Wednesday, February 15, 2006

ജാമ്യം

വളഞ്ഞ് പുളഞ്ഞ് താഴേക്ക് പോകുന്ന കൈവരികള്‍.

“സൂക്ഷിച്ച് വരൂ..”

അറിയാത്ത പടവുകള്‍ ചവിട്ടുമ്പോള്‍ ഞാനേറെ ശ്രദ്ധിക്കാറുണ്ട്. എങ്കിലും, ങും എന്ന് മൂളലില്‍ അത് ഒതുക്കിയതേയുള്ളൂ.

തവിട്ട് കാര്‍പെറ്റിട്ട പടികളില്‍ ചവിട്ടുമ്പോള്‍ പൊടി പൊങ്ങുന്നുവോ?

ഹേയ്, തോന്നലായിരിക്കും.

കൈവരികളിലൊന്നില്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടു നോക്കി. സ്പര്‍ശിച്ചിടത്തെ തടിയുടെ നിറം കൂടുതല്‍ ഇരുളുന്നു -- പൊടി പിടിച്ചിരിക്കുന്നു.

ഇവരാരും താഴേക്ക് ഇറങ്ങിവരാറില്ലായിരിക്കും.

ഭൂമിക്കടിയിലാണ് ഈ വീടിന്റെ ഏറിയ പങ്കും . വെളിയില്‍ നിന്നു നോക്കിയാല്‍ ഒറ്റ നില കെട്ടിടം. അകത്ത്, ലിവിംഗ് റൂമിന്റെ വശത്ത് താഴേക്ക് പോകുന്ന കൈവരികള്‍ -- താഴെയാണ് ഇനിയുള്ള രണ്ട് നിലകള്‍.

ആദ്യം കണ്ടപ്പോള്‍ അദ്ഭുതം തോന്നിയിരുന്നു. പിന്നെ, പതിയെ ഈ മഹാനഗരത്തെ അടുത്തറിഞ്ഞപ്പോള്‍ -- ഭൂഗര്‍ഭ റെയില്‍‌വേ പാതകളും, കെട്ടിടങ്ങള്‍ക്കടിയിലെ സബ്‌വേ സ്റ്റേഷനുകളും കണ്ടപ്പോള്‍ ഓര്‍ത്തത് ഇവയൊക്കെ നിലം‌പൊത്താതെ എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നായിരുന്നു.

പാതാളം എന്ന സങ്കല്പം ഇവിടെ സത്യമാകുന്നു.

ഭൂമിക്കടിയിലെ ഒന്നാം നില.

നേര്‍ത്ത തടി പാകിയിരിക്കുന്ന തറ, കാല്പാദങ്ങള്‍ പതിയുമ്പോള്‍ ഞരങ്ങുന്നു.

കണ്ണെത്തുന്നിടത്തെല്ലാം ക്ലോസറ്റുകള്‍. മിക്കതും കാലി.

ഇതിനും മാത്രം ക്ലോസറ്റുകള്‍ ഇവര്‍ക്കെന്തിനാ?

“അവിടെ, അതിനു പിന്നിലാണ് ലോന്‍ഡ്രി റൂം...”

ഇരുണ്ടതെങ്കിലും, വിശാലമാ‍യ ഒരു മുറി. എവിടെ നിന്നൊക്കെയോ തണുപ്പരിച്ചെത്തുന്നതു പോലെ.

നടന്നു നോക്കവെ, കാല്‍‌വിരല്‍ നനയുന്നു. സൂക്ഷിച്ച് നോക്കി.

നിലത്ത്, ഇളം മഞ്ഞ നിറത്തിലെന്തോ ദ്രാവകം.

മഞ്ഞ നിറത്തിലെ മങ്ങിയ ഇത്തിരി വട്ടങ്ങള്‍ ഇനിയുമുണ്ട്.

“അശ്ശോ..!!” ആന്റി തലയ്ക്ക് കൈവെച്ചു.

“പട്ടി പെടുത്തതായിരിക്കും. ഇവളുമാരേക്കൊണ്ട് തോറ്റല്ലോ...?”

മാതുവും മാളുവും -- അമ്മയും മകളുമാണ്. തള്ള വെളുത്ത രോമക്കോട്ടുള്ള പൊമേറിയന്‍; മകള്‍ തവിട്ട് നിറത്തിലെ സങ്കരവും. മാതുവേതാ മാളുവേതാ എന്നോര്‍മ്മയില്ല, പക്ഷെ തള്ളയേയും കുട്ടിയേയും കണ്ടാലറിയാം.

എന്തായാലും ഇട്ടിരുന്ന സോക്സ് നാശമായിക്കാണും -- മനസ്സിലോര്‍ത്തു.

“വാ, താഴെക്കൂടി കാണിച്ചു തരാം..”

ഭൂമിക്കടിയിലെ രണ്ടാം നിലയിലേക്ക് ആന്റിയുടെ പിന്നാലെ കോണിയിറങ്ങി.

എവിടെ നിന്നോ ചിലന്തിവലയൊരെണ്ണം വന്ന് മുഖത്തടിച്ചു. വ്യഗ്രതപ്പെട്ട് മുഖം വൃത്തിയാക്കുന്നതിനിടയില്‍, ആന്റി പറയുന്നതൊന്നും കേട്ടില്ല.

മുകളില്‍ കണ്ടപോലെ, മുറികളിലെല്ലാം കുറേ ക്ലോസറ്റുകള്‍ -- എല്ലാം കാലി.

ഇവിടെ വായുവിന് കട്ടി കൂടുതലാണ്. ശ്വാസം മുട്ടുന്നുവോ?

മുള്ളാനും കാഷ്ഠിക്കാനും മാതുവും മാളുവും മുറയ്ക്കിറങ്ങി വരാറുള്ളതിന്റെ ലക്ഷണം സ്ഫുടമായ് കാണാനുണ്ട്. അതല്ലാതെ, എത്ര നാള്‍ കൂടിയാവും മനുഷ്യരാരെങ്കിലും ഇവിടെ താഴേക്ക് ഇറങ്ങി വരുന്നത്?

നാശം. കൈവെള്ള ചൊറിഞ്ഞു തുടങ്ങി.

വന്നു പെട്ടല്ലോ -- ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ബല്‍റ്റിലെ ഹോള്‍ഡറില്‍ നിന്നും പേജര്‍‌ പുറത്തെടുത്തു. മുന്നേ പോകുന്ന ആന്റി കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി വേഗം മെസ്സേജൊരെണ്ണം ടൈപ്പ് ചെയ്തു തീര്‍ത്തു:

“ബെയില്‍ മീ ഔട്ട് ഇന്‍ 15..!?”

ഇവിടെ, പാതാളത്തില്‍ റെയിഞ്ചില്ല.

എങ്കിലും സെന്‍ഡ് എന്ന ബട്ടണില്‍ ആഞ്ഞൊരു ഞെക്ക് വെച്ചു കൊടുത്തു.

ആവശ്യത്തിന് സിഗ്നലാകുമ്പോള്‍, പോകുമ്പോള്‍ പോകട്ടെ.

മുകളില്‍, ലിവിംഗ് റൂമിലെത്തി. അങ്കിള്‍ വീല്‍ചെയറിലിരുന്ന് ടീവി കാണുന്നു.

“വീടൊക്കെ കണ്ടോ...?”

“ങും, കണ്ടു...”

പതു പതുത്ത സോഫയിലൊരു വശത്ത് മാതുവും, അടുത്ത് മാളുവും. മാളു വായ പൊളിച്ച് എന്നെ ശ്രദ്ധിച്ച് നോക്കുകയാണ്.

“എത്ര നാളു കൂടിയാണെന്നോ മോനെ, ഞങ്ങള്‍ക്ക് ആരെങ്കിലും വിരുന്നുകാര്‍ വരുന്നത്...?”

ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അകന്ന ബന്ധത്തിലുള്ളവര്‍. ദേഹസുഖമില്ലാത്ത ഇവരെ രണ്ടു പേരേയും പോയി കാണണമെന്ന് വീട്ടുകാര്‍ നാട്ടില്‍ നിന്നു തുടരെ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രം ഞാനും ഇവിടെ.

വീണ്ടും കുശലപ്രശ്നങ്ങളിലേക്കും നാട്ടുകാര്യങ്ങളിലേക്കും.

ഇടയ്ക്ക് പണിപ്പെട്ട് ആന്റി ചായയുമായെത്തി.

മുഖമാകെ ചൊറിയുന്നു... മാന്തിപ്പൊളിക്കാനുള്ള ത്വര ഒരുതരത്തില്‍ അടക്കി.

കൃത്യം സമയമായപ്പോള്‍, പേജര്‍ ശബ്ദിക്കാന്‍ തുടങ്ങി. ഒപ്പം കീശയിലെ സെല്‍ഫോണും.

“ഓഫീസില്‍ നിന്നാണ്, ഇതൊന്ന് എടുക്കട്ടെ...”

“ഹലോ..?”

സെല്‍ഫോണും പേജറുമെടുത്ത് കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് നടന്നു.

ചുവരിലെ കഥകളി വേഷത്തിന്റെ പഴയ, നിറം മങ്ങിയ ചിത്രത്തിനടുത്ത് വെച്ച്, രണ്ട് മിനിറ്റു കൊണ്ട്, ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

തിരികെ ലിവിംഗ് റൂമിലേക്ക് നടക്കുന്നതിന് മുമ്പ്, ഒരു നിമിഷം അറച്ചു നിന്നു.

വേണോ?

ഇതു ചെയ്യണോ?

തലമുറകള്‍ക്ക് പിന്നിലെ കാരണവന്മാരെ, മാപ്പ് തരൂ... എനിക്ക് പോകണം... പോയേ പറ്റൂ..

തിരികെ ലിവിംഗ് റൂമിലെത്തി.

“അങ്കിളേ, ആന്റീ... ഓഫീസില്‍ നിന്നായിരുന്നു, ഓണ്‍‌കാളില്‍ ഈയാഴ്ച ഞാനാ. ചെന്നേ പറ്റൂ... ഒന്നര മണിക്കൂറാ ടൈം റ്റു റെസ്പോണ്ട്... ”

ആതിഥേയരുടെ മുഖത്ത് നിരാശ പടരുന്നത് വ്യക്തമായിക്കാണാം.

മര്യാദകള്‍ക്കും വിടപറയലിനും ശേഷം, വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനരുകിലേക്ക് ഓടുകയായിരുന്നു.

ഉള്ള സ്ഥലത്ത് വെച്ചൊരു “യൂ” ടേര്‍ണുമെടുത്ത് സ്റ്റേറ്റ് ഹൈ‌വേയിലേക്കുള്ള വഴിയെ വെച്ചു പിടിച്ചു.

ട്രാഫിക്‌ സിഗ്നല്‍ കാത്ത് കിടക്കവെ, റിയര്‍വ്യൂ മിറര്‍ തിരിച്ചു സ്വന്തം മുഖം നോക്കി.

ചുവന്ന് തടിച്ചിരിക്കുന്നു. കണ്‍പോളകളും വീങ്ങിയിരിക്കുന്നു. മുഖമാകെ വിങ്ങുന്ന പോലെ.

അലര്‍ജി എന്ന അസ്കിതം തുടങ്ങിയിരിക്കുന്നു.

എങ്കിലും ആശ്വാസമാണ് തോന്നിയത് -- പുറത്ത് കടന്ന്‍ പറ്റിയല്ലോ.

സിഗ്നല്‍ പച്ചയായി.

കാരണവന്മാരെ, ഒരിക്കല്‍ കൂടി മാപ്പ്.., സ്വസ്തി..!

10 comments:

കലേഷ്‌ കുമാര്‍ said...

വീട് മാറ്റത്തിന്റെ കഥയാണോ?
നന്നായിട്ടുണ്ട്!

വിശാല മനസ്കന്‍ said...

മനോഹരമായി എഴുതിയിരിക്കുന്നു.

സു | Su said...

ഒരിക്കല്‍ തനിക്കും വയസ്സാകും...

വല്ലപ്പോഴുമെത്തുന്ന അതിഥിക്കുഞ്ഞുങ്ങളെ പ്രതീക്ഷിച്ച്, ജനലിലൂടെ നോട്ടമയച്ച്,

വന്നുകയറാന്‍ ഇടയുള്ള അതിഥികള്‍ക്കായ് വാതില്‍ പകുതിമാത്രം ചാരി,

പഴയ സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച് താനും ഇരിക്കും.

അതിന്റെ ഒരു ഓര്‍മ്മയിലെങ്കിലും ഇപ്പോള്‍ ഒരു നല്ല അതിഥിയാവാന്‍ ശീലിക്കൂ.

എവൂ :) നല്ല കഥ.

സ്വാര്‍ത്ഥന്‍ said...

കാറിനരുകിലേക്ക് ഓടിയപ്പോള്‍ ആന്റീം അങ്കിളും പറഞ്ഞത് കേട്ടില്ല അല്ലേ?
“ഇന്നു ഞാന്‍ നാളെ നീ” എന്ന്.

‘ക്ലോസറ്റ്, ക്ലോസറ്റ്’ എന്ന് കേള്‍ക്കുമ്പോള്‍ കക്കൂസാണ് ഓര്‍മ്മ വരിക. മുറി നിറയെ ക്ലോസറ്റ് എന്ന് വായിച്ചപ്പോള്‍ ശങ്കിച്ചു... ഓ ഇത് മറ്റോട്ത്ത് നടന്ന കഥയാണല്ലേ, പടിഞ്ഞാറ്!!

അരവിന്ദ് :: aravind said...

ഉഗ്രന്‍ കഥ ഏവൂര്‍സേ..
എന്തു കൊണ്ടിത് നല്ല മലയാളം മാസികകള്‍ക്ക് അയച്ചു കൊടുത്തു കൂടാ?
മനോഹരം.

ചില നേരത്ത്.. said...

ബന്ധങ്ങളുടെ ബന്ധനങ്ങള്‍ നിസ്സംഗതയോടെ, ഒഴുക്കോടെ വിവരിച്ചിരിക്കുന്നു. അലര്‍ജി രക്ഷയാകുന്നതിനാലാണ് ഏവൂരാന് തിരിച്ച് പോകാനായത്. ഇക്കഥ, വായിക്കുന്നവന്റെ സ്വാസ്ഥ്യത്തിന് നേരെ നീട്ടിയെറിഞ്ഞ സമസ്യയല്ലെ?
മനോഹരമായി വേദനിപ്പിക്കുന്നു. ഏവൂരാന്റെ കൂടെ പാതാള നിലയിലേക്കും മുകള്‍ നിലയിലേക്കും കൂട്ട് വന്നത് പോലെ, ഇവിടുത്തെ ശീതളിമയില്‍, എന്റെ സോക്സിലും പട്ടി കാഷ്ഠം പതിഞ്ഞോന്നൊരു പേടി. ആ അനുഭവങ്ങളിലേക്ക് നയിച്ച ഭാഷയ്ക്ക് മുമ്പില്‍ കൂപ്പുകൈ.
ഇബ്രു-

അതുല്യ said...

വയസ്സായ, വൃദ്ധനായ അഛനെ മകൻ കൊല്ലാനായി പുഴയിലു, കുളിപ്പിയ്ക്കൻ കൊണ്ട്‌ പോകുന്നു. ഇനിയും കുറച്ചൂടെ വെള്ളത്തിലോട്ട്‌ ഇറങ്ങൂ അച്ഛാ ന്ന് മകൻ. രണ്ട്‌ മൂന്ന് തവണ ഇതു പറഞ്ഞപ്പോ, അച്ഛനു സംഗതി പിടികിട്ടി. അച്ഛൻ പതിയേ പറഞ്ഞു...
" ദേ അവിടെത്തോളം പോണം ആഴം ശരിയ്ക്‌ അറിയാൻ. ഞാൻ അവിടാ എന്റെ അച്ഛനെ..............

ഏവുരാനെ.. ഞാൻ കൂടെ വന്നതു പോലെ തോന്നുന്നു.,,,

Anonymous said...

വളരെ നന്നായിട്ടുണ്ട്‌

ബിന്ദു

Reshma said...

സിമ്പോളിക് അലറ്‍‍ജിയാ?:)

വര്‍ണ്ണമേഘങ്ങള്‍ said...

ആരുമെത്താനില്ലാത്തവന്റെ നിർവികാരതയിൽ ഒരു തുള്ളി പനി നീർ തളിച്ചുണർത്തി,
കണ്ണുകളിലൊത്തിരി പ്രകാശം വാരിയിട്ട്‌,
കൈ പിടിക്കാതെ,
കണ്ണിൽ നോക്കാതെ
കൈ വീശി മടക്കം...