Saturday, March 18, 2006

കൊടും‌കെട്ട്

ചാമി ആവുന്ന പോലൊക്കെ നോക്കി. രക്ഷയില്ല.

ഈ കെട്ടഴിയുന്ന മട്ടില്ല.

ഇതാവണം ഒടുക്കത്തെ കെട്ടെന്നൊക്കെ പറയുന്നത്.

ചേറും അഴുക്കും പുരണ്ട തടിച്ച കൈവിരലുകള്‍ കൊണ്ട് ഒരിക്കല്‍ കൂടി ചാമി ശ്രമിച്ചു. ഇല്ല, വലം ചുറ്റി താഴേക്ക് പോകുന്ന കയറഴിയുന്നില്ല. വഴുക്കുകയും ചെയ്യുന്നു.

നിസ്സഹായനായ്, ചാമി തോല്‍‌വി സമ്മതിച്ചു. ഇനി തനിക്ക് വയ്യ.

ആരോടും മിണ്ടില്ല ചാമി. ശേഷി നഷ്ടപ്പെട്ടിട്ടൊന്നുമില്ല, സംസാരിക്കാറില്ല, അത്രമാത്രം.

എന്നും രാവിലെ ചായക്കടയുടെ മുമ്പില്‍ വന്നൊരു നില്പുണ്ട് -- എന്തെങ്കിലും കഴിക്കാനും കുടിക്കാനും കിട്ടുന്നതു വരെ. ആരെങ്കിലും ചിലപ്പോള്‍ കഷ്ടം തോന്നിയെന്തെങ്കിലും ലൊട്ട് ലൊടുക്ക് ജോലികളും അവിടെ വെച്ച് ഏല്പിക്കുമായിരുന്നു.

ചാമിക്ക് കിറുക്കുണ്ടെന്ന് പിള്ളേര്‍ പറയുമെങ്കിലും, കിറുക്കുണ്ടെന്ന് ചാമിക്ക് തോന്നിയിട്ടില്ല. ആരോടുമൊന്നും ഉരിയാടില്ല എന്നു മാത്രം.

മുക്കിനെ ഹൈസ്കൂളില്‍ എട്ടാം തരം വരെ പഠിച്ചയാളാണ് ചാമി. അറിയാമോ? പെറ്റമ്മ ചത്തതോടെ ചാമിയൊറ്റയ്ക്കായി. അതോടെ പഠിപ്പും നിര്‍ത്തി.

സിദ്ധന്‍ രായരാണ് ചാമിക്ക് ആദ്യമായ് കഞ്ചാ‍വ് കൊടുത്തതത്രെ.

പിന്നെ, ദാ, ഈക്കാണുന്ന നിലയിലായി -- മുടി മുറിച്ചിട്ട് വര്‍ഷങ്ങളായ്, കൈനഖങ്ങള്‍ നീണ്ട്, ഏച്ചു കെട്ടിയ ഒരു കൈലി മുണ്ടും, ബട്ടണുകളൊന്നുമില്ല്ലാത്ത, ആരോ കൊടുത്ത ഒരു പഴഞ്ചന്‍ ഷര്‍ട്ടും വേഷം. താമസം, താഴെ തോട്ടരികിലെ വലിയ പാറപ്പുറത്തും. തോടിനരികെ ജീവിതമെങ്കിലും, ചാമി കുളിക്കാറുമില്ല.

മറ്റുള്ളവര്‍ ചെയ്യാനറയ്ക്കുന്ന ജോലികളുണ്ടെങ്കില്‍, ചാമിയെത്തേടി ആളെത്തുകയായി. തൂങ്ങിച്ചത്തവരെ താഴെയിറക്കല്‍, കക്കൂസ് നന്നാക്കല്‍ അങ്ങനെയുള്ള തമോ വിഭാഗം പണികള്‍ ചാമിയുടെ സ്വന്തം തട്ടകമാണ്.

മിനിഞ്ഞാന്ന് വൈകുന്നേരം പാറപ്പുറത്ത് മലര്‍ന്ന് കിടന്നുറങ്ങുമ്പോഴാണ് ചാമി പാദസ്വരങ്ങളുടെ കിലുക്കം കേട്ടുണര്‍ന്നത്. താഴെ, വരമ്പിലൂടെ വല്ലപ്പോഴുമൊക്കെ ആള്‍ക്കാര്‍ സഞ്ചരിക്കാറുണ്ടെങ്കിലും, ഇത്രയും ഉച്ചത്തില്‍ പാദസ്വരങ്ങളുടെ ശബ്ദം താന്‍ ഇതു വരെ ഈ വശത്ത് കേട്ടിട്ടില്ല.

നോക്കുമ്പോഴുണ്ടൊരു പെണ്‍കൊച്ച് മുന്നില്‍. അവളുടെ പിന്നിലൊരു ബാലനുമുണ്ട്.

ഒരുമാതിരിയുള്ളവരൊന്നും ചാമിയുടെ ഏഴയലത്തു പോലും നില്‍ക്കില്ല. ബോധമില്ലാത്തവനെന്ന സ്ഥാനപ്പേരും, കടുത്ത നാറ്റവും തന്നെ കാരണം.

ഇതെന്തു മാരണം? ചാമി ചാടിയെഴുന്നേറ്റു.

കൂടെയൊരു ആടുമുണ്ട്. പന്നീര്‍‌മുള്‍ച്ചെടികള്‍ക്കിടയില്‍, ആടിനെ തീറ്റാനിറങ്ങിയതാവണം.

“ചേച്ചീ...? ബാ..!, നമുക്ക് പോകാം...!!” ചെറുക്കന്റെ ശബ്ദത്തില്‍ ഭയവിഹ്വലത.

അവളാകട്ടെ, പുഞ്ചിരിയോടെ തന്നെ നോക്കി നില്‍ക്കുകയാണ്.

ഇത്രയുമടുത്തൊരു മനുഷ്യദേഹം കാണുന്നത്, കഴിഞ്ഞയാഴ്ച വെട്ടിയത്ത് തൂങ്ങിച്ചത്ത മനുഷ്യന്റെയാണ്.

ഇവള്‍ക്ക് പേടിയുമില്ലേ?

പേടിയ്ക്കുമോ എന്നൊന്നറിയണമല്ലോ?

നിന്നനില്‍പ്പില്‍ ചാമിയൊരു ചാട്ടം. ഭീതിദമായൊരാക്രോശത്തോടെ പെണ്‍കുട്ടിയെ കെട്ടിപ്പുണര്‍ന്നു.

“ഹയ്യോ...!! ഓടിവരണേ...!! ചാമി ചേച്ചിയെ കൊല്ലുന്നേ...!!” ചെക്കന്‍ അലറിവിളിച്ചു കരഞ്ഞുകൊണ്ട് ചാമിയെ തള്ളിമാറ്റാന്‍ തുടങ്ങി.

തന്നോട് ചേര്‍ത്തുവെച്ചവളെ ഞെരിച്ചു ചാമി.

ഒടുവില്‍, ചാമി കൈയ്യയച്ചപ്പോള്‍ ഒരുതരത്തിലവള്‍ ചാമിയെ തള്ളിമാറ്റിയോടി. കൂടെ ആ ചെറുക്കനും.

ചാമി ഒരു ചെറുചിരിയോടെ വീണ്ടും പാറപ്പുറത്ത് നിവര്‍ന്നു കിടന്നു.

അവളു പേടിച്ചു..!! കഴുവേറി..!!

ചാമി കിതപ്പടക്കവെ, കുറ്റിക്കാടുകള്‍ വകഞ്ഞു മാറ്റി കുറെയാള്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടു.

“വിടരുതവനെ...!!”

“മിണ്ടാനും പറയാനും വയ്യാത്ത കൊച്ചിനോടാണോ അവന്റെ പരാക്രമം...!?”

അതിലൊരുവന്‍ അടുത്തേക്ക് വരുന്നു. കൈയ്യില്‍ കടലാവണക്കിന്റെയെന്ന് തോന്നുന്നു, ഒരു പത്തലമുണ്ട്.

മുഖമടച്ച് അടിവീണു. നിലത്ത് വീണുപോയി, ചാമി.

“നീയെന്റെ പെങ്ങളെക്കേറി പിടിക്കും, അല്ലേടാ...??”

അടി.

“അതും, ഒരു ഊമക്കൊച്ചിനെ...?! നായേ..?” വേറൊരുത്തന്‍.

വീണ്ടും അടി വീണു.

കൂട്ടത്തില്‍ വന്നവരെല്ലാം ചേര്‍ന്നു തല്ലു തുടങ്ങി.

കിട്ടിയ വിടവിലൂടെ ചാമി ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

“ചിറ്റപ്പാ..! വിടരുതവനെ...!! അടിയവനെ...!!”

ഒരലവാങ്ക് കണ്ണിനു് നേരെ ചീറിവരുന്നത് കണ്ടു. തല ചെരിച്ചതിനാല്‍, കണ്ണിലടി വീണില്ല.

പിന്നെയൊന്നും ഓര്‍മ്മയില്ല.


ദേഹമാസകലം വേദന. ചെവികള്‍ക്കരികില്‍ ഈച്ചയാര്‍ക്കുന്ന സ്വരം.

കണ്ണ് തുറന്നപ്പോള്‍ വാര്യത്തെ പറമ്പിലെ മുള്ളുമുരിക്കിനോട് ചേര്‍ത്തു തന്നെ മരംകയറാനെന്ന പോലെ പിറന്നപടി കയറ്റിയിരുത്തി , കെട്ടിയിരിക്കുകയാണെന്ന് ചാമിയറിഞ്ഞു.

വീണ്ടും ബോധം മറഞ്ഞ ചാമി, ഏറെ നേരം അങ്ങനെ കിടന്നു.

നേരം രാത്രിയായി.

നിലാവുണ്ട്.

മേലെ കയ്യാലയില്‍ രണ്ട് കാട്ട്‌മുയലുകള്‍. അതിലൊന്ന് കുറേ നേരം ഇങ്ങോട്ട് നോക്കിനില്‍ക്കുന്നത് ചാമിയ്ക്ക് കാണാമായിരുന്നു.

അല്പനേരം കഴിഞ്ഞപ്പോള്‍, അവ തങ്ങളുടെ പാട്ടിന് പോയി.

കൈത്തണ്ടയെങ്കിലും അഴിച്ചെടുക്കാന്‍ ചാമി നോക്കി. രക്ഷയില്ല.

പകലായി.

നേരം മാറി, ഉച്ചയായി.

ഉച്ചയ്ക്ക് സ്കൂളില്‍ നിന്നും ചോറുണ്ണാന്‍ പോയ പിള്ളേര്, ചാമിയെക്കളിയാക്കി, കൂക്കി വിളിച്ചു, കല്ലുകള്‍ വലിച്ചെറിഞ്ഞു.

ചാമി ഞരങ്ങിക്കൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചു.

ഇടയ്ക്കിടെ ചാമി കെട്ടഴിക്കാന്‍ ശ്രമിച്ചെങ്കിലും, കൊടുംകെട്ടഴിയുന്നില്ല.

വെയില്‍ മങ്ങി, നിഴലു മാറി.

ഇനി വയ്യ.

ഇനിയും ഇവിടെക്കിടന്നാല്‍ താന്‍ ചത്തുപോകും.

താഴെ, വരമ്പിലൂടെ ആരോ പോകുന്ന പോലെ. ബീഡിപ്പുകയുടെ മണം.

ശ്വാസം അകത്തേക്കാഞ്ഞു വലിച്ചു. വാരിയെല്ലുകള്‍ നോവുന്നു.

എന്നിട്ട് അലറിക്കരഞ്ഞു

“എന്നെയൊന്നഴിച്ചു വിടോ...!! അയ്യോ...!!”

“ഞാന്‍ ചത്തുപോകുമേ...!!”

വര്‍ഷങ്ങളാ‍യി താന്‍ പോലും കേള്‍ക്കാതിരുന്ന സ്വരം. ചാമി പൊട്ടിക്കരഞ്ഞു പോയി.

ചാമിയെ അഴിച്ചു വിടാന്‍ അപ്പോഴും ആരും വന്നില്ല.

ഈ കെട്ടഴിയുന്ന മട്ടില്ല. ഇത് കൊടുംകെട്ടാണ്.

19 comments:

വക്കാരിമഷ്‌ടാ said...

ഏവൂരാനേ...

വല്ലാത്തൊരു ശ്വാസം മുട്ടൽ, വായിച്ചു കഴിഞ്ഞപ്പോൾ. ഭൂതക്കണ്ണാടി സിനിമ കണ്ടപ്പോളത്തെ ഒരു പ്രതീതി.

നന്നായീന്ന് പ്രത്യേകം പറയേണ്ടല്ലോ

kumar © said...

ഏവൂരാന്‍, ഇത് കൊടുംകെട്ടാണ്. വല്ലത്തൊരുകെട്ട്!

ദേവന്‍ said...

ഏവൂരാനേ,
കടുവാ പാപ്പന്റ്റെ പോര്‍ട്രെയിറ്റ് പോലെ തോന്നുന്നു. യാദൃശ്ചികമാണോന്നറിയില്ല, ഒരു സമയത്ത് ഒന്നൊന്നര മാസം പത്രങ്ങളില്‍ മുന്‍പേജില്‍ വരാറുണ്ട്ഗായിരുന്ന വാര്‍ത്തകളില്‍ നിറഞ്ഞ പാപ്പനെ ഭീകരനാക്കിയതും കൊലയാളിയാക്കിയതും ആത്മഹത്യ ചെയ്യിച്ചതുമൊക്കെയോര്‍ത്തു ഇതു വായിച്ചപ്പോള്‍

സാക്ഷി said...

അലസമായി പറഞ്ഞുപോയിരിക്കുകയാണെങ്കിലും വല്ലാതെ മനസ്സില്‍ തട്ടുന്നുണ്ട്.

ചില നേരത്ത്.. said...

ചാമിയുടെ ഭൂതകാലത്തേക്ക് ഏവൂരാന്‍ കൊണ്ടു പോയിരിക്കുന്നത് മനോഹരമായി.
കഥ പറഞ്ഞ രീതിയും.

വിശാല മനസ്കന്‍ said...

ബന്ധനസ്ഥനായ ആ സാധുവിന്റെ, ചാമിയണ്ണന്റെ തേങ്ങല്‍ എന്നെ അസ്വസ്ഥനാക്കുന്നു.

എവൂരാനേ.. എന്നാ കെട്ടാണാശാനേ കെട്ടിയത്! റ്റച്ചിങ്ങ്. നൈസ് പോസ്റ്റ്.

സു | Su said...

ഇതിനാ പറയുന്നത് ആവശ്യമില്ലാത്തിടത്ത് പരീക്ഷണം നടത്തരുതെന്ന്.

അതുല്യ said...

ഇത്രയുമടുത്തൊരു മനുഷ്യദേഹം കാണുന്നത്, കഴിഞ്ഞയാഴ്ച വെട്ടിയത്ത് തൂങ്ങിച്ചത്ത മനുഷ്യന്റെയാണ്.!!!

Great peice Evuraan, great peice!! (but it disturbed my peace.)

.::Anil അനില്‍::. said...

നേരില്‍ കണ്ടപോലെ ഏവൂരാനേ. :)

നീര്‍മാതളം പൂത്തപോലുള്ള കാലത്തെ ഓര്‍മ്മയില്‍ നിന്നു ചികഞ്ഞടുത്ത സംഭവമാവും അല്ലേ?
--
പാദസരം.

ശനിയന്‍ \OvO/ Shaniyan said...

നമോവാകം.....

കണ്ണൂസ്‌ said...

നന്നായിരിക്കുന്നു.

ഉമേഷ്::Umesh said...

കുറെക്കാലമായി കാണാനില്ലാതിരുന്ന, ആ പഴയ ഏവൂരാനെ ഈ കഥയില്‍ വീണ്ടും കാണുന്നു.

കഥ വായിക്കുമ്പോള്‍ അസ്ഥിക്കുള്ളിലൂടെ കാളിക്കയറുന്ന ആ അനുഭവം പുനത്തില്‍ കുഞ്ഞബ്ദുള്ളയിലല്ലാതെ (കുറച്ചൊക്കെ എം. പി. നാരായണപിള്ളയിലും) ഞാന്‍ മലയാളത്തില്‍ ഏവൂരാനിലേ കണ്ടിട്ടുള്ളൂ.

നന്നായിരിക്കുന്നു. ഏവൂരാന്റെ ഓരോ കഥയും ഓരോ ക്രാഫ്റ്റ് ആണു്. തുടക്കവും പ്രതിപാദ്യവും ഭാഷയും ഒടുക്കവും എല്ലാം.

യാത്രാമൊഴി said...

കഥയുടെ മര്‍മ്മമറിഞ്ഞ പ്രതിഭയുടെ നിഴലാട്ടം ഏവൂരാന്റെ രചനകളിലുണ്ട്.

അരവിന്ദ് :: aravind said...

നല്ല കഥ..ഏവൂരാന്‍..മനസ്സില്‍ പതിയുന്നത്.
അഭിനന്ദനങ്ങള്‍.

പെരിങ്ങോടന്‍ said...

ഏവൂരാനെ,
ഓരോ വരികളിലും കഥ വളരുന്നുണ്ടു്. ഒടുക്കമത് തീയായ് പടര്‍ന്നുണ്ടു്. പഴയ കഥകളില്‍ നിന്നു വ്യത്യസ്തമായി സവിശേഷതകള്‍ ഒന്നും കാണാതിരുന്നതിനാലാണു് കമന്റ് ചെയ്യാതിരുന്നതു്.

ഉമേഷ്,
എം.പിയുടെ ഉത്തമര്‍ണ്ണന്‍ അധര്‍മണ്ണന്‍ എന്നീ കഥകള്‍ വായിച്ചിട്ടുണ്ടോ? നാരായണപ്പിള്ള‍ സ്പെസിമെന്‍ എന്നു പറയാവുന്ന തരം കഥകള്‍ ആണ് അവ രണ്ടും.

സന്തോഷ് said...

കെട്ടിയിട്ടിരിക്കൂന്ന ചാമി ഒരു ഭാരമായി നെഞ്ചില്‍ നിറയുന്നു. ഏവൂരാന്‍, അഭീനന്ദനങ്ങള്‍.

സസ്നേഹം,
സന്തോഷ്

സൂഫി said...


ഏവൂരാനേ..
താങ്കളുടെ കടുംകെട്ടില്‍ ചാമി സുരക്ഷിതമായിരിക്കുന്നു..
വക്കാരിയനുഭവിച്ച അതേ ശ്വാസം മുട്ടല്‍ വാരിയെല്ലു നുറുങ്ങുന്നതു വരെ എന്നെയും വരിയുന്നു. മുള്ളു മുരിക്കിലുരഞ്ഞെന്റെ മേലു നീറുന്നു...

കീപ്പിറ്റപ്പ്‌!

Inji Pennu said...

Stephen King -ന്റെ Green Mile-ല്‍ ഇങ്ങിനൊരു കഥയുണ്ട്... വായിച്ചിട്ടുണ്ടൊ? ഒരു കറമ്പനെ വെള്ളക്കാരെല്ലം ഇതു പോലെ തല്ലുന്ന ഒരു വല്ലാത്ത കഥ.... ദിസ് റിമൈന്‍ഡ് മീ ഓഫ് ദാറ്റ്.... :(

സിബു::cibu said...

ഇതൊന്നും കഥയിലല്ലാതെ ജീവിതത്തിലും സംഭവിച്ചിരുന്നു ഒരുകാലത്ത്‌. ഇനിയും സ്റ്റാമിനയുണ്ടെങ്കില്‍ ചിക്കാഗോ പബ്ലിക് റേഡിയോയില്‍ വന്ന ഈ സംഭവങ്ങള്‍ കേള്‍ക്കൂ
det