Saturday, December 31, 2005

മഴയെന്ന സുഖം

ആരോ വാതിൽക്കലുണ്ടെന്ന് തോന്നിയതിനാലാണ് തള്ളിത്തുറന്നത്.

ആരുമില്ല.

തലയാട്ടുന്ന വാഴയിലകൾപ്പുറത്ത് ഗേറ്റിന്മേൽ ഒരു കാക്ക മാത്രം നനഞ്ഞ് കൂടിയിരിപ്പുണ്ട്, പുറം തിരിഞ്ഞ്.

ഘോരമായൊരു പെയ്ത്തിന്റെ ഓർമ്മ. തളം കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിലേക്ക് വീഴുന്ന തുള്ളികളുടെ ശബ്ദം. എവിടെയൊക്കെയോ മറഞ്ഞിരുന്ന് മുറതെറ്റാതെ ചീവീടുകളും.

വേറെയൊന്നുമില്ല. ഹൈവേയിലെ വാഹനങ്ങളുടെ ഇരമ്പൽ പോലും കേൾക്കാനില്ല.

കറുത്ത അരമതിൽ.

മഴത്തുള്ളികൾ വീണ് നനഞ്ഞതെങ്കിലും, അതേൽ ചെന്നിരുന്നു. തുണിനാരുകൾക്കിടയിലൂടെ അരിച്ചെത്തുന്ന ഈർപ്പം കാലുകളിൽ പടരുന്നു. സുഖമുള്ള തണുപ്പ്.

അരമതിലിന് താഴെ, നിലത്ത് , ഓടറ്റത്ത് ബാക്കിവന്ന തുള്ളികൾ ഒന്നൊന്നായി അടർന്ന് വീഴുന്നു. അവ പൂഴിമണ്ണിൽ ചെറുകുഴികൾ തീർക്കുന്നു. അവ വറ്റുമ്പോഴേക്ക് അടുത്തവ പിന്നാലെ...

പഴുത്തു തുടങ്ങിയ മൂവാണ്ടൻ മാങ്ങകളുടെ ഭാരവുമായ് കിണറിനരുകിലെ തൈമാവ്. കുറെയെണ്ണം താഴെ വീണിരിക്കുന്നു.

പോയി പെറുക്കിയെടുത്താലോ?

വേണ്ട. പിന്നെയാവട്ടെ. ഈ മതിൽക്കെട്ടിനകത്ത് ആരു വരാനാണ്? കൂടാതെ, കാലം തെറ്റി പെയ്ത മഴയാണ് -- വളം കടിച്ചാലോ?

ചെറുപ്പത്തിൽ പീടിക കളിച്ചിരുന്നതിവിടെ ഈ അരമതിലിന്മേലാണ്. കൊന്നക്കമ്പും, ചണനാരും, ചിരട്ടകളും കൊണ്ടൊരു ത്രാസ്സും കെട്ടി എത്ര തവണയിവിടെ എല്ലാവരുമൊത്ത് കൂടിയിരുന്നു? വാണിജ്യത്തിന്റെ ബാലപാഠങ്ങളിൽ കമ്മ്യൂണിസ്റ്റ് ഇലയായിരുന്നു കറൻസി നോട്ടുകൾ. ഇടയ്ക്കുറങ്ങിപ്പോയ ഒരു ചെക്കൻ ഉച്ചിയും കുത്തിയീ അരമതിലേന്ന് നിലത്തേക്ക് വീണതോർക്കുന്നു, ഇന്നും.

ഇടിമിന്നൽ ചീറുന്ന രാത്രികളിൽ, പറമ്പിലെ ചെടിക്കൂട്ടങ്ങളുടെ ഫ്ളാഷ് ചിത്രങ്ങൾ കാണാൻ ഇവിടെ വന്ന് നിൽക്കുമായിരുന്നു. പകൽ‍വെളിച്ചത്തിൽ കാണുന്നത് പോലെയല്ല രാത്രിയിലെ മിന്നലിൽ പറമ്പിന്റെ ഭാവങ്ങൾ. കറുപ്പും വെളുപ്പുമല്ലാതെയുള്ള നിറങ്ങൾ കാണാൻ കൂടി സമയമുണ്ടാവില്ല.

അതൊരു കാലം. സുഖമുള്ള ഓർമ്മകളുടെ സമയം.

വീശിയടിച്ച കാറ്റിനൊപ്പം മുഖത്തെത്തിയ തൂവാനത്തുള്ളികൾ. ഹൌ...! എന്താ സുഖം...

ഇരുന്ന് ചന്തി മുഴുവൻ നനഞ്ഞിരിക്കുന്നു. വെള്ളമുണ്ടിന്മേൽ നനവ് ചെറിയ നീലച്ഛവി പടർത്തിയിരിക്കുന്നു. പണ്ടെങ്ങോ നീലം മുക്കിയിട്ടുണ്ടാവണം.

ഓ. കതക് തുറന്നത്...

ആരെയും കാണാനില്ല. അല്ലെങ്കിൽ തന്നെ ആര് വരാൻ?

കാറ്റാവണം ശബ്ദമുണ്ടാക്കിയത്.

കതകിനി തുറന്ന് കിടക്കട്ടെ.

അകത്തേക്ക് നടക്കുന്നതിനിടയിൽ നനവ് ഏറെ സുഖകരമായിത്തോന്നി.

കട്ടിലിന്മേൽ കറുത്ത കമ്പിളി.

കർക്കിടകം പൊടിപൊടിക്കുന്ന രാത്രികളിൽ, പുതപ്പിനുള്ളിലേക്ക് ചുരുണ്ട് ചുരുണ്ട് കയറാൻ എന്ത് രസമായിരുന്നു.

വേണോ?

താൻ മുതിർന്ന് വല്യ ആളായില്ലേ?

വഴിതെറ്റി വന്ന മഴയാണെങ്കിലും, ഒന്ന് കിടന്നേക്കാം -- പുതച്ച് മൂടി.

ഓർമ്മകളിലേറി വന്ന സുഖമുള്ള ആലസ്യം -- അത് വഴിതെറ്റി വന്നതാണോ?

5 comments:

സു | Su said...

ഏവൂരാനും കുടുംബത്തിനും പുതുവത്സരാശംസകൾ.

വഴി തെറ്റി വരുന്നതാണെങ്കിലും മഴയോടൊപ്പം നല്ല ഓർമ്മകൾ വരട്ടെ.

വക്കാരിമഷ്‌ടാ said...

നല്ല ഒന്നാന്തരം അവതരണം ഏവൂരാനേ.. ശരിക്കും ഒരു മഴക്കാലത്ത് മൂടിപ്പുതച്ചു കിടന്ന പ്രതീതി. വഴിതെറ്റി വന്ന മഴയേക്കാളും സ്ട്രൈക്ക് ചെയ്തത് കർക്കിടകത്തിലെ മഴയും കമ്പിളിയും.... ഇവിടാണെങ്കിൽ ഇപ്പോ നല്ല തണുപ്പും.

Thulasi said...

ഏവൂരാനേ, മഴയെകുറിച്ച്‌ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം,ല്ലേ? എന്നാ ഈ മഴയൊന്നു തോര്‍ന്നിരുന്നെങ്കില്‍ എന്ന്‌ ഒരു നാടു മുഴുവന്‍ കേഴുന്ന മഴയെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? ബ്രഹ്മപുത്രാ തീരങ്ങളില്‍ പെയ്യുന്ന മഴയങ്ങനെയാണ്‌. അതു നനയാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്‌.

ചിരട്ടകളിപ്പാട്ടങ്ങളെ പറ്റി പറഞ്ഞ്‌ ബാല്യകാലസ്മരണകല്‍ തിരികെ കൊണ്ടുതന്നതിന്‌ നന്ദി

മന്‍ജിത്‌ | Manjith said...

വിഷയത്തിനു പുറത്തുള്ള വിഷയം

ഏവൂരാനേ,

വിക്കി എഡിറ്റിംഗ് എളുപ്പമാക്കാന്‍ ഒരു വിക്കി ടൂള്‍ ബാര്‍ ഇവിടെയുണ്ട്.
തീക്കുറുക്കന്റെ കൂട്ടുകാരനായതുകൊണ്ട് പറഞ്ഞേക്കാമെന്നു കരുതി. സംഗതി ദാ
ഇവിടെ

മന്‍‌ജിത്

മന്‍ജിത്‌ | Manjith said...

http://wikipedia.mozdev.org/