Saturday, January 07, 2006

രംഗഭേദം

ശുശ്രൂഷകരെല്ലാം പിന്നണിയിൽ മറഞ്ഞിരിക്കുന്നു. വലതുകൈ നെഞ്ചത്ത് വെച്ച് അഭിമുഖമായ് അദ്ദേഹം തിരിഞ്ഞു.

“ഞാനോ ബലഹീനനും പാപിയുമാകുന്ന ദാസൻ‍...”

ഹാവു, തീരാറായി. ആശ്വാസം.

ഒരു പടി താഴെയിറങ്ങിയിട്ട് വികാരപാരവശ്യത്തോടെ തുടർന്നു:

“ നിങ്ങൾ സന്തോഷിച്ച്, ആനന്ദിച്ച്, ലഭിച്ചിരിക്കുന്ന യാത്രാഭക്ഷണത്തോടെ സമാധാനത്താലെ പോകുവിൻ.... എന്നേക്കും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവിൻ...”

വല്യപ്പച്ചന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് . പതിവു പോലെ.

തിരശ്ശീല വീണു.

കുരിശ് വരച്ചിട്ട് കയറ്റുപായയിൽ മറ്റെല്ലാവർക്കും ഒപ്പം വല്ല്യപ്പച്ചനും ഇരിക്കാനാഞ്ഞു. വല്ല്യപ്പച്ചന്റെ മുട്ടുകൾ മടങ്ങവേ ടൊക്ക് എന്ന ചെറിയ ശബ്ദമുയർന്നത് കേട്ടു.

വലം കാലിനരികെ ഇരിപ്പുറപ്പിച്ചു.

പള്ളി തീരുമ്പോളല്ലാതെ, വല്ല്യപ്പച്ചന്റെ കണ്ണുകളിൽ നനവ് കണ്ടിട്ടില്ല.

എന്തിനാണോ കരയുന്നത്?

ആവോ, ആർക്കറിയാം...?

നിലത്തിരിക്കവെ, മേലോട്ട് നോക്കി. അങ്ങ് പൊക്കത്തിൽ, മച്ചിൽ നിന്നും ഇരുമ്പ് കുഴലുകളിൽ ഘടിപ്പിച്ചിരിക്കുന്ന പങ്കകൾ മെല്ലെ കറങ്ങുന്നു.

വല്ല്യമ്മച്ചിയുണ്ടാക്കിയ ദോശയും, കടുക് വറുത്തരച്ച ചമ്മന്തിയും തന്നെ കാത്തിരിക്കുകയാവും. പള്ളി പിരിഞ്ഞെത്തുന്നവരെല്ലാം അവിടെയും കൂടിയിട്ടെ പോകൂവെന്നതിനാൽ, അമ്മായിയെയും വല്ല്യമ്മച്ചിയെയും കിട്ടില്ല ചെന്നാലുടനെ പ്രാതൽ വിളമ്പിത്തരാൻ.

രാധാമണിയാണ് ഏകരക്ഷ.

ഏതോ പ്രാർത്ഥന പിന്നണിയിൽ മുറുകുന്നു...

വല്ല്യപ്പച്ചൻ തന്റെ ശുഷ്ക്കിച്ച, കുളിർമ്മയുള്ള വലം കൈയ്യാൽ എന്റെ കൈ കവർന്നു പിടിച്ചു, മുറുകെ.

“അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും രക്ഷിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും, അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും. ”

കണ്ണുകളടച്ചിരുന്ന് വല്ല്യപ്പച്ചനും ഉരുവിടുകയാണ്.

ഒരിക്കൽ അപ്പനോട് ചോദിച്ചു, എന്തിനാവും വല്ല്യപ്പച്ചൻ കരയുന്നതെന്ന്.

പ്രായമായവർ അങ്ങിനെയാണ്, പ്രാർത്ഥനക്കിടയ്ക്ക് മിക്കവരുടെയും കണ്ണുകൾ നിറയുമെന്നത് സാധാരണമാണത്രെ.

എന്തുമാവട്ടെ, ഇന്ന് വൈകിട്ട് ടീവിയിലെ സിനിമ എന്താണാവോ?

അപ്പന്റെ നാട്ടിലെ പള്ളിയിലായിരുന്നെങ്കിൽ, മറ്റ് പിള്ളേരുടെ കൂടെ മുമ്പിൽ കൊണ്ട് നിർത്തിയേനെ. അമ്മയുടെ നാട്ടിലായതിനാൽ തനിക്ക് ഇളവുണ്ട്. തന്നെയുമല്ല, അപ്പച്ചന്റെ കൂടെയല്ലേ? ആരെന്തു പറയാനാ?

കഴിഞ്ഞ തവണ നേർച്ചയിടാൻ അമ്മാച്ചൻ തന്നത് അഞ്ചിന്റെ നോട്ടാണ്. അതങ്ങ് പൂഴ്ത്തിയാലോ എന്ന് തോന്നാതിരുന്നില്ല. പിന്നെ അമ്മയെങ്ങാനും കണ്ടുപിടിച്ചാലത്തെ ശകാരവും കിഴുക്കുമൊക്കെയോർത്തപ്പോൾ കൈയ്യോടെ കൊണ്ടുചെന്നങ്ങ് കാണിക്കപ്പെട്ടിയിലിട്ടു കൊടുത്തു.

ബാലരമ വാങ്ങിക്കാനിനി ആരോടൊക്കെ യുദ്ധം ചെയ്യണം...?



ആണ്ടുകൾക്കിപ്പുറം, അമ്മയുടെ ശകാരം പൊറുതിമുട്ടി ഒരു തരത്തിൽ വന്നെത്തിയപ്പോൾ പകുതിയോളം കഴിഞ്ഞിരുന്നു.

എന്റെ കൈപിടിക്കാൻ അപ്പച്ചനിന്നില്ല.

എനിക്ക് കൈപിടിച്ച് പ്രാർത്ഥിക്കാൻ പൌത്രൻ പോയിട്ട് സന്താനങ്ങളുമായിട്ടില്ല.

“പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തു വരികയില്ല. ”

പ്രവാചകദൌത്യമേറ്റെടുത്ത, തന്റെ ബന്ധത്തിലുള്ള പുരോഹിതനല്ല മുമ്പിൽ.

കെരൂബുകളുടെയും, ഗബ്രിയേലിന്റെയും ഉഗ്രകോപിയായ മിഖായേലിന്റെയും പ്രൌഡിയാണ് കാണുന്നത്.

തൊണ്ണൂറ്റൊന്നാം സങ്കീർത്തനം തുടരുകയാണ്...

“സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തിനെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.”

കണ്ണിന്റെ കോണിലുരുണ്ട് കൂടിയ നീർത്തുള്ളികൾ. അവയിലൊന്ന് കവിളിലൂടെ താഴോട്ട് നിരങ്ങുന്നതറിയുന്നു.

ആരും കാണാതിരിക്കാൻ തലയല്പം കുനിച്ച് ചൂണ്ട്‍വിരൽ കൊണ്ടതിനെയടർത്തി മാറ്റവെ അതേ ചോദ്യം വീണ്ടും: എന്തിനാണ്‌ ഞാൻ കരയുന്നത്?

6 comments:

പെരിങ്ങോടന്‍ said...

വായിക്കുവാന്‍ താമസിച്ചു് പോയി.

നമ്മളെല്ലാം കരുതുന്നു കാലം ഒരുപാടു് കടന്നുപോകുന്നുവെന്നു് പഴയവരും പുതിയവരുമുണ്ടെന്നു്. സത്യത്തില്‍ എല്ലാ വല്യപ്പന്മാരും അപ്പന്മാരും ഒന്നു തന്നെ, ഏതാനും ചില വേഷങ്ങള്‍ മാറുന്നതൊഴികെ; ഞാനും ഏവൂരാനുമെല്ലാം വല്യപ്പനോ അപ്പനോ ആവുന്ന കാലവും.

Anonymous said...

നന്നായിട്ടുണ്ട്‌ എവൂ. കുഞായിരുന്ന ഞാന്‍, എനിക്ക്‌ രണ്ട്‌ കുഞുങളുണ്ട് ഇപ്പോള്‍. നാളെ ഞാനും ഒരു അപ്പൂപ്പനായേക്കാം. ദ്രവീകരിച്ച ഈ കാലയളവാണ് ആ കണ്ണുനീര്‍.-സു-

വക്കാരിമഷ്‌ടാ said...

പോസ്റ്റിട്ടപ്പോൾ‌ത്തന്നെ വായിച്ചിരുന്നു. പക്ഷേ, ഇതിനൊക്കെ കമന്റെഴുതാൻ‌മാത്രം യോഗ്യനോ ഞാനെന്ന ആശങ്ക കാരണം......

കുറേയേറെ സാഹിത്യക്കമന്റുകൾ ആലോചിച്ച് നോക്കി. നോ രക്ഷ. അതുകൊണ്ട്..

വളരെ നന്നായിരിക്കുന്നു, ഏവൂരാനേ....

rocksea | റോക്സി said...

അയ്യോ, ഇതു വായിച്ച് വളരെ നൊസ്റ്റാള്‍ജിക്കായിപ്പോകുന്നു.. ഏവൂരാനേയ്, ഞായറാഴ്ചത്തെ ഈ ദോശേം ചമ്മന്തീം അപ്പോ കോമണാ, അല്ല്യോ?

"ഇന്നു ഞാന്‍ നാളെ നീ" എന്നല്ലെ. മ്‍മ്.. എല്ലാരും ആ അപ്പച്ചന്‍ താണ്ടിയ വഴികളിലൂടെ കടന്നുപോകും.. കണ്ണീരിന്റെയൊക്കെ അര്‍ത്ഥവും മനസ്സിലാക്കും..

ഉമേഷ്::Umesh said...

നല്ല കഥ, ഏവൂരാനേ. നല്ല ആഖ്യാനവും.

- ഉമേഷ്

ദില്‍ബാസുരന്‍ said...

ഏവൂരാന്‍ ചേട്ടാ,
ഒരു ലിങ്കില്‍ തൂങ്ങി ഇവിടെ വന്നതാണ്.

കഥ ഇഷ്ടപ്പെട്ടു. കാലം ഒരു പുഴ പോലെയാണ് എന്ന് പറയാറുണ്ടല്ലോ.എങ്ങും മാറ്റം.നിലയ്കാതെ ഒഴുകിപ്പോകുന്ന വെള്ളം. എന്നാല്‍ ഒറ്റ നോട്ടത്തില്‍ മാറ്റമില്ലാതെ നില്‍ക്കുന്ന പുഴ. നമ്മളും ഈ പുഴയിലെ ഒരു വെള്ളത്തുള്ളി മാത്രം.