾ ഇന്ന്‌ നേരത്തെ തുടങ്ങിയിരിക്കുന്നു. അല്പം താമസിച്ച് പോയി.

കാൽക്കൽ ഞെരിയുന്ന കരിയിലകളുടെ ഒച്ച ധൃതിയേറിയപ്പോൾ വലുതായി. കരുതലോടെ മരത്തടികൊണ്ടുള്ള പാദുകമൂരിയിട്ട് നഗ്നപാദനായി മെല്ലെ മെല്ലെ പതിവ് സ്ഥലത്തെത്തി.

മുടിനാരിഴ പോലും ഘോരാസ്ത്രമാക്കുന്ന, എല്ലാമറിയുന്ന തേജസ്വിയാണ് ഗുരു. പോരാത്തതിന്‌ തപോധനത്തിലും കേമൻ.

അങ്ങിനെയുള്ള പ്രഭാവന്റെ ഇന്ദ്രിയങ്ങളെ കബളിപ്പിച്ച് ഇവിടെ പതുങ്ങി നിൽക്കുന്നതിന് സ്വന്തം ജീവൻ തീറെഴുതുന്നതിന് തുല്യം.

എന്ത് ചെയ്യാം. ആയോധനത്തിനോടുള്ള കമ്പം അത്രമേൽ സാഹസത്തിന് പ്രേരണമാകുന്നു.

ഒന്നല്ല, വർഷം നാലായി താനിത് തുടങ്ങിയിട്ട്.

ശൂദ്രനായിപ്പോയില്ലേ? ആയോധനം നിഷിദ്ധമാകയാൽ ഒളിഞ്ഞിരുന്ന് പഠിക്കുകയേ നിവൃത്തിയുള്ളൂ.

പലപ്പോഴും ചിന്തിക്കാതിരുന്നിട്ടില്ല - താനിവിടെ പതുങ്ങി നിന്ന് അവിടെയവരെ പഠിപ്പിക്കുന്നതൊക്കെയും, പറയുന്നതൊക്കെയും ഹൃദിസ്ഥമാക്കുന്നുവെന്ന് എപ്പോഴെങ്കിലും അദ്ദേഹമറിഞ്ഞിട്ടുണ്ടോ?

ഇടവേളകളിൽ താനൊളിച്ചിരിക്കുന്ന ഭാഗത്തേക്ക് അദ്ദേഹത്തിന്റെ നോട്ടമിടക്കിടെ നീളുന്നത് ഭീതിയോടെയാണ് അറിയുന്നത്. ശ്വാസമടക്കി, സർവ്വദൈവങ്ങളേയും വിളിച്ച് മനസ്സാ ഗുരുപ്രീതിക്കായ് പ്രാർത്ഥിക്കാനെ തനിക്ക് കഴിയൂ.

അല്പം കഴിയുമ്പോൾ ചെറുപുഞ്ചിരിയോടെയാണോ അദ്ദേഹം തന്റെ നോട്ടം പിൻ‍വലിക്കുന്നത്..?

മെല്ലെ തലപൊക്കി നോക്കി. വള്ളിപടർപ്പുകൾക്കിടയിലൂടെ കളരി കാണായി.

കോമളഗാത്രരായ രാജകുമാരന്മാർ നിരന്ന് നിൽക്കുന്നു.

ഹാ..! ഇന്ന് കുമാരന്മാരുടെ ആയുധപ്രകടനമാണെന്ന്‌ തോന്നുന്നല്ലോ.

ഗദാധാരിയായ തടിയൻ ചെക്കന്റെ കസർത്തു കണ്ടിട്ട് ചിരി വന്നു. വേണ്ടി വന്നാൽ മുറ വിട്ടുമവൻ ഗദ വീശുമെന്ന് കണ്ടാലറിയാം.

ഭീമമായ ഖഡ്ഗവുമെടുത്ത് കൊണ്ടടുത്തയാളതാ തന്റെ വിരുത് പ്രകടിപ്പിക്കുന്നു.

പിന്നീടൊരുവൻ ചുരികയുമായ് രംഗപ്രവേശനം നടത്തി.

അക്ഷമയോടെ കളരിയിൽ കാത്ത് നിന്നിരുന്ന അസ്ത്രവിദ്യക്കാരന്റെ ഊഴവുമെത്തി.

തൊടുത്ത് വിട്ടതിനു പിന്നാലെ ശരങ്ങളെയ്ത് അതിനെ ഖണ്ഡിച്ചും മറ്റും തന്റെ കഴിവ് പ്രകടിപ്പിച്ചു അയാൾ.

അടവുകൾക്ക് മേലെ അഹങ്കാരമാണിക്കൂട്ടരുടെ ചലനങ്ങൾ എടുത്ത്കാട്ടുന്നത്.

ആയോധനം ആയുധപൂജ കൂടിയാണ്. അഹംഭാവമേറുമ്പോൾ ആയുധം സ്വന്തം കഴിവുകാട്ടാനുള്ള വെറും ലോഹവസ്തുവായി മാറുന്നു.

ഊഴം കാത്ത് നിന്നവരെല്ലാം തീർന്നപ്പോൾ, ഗുരു നേരത്തെ വന്ന അസ്ത്രവിദ്യക്കാരൻ ബാലനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു:

“ഉണ്ണീ, എന്റെ എല്ലാ ശിഷ്യന്മാരിലും വെച്ച് നീയാണ് കേമൻ. അസ്ത്രവിദ്യയിൽ നിന്നെ വെല്ലാൻ എനിക്ക് ശിഷ്യരില്ല; ഇനിയുണ്ടാവില്ല താനും...!!”

കഷ്ടം...!!

അല്ലെങ്കിലും ഉന്നമൊത്തവന് എറിയാൻ കൊഴി കിട്ടില്ലല്ലോ. അതാണല്ലോ ജഗന്നിയന്താവിന്റെ ലീല.

വില്ല് പിടിവഴുതി താഴെ പതിച്ചു; അത് വീണ് മറഞ്ഞിരുന്ന ചെടിപടർപ്പുകൾ അനങ്ങി...

“ആരാണവിടെ...?” അസ്ത്രവിദ്യക്കാരനെ തെല്ലു മാറ്റി നിർത്തിയിട്ട് ഇങ്ങോട്ട് നോക്കി ആചാര്യൻ ചോദിക്കയാണ്.

“ആരാണന്നല്ലേ ചോദിച്ചത്..?” വില്ലുകാരൻ ശിഷ്യൻ ഒരമ്പെടുത്തിങ്ങോട്ടായ് കുലച്ചിട്ട് ആ ചോദ്യമേറ്റ് പിടിച്ചു.

“അരുത് കുമാരാ.” ആചാര്യൻ അവനെ തടഞ്ഞു.

“ആരായാലും ഇവിടെ വരൂ..”

ആ വിളി കേട്ടപ്പോൾ പ്രതീക്ഷിച്ചതിനും വിപരീതമായ് ഭീതിയല്ല, മറിച്ച് ആത്മധൈര്യം തോന്നി.

വിനയത്തോടെ തൊഴുകൈകളുമായ് കളരിയിലേക്ക് നടന്നു.

അദ്ഭുതം കൂറി നിൽക്കുന്ന കുമാരന്മാർ.

“ആരാണ് നീ...? ഇവിടെയെന്ത് ചെയ്യുന്നു...”

ഗുരുവിനെ സാഷ്ടാംഗം പ്രണമിച്ചിട്ട് പറഞ്ഞു -- അസ്ത്രവിദ്യയിൽ കമ്പം കയറിയ ശൂദ്രപുത്രനാണ് താനെന്നും, വർഷങ്ങളായി ഇവിടെ മറഞ്ഞിരുന്ന് അങ്ങയെ ഗുരുവായ് മനസ്സാ കരുതി, ഇവരെ പഠിപ്പിക്കുന്നതൊക്കെ കേട്ട് പഠിക്കുകയാണെന്നും, അവിവേകമെങ്കിൽ പൊറുക്കണമെന്നും.

“ഓഹോ?. നീയെന്തു പഠിച്ചുവെന്ന് നാമൊന്ന് നോക്കട്ടെ. കാണട്ടെ നിന്റെ വിരുത്..”

ഗുരുസമക്ഷത്തിൽ കിട്ടിയ അവസരം...

ഇന്നേവരെ ആചാര്യരുടെ മൺപ്രതിമയ്ക്ക് മുമ്പിൽ മാത്രമായിരുന്നു തന്റെ ആയോധനം.

ഹൃദയം തുടിച്ചു..

ആചാര്യവന്ദനക്രിയകളെല്ലാം കഴിഞ്ഞ് ആയുധം വണങ്ങി, വലംകാലുറപ്പിച്ച് തുടങ്ങി.

ഒന്നിന് പിറകേ ഒന്നായ് ഒൻപത് ശരങ്ങൾ ഉയർന്നു.

ഇടതുകാൽ മാറ്റി ചവിട്ടി വീണ്ടും ഒൻപതെണ്ണം എയ്തു വിട്ടു -- അവ ചെന്ന് ആദ്യത്തെ ഒൻപതിനെയും കഷണിച്ചു.

തിരിഞ്ഞു കറങ്ങി ഒരെണ്ണം കൂടി വിട്ടു -- രണ്ടാമതു പോയ ഒൻപതിനെയും ഖണ്ഡിച്ചത് തന്റെ കാൽചുവട്ടിൽ വന്ന് വീണു.

ശ്വാസമടക്കി നിന്ന് കാണുകയായിരുന്ന കുമാരന്മാരുടെയിടയിൽ നിന്നും ഒരു കരച്ചിലുയർന്നു.

അസ്ത്രവിദ്യക്കാരൻ ചെക്കനാണ്. കണ്ണിരൊലിപ്പിച്ച് കൊണ്ട് ഏങ്ങലടിച്ച് സവ്യസാചിയായ വില്ലാളി വിതുമ്പുന്നു:

“ആചാര്യരെ... അങ്ങല്ലേ ഒട്ട് മുമ്പ് പറഞ്ഞത്, എന്നേക്കാൾ മിടുക്കനായൊരു ശിഷ്യനങ്ങേക്കില്ലെന്ന്? എന്നിട്ടീ ചെറുക്കൻ കാട്ടുന്നത് അങ്ങ് കണ്ടില്ലേ...?”

“മിടുക്കൻ, കേമമായി...”

കരച്ചിലുകാരനെ ഉഴിഞ്ഞ് നോക്കിയിട്ട് ഗുരു തന്നോട് പറഞ്ഞു.

“ഞാൻ നിന്റെ ഗുരുവായതിനാൽ, ദക്ഷിണ നൽകാൻ നീ കടപ്പെട്ടിരിക്കുന്നു...”

“ഗുരോ, കഷ്ടിച്ച് അന്നം നേടുന്ന ഞാനെന്ത് തരാനാണ് അങ്ങേക്ക്..? എന്തു വേണമെന്ന് അങ്ങ് തന്നെയരുളിയാട്ടെ..”

ആചാര്യന്റെ മുഖം വലിഞ്ഞ് മുറുകി.

വിഷണ്ണനായ് നിൽക്കുന്ന സ്വന്തം ശിഷ്യന് നേരെ തിരിഞ്ഞ് നിന്നു കൊണ്ടദ്ദേഹം പറഞ്ഞു: “നിന്റെ വലംകൈയ്യുടെ പെരുവിരൽ നമുക്ക് തരൂ, നമുക്ക് ദക്ഷിണയായ് അതു മതി.”

കരഞ്ഞ് ബഹളം കൂട്ടുന്നവന്റെ കരച്ചിൽ പാതി വഴിക്ക് മുറിഞ്ഞു.

ശിഷ്യഗണങ്ങളുടെ മുഖകമലങ്ങൾ വീണ്ടും തളിർക്കുന്നത് കാണാതിരിക്കാനായില്ല.

കൊള്ളാം, എന്റെ തള്ളവിരൽ തന്നെ വേണം. ഇനിമേലായുധം തൊടില്ലെന്നൊരു ശപഥം വല്ലതും പോര.

വില്ലെടുത്ത് താഴെ വെച്ചിട്ട് അരക്കെട്ടിലൊളിച്ച് വെച്ചിരുന്ന ചെറിയ കത്തി തപ്പിയെടുത്തു.

ഒരു വട്ടയില പൊട്ടിച്ചെടുത്ത് നിലത്തിട്ടു, അതിനു മേലേക്ക് കുന്തിച്ചിരുന്ന് സ്വന്തം വിരലരിയാൻ തുടങ്ങി.

കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ എന്നാൾക്കാർ പറയുന്നത് എത്ര ന്യായമെന്ന് ഇപ്പോൾ ബോധ്യമായ്.

ചീറ്റിയൊഴുകുന്ന ചോര, കണ്ണുകളിൽ ഇരുട്ട് പടരുന്ന പോലെ.

അസ്ഥി മുറിഞ്ഞ് തുടങ്ങി. മുടിഞ്ഞ വേദന.

മറ്റേ വില്ലാളിയുടെ ക്രമേണ തെളിയുന്ന മുഖം അതിലും നോവിച്ചു.

തൊലിയിൽ തൂങ്ങിയാടുന്ന തള്ളവിരൽ ഇടംകൈ കൊണ്ടടർത്തി മാറ്റി ഇലയിൽ തെരുപ്പിടിച്ച് കൊണ്ടെഴുന്നേറ്റു.

ഗുരുവിന്റെ കൈകളിലേക്ക് അത് നീട്ടുമ്പോൾ കണ്ണ് നിറഞ്ഞു.

“ഉണ്ണീ, നമുക്ക് സന്തോഷമായി. മംഗളം വരട്ടെ..”

“എല്ലാവരും വരൂ, കൊട്ടാരത്തിലേക്ക് പോകാൻ വൈകി...” തന്റെ ശിഷ്യന്മാരെക്കൂട്ടി അദ്ദേഹം നടന്നു നീങ്ങി.

അഞ്ജലീബദ്ധനായ് നിൽക്കുമ്പോൾ അവരെല്ലാം നടന്ന് നീങ്ങിത്തുടങ്ങി.

അദ്ദേഹത്തെ അനുഗമിക്കുന്ന ശിഷ്യർ ഇടക്കിടെ ഹാസ്യദ്യോതകമായ് തിരിഞ്ഞ് നോക്കി ചിറികോട്ടുന്നുണ്ടായിരുന്നു.

കുമാരന്മാരെ, ചിരിച്ച് കൊള്ളൂ... എന്റെ വിധിയാണിത്, ങും, ചിരിച്ച് മദിച്ചാനന്ദിക്കൂ..!
എന്റെ തള്ളവിരൽ മാത്രമെ നിങ്ങളിന്നെടുത്തൊള്ളു... ഞാനിതാ എന്റെ ശത്രുതയും നിങ്ങൾക്ക് തരുന്നു...

രക്തം വാർന്ന് ബോധം മറയുമ്പോളും, പിന്നീടെന്നും ഒരു സംശയം മാത്രം:
വിരൽ വാങ്ങുമ്പോൾ ആചാര്യന്റെ മുഖത്ത് നടമാടിയ വികാരമെന്തായിരുന്നു?

3 comments:

Chethana said...

:)
മുടിഞ്ഞ വേദന.

സു | Su said...

:)

.::Anil അനില്‍::. said...

എന്തുപറ്റി ഇപ്പോ?
ഏതെങ്കിലും ഗുരു പാരയായോ ഏവൂ?