Thursday, November 24, 2005

അഹം ബ്രഹ്മാസ്മിഃ

മഴത്തുള്ളികളുടെ ശബ്ദം രൌദ്രമായി.

മുമ്പിലുള്ള വാഹനങ്ങളുടെ ടെയിൽ‍ലൈറ്റുകൾ കഷ്ടിച്ച് കാണാം.

ജോലി തീർത്തിറങ്ങിയപ്പോൾ രാത്രിയായെങ്കിലും പാലത്തിന്മേൽ ട്രാഫിക്‌ ജാം പതിവു പോലെയുണ്ടെന്ന് തോന്നുന്നു.

സ്റ്റിയറിം‍ഗ് വീലിലുള്ള ബട്ടൺ അമർത്തി. ഉയരുന്ന സംഗീതത്തിൽ മഴത്തുള്ളികളുടെ പടയണി പിൻ‍നിരയിലേക്ക് വലിഞ്ഞു.

ഇല്ല, തെറ്റിയില്ല. ഇന്നും കുരുക്ക് കാത്തിരിക്കുന്നു.

ദിവസവും കുറഞ്ഞത് രണ്ട് തവണയെങ്കിലും ഈ പാലം കടക്കണം. രാവിലെ ഇങ്ങോട്ടും, വൈകിട്ട് തിരിച്ചും.

താഴെ, എവിടെ നിന്നോ തുടങ്ങി എവിടേക്കോ ഒഴുകിപ്പോകുന്ന ഒരു വൻ‍നദി.

ഒരു സന്ധ്യയ്ക്ക് ട്രാഫിക് കുരുക്ക് മണിക്കൂറുകളോളം നീണ്ടപ്പോൾ അയാൾ വണ്ടിയിൽ നിന്നിറങ്ങിയാ നദി കണ്ടു് നിന്നു - അങ്ങ് താഴെ, ശാന്തമായൊഴുകുകയാണ്. ഇടയിൽ നൂർന്ന് നിൽക്കുന്ന കൂർത്ത പാറക്കൂട്ടങ്ങളിൽ ഒഴുക്കിലടിഞ്ഞ തടിക്കണ്ടികളും ചില്ലകളും - അവയ്ക്കരികിൽ മാത്രം തിരയനക്കവും പതയും. ആ നദിയുടെ കരുത്തിന്റെ ധ്വനി അയാളെ പേടിപ്പിച്ചിരുന്നു. എങ്ങാനും വീണുപോയാൽ?

നദിയിൽ ബലൂഗയിനത്തിലെ തിമിം‍ഗലത്തെ കണ്ടെത്തിയ വാർത്തയോർമ്മ വന്നു. ഒറ്റയാനാണത്രെ. കൂട്ടം തെറ്റിയോ, തന്റെ കാലമായതിനാലോ എത്തിയതാവാം എന്ന്‌ മറീൻ ഇൻ‍സ്റ്റിറ്റൂട്ടിലെ ശാസ്ത്രഞ്ജർ.

പിന്നീടതിന് എന്തു പറ്റിയെന്നറിവില്ല.

ആഴങ്ങളിൽ പാറക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ബെലൂഗയെ ഭാവനയിൽ കാണാൻ ശ്രമിച്ചു.

അതിനെന്ത് വലിപ്പം വരും? തന്റെയീ കാറിന്റെയത്രേം? അല്ലെങ്കിൽ, അക്കാണുന്ന പതിനെട്ട് വീലർ ട്രക്കിന്റെയത്രയും വരുമോ?

ഇപ്പോളത് എവിടെയുണ്ടാകും? എന്ത് ചെയ്യുകയാവും? തന്റെ കൂട്ടരെയവൻ തേടുന്നുണ്ടാവുമോ? ഇവൻ വേറിട്ട് പോയെന്നവന്റെ കൂട്ടമറിയുന്നുണ്ടോ?

കൂട്ടരോടിച്ച തെമ്മാടിത്തിമിം‍ഗലമാണോ, ഇവിടീ നദിയുടെ ഏതോ ആഴങ്ങളിൽ?

അറിയില്ല.

പാലത്തിന്റെ അങ്ങേക്കരയിലോട്ട് പറന്ന് പോകുന്ന പോലീസ് ഹെലികോപ്ടർ.

ലക്ഷണം കണ്ടിട്ട് മണിക്കൂറുകളോളം ഇവിടെ പെട്ടത് തന്നെ.

മൂന്ന്‌ വരികളങ്ങോട്ടും, മൂന്നെണ്ണമിങ്ങോട്ടുമായ് പാലത്തിന്മേൽ വാഹനങ്ങൾ. കുരുക്കഴിയാൻ കാത്ത് അക്ഷമരായി അനേകർ അവയ്ക്കുള്ളിലും.

ഇവരെല്ലാം എവിടെ നിന്ന് വരുന്നു? എങ്ങോട്ട് പോകുന്നു? ആവോ?

അറിയില്ല. പക്ഷെ എല്ല്ലാവർക്കും ചെന്ന് ചേരാനിടങ്ങളുണ്ട്.

ഇവരൊക്കെ എന്ത് ചെയ്യുന്നവരാകും? അതും അറിയില്ല.

അറിയില്ല.

സൈഡ് വിന്ഡോ തുറന്ന് നോക്കി. മഴ ശമിച്ചിരിക്കുന്നു. കറുത്ത ഷെവിയിലെ സ്ത്രീ ചാരിയിരുന്ന് റീഡിങ്ങ് ലൈറ്റിന്റെ വെളിച്ചത്തിൽ പുസ്തകം വായിക്കുന്നു - സമയം ഉപയോഗപ്പെടുത്തണമല്ലോ?

മുന്നിലെ വണ്ടിയിലെയാളെന്ത് ചെയ്യുകയായിരിക്കും? അതിനു മുന്നിലെ? അതിനും മുന്നിലെ?

ഭൂഖണ്ഡങ്ങൾക്കകലെ, ഇപ്പോളുദിച്ചുയരുന്ന സൂര്യന് കീഴെ, തന്റെ വീട്ടുകാരെന്തു ചെയ്യുകയാവും?

അനിയനെന്ത് ചെയ്യുകയാവും? അവനുണർന്ന് കാണുമോ?

അറിയില്ല.

തനിക്കൊന്നുമറിയില്ല.

ശതകോടിയാൾക്കാർ ഈ നിമിഷം എന്നോടൊപ്പം ശ്വാസം വലിക്കുന്നുണ്ടാവാം. കോടികളിപ്പോൾ ഭക്ഷണം കഴിക്കുന്നുണ്ടാവാം, ഉറങ്ങുന്നുണ്ടാവാം, രമിക്കുന്നുണ്ടാവാം, മരിക്കുന്നുണ്ടാവാം, കൊല്ലുന്നുണ്ടാവാം, പിറക്കുന്നുണ്ടാവാം.

ലോകത്തിന്റെയൊരു വലിപ്പമേ?

പരമമായ ബ്രഹ്മം - അതിലൊന്നുമറിയാത്ത താനൊരു വശത്ത്.

തന്നേപ്പോലെയൊന്നും അറിയാതെ കോടാനുകോടികൾ ഒപ്പവും.

അഹം ബ്രഹ്മാസ്മിഃ

അനന്തതയിലെങ്ങോ, ജഗന്നിയന്താവിന്റെ ഡാറ്റാസെന്ററിൽ, കിങ്കരന്മാരൊരുവൻ പ്രോട്ടോക്കോൾ പ്രകാരം സൂപ്പർവൈസറോടുണർത്തിച്ചു: “വിഭോ..!!, ഇതാ ഒരുവൻ, ബ്രഹ്മജ്ഞാനം അക്സെസ്സ് ചെയ്യാൻ ശ്രമിക്കുന്നു...!”

കണ്ണുകളടച്ചിരുന്ന് വൈസറരുളി: “ആ കുരുക്കൊന്നഴിച്ചു കൊടുക്കൂ ആയാൾക്ക്...തീർന്നോളും, പ്രശ്നം.”

അഴിഞ്ഞു - മുന്നിലെ വണ്ടികളെല്ലാം നീങ്ങിത്തുടങ്ങി.

ഭാഗ്യം - ഇനി വീട്ടിലെത്താൻ അരമണിക്കൂർ കൂടി മതി. പിന്നെ പാചകം, അടുത്ത ദിവസത്തേക്കുള്ള തുണി തേക്കൽ -- ഇന്നിനി ചെയ്യാനുള്ളവയുടെ പട്ടിക വീണ്ടും നിരന്നു, മനസ്സിൽ

ഒറ്റയാന്മാരുടെ സമൂഹം വീണ്ടും ചലിച്ചു തുടങ്ങി.

6 comments:

സു | Su said...

പതിവുപോലെ.....
നന്നായിട്ടുണ്ട്.

വക്കാരിമഷ്‌ടാ said...

കൊള്ളാം നല്ല രചന..അഭിനന്ദനങ്ങൾ.

കലേഷ്‌ കുമാര്‍ said...

വായിക്കാൻ എന്ത് രസമാ!
നന്നായിട്ടുണ്ട്!
എഴുതി തെളിയട്ടെ ഞാൻ - ഒരുനാൾ ഞാനും ഇതുപോലെ എഴുതും!

പെരിങ്ങോടന്‍ said...

ശരിയാണു് ഏവൂരാന്‍... ഇതു ഒറ്റയാന്മാരുടെ ലോകമാണു്. അല്പം നേരം മുമ്പ് ഒരുമിച്ചിരുന്നു് സിനിമ കണ്ടിരുന്ന ഞാനും എന്റെ കസിനും കണ്ടിരുന്നത് രണ്ടു് സിനിമയായിരുന്നു... ഒന്നും മറ്റൊന്നിനോടു് ഒന്നിനെ ബന്ധിപ്പിച്ചു നിര്‍ത്തുന്നില്ല. ഏവരും താന്താന്നുങ്ങളുടെ ലോകത്തില്‍ ഏകര്‍...

സ്വാര്‍ത്ഥന്‍ said...

പ്രിയ ഏവൂരാന്‍,
ശൈലി ഉഗ്രന്‍!
മുംബൈയിലെ ഇലക്ട്രിക്‌ ട്രെയ്നില്‍ രാത്രി വൈകിയുള്ള എന്റെ യാത്രകള്‍ ഇത്തരം ഒറ്റയാന്മാരുടെ സമൂഹത്തോട്‌ കൂടെയായിരുന്നു.

വിശാല മനസ്കന്‍ said...

സർക്കാർ ചിലവിൽ മാത്രമായ ബ്ലോഗിങ്ങായതുകൊണ്ട്‌, നേരത്തിനും കാലത്തിനും ഇപ്പോൾ ബ്ലോഗാൻ പറ്റുന്നില്ല. വായിക്കാൻ വളരെ താമസിച്ചുപോയി.

വളരെ വളരെ ഇഷ്ടപ്പെട്ടു.