Saturday, December 17, 2005

ഞാൻ കാട് കയറുമ്പോൾ

കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന കമ്പി കടക്കാൻ ഇത്തിരി ക്ലേശിക്കേണ്ടി വന്നു.

കറുത്ത നിറമുള്ള കാട്ടുകല്ലുകളിട്ട് കെട്ടിയ പടിക്കെട്ടുകളുണ്ടായിരുന്നു, പണ്ട്.

ഇന്നവിടെ കരിങ്കൽ ഭിത്തിയും, ശേഷം മുള്ളുവേലിയും.

തെല്ലകലത്തിൽ, നനകല്ലു പോലെ പരന്ന് മുന്നോട്ടുന്തിയ ഒരു കരിങ്കൽ കഷണം -- മേശിരിപ്പണിക്കാർ ഇട്ടിട്ട് പോയതാവണം.

ചുറ്റും മുത്തങ്ങാനാമ്പുകളും, മുളപൊട്ടുന്ന ആഞ്ഞിലിവിത്തുകളും.

റബ്ബർത്തൈകളുടെ പിന്നിൽ, ഉയരങ്ങളിലേക്ക് തലയെടുപ്പോടെ ആ പഴയ ആഞ്ഞിലി. അതിന്റെ സന്തതികളാവണമീ പൊടിപ്പുകൾ.

വള്ളിക്കൂട്ടങ്ങളുടെയും മറ്റു പടർപ്പുകളുടെയും ഇടയിലെ വന്യത ഒരുകാലത്ത് ഭീതിയുളവാക്കിയിരുന്നു. ഇലപൊഴിയുന്ന കാലമെത്തുമ്പോൾ, അടർന്ന ഇലകൾ ഉപ്പൂറ്റിയോളമാഴത്തിൽ നടപ്പാത മൂടുമായിരുന്നു. ആരൊ ഒരാൾ ഒരിക്കലിവിടെ ഒരു ചേനത്തണ്ടനെ കണ്ടതിനു ശേഷം, ഈ വഴി നടക്കാനേ ഭയമായിരുന്നു.

ചുറ്റും റബ്ബർത്തൈകൾ നിരന്നതോടെ, ദൈന്യം പടർന്നപോലെ.

പടർന്ന് പന്തലിച്ച ഒരു പറങ്കാവുണ്ടായിരുന്നു താഴെ. മണ്ണിലേക്ക് മൂക്ക്കുത്തിയ ശിഖരങ്ങളിൽ നിന്നെല്ലാം വേരുമുളച്ച് വള്ളിപോലെ പടർന്ന പറങ്കാവ് - അതിന്റെ താഴ്ന്ന ശിഖരങ്ങളിലൂടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടക്കുമായിരുന്നു. ഏതോ പടുകൂറ്റൻ റിഫൈനറിയുടെ കുഴലുകൾക്ക് മേലെ നടക്കുകയാണെന്ന് സങ്കല്പിക്കാനായിരുന്നു താത്‍പര്യം.

അരവിന്ദനാണ് തുമ്പിക്കൈ കണ്ടു പിടിച്ചത് - തായ്ത്തടിയുടെ അരികെയുള്ള തുമ്പിക്കൈ വണ്ണത്തിലുള്ള ശിഖരത്തിൽ കാലുകൾ കവച്ചിരുന്ന് താഴേക്കാഞ്ഞാൽ, ശക്തിയോടെ മരം മേലോട്ട് തള്ളുമെന്ന് - പ്രൌഡിയേറ്റാൻ ആനയെ മനസ്സിൽ കൂട്ടിയാൽ മതി.

ബന്ധത്തിലുള്ള കുട്ടികൾ നാഗപ്പൂരിൽ നിന്ന് വിരുന്ന് വന്നപ്പോൾ, വലിയ സന്തോഷത്തോടെ അവരെ ഈ പറങ്കാവ് കാട്ടാൻ കൊണ്ട് വന്നതോർമ്മ വന്നു. ആടിയെഴുന്നെള്ളത്തവരെ അസ്സലായി കാണിച്ചിട്ടും ഈ മലമ്പ്രദേശത്തെങ്ങും ടീവിയില്ലായെന്നുള്ള പുച്ഛത്തിനു മുമ്പിൽ അത് വിലപ്പോയില്ല.

റബ്ബർ‍ത്തൈകൾ പടർപ്പനെയും തുരത്തിയിരിക്കുന്നു.

അപ്പൻ പറഞ്ഞ് കേട്ടിട്ടുണ്ട് - പണ്ടവരിവിടെ നെല്ലും ഉഴുന്നും മുതിരയും പരിപ്പും എള്ളും കൃഷി ചെയ്തിരുന്നെവെന്ന്, പറങ്കാവിന്റെ തൈകളെത്തുന്നതു വരെ.

പറങ്കിവൃക്ഷങ്ങൾ വളർത്തി, ബ്രസീലിയൻ റബ്ബർമരക്കാടുകൾ നിരത്തി. അധിനിവേശങ്ങൾക്കൊപ്പം വേഷം മാറാൻ എന്റെ മലനാടിനുമറിയാം.

ഈ മലകളുടെ തനതെന്തായിരുന്നു? -- അറിയില്ല. താനത് അറിയാനും പോകുന്നില്ല.

മനുഷ്യവാസമാകുന്നതിന് മുമ്പത്തെക്കാലങ്ങളിൽ ഈ മലകളുടെ മുഖഭാവം എന്തായിരുന്നേനെ?

ഭാവന കാട്കയറുകയാണ്.

ചെറിയ കല്ലുകൾ - കരകരാവരത്തോടെ തുകൽ ചെരിപ്പിനടിയിൽ ഞരങ്ങി.

കുനിഞ്ഞ് രണ്ടെണ്ണം പെറുക്കി കൈവെള്ളയിൽ വച്ച് നോക്കി.

ഒരു വെള്ളാരംകല്ലും ചീങ്കയും.

തങ്ങളുടെ പ്രയാണത്തിനടയ്ക്കിതാ തന്റെ കൈവെള്ളയിൽ തങ്ങികിടക്കുന്നു.

ആരാവാം ഇതിനുമുമ്പ് ഇവയെ സ്പർശിച്ചത്? അതോ താനാണോ ആദ്യമായ് ...?

ശാപമോക്ഷിതയായോ അഹല്യ? ആയിരിക്കാം, മുന്നിലദൃശ്യയായ് അവൾ നിൽക്കുന്നുണ്ടാവണം. മനുഷ്യന് വെളിപ്പെടാതെ പതിനെട്ടോളം മാനങ്ങളുണ്ടെന്നെവിടെയോ വായിച്ചിരിക്കുന്നു.

രൂപാന്തരങ്ങളുണ്ടെങ്കിലും കോടാനുകോടി വർഷങ്ങളായി അസ്തിത്വമുള്ള കല്ലുകൾ. അമരത്വത്തിന്റെ പ്രതീകങ്ങൾ. ആദിമ മനുഷ്യർ കല്ലുകളെയാരാധിച്ചതിന് അവരെ പഴി പറയുന്നതെത്ര വിഡ്ഢിത്തമെന്ന് തോന്നിപ്പോയി.

എണ്ണത്തിനപ്പുറം കല്ലുകളുള്ള ഈയുലകത്തിലെ ഒരു ചീങ്കയും വെള്ളാരംകല്ലും തന്റെ കൈവെള്ളയിൽ. എന്തേ അങ്ങിനെ? എന്തേ വേറെ രണ്ടെണ്ണം കൈയ്യിലെത്തിയില്ല?

നിയോഗമാവാം... ഇന്നേ ദിവസം ഇത്രമണിക്ക് ഈ രണ്ട് കല്ലുകളെ ഞാൻ കൈവെള്ളയിലെടുക്കുമെന്നത് വിധിവശാലാവാം...

ലോകത്തുള്ള എല്ലാ കല്ലുകളെയും ഒന്ന് തൊടാനായാങ്കിൽ...

കല്ല് പൊടിയുന്നതും കല്ലാകുമ്പോൾ എല്ലാ കല്ലുകളെയും തൊടാനാർക്ക് കഴിയും?

നിയോഗമെന്നൊന്നുണ്ടോ?

ദാ... ഞാനിതാ തല ഇടത്തോട്ട് വെട്ടിക്കാൻ പോകുന്നു. അത് നിയോഗമാണോ?

ഇനിയിതാ, താഴെ നിന്നും രണ്ട് മൂന്ന് കല്ലുകൾ പെറുക്കിയെടുക്കാൻ പോകുന്നു.

ഇക്കുറി രണ്ട് ചീങ്കച്ചീളുകളും ഒരു കാട്ട്‍കല്ലിൻ കഷണവുമാണ് കൈയിൽ പെട്ടത്.

നിയോഗമാണോ?

മനസ്സിലൊരു സ്വരമുയരുന്നു.

കേൾക്കാൻ മനസ്സില്ലെങ്കിലും, കേൾപ്പിക്കണമെന്ന് തീർച്ചയുള്ള സ്വരം : ഇന്നേ ദിവസം ഇവിടെയീ സമയത്ത് തന്റെ തല വെട്ടിക്കുകയെന്നതും, മൂന്ന് കല്ലുകൾ പെറുക്കിയെടുക്കുകയെന്നതും നിന്റെ നിയോഗമാണെങ്കിലോ?

തോൽപ്പിക്കാനാകാത്ത കൺസെപ്‍റ്റ് - നിയോഗം.

ഞാനിതാ എന്റെ നിയോഗത്തെ വണങ്ങുന്നു. നമിക്കുന്നു.

“ണിം ണിം ണിം...”

സെല്ലടിക്കുന്നു.

അനിയച്ചാരാണ് - അച്ചാച്ചൻ കറങ്ങാനിറങ്ങിയിട്ടിതെവിടാ എന്ന് ചോദ്യം. പ്രാതൽ തയാറാക്കി എല്ലാവരും കാത്തിരിക്കയാണത്രെ.

സമയം പോയതറിഞ്ഞില്ല.

തിരികെ നടക്കവേ, കൈവെള്ളയിൽ അവസാനം പെറുക്കിയെടുത്ത കല്ലുകൾ. മലമുകളിൽ തുടങ്ങി, താഴേക്കുരുണ്ട് പൊടിഞ്ഞ് പൊടിഞ്ഞ് മണ്ണാകേണ്ട കഷണങ്ങൾ.

നിയോഗവശാൽ അവയുടെ പ്രയാണം അല്പം താമസിച്ചോട്ടെ.

സെൽഫോൺ പോക്കറ്റിൽ തിരുകി ആവുന്നത്ര ശക്തിയിൽ ഒന്നിന് പിറകേ ഒന്നായി അവയെ വലിച്ചെറിഞ്ഞു -- ഏറ്റവും മേലത്തെ തുണ്ടിലേക്ക്.


ഒരല്ലലില്ലെങ്കിലെനിക്ക് കല്ലാ-
യിരിക്കുവാനാണിനി മേലിലിഷ്ടം.
മരിച്ചിടും മർത്യതയെന്തിനാണ്
കരഞ്ഞിടാനും, കരയിച്ചിടാനും?

ഞാൻ എന്റെ വഴിക്ക് പോകട്ടെ.

10 comments:

കലേഷ്‌ കുമാര്‍ said...

സുഖമുള്ള വായന!

അതുല്യ said...

നിന്റെ കൾ നഖമൊന്നു തൊട്ടപ്പൊൾ
പണ്ട് കാട്ടിലെ കല്ലൊരു മോഹിനിയായ്........

അതുല്യ said...

നിന്റെ കാൽ നഖമൊന്നു തൊട്ടപ്പോൾ
പണ്ടു കാട്ടിലെ കല്ലോരു മോഹിനിയായ്‌.....

വിശാല മനസ്കന്‍ said...

വല്ലഭന്‌ കല്ലും ആയുധം.!

'സമയം പോയതറിഞ്ഞില്ല'
അതും നിയോഗം.

ഏവൂരാനും പെരിങ്ങോടനും ശൈലികൊണ്ട്‌ വളരെ സമാനരാണ്‌. എന്തെഴുതിയാലും അതിനൊരു വൃത്തിയും വെടിപ്പും നിലവാരവും കാത്തുസൂക്ഷിക്കുന്ന നിങ്ങളുടെ, ഒരു ഫാനാണ്‌ ഞാൻ.

സിബു::cibu said...

:)

വക്കാരിമഷ്‌ടാ said...

ഞാനാലോചിക്കുകയായിരുന്നു.......

..യെങ്ങിനെയിങ്ങിനെയൊക്കെയെഴുതാൻ കഴിയുന്നതെന്ന്...

ഓ... ആലോചിച്ചാലൊരന്തവുമില്ല
ആലോചിച്ചില്ലേലൊരു കുന്തവുമില്ല..

ഇതിനൊക്കെ കമന്റടിക്കാനും വേണ്ടേ ഒരു മിനിമം ലെവലൊക്കെ. അതില്ലാത്തവൻ ഇതൊക്കെ നോക്കി വെള്ളമിറക്കുക...

വെള്ളമിറക്കാൻ ബ്ലോഗുകളിൽ ഇതു മാത്രമല്ലല്ലോ ..... പുട്ടും പഴവും കടലക്കറിയും പോരാത്തതിന് പുട്ടുകുറ്റിയുമില്ലേ....

എല്ലാ രീതിയിലും കൊതിപ്പിക്കുകയല്ലേ.......

സു | Su said...

നന്നായിരിക്കുന്നു :)

സാക്ഷി said...

മനോഹരം. ഒരു രവിവര്‍മ്മ ചിത്രം പോലെ...
വായിക്കുവാന്‍ കഴിഞ്ഞുവല്ലോ. സന്തോഷം.
ഒരു പക്ഷേ ഇത് മറ്റോരു നിയോഗം..!!

Thulasi said...

കുടജാദൃയില്‍ നിന്നും നല്ല മിനുസമുള്ള കള്ളുകള്‍ പെറുക്കി കൊണ്ടു വന്ന്‌ ഞാങ്ങള്‍ നിലവിളിക്കിനടുത്തു വെയ്ക്കും.എന്നിട്ട്‌ ഭഗവാനെ കല്ലില്‍ കുടിയിരുത്തും

അചിന്ത്യ said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...