Thursday, May 25, 2006

പെണ്‍‌പുലി

ഇടയ്ക്കുണര്‍ന്നപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

മൂടിക്കെട്ടിയ ആകാശം. വിദൂരത്തില്‍, ചാരനിറത്തിലെ കനത്ത മേഘങ്ങള്‍ക്കടിയില്‍ നഗരത്തിലെ അംബരചുംബികള്‍ കാണായി.

ഒരു ഡൌണ്‍‌ടൌണ്‍ കൂടി, ഇത് വില്‍മിങ്ങ്ടണ്‍ ആവണം, താ‍മസിയാതെ കടന്നു പോകും.

ഇടത്ത്, അവള്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. തിരക്കുള്ള ഇന്റര്‍‌സ്റ്റേറ്റ് ഹൈവേയാണ്.

ഉണര്‍ന്നതിറിഞ്ഞവള്‍ ചോദിച്ചു, “ഡിഡ് യാ സ്ലീപ് വെല്‍? ഹൌയൂ ഫീലിന് നൌ..?”

“നോട് ബെറ്റര്‍, സ്റ്റില്‍ ഫീലിന് ലൈക്ക് ഷിറ്റ് ...! ”

“ഡൂ യൊ വാണ്ട് സം മോര്‍ കഫ്‌ഡ്രോപ്സ്?”

കുരയ്ക്കുന്നത് പോലെയുള്ള ചുമ ഇപ്പോളില്ല. വേണ്ട.

“നാഹ്.. ഐ ആം ആള്‍‌റൈറ്റ്..!”

വെളുപ്പിനെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്, ഇപ്പോള്‍ നേരം പുലര്‍ന്ന് ഏഴു മണിയായി. ഇനിയും ഒരു മണിക്കൂര്‍ കൂടി ബാക്കിയുണ്ട്.

ഇന്നലേ ഇറങ്ങണമെന്ന് കരുതിയതാണ്. അസ്വാസ്ഥ്യം കൂടുതലായതിനാല്‍, ഇന്ന് രാവിലത്തേക്കാക്കി. അഞ്ചിനിറങ്ങിയാല്‍, ട്രാഫിക്കും കുറവാകും. അവിടെയെത്തി ഒരുങ്ങി പുറപ്പെടാന്‍ ആവശ്യം പോലെ സമയവുമുണ്ട്.

ചടങ്ങ് പതിനൊന്നരയ്ക്കാണ്.

ഇടയ്ക്ക് എന്റെ നില വഷളാകുകയാണെങ്കില്‍, നിലയ്ക്കാത്ത ചുമ ശല്ല്യപ്പെടുത്തുന്നുവെങ്കില്‍, എനിക്ക് പോകാതെയും കഴിക്കാം എന്ന് കൂട്ടിയിരുന്നു മനസ്സില്‍. അവള് തിരികെ വരുന്നത് വരെയവിടെ ടീവി കണ്ടോ ഉറങ്ങിയോ നേരം പോക്കിയാല്‍ മതിയല്ലോ.

നേരത്തെ കണ്ട കെട്ടിടങ്ങള്‍ ഇപ്പോളേറെ അടുത്തായിരിക്കുന്നു. എക്സിറ്റ് ഫലകങ്ങളില്‍ കണ്ടു, വില്‍‌മിങ്ങ്ടണ്‍ തന്നെ.

യാത്ര മടുത്തു കഴിഞ്ഞതിനാലാവണം, കൂടുതല്‍ താത്പര്യം തോന്നിയില്ല. അല്പം മൂത്രശങ്കയുമില്ലേ?

ഡാഷിലേക്ക് നോക്കി. സ്പീഡോമീറ്ററിന്റെ ചുവന്ന നിറമുള്ള സൂചി തൊണ്ണൂറ് മൈലിനടുത്ത്‍ തത്തിക്കളിക്കുന്നു. പറത്തുകയാണവള്‍. അന്‍പത്തഞ്ചാണ് ലീഗല്‍ ലിമിറ്റ് -- പെണ്ണാണെന്നൊരു ബോധം വേണ്ടേ?

“ങ്ഹും..? വാട്ട്..? ” ചോദ്യരൂപേണയവള്‍.

“ഒന്ന് പതുക്കെ പോടീ.. വല്ല പോലീസുകാരനും ഒരു ടിക്കറ്റ് തരണമെന്ന് തോന്നിയാല്...?”

“അതിനല്ലേ ഇയാള്‍ റഡാര്‍ ഡിറ്റക്ടര്‍ വാങ്ങിപിടിപ്പിച്ചിരിക്കുന്നത്..?” വിന്‍ഡ്‌സ്ക്രീനില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിറ്റക്ടറിനെ ചൂണ്ടിയവള്‍ പറഞ്ഞു.

“യേഹ്... ബട്ട് ജസ്റ്റ് സ്ലോ ഡൌണ്‍... വില്‍‌ യാ..?”

പറഞ്ഞു തീര്‍ന്നില്ല, ചുമ പൊട്ടി.

തുലച്ചു, ഇനിയിതെപ്പോഴൊന്ന് ഒതുങ്ങുമോ ആവോ...

രണ്ടാഴ്ചയായി, ചുമ പിടിച്ചിട്ട്. ആദ്യമൊന്നും സാരമാക്കിയില്ല, പിന്നീടാണ് വഷളായത്. ചുമയോട് ചുമ, നിര്‍ത്താതെ.

ഡോക്ടറെ കണ്ടപ്പോള്‍ അവരു പറഞ്ഞത്, ഒരുതരം സീസണല്‍ വൈറസ്സാണ്, അങ്ങ് പൊക്കോളുമെന്നാണ്. എന്നിട്ടിപ്പോള്‍ ജോലിയ്ക്ക് ചെന്നിട്ട് രണ്ട് ദിവസമായിരിക്കുന്നു.

ഭീതി തന്നെയാണ് ഇന്നത്തെ ചടങ്ങിന് പോകണോ വേണ്ടയോ എന്ന ശങ്കയ്ക്കും ആധാരം. പൊലിമയുള്ളോരു വിവാഹ നിശ്ചയത്തിനിടയില്‍, നിര്‍ത്താതെ കുരയ്ക്കുന്ന ചോദ്യചിഹ്നമാവാനൊരു മടി, നാണക്കേട്.

അവളുടെ കൂട്ടുകാരിയാണ്, കുട്ടിക്കാലം മുതല്‍ക്കേയുള്ള കൂട്ടുകെട്ടാണ്, വയ്യെങ്കിലും ചെന്നെത്തണം, പോയേ പറ്റൂ, അതു നമ്മളുടെ കടമയാണ് -- എതിര്‍വാദങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കേണ്ടി വന്നു.

തയാര്‍. ഒരു നിബന്ധനയിന്മേല്‍ -- സ്യൂട്ടിടുന്ന പ്രശ്നമില്ല. വയ്യാ, അതിനകത്തിരിക്കാന്‍.

ഓക്കെ. പെന്‍‌ഗ്വിന്‍ കോട്ട് വേണ്ട, ഫോര്‍മല്‍ വേഷം മതിയെന്ന് അവളും സമ്മതിച്ചു. ഇതിനായ്, എനിക്കേറ്റവും ചേരുന്ന ഡ്രസ്സുമെടുത്തവള്‍ മാറ്റിവെച്ചു.

എക്സ്പെക്റ്റോറന്റ് ഒരെണ്ണം എടുത്തിട്ടുണ്ട് -- അതിന്റെ വീര്യത്തിലാകുമ്പോള്‍ വണ്ടിയോടിക്കരുതെന്ന് മുന്നറിയിപ്പ് വലിയ അക്ഷരങ്ങളില്‍ തന്നെയുണ്ട്.

പെണ്ണും ചെറുക്കനും -- നല്ല ചേര്‍ച്ചയുള്ള ജോടികള്‍.

ചുമയൊതുക്കി, ശ്വാസം പിടിച്ചിരുന്നു, തീരുന്നതു വരെ.

ചടങ്ങ് ഗംഭീരമായിരുന്നു. തുടര്‍ന്നുണ്ടായ വിരുന്നും കേമം.

ഇടയ്ക്ക് കിട്ടിയ അല്പനേരത്ത് പ്രതിശ്രുത വരനോടും വധുവിനോടും സംസാരിക്കാനും, ഒപ്പം നിന്ന്‌ ചിത്രങ്ങളെടുക്കാനും പറ്റി.

മേലാഞ്ഞിട്ടും ചെന്നെത്തിയതിന് നിശ്ചയം കഴിഞ്ഞ പെണ്ണൊരു കെട്ടിപ്പിടിയും തന്നു.

ചുമ പകരുമെന്ന് പറഞ്ഞപ്പോള്‍ ഒന്നൂടെയും തന്നു.

സന്തോഷത്തിന്റെ നിമിഷങ്ങള്‍...

“ശ്ശെ... വന്നില്ലായിരുന്നെങ്കില്‍ മോശമായി പോയേനേ...” ഞാന്‍ സമ്മതിച്ചു.

“ഞാന്‍ പറഞ്ഞില്ലായിരുന്നോ, അതങ്ങനെയേ വരൂ...!” അവള്‍ക്ക് താന്‍ പിടിച്ച മുയലിന് കൊമ്പ് കിളിര്‍ത്തതിന്റെ ആഹ്ലാദം.

“ഹളോ...!!”

മദ്ധ്യവയസ്കനൊരാള്‍ ഞങ്ങളോട് സംസാരിക്കാനെത്തി.
പിന്നാലെ, സാരിയില്‍ പൊതിഞ്ഞ, ആടയാഭരണങ്ങളാലാഭൂഷിതയായ ഒരു സ്ത്രീയും.

ഓഹ്. ഇങ്ങോട്ട് വന്ന് പരിചയപ്പെടാനിറങ്ങിയതാണ്.

ഉപചാരങ്ങള്‍ക്ക് ശേഷം, അയാള്‍ സംസാരം തുടങ്ങിയപ്പോള്‍, എല്ലാം തികഞ്ഞ ഭാവം ഓരോ വാക്കിലും.

ഇവര്, വിട്ട് പോകുന്ന മട്ടില്ല. നാട്ടിലണ്ടിയും പെറുക്കി നടന്നവരെങ്ങനെയോ കടലു കടന്നെത്തിയതാണെന്ന തോന്നല്‍ മനസ്സിലുറച്ചു.

ഒന്ന് ബാത്ത്‌റൂമില്‍ പോയ്‌വരാമെന്ന ഉപാധിയോടെ ഞാന്‍ മുങ്ങി.

ആ സ്ത്രീ അവളെ വിടാനുള്ള ഭാവമില്ല.
തിരികെ വന്നപ്പോള്‍, അവളുടെ മുഖം കറുത്തിരിക്കുന്നു, മദ്ധ്യവയസ്ക്കനും ഭാര്യയും വേഗം നടന്നകലുന്നു; എന്തോ കുഴപ്പമുണ്ട്.

അവരു ചോദിച്ചത്രേ, ഭര്‍ത്താവെന്താ സ്യൂട്ടിടാഞ്ഞത്, ഭാര്യയല്ലേ അതൊക്കെ നിര്‍ബന്ധിക്കേണ്ടത്, അറ്റ്ലീസ്റ്റ് ഒരു ടൈയെങ്കിലും?, എന്നൊക്കെ.

എത്ര നോക്കിയിട്ടും ഒഴിവാക്കാന്‍ പറ്റാഞ്ഞ്, ഒടുക്കമവള്‍ക്ക് ചോദിക്കേണ്ടി വന്നത്രേ:

“ഞങ്ങളെ വിളിച്ചവര്‍ക്ക് അതു കൊണ്ട് കുഴപ്പമില്ല, ദോസ് റ്റു ഹൂ ജസ്റ്റ് ഗോട്ട് എന്‍‌ഗേജ്ഡ് ഹാവ് നോ പ്രോബ്ലം ഈതര്‍...!! യെറ്റ്, യൂ ഹാവ് ഇഷ്യൂസ് വിത്ത് ഹിസ്‍ ഡ്രെസ്സ്..., ബട്ട് ദെന്‍ ഹൂ ദ ഫക്ക്‍ ആര്‍ യൂ..?”


സമര്‍പ്പണം: എന്റെ പെണ്‍‌പുലിയ്ക്ക്

18 comments:

ഉമേഷ്::Umesh said...

ജാസ്‌മിന്‍ പുലിക്കു കൊടു കൈ!

prapra said...

ചിലര്‍ ഇങ്ങനെയാ, എനിക്ക്‌ കിട്ടേണ്ട തെറി ഇങ്ങ്‌ തന്നേര്‌ എന്നും പറഞ്ഞ്‌ പറ്റി കൂടും. നമ്മള്‍ കണ്ടറിഞ്ഞ്‌ കൊടുക്കണം, എന്നാലേ അടങ്ങൂ.

ചുമ സീസണ്‍ എന്നെയും കഷ്ടപ്പെടുത്തുന്നു.
കുരുമുളക്‌ ചവച്ച്‌ ഇറക്കി നോക്കൂ, നല്ല വ്യത്യാസം ഉണ്ട്‌.

Kuttyedathi said...

മിടുമിടുക്കി ജാസ്മിന്‍. അമേരിക്കയില്‍ ജനിച്ചു വളറ്ന്നതാണെങ്കിലെന്താ, ജാസ്മിന് പുല്ലിയല്ലേ ? മലയാളം പള്ളിയില്‍ പോകുന്നതു തന്നെ നിറുത്തിയതീ ഒറ്റ ക്കാരണത്താലാണു. നാട്ടില്‍ കൈലിമുണ്ടും ഉടുത്തു നടന്നവനും ഇവിടെ വന്നാല്‍ പള്ളിയില്‍ സ്യൂട്ടേ ഇടൂ. പെണ്ണുങളുടെ വക സാരി ഫാഷ്യന്‍ ഷോയും ആഭരണാ പ്രദര്‍ശനവും വേറേ.

പള്ളിയിലൊക്കെ പോകുമ്പോള്‍ സിമ്പിളായിട്ടല്ലേ, നമ്മള്‍ നാട്ടില്‍ പോകാറു ? കഴിയുമെങ്കില്‍ മുണ്ടൊക്കെ ഉടുത്ത്. മലയാളിക്കെവിടുന്നോ ഈ ജാഡ ?

ചുമ ഇവിടെയും കലശലായുണ്ടു. റോബിറ്റൂസിന്‍ എന്ന കഫ് സിറപ് ഫലിക്കുന്നുണ്ടു.

ശനിയന്‍ \OvO/ Shaniyan said...

കാഷ് കൊടുത്ത്, സ്റ്റിക് വാങ്ങി, കയ്യില്‍ തന്ന് എന്നെ ബീറ്റൂ, ബീറ്റൂ എന്ന് പറഞ്ഞാ പിന്നെ പെണ്‍‌പുലിയല്ല പൂച്ചയായാലും കൊടുത്തു പോവീല്ലേ മാഷെ?

“പെണ്‍‌പുലി” ജാസ്മിന്‍‌ജീക്ക് അഭിനന്ദനങ്ങള്‍..

Kuttyedathi said...
This comment has been removed by a blog administrator.
മന്‍ജിത്‌ | Manjith said...

ബട്ട് ദെന്‍ ഹൂ ദ ഫക്ക്‍ ആര്‍ യൂ..?”

ഹാഹാ ഒട്ടും കുറഞ്ഞില്ല. ഞായറാഴ്ച പള്ളിയില്‍ പോകാന്‍ തീരുമാനിച്ചു. രണ്ടെണ്ണം ഇതുപോലെ വിടാന്‍ വല്ല പെന്‍‌ഗ്വിനുകളെയും കിട്ടുമോന്നു നോക്കട്ടെ.

------

ഏവൂരാനേ ക്ഷമി. ഒരു വീട്ടില്‍ 2 കമ്പ്യൂട്ടര്‍ അത്യാവശ്യമായിരിക്കണു. :(

ഉമേഷ്::Umesh said...

മന്‍‌ജിത്തേ, ഇമ്മാതിരി വര്‍ത്താനമാണോ പള്ളിയില്‍ പറയുന്നതു്? ഛേ, ഛേ...

ബിന്ദു said...

സംശ്യം ഇല്ല്യ.. ജാസ്മിന്‍ ആളു പുലി തന്നെ..

Inji Pennu said...
This comment has been removed by a blog administrator.
Inji Pennu said...

ചുമക്കു ഒരു രണ്ടു കുരുമുളകും ഒരു വെളുത്തുള്ളിയും കൂടി നല്ലോണം ചവച്ചു ഇറക്കിയാല്‍ മതി.

പിന്നെ ആളുകളു സ്യൂട്ടിടുന്നതിനു നമ്മളു കളിയാക്കുന്നതു എന്തിനാ? ഞാനും പണ്ടു എപ്പോഴും പുച്ഛത്തോടെ അവരെ ഒക്കെ നോക്കുമായിരുന്നു..
പിന്നെ പിന്നെ കുറേ ആലൊച്ചിച്ചാപ്പോള്‍ നമ്മള്‍ പുറ്മേ സ്യൂട്ടിട്ടില്ല എന്നേ ഉള്ളൊ..പക്ഷെ നമ്മുക്കെന്തോ കൂടുതല്‍ അറിയാം എന്നുള്ള ഭാവമല്ലേ, മനസ്സില്‍ അപ്പോള്‍ നമ്മളും ഒരു സ്യൂട്ടിടുന്നില്ലേ എന്നു ഞാന്‍ ചിന്തിച്ചു. നമ്മള്‍ക്കൊക്കെ ഓഫീസിലും മീറ്റിങ്ങുകളിലും
സ്യൂട്ടിടാന്‍ നമ്മള്‍ നിര്‍ബ്ന്ദിതരാണു. വീക്കു ഡേ എപ്പോഴും ഫോര്‍മല്‍ ആയിട്ടു ഡ്രെസ്സ് ചെയ്യുംബോ
വീക്കെന്റ്സ് എങ്കിലും കാഷ്വല്‍ ആയിട്ടു ഡ്രെസ്സ് ചെയ്യാന്‍ നമ്മള്‍ക്കിഷ്ട്ടം. പക്ഷെ ഈ സ്യൂട്ടിട്ടു വരുന്ന മിക്കോരും,വീക്കഡേയ്സ് മൊത്തം ഒരോ ഓരൊ യൂണിഫോര്‍മുകളുടെ മറയില്‍ ആണു. അവര്‍ ചെയ്യുന്ന ജോലി നമ്മളേക്കാളും വളരെ കഷട്ടം പിടിച്ചതാണു..ആകെ കൂടി അവര്‍ക്കു ഡ്രെസ്സ് ചെയ്തു വരാന്‍ കിട്ടുന്ന അവസരം ആണു ഈ ഞാറാഴ്ചാ..പിന്നെ പുതുപ്പണവും അര്‍ദ്ധരാത്രിയും കുടയും കൂടി ഒക്കെ ആവുംബോള്‍.... അവരങ്ങനെ ചെയ്തു പോവുന്നതാണു.... പക്ഷെ മറ്റുള്ളോരുടെ വസ്ത്രധാരണത്തെ ഭരിക്കാന്‍ അവകാശ്മില്ല സ്യൂട്ടിട്ടോര്‍ക്കും മുണ്ടുടുത്തോര്‍ക്കും.. ഇല്ലേ?

എന്റെ കെട്ടിയോന്‍സ് ട്ടീഷ്ര്ട്ടും ജീന്‍സുമേ ഇടൂ ഇനി ഇപ്പൊ മാര്‍പ്പാ‍പ്പാ പള്ളിയില്‍ വന്നാലും.
കുട്ടീടെ ഭര്‍ത്താവെന്താ എപ്പോഴും ഇങ്ങിനെ ബനിയന്‍ ഇട്ടോണ്ട് വരുന്നേ എന്നു ഇനി എന്നോടു പള്ളിയില്‍ ചോദിക്കാന്‍ ബാക്കി ആരുമില്ല.. ഞാന്‍ പറയും..”ഞങ്ങള്‍ക്കതേ ഉള്ളൂ ചേച്ചി” എന്നു..:-) അതു കേക്കുംബോ ഇവര്‍ക്കൊന്നുമില്ല എന്നു ഓര്‍ത്തിട്ടു അവര്‍ക്കും സന്തോഷം..ആകെ കൂടി ഒരു ഞാറാഴ്ച എങ്കിലും ഒരുങ്ങിക്കെട്ടി വരണ്ടല്ലോ എന്നു ഓര്‍ത്തിട്ടു ഞങ്ങള്‍ക്കും സന്തോഷം..

ഞാന്‍ കോമ്പ്ലീക്കേട്ട്ഡ് ആക്കാന്‍ പറഞ്ഞതല്ല...
ചുമ്മാ‍ ഇങ്ങിനെ ആലൊച്ചിച്കതാണു. ഇനി ഇപ്പൊ എന്നെ കടിച്ചു കൊല്ലാന്‍ ഉള്ള ദേഷ്യം വന്നാല്‍
പ്ലീസ് പതുക്കയേ കടിക്കാവൂ...

ഞാന്‍ പള്ളിയില്‍ പോയിരുന്നതു ചുരിദാറും സാരിയും ഒക്കെ ഉടുത്തിട്ടാണു..കുട്ട്യേടത്തി മുണ്ടു ഉടുത്തിട്ടാണു പോയെ എന്നു കേട്ടിട്ടു എനിക്ക്...:-) :-)

പെരിങ്ങോടന്‍ said...

കുട്ട്യേടത്തി ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം നടത്തുന്നല്ലൊ. ആ റോബിറ്റൂസിന്‍ എന്ന കഫ്‌സിറപ്പ് കുട്ട്യേടത്തീടെ കമ്പനി ഉണ്ടാക്കുന്നതല്ലേ ;)

അരവിന്ദ് :: aravind said...

എവൂര്‍‌സ് ജീ..കലക്കി.
വിവരണം അത്ഭുതകരം...പ്രത്യേകിച്ചും കാര്‍ യാത്ര.
ഒരു സ്ക്രീന്‍പ്ലേ വായിക്കുന്നപോലെയുണ്ട്. :-))

ശ്രീമതിക്ക് എന്റെ വകയും ഒരു കൊടു കൈ! :-)

ശരിക്കും ആ മൂപ്പിത്സ് ആന്റ് മൂപ്പിലത്തി സ്റ്റൈല്‍ ആള്‍ക്കാര്‍ ഒരുപാടുണ്ട്!
സായിപ്പിനു പോലും നോ പ്രോബ്ലം ആയിരിക്കും, എന്നാലും ചില ഇന്ത്യക്കാരുണ്ട്..ഇങ്ങനെ...സായിപ്പിനേക്കാള്‍ വലിയ സായിപ്പ്‌സ്!
ജന്മനായുള്ള ഇന്‍‌ഫീര്യോറിറ്റി കോം‌പ്ലക്സ് .. ഇതിന്റെ മൂലകാരണം അത് തന്നെ.

viswaprabha വിശ്വപ്രഭ said...

ജാസ്മിന്‍ പണ്ടേ മിടുക്കത്തിയാണല്ലോ, ഇനി അതു ഞാനും കൂടി പറഞ്ഞ് എന്‍ഡോഴ്സ് ചെയ്യണ്ട കാര്യമില്ലല്ലോ എന്നു വിചാരിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ അപ്പോളുണ്ട് വേറൊരു പെണ്‍പുലി: എല്‍ജി!

“ഞങ്ങള്‍ക്കതേ ഉള്ളൂ” എന്നു പറയാന്‍ എന്തൊരു രസമാണ് അല്ലേ? ഞങ്ങള്‍ ഇവിടെ പതിവായി ഉപയോഗിക്കുന്ന വാക്കുകളാണിവ. അപ്പോള്‍ കേള്‍ക്കുന്നവരുടെ സന്തോഷം കാണുമ്പോള്‍ മനസ്സു കുളിര്‍ക്കും!

Jasmin, എല്‍ജീ, പുലിക്കുട്ടികളേ, You both make us proud! Keep it up!

ഇപ്പോഴേക്കും ജാസ്മിന്‍ നന്നായി മലയാളം വായിക്കുന്നുണ്ടായിരിയ്ക്കും എന്നു പ്രതീക്ഷിക്കുന്നു...

ദേവന്‍ said...

ഹാ ഹാ, അതു കലക്കി. വെറും പുലിയല്ല, തമിഴുപുലികള്‍ പറയുമ്പോലെ പറയുമ്പോലെ ജാസ്മിന്‍ വേങ്കയിന്‍ റാണി!

ലൂണാറും കിബ്സ്‌ മാര്‍ക്കും ഫാഷനായുള്ള നാട്ടിലോട്ട്‌ ഗള്‍ഫീന്നു പോന്ന വിമാനത്തേല്‍ സൂട്ട്‌ ഇട്ട്‌ ഇരിക്കുന്ന്നവനെ കണ്ടാല്‍ ഒറപ്പിച്ചോ, സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിടാന്‍ ബിസിനസ്സ്‌ ട്രിപ്പ്‌ നടത്തുന്നവന്‍ ഒന്നുമല്ല, വര്‍ഷത്തില്‍ ആകെ ആ ദിവസം സ്യൂട്ട്‌ ഇടാന്‍ അവസം കിട്ടിയ എതോ പാവം..

ചുമ സീസണ്‍ ആണോ അവിടെ? ആരോഗ്യ പോസ്റ്റ്‌ ഇടാന്‍ മാത്രം ഗുരുതരമാണോ ഇല്ലെങ്കില്‍ പൊതുവില്‍ ഒരു ഉപദേശം. തണുപ്പുകാലത്ത്‌ ദിവസവും രാവിലേ ഈരണ്ട്‌ കോഡ്‌ ലിവര്‍ ഓയില്‍ ക്യാപ്സ്യൂള്‍ വിഴുങ്ങു, പനി ചുമ കഫക്കെട്ട്‌, നീര്‍ക്കെട്ട്‌, ആമവാതം, മഃഓദരം, വൃകോദരം, സഹോദരം, അര്‍ശ്ശസ്സ്‌, എന്‍ എസ്‌ എസ്സ്‌, ഗുമ്മന്‍, തൊമ്മന്‍, എന്നിവയില്‍ നിന്നെല്ലാം മോചനം കിട്ടും (രോഗലിസ്റ്റിന്‌ സാജന്‍ പള്ളുരുത്തിക്ക്‌ ക്രെഡിറ്റ്‌)

Inji Pennu said...

ഹൊ! എന്നാലും ആരെങ്കിലും എനന്നോടു ജീവിതത്തില്‍ ആദ്യ്മായി ഗൂഡ് ജോബ് കീപ്പ് ഇറ്റ് അപ്പ് എന്നു പറഞ്ഞല്ലൊ!.. വിശ്വേട്ടാ..വെരി ഗുഡ്! കീപ്പ് ഇറ്റ് അപ്പ് ! ഇനിയും പറയുക..
അപ്പൊ എന്റെ പേരു മാത്രെം മതി :)

ബിജു വര്‍മ്മ said...

ഏവൂര്‍ജിയുടെ എല്ലാ എഴുത്തുകളും എനിക്കിഷ്ടമാണ്. പക്ഷെ, ഇവിടെ മാത്രം ചില സംശയങ്ങള്‍ :

(അതിനു മുന്‍പേ പറഞ്ഞോട്ടേ ; ഭര്‍ത്താവിനു വേണ്ടി വാളെടുത്ത് കളത്തില്‍ ഇറങ്ങുന്ന ഭാര്യ ഒരു ഭാഗ്യം തന്നെ ആണ്, കേട്ടോ)

ഒന്നാമതായി, ഒരു പാര്‍ട്ടിയ്ക്കിടയില്‍ വച്ച് ഇങ്ങോട്ട് പരിചയപ്പെടാന്‍ വന്ന ഒരാള്‍, സാധാരണ എല്ലാ പാര്‍ട്ടികളിലും പൊതുവേ ധരിക്കാറുള്ള സ്യൂട്ട് എന്താ ധരിക്കാത്തതെന്ന് ചോദിച്ചു എന്ന് വയ്ക്കുക. “ഹൂ ദ ഫക്ക് ആര്‍ യൂ“ എന്ന് അയാളോട് ചോദിക്കുന്ന ഭാര്യയുടെ പേരില്‍ അഭിമാനം കൊള്ളേണ്ടതുണ്ടോ ? (pl dont take this doubt personally, i may be using wrong terminology)

ഹോസ്റ്റ് ആക്കാര്യം ചോദിച്ചില്ല എന്നതില്‍ കഴമ്പുണ്ടോ ? കല്യാണത്തിനിടയ്ക്ക് അവര്‍ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നല്ലേ ഉള്ളൂ.

പിന്നെ, അമേരിക്കന്‍ മലയാളികള്‍ പൊതുവില്‍ പറഞ്ഞാല്‍ നാട്ടിലണ്ടിയും പെറുക്കി നടന്നവരാണ്. പക്ഷെ, എല്ലാവരുമല്ല. പണ്ടത്തെ കാലത്ത് നേഴ്സാകുക എന്ന് പറയുന്നത് താഴ്ന്ന ജോലി ആയിരുന്നല്ലോ. അങ്ങിനെ അന്നത്തെ നേഴ്സ്മാരെ കെട്ടിയവരും അവരുടെ ഫാമിലികളും ആ ഒരു ജീവിതനിലവാരത്തില്‍ നിന്ന് വന്നവര്‍ ആയിരിക്കും.

പക്ഷേ, ഏറ്റവും ആദ്യകാലത്ത് അമേരിക്കയില്‍ മലയാളികള്‍ വന്നത് നേഴ്സിംഗ് ജോലിക്കയിരുന്നില്ല. ബിരുദാനന്തരബിരുദവും ഡോക്ട്രേറ്റും ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായിരുന്നു. 1955-60 കളിലെ കാര്യമാണ്.

കൂടുതല്‍ അടുക്കുമ്പോള്‍ ഒരല്പം താഴ്ന്ന നിലവാരം പ്രകടമായാലും, മാന്യത വിട്ട് അമേരിക്കന്‍ മലയാളികള്‍ പൊതുചടങ്ങുകളില്‍ പെരുമാറാറില്ല എന്നാണ് എന്റ അനുഭവം. അല്ലാത്തവര്‍ ഉണ്ടാകാം. പക്ഷെ, അവര്‍ക്ക് നിലവാരം‍ ഒരല്പം താഴ്ന്നാലും അതില്‍ വലിയ കാര്യം ഒന്നും ഞാന്‍ കാണുന്നില്ല. ഈ നേഴ്സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും അദ്ധ്വാനമാണ് ഇന്നത്തെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ കരുത്ത്.

പിന്നെ, അസൂയയും ചുറ്റുമുള്ളവരെക്കാള്‍ മിടുക്കന്‍ ആകാനുള്ള ആഗ്രഹവുമല്ലേ ഒരു കണക്കിന് മനുഷ്യനെ മുന്‍പോട്ട് നയിക്കുന്നത്. ഇന്ത്യയില്‍ ജോലി ഇല്ലാഞ്ഞിട്ടല്ലല്ലോ ഇക്കന്ട മലയാളികള്‍ ഒക്കെ ഗള്‍ഫിനും യൂറോപ്പിനും അമേരിക്കയ്ക്കും ഒക്കെ ജോലി തേടിപ്പോകുന്നത്.

എല്‍ജി പറഞ്ഞ കമന്റിനോടാണ് ഞാന്‍ ഏറ്റവും അടുത്തു നില്‍ക്കുന്നത് എന്ന് തോന്നുന്നു. ‘ഞങ്ങള്‍ക്കതേ ഉള്ളൂ ചേച്ചീ’ ഭാഗം വളരെ നന്നായിട്ടുണ്ട്.

കുട്ട്യേടത്തി പറഞ്ഞതിനോട് ഒരു വിയോജിപ്പുണ്ട് (ഇന്നെന്റെ തല തിരിഞ്ഞാണിരിക്കുന്നത് എന്ന് തോന്നുന്നു !) പള്ളിയില്‍ പോകുമ്പോള്‍ വളരെ മാന്യമായിട്ടല്ലേ നാട്ടിലും ക്രിസ്ത്യാനികള്‍ പോകാറ്. പണ്ടൊക്കെ, പള്ളിയില്‍ ഉടുക്കാന്‍ മാത്രമായി വില കൂടിയ ഡബിള്‍ മുണ്ട് വാങ്ങുന്ന കര്‍ഷകരായ അപ്പാപ്പന്മാരെ എനിക്കറിയാം. പിന്നെ, ഇത്തരക്കാരെ ഒഴിവാ‍ക്കാനായി പള്ളിയില്‍ പോക്ക് കുറച്ചു എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരിത്.

(ഞാനിതു പറഞ്ഞ് കേമനായി എന്ന് കരുതരുതേ. ഇടയ്ക്കിടയ്ക്ക് കല്യാണങ്ങള്‍ വരുന്നതു കൊണ്ട്, കോട്ടുകള്‍ പുതുതായി വാങ്ങേണ്ടി വരുന്നതു കൊണ്ട് എനിക്കും ഈ പരിപാടി അത്ര ഇഷ്ടമല്ല, കോട്ട് ഇടാന്‍ ഇഷ്ടക്കേടില്ലെന്നു മാത്രം.)

യാത്രാമൊഴി said...

സ്വന്തം ഇഷ്ടപ്രകാരം വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും എന്നായിരുന്നു ഇവിടേയ്ക്ക് വരുമ്പോള്‍ ഞാനും കരുതിയത്. എന്റെ പ്രൊഫഷണില്‍ ഒരു പരിധിവരെ അങ്ങനെയാണു താനും. പക്ഷെ ചില പ്രത്യേക അവസരങ്ങളില്‍ മറ്റുള്ളവരുടെ പ്രീതിക്കായി “വേഷം“ കെട്ടേണ്ടി വരുമെന്നുള്ള ഭീഷണി ഇങ്ങനെ നിലനില്‍ക്കുന്നു.. ശീലമില്ലാത്തതു എന്തോ ചെയ്യുന്നുവെന്ന തോന്നലു കൊണ്ടാവാം.

തീര്‍ത്തും അന്യരായവരുടെ കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം ഇടപെടാതിരിക്കുക എന്ന സാമാന്യബോധം മലയാളികള്‍ക്ക് എന്നെങ്കിലും ഉണ്ടാവുമോ.. ഓരോ അനുഭവങ്ങളില്‍ നിന്നും പഠിക്കുമായിരിക്കും.. ഇത്തരം ഇടപെടലുകളെ മാന്യമായി ചെറുത്തു നില്‍ക്കാനും കഴിയണം. പിന്നെ ഗതികെട്ടാല്‍ പെണ്‍പുലിയും...

അതെന്തുമാവട്ടെ.. ഏവൂരാന്റെ കഥ എനിക്കിഷ്ടമായി.

Anonymous said...

pennayal ingane venam !!!