Tuesday, March 07, 2006

ഭൂതം

കുമിഞ്ഞു കൂടുന്ന കടലാസ്സുകള്‍ -- അവ കീറിയെറിയുകയായിരുന്നു പതിവ്.

ഐഡന്റിറ്റി തെഫ്റ്റിനെ ഭയന്ന് തുടങ്ങിയപ്പോള്‍, പേപ്പര്‍ ഷ്രെഡ്ഡറൊരെണ്ണം വാങ്ങിക്കൊണ്ടു വന്നു.

മേശയിലൊരു വശത്ത് കൂടിക്കിടക്കേണ്ടുന്ന കടലാസ്സുകളില്‍ നിന്നും മോചനം. തപാലില്‍ വരുന്നവയും, പഴയ ബാങ്ക് സ്റ്റേറ്റ്‌മെന്റും, മറ്റ് കടലാസ്സുകളും -- ഇനി വേണ്ടെന്ന് തോന്നുന്നതെല്ലാം ക്രോസ്‌കട്ട് ഷ്രെഡ്ഡറിലേക്ക്.

കിടപ്പുമുറിയിലൊരു മൂലയ്ക്കിരിക്കുന്ന പച്ച നിറമുള്ള പെട്ടി ഇനിയൊന്ന്‌ തുറക്കണം. പത്തോളം വര്‍ഷങ്ങളായി താമസം മാറുന്നിടങ്ങളിലെല്ലാം കൂടെ അതുമുണ്ട്. എന്നോ വാരിനിറച്ച കടലാസ്സുകള്‍ മിനക്കെട്ടിരുന്ന ചികഞ്ഞു മാറ്റാന്‍ ഇനിയല്പം സമയം കണ്ടു പിടിക്കണം.

ആരവങ്ങളൊഴിഞ്ഞ ഒരു വാരാന്ത്യത്തില്‍ അയാളാ പെട്ടി തുറന്നു.

കഴിഞ്ഞ കാലജീവിതത്തിന്റെ തെളിവുകളായി, നിറം മങ്ങിത്തുടങ്ങിയ കടലാസ്സുകള്‍.

ആദ്യത്തെ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രൈവസി സ്റ്റേറ്റ്‌മെന്റ്, വൈദ്യുതി ബില്ല്, വീട്ട് വാടകയുടെ രശീത് എന്നു വേണ്ട, കുറെ വര്‍ഷങ്ങളിലെ കഥകള്‍ -- കഴിഞ്ഞകാല ജീവിതത്തിന്റെ തെളിവുകള്‍. അവയില്‍ ചിലതിന്റെ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.

നിറം മങ്ങിയ കടലാസ്സുകള്‍ ഓരോന്നായി ഷ്രെഡറിന്റെ വായിലേക്ക് തള്ളിവിട്ടു.

യന്ത്രം, കടലാസ്സിനെ ചവച്ചിറക്കി തുണ്ടങ്ങളാക്കുമ്പോഴത്തെ അരോചകമായ ശബ്ദം ക്രമേണ അയാള്‍ക്കിഷ്ടമായിത്തുടങ്ങിയിരുന്നു.

പണ്ടൊരു തേപ്പ്‌പെട്ടി മേടിച്ചതിന്റെ വാരന്റിയുടെ രേഖകള്‍ കൈയില്‍ പെട്ടു.

വാങ്ങിച്ചതിന്റെ മൂന്നാം മാസത്തിലത് ചീത്തയായതിനാല്‍ കളഞ്ഞെങ്കിലും, അതിന്റെ ബില്ലും മറ്റും ഇതു വരെയും സുരക്ഷിതം.

കിട്ടുന്നതെല്ലാം ഇങ്ങനെ സ്വരുക്കൂട്ടി വെച്ചാല്‍ ഇങ്ങനെയിരിക്കും. വേണ്ടാത്തവ കുമിഞ്ഞു കൂടും.

“ദൈവത്തെ മറന്ന് ജീവിക്കരുത്. യാത്രയും മറ്റും സൂക്ഷിച്ചും കണ്ടും വേണം... നിന്റെ കൂട്ടുകാര്‍ നല്ലവരാണെന്ന് കരുതുന്നു...”

ഏതോ നോട്ടുബുക്കില്‍ നിന്നും ചിന്തിയ താളുകള്‍. പിഞ്ചാറായ കടലാസ്സിലെ ‍ കറുത്ത അക്ഷരങ്ങള്‍. അമ്മ പണ്ടെഴുതിയ കത്താണ്.

വീട്ടുകാരയച്ച പഴയ കത്തുകള്‍ തിരഞ്ഞെടുത്ത് മാറ്റി വെച്ചു. ഒപ്പം, പിറന്നാളുകള്‍ക്കും, പുതുവത്സരങ്ങള്‍ക്കും, മറ്റാഘോഷങ്ങള്‍ക്കും വന്നെത്തിയ കാര്‍ഡുകളും.

ഏതോ ചാറ്റ്‌റൂമിലേറെ നാളൊരു പെണ്ണിനോട് അയാള്‍ സംസാരിച്ചത് കുറെയൊക്കെ അയാള്‍ പ്രിന്റ്‌ ചെയ്തു സൂക്ഷിച്ചിരുന്നു.

കൂടാതെ, പഴയ ടെലിഫോണ്‍ ബില്ലുകള്‍ -- ഒന്നിച്ചെടുത്ത് യന്ത്രത്തിന്റെ വായിലേക്ക് തിരുകി കയറ്റി കൊടുത്തു. അവയില്ലാതാകുന്നത് വല്ലാത്തൊരു സംതൃപ്തിയോടെ അയാള്‍ നോക്കിക്കണ്ടു.

ഓഹ്. അനുജത്തിയുടെ കല്ല്യാണക്കുറിയാണ്. അതുമെടുത്ത് മാറ്റി വെച്ചു. അതിനൊപ്പമുണ്ടായിരുന്ന, ആ യാത്രയുടെ വിമാനടിക്കറ്റിന്റെ സ്റ്റബ്ബ് കളയണം.

ഒടുവില്‍ ശേഷിച്ചത്, കത്തുകളും പഴയ ചിത്രങ്ങളടങ്ങിയ ഒരു കവറും.

രണ്ടു ട്രാഷ് ബാഗുകളിലായ്, കഴിഞ്ഞ പത്തു വര്‍ഷങ്ങളുടെ ചരിത്രങ്ങള്‍.

ഇവ കൊണ്ടുക്കളഞ്ഞിട്ടാവാം ബാക്കി.

തന്റെ ഭൂതകാലം, ഇതാ രണ്ട് പ്ലാസ്റ്റിക് സഞ്ചികളില്‍...

കൈയ്യിലുണ്ടായിരുന്നവ ഡം‌പ്‌സ്റ്ററിലേക്ക് നീട്ടിയെറിഞ്ഞിട്ടയാള്‍ തിരികെയെത്തി.

ഇനിയുമെന്തൊക്കെയുണ്ട് മാറ്റിവെയ്ക്കാന്‍?

കാലിയായ ആ പെട്ടി നിലത്ത് തുറന്ന് കിടക്കുന്നു. അതിന്റെ കറുത്ത ഉള്‍വശങ്ങളില്‍ പഴമയുടെ നേരിയ നിറഭേദങ്ങള്‍.

ഓര്‍മ്മകളൊഴിഞ്ഞ ഇതിനി ബാക്കി വെച്ചിട്ട്?

ദ്യോതകങ്ങള്‍ ഒന്നുമിനി വേണ്ട.

എവര്‍ഗ്രീന്‍ ചെടികള്‍ക്കിടയിലെ ഡം‌പ്‌സ്റ്ററില്‍ നിന്നും തിരികെ നടക്കവേ, പുതിയൊരു ഉന്മേഷം കൈവന്ന പോലെ.

എന്റെ വിവരക്കേടുകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സന്തോഷങ്ങള്‍ക്കും എല്ലാം തെളിവായ് ഞാന്‍ മാത്രം.

ഞാന്‍ മാത്രമാണ് ഇനിയെന്റെ ഭൂതം.

12 comments:

സു | Su said...

കടലാസും അതിടുന്ന പെട്ടിയും നശിപ്പിക്കാം. ഓര്‍മകളോ? അതെവിടെക്കൊണ്ടുപോയി നശിപ്പിക്കും? ഭൂതം, വര്‍ത്തമാനത്തിലും, ഭാവിയിലും കൂടെത്തന്നെ ഉണ്ടാകും. അതുകൊണ്ട് ഭൂതത്തെ നല്ലതും കനം കുറഞ്ഞതും ആക്കാന്‍ ശ്രമിക്കാം.

Reshma said...

good read.a note on past posted in the future? maLayaLam ezhuthu kundhrandangaL thalkalam illa, kshamikkuka.

സാക്ഷി said...

വിളിച്ചുണര്‍ത്താന്‍ അലാറങ്ങളില്ലാതെ വരുമ്പോള്‍ ഓര്‍മ്മകളെ നമുക്ക് ഉറക്കിക്കെടുത്താമല്ലോ സൂ.
നന്നായിട്ടുണ്ട് ഏവൂരാന്‍

വര്‍ണ്ണമേഘങ്ങള്‍ said...

നിറം മങ്ങിത്തുടങ്ങിയ കടലാസ്‌ കഷണങ്ങൾക്ക്‌ ഒരുപാട്‌ പറയാനുണ്ടാകും ചിലപ്പോ..!
ചിരികളും,ചിന്തകളും,ചിത്രങ്ങളും,ചിപ്പിയിലൊളിപ്പിച്ച ഓർമകളും....
അങ്ങനെ....!

അരവിന്ദ് :: aravind said...

നല്ല എഴുത്ത്.എന്നത്തെയും പോലെ.

ഉമേഷ്::Umesh said...

ഏവൂരാന്‍ അമേരിക്കയുടെ പശ്ചാത്തലത്തിലെഴുതുന്ന കഥകള്‍ എനിക്കു വളരെ ഹൃദ്യമായിത്തോന്നുന്നു. ഇത്തരത്തില്‍ അധികം കഥകള്‍ കാണാത്തതുകൊണ്ടാവാം.

നല്ല കഥ, ഏവൂരാനേ.

ശനിയന്‍ \OvO/ Shaniyan said...

അനന്തം, അജ്ഞാതം അവര്‍ണ്ണനീയം,
ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം..

സന്തോഷ് said...

ഹൃദ്യം. ഓരോ തുണ്ടുകടലാസും ഷ്രെഡറിലേയ്ക്ക് തിരുകുമ്പോള്‍ ഭൂതത്തെ ഓര്‍ക്കുന്നു, ഇപ്പോള്‍.

നമ്മെളെല്ലാം കടന്നുപോകുന്നത് സമാനമായ അനുഭവങ്ങളിലൂടെയാണെന്നോര്‍ത്ത് വിസ്മയം കൊള്ളുന്നു.

സസ്നേഹം,
സന്തോഷ്

ഡ്രിസില്‍ said...

Quoting Micheal Jackson..
" EveryDay Create Your History "
നല്ല എഴുത്ത് ഏവൂരാന്‍.എന്നത്തെയും പോലെ.

സൂഫി said...

ഏവൂ... തെളിമയാര്‍ന്ന ചിന്ത! നന്നായിരിക്കുന്നു.
ഭൂതകാല ഓര്‍മ്മകളെ ഷ്രെഡറിന്റെ വായിലേക്കു തള്ളി വിട്ട്‌ യന്ത്രത്തിന്‌ ചവക്കാന്‍ കൊടുക്കുമ്പോഴും, അയവിറക്കാന്‍ ഒരു പിടി ഓര്‍മ്മകള്‍ നിങ്ങളൂടെ മനസ്സിന്റെ മടക്കുകളില്‍ അവശേഷിക്കും.. അതാണ്‌ യഥാര്‍ത്ഥ ഭൂതം..

കീരിക്കാടന്‍ said...

വളരെ നന്നായിട്ടുണ്ട്‌.You displayed your class!

retarded said...

assalaayi