Monday, May 29, 2006

നീലനിറമുള്ള ചില്ലുകള്‍

“ങ്ഹും.. ശരി..!!”

ഭാഗ്യം. കൊച്ചച്ചന്‍ മതിയാക്കിയെന്ന് തോന്നുന്നു.

ഇനി പുസ്തകങ്ങളും പേനയുമൊക്കെ എടുത്തു വെയ്ക്കാം.

പാരലല്‍ കോളേജില്‍ പഠിപ്പീരാണ് കൊച്ചച്ചന്. സന്ധ്യയാകുമ്പോളേക്കും ഇങ്ങെത്തും, തന്നെ വലയ്ക്കാന്‍. പിന്നെ ഒരൊന്നൊന്നര മണിക്കൂറോളം ട്യൂഷനാണ്.

ഒരു വടിയും കൊണ്ടിവിടെ വച്ചിട്ടുണ്ട്, സ്ഥിരമായി ഉപയോഗിക്കാ‍ന്‍.

കാപ്പിയുടെ ശിഷ്ടം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തിട്ട് ഗ്ലാസ്സു മാറ്റി വെച്ചു, കൊച്ചച്ചന്‍.

“ഏടത്തിയേ... ഞാനിറങ്ങുവാ...!”

“ശരി രാഘവാ.. നീ കൈയ്യില് വെട്ടം കൊണ്ട്വന്നായിരുന്നോ?..”

അമ്മ വാതില്‍ക്കലെത്തി ചോദിച്ചു. കൈയ്യിലൊരു തവിയുമുണ്ട്, അതില്‍ നിന്ന് ആവി പറക്കുന്നു.

“ബാറ്ററി വീക്കാ... ന്നാലും ഇതു മതി..” കൊച്ചച്ചന്‍ തന്റെ ടോര്‍ച്ചെടുത്ത് കാണിച്ചു.

കൈയ്യിലിരുന്ന ചൂരല്‍വടി മാറ്റിവെയ്ക്കുന്നതിന് മുമ്പേ ഇങ്ങോട്ടതു വീശിക്കൊണ്ട് പറഞ്ഞു:

“ഡാ..!! നാളെ സാമൂഹികപാഠമാരിക്കും...!! അതൊക്കെയൊന്ന്‌ വായിച്ചു വെച്ചേക്കണം...!!”

“ങ്ഹും..” ഒന്ന് മൂളി.

“ങാ...! കും..!! അവന്‍ വായിച്ചു...!! നിനക്കെന്താ രാഘവാ...?”

ഈയമ്മയുടെ ഒരു കാര്യം.! തല്ലുകൊള്ളിച്ചേ അടങ്ങുവെന്നാണോ?

“അല്ലാ.. ഞാന്‍ വായിച്ചോളാം..”

“ങ്ഹും..!!” ഒന്നിരുത്തി മൂളിയിട്ട് കൊച്ചച്ചന്‍ ഇറങ്ങിനടന്നു.ജനാലയിലൂടെ, തെക്കേലോട്ട് നോക്കി.

അവര് ടീവി വെച്ചിട്ടുണ്ട്, അവരുടെ ജനാലകളില്‍ നീല‌വെളിച്ചം മിന്നിമറയുന്നു.

ഇന്ന് വ്യാഴാഴ്ചയാണ്, സ്ട്രീറ്റ് ഹോക്ക് എട്ടിനേ തുടങ്ങും.

ഇന്നിപ്പോ, അയ്യോ, എട്ടേകാലായി..! ചതിച്ചല്ലോ കൊച്ചച്ചന്‍..!!
ഓടി അടുക്കളയിലെത്തി. മുറത്തിലേക്ക് ചക്കക്കുരു ചിരണ്ടിയിടുകയാണ് അമ്മ.

“അമ്മേ, ഞാന്‍ തെക്കേ പൊക്കോട്ടേ..? ഇന്ന്, സ്ട്രീറ്റ് ഹോക്കുണ്ട്...!!”

അമ്മ മുറവും പിച്ചാത്തിയും മാറ്റിവെച്ചിട്ട് എഴുന്നേറ്റു.

ആവി പറക്കുന്ന ഒരു ഗ്ലാസ്സ് പാലൊഴിച്ചു തന്നിട്ട് പറഞ്ഞു:

“ഇന്നാ, ദ് കുടിച്ചിട്ട് പൊക്കോ...!!”

അതാറിവരുമ്പോഴേക്കും സ്ട്രീറ്റ് ഹോക്ക് തീരും.

“ആ, അതു ഞാന്‍ വന്നിട്ട് കുടിച്ചോളാം...!”

“ആങ്ഹാ...? ഇത് കുടിച്ചിട്ട് പോയാല്‍ മതി... അല്ലേലാരും ഇന്നിനിയെങ്ങും പോവുന്നില്ലാ...!!”

പോണോ? തോറ്റേ പറ്റൂ...

നയത്തില്‍ ഗ്ലാസ്സു് പിടിച്ച് വാങ്ങി ഊതിയൂതി കുടിക്കുന്നവന്റെ പാരവശ്യം കണ്ടിട്ടമ്മയ്ക്ക് ചിരിവന്നു.

“ഇങ്ങ് കൊണ്ടാ..! ഞാനാറ്റിത്തരാം..!”

പാലൊരു ടം‌ബ്ലറില്‍ നിന്നും മറ്റൊരെണ്ണത്തിലേക്ക് പകര്‍ന്നത് ആറ്റുന്നതിനിടയില്‍ ടോര്‍ച്ച് തപ്പിയെടുത്തു. പിന്നെ, അതിനായിട്ട് കളയാന്‍ സമയമില്ല.

കുടിച്ചെന്ന് വരുത്തി അടുക്കള വാതിലില്‍ പുറത്തേക്ക് ചാടാനൊരുങ്ങി നില്‍ക്കുന്നവന്റെ മുഖം അമ്മ തന്റെ ചേന്തിലയാല്‍ തുടച്ചു.

“ഞാന്‍ പോവ്വാ...!!!”

“സൂക്ഷിച്ച് പോണേ..!”ഓ..!!

തിടുക്കത്തില്‍ ഓടുന്നതിനിടയില്‍ ടോര്‍ച്ച് തെളിക്കാനൊന്നും സാവകാശം കിട്ടിയില്ല, അതും പിടിച്ചും കൊണ്ടോടി.

മരത്തലപ്പുകള്‍ക്കിടെയിലൂടെ ഇപ്പോഴും കാണാം അവരുടെ ജനാലചില്ലുകളിലെ നീലത്തിരയിളക്കം.

ശ്ശെ. ചെരുപ്പെടുത്തില്ല..

ടീവി കാണാന്‍ അവിടെ ചെല്ലുമ്പോള്‍ സുജയ്ക്കെന്തൊരു പത്രാസ്സാണെന്നോ..!! ഇക്കുറി പരീക്ഷയിങ്ങടുക്കട്ടെ, ആ പെണ്ണിന് ഒരു വക പറഞ്ഞു കൊടുക്കുന്ന പ്രശ്നമില്ല...

തണുത്തതെന്തിലോ ചവിട്ടിയോ? നീറ്റലുമുണ്ട്..

തെക്കേലമ്മയുടെ ചാവാലിപ്പശു, തൊട്ടാവാടിക്ക്‌ മേലേയിട്ട ചാണകമാവും. അവരതിനേ വളര്‍ത്തുന്നത്, ചാണകത്തിനു വേണ്ടി മാത്രമാണെന്ന് തോന്നിപ്പോവും, ചിലനേരത്തേയതിന്റെ തൂറ്റല്‍ കണ്ടാല്‍.

നീലനിറമുള്ള ജനാലച്ചില്ലുകള്‍...എത്തിപ്പോയ്. കഴുകാനൊന്നും നേരമില്ല, മുറ്റത്തെ പറങ്കാവിന്റെ തായ്ത്തടിയിന്മേല്‍ കാല്പാദങ്ങള്‍ ഉരച്ച് വൃത്തിയാക്കിയെന്ന് വരുത്തി. ചാണകം നാറാതിരുന്നാല്‍ മതിയായിരുന്നു.

ലളിതാമ്മ കറിക്കരിയുകയാണ്. സുജ ഗമയോടെ സെറ്റിയില്‍ ചാരിയിരിക്കുന്നു.

ധിടുതിയില്‍, സെറ്റിയുടെ പിന്നില്‍ചെന്ന്, ഭിത്തിയില്‍ ചാരിയിരുപ്പായി. ടോര്‍ച്ച് തറയില്‍ കുത്തിനിര്‍ത്തി.

ഇനി, തന്നെ ചാണകം നാറാതിരുന്നാല്‍ മതിയേ...

വ്രൂം...വ്രൂം..!

അതാ വരുന്നു, സ്ട്രീറ്റ് ഹോക്ക്...!
പരിപാടി കഴിഞ്ഞ് സുജ ടീവി ഓഫാക്കിയിട്ടും അവനെണീറ്റില്ല.

“എടോ കൊച്ചേ...?? വീട്ടില്‍ പോടോ...!!” സുജ വിളിച്ചു നോക്കി.

അവനുണരുന്നില്ല.

വിളക്കുകള്‍ തെളിച്ച്, ആളുകള്‍ കൂടിയപ്പോഴേക്കും അവന് നീലനിറമോടിയിരുന്നു.

21 comments:

അതുല്യ said...

ഏവൂരാ, ആ പാമ്പിനെ പറ്റിയുള്ള രെഫറന്‍സും ടോര്‍ച്ചും ഒക്കെ ആദ്യത്തേ ഖണ്ഡികകളില്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ അവസാനത്തെ സുജയുടെ വിളി കുറെ നേരം കൂടി എന്റെ കാതില്‍ അലയടിയ്കുമായിരുന്നു.

മഴക്കാലത്ത്‌ ഞാനും ആ വഴിയ്കൊക്കെ പോവുന്നു അടുത്ത്‌ തന്നെ. പണ്ട്‌ ചാലക്കുടി പുഴയില്‍ തല കമഴ്ത്തിയിട്ട്‌ താളി കളഞ്ഞ്‌ പിരിച്ച്‌ കെട്ടുമ്പോള്‍ ഇത്‌ പോലെ ഒരു നീര്‍ക്കോലി തോര്‍ത്തില്‍ ചുറ്റി വളഞ്ഞത്‌ ഓടി വരുന്നു.

സു | Su said...

ഏവൂ :) കഥ നന്നായി.

അരവിന്ദ് :: aravind said...

നല്ല കഥ..ശൈലി അപാരം!! പാലു കുടിപ്പികുന്നതും ടി വി കാണാന്‍ ഓടുന്നതും, ശരിക്കും നൊവാള്‍ജിക്..
ഏവൂര്‍സ്‌ ജിക്ക് വന്ദനം!
(പക്ഷേ ആദ്യം തന്നെ പാമ്പിനെ പരാമര്‍ശ്ശിച്ചതിനാല്‍ സസ്പെന്‍സ് കുറഞ്ഞു.
അല്ല, ഇത് സസ്പെന്‍സ് ത്രില്ലറൊന്ന്വല്ല..എന്നാലും, ഞാന്‍ പാമ്പു കടി പ്രതീക്ഷിച്ചു. :-))

evuraan said...

അതെന്റെ കുഴപ്പം തന്നെ. ഇത് വേറൊരു വശത്തേക്ക് ചരിയരുതെന്ന് നിര്‍ബന്ധം പിടിച്ചതാണ് ഇങ്ങോട്ട് ചെരിയാന്‍ കാരണം.

കഥയുടെ പോക്ക് -- അതിനെ ഒരു പരിധി വരെയെ നമുക്ക് തടയാനാവൂ.

ഒരു കാര്യമിപ്പോഴാ ഓര്‍ത്തത് -- ഈ സുജ മഞ്‌ജിത്തിന്റെ വീട്ടുകാരത്തി സുജയല്ല എന്ന് നേരത്തെ വ്യക്തമാക്കുന്നേ.. :)

Adithyan said...

ഒരു എഡിറ്റിംഗ്‌ നടന്നെന്നു തോന്നുന്നു... :-)

എന്നാലും കഥ കൊള്ളാം ഏവൂര്‍ജീ...

kumar © said...

നല്ല കഥ.

ചില നേരത്ത്.. said...

കഥ, മനോഹരമായിരിക്കുന്നു.
സ്നേഹവും ശാസനകളും വികൃതികളും നിറഞ്ഞ ബാല്യത്തിന്റെ, വിഷം തീണ്ടിയ കഥ. എനിക്കവന്റെ അമ്മയുടെ വേദനയിപ്പോള്‍ മനസ്സിലേക്കോടിയെത്തുന്നു.

വിശാല മനസ്കന്‍ said...

നന്നായിട്ടുണ്ട് ഏവൂരാനേ. ഇത് വായിച്ചപ്പോള്‍ പണ്ടൊരിക്കല്‍ എന്നെ ‘സ്റ്റാപ്ലര്‍‘ അടിച്ചപോലെ രാജവെമ്പാല (നീര്‍ക്കോലി) കടിച്ചത് ഓര്‍ത്തുപോയി.

ഇത് പറഞ്ഞപ്പോഴോര്‍ത്തൊരു ഓഫ് റ്റോപ്പിക്ക്:

പാറേക്കാടന്‍ ജെയിംസേട്ടനെ പണ്ട് ഒരു രാത്രി എടോഴിയില്‍ വച്ച് ഒരു കരിമൂര്‍ഖന്‍ കടിച്ചു.

ആള് ഉടന്‍ തന്നെ ഉടുത്തിരുന്ന ഡബ്ല് മുണ്ട് കീറി മുറിവിന്റെ മുകളില്‍ കെട്ടി, ഞൊണ്ടി ഞൊണ്ടി വീട്ടില്‍ വന്നു. വീട്ടുകാരെല്ലാവരോടും കാര്യം പറയുമ്പോഴേക്കും ആള്‍ വല്ലാതെ വിയര്‍ത്തിരുന്നു, ചെറുതയി തളര്‍ച്ചയും മയക്കവും തുടങ്ങുകയും ചെയ്തു.

കാറ് വിളിച്ച് രായ്ക്ക് രാമാനം ആളെ ആര്‍പ്പുവിളികളോടെ തൃശ്ശൂറ്ക്ക് അപ്പോള്‍ തന്നെ കൊണ്ടുപോയി.

അവിടെ ചെന്ന് കടിപ്പാട് കണ്ട് ഡോക്ടര്‍ പറഞ്ഞുവത്രേ.

‘മുള്ളുവേലി കാലില്‍ കൊണ്ടുണ്ടായ മുറിവിന് ഇവിടെ ചികിത്സിക്കാറില്ല’ ന്ന്‍!

നല്ല ഒന്നാന്തരം ഡബ്ല് മുണ്ട് പോയിക്കിട്ടി.

കണ്ണൂസ്‌ said...

ഈ ഏവൂരാനോടും സാക്ഷിയോടും ഒക്കെ എനിക്ക്‌ പകരം വീട്ടണം. മരണത്തിന്റെ കഥകള്‍ എഴുതുന്നതിന്‌. :(

സാക്ഷി said...

ഏവൂരാന്‍ നല്ല കഥ.
ഇബ്രു പറഞ്ഞതുപോലെ മനസ്സുനിറയെ ഒരമ്മയുടെ മുഖമാണ്.
പിന്നെ ചൂരല്‍ വടി തെരുപ്പിടിച്ച് ചുമരും ചാരി നില്ക്കുന്ന ഒരു കൊച്ചച്ചനും.

ബെന്നി::benny said...

ഏവൂരാനേ, “എടോ കൊച്ചേ.. വീട്ടീ പോടോ” എന്നുള്ളത് “എടാ കൊച്ചേ.. വീട്ടീ പോടാ” എന്നാക്കിയാല്‍ നായകനും സുജയുമായി ഒരിത് ഉണ്ടാക്കാമായിരുന്നു!

ആനക്കൂടന്‍ said...

മെല്ലെ മെല്ലെ വിഷം പടരുമ്പോഴും‍, വേദനകള്‍ കുത്തി നോവിക്കാന്‍ തുടങ്ങിയപ്പോഴും അവന്റെ കണ്ണുകള്‍ സ്ട്രീറ്റ് ഹോക്കില്‍ നിന്നും മാറിയില്ല. മുന്നിലുള്ളതെല്ലാം നിഴലായി ഇരുട്ടായി മാറിപ്പോകുന്നു. മരണം. ഏവൂരാനെ ഞാനാ മരണത്തിലേക്കുള്ള ഇറങ്ങിപ്പോക്ക് ആലോചിക്കുകയായിരുന്നു.....

കുറുമാന്‍ said...

ഏവൂരാനേ......നന്നായിരിക്കുന്നു.

എന്റെ മോനേ, ചൂടുപാല്‍ പകര്ന്നു തന്നപ്പോള്‍ ഞാന്‍ കരുതീല്യല്ലോടാ കണ്ണാ, ഇനി എന്റെ കണ്ണന് എനിക്കൊന്നും തരാന്‍ പറ്റുകയില്ല എന്ന്.

തെക്കോട്ടു പോട്ടെ അമ്മേന്ന് ചോദിച്ചപ്പോഴും ഞാന്‍ അറിഞ്ഞില്ലല്ലോ എന്റീശ്വരാ എന്റെ മോനെ തെക്കോട്ടിത്ര വേഗം എടുക്കേണ്ടി വരും എന്ന്...

എന്നിങ്ങനേയുള്ള ആ അമ്മയുടെ പതം പറച്ചില്‍ ഞാന്‍ കേള്‍ക്കുന്നു

Vempally|വെമ്പള്ളി said...

ഏവൂരാനെ, കഥ നന്നായിട്ടുണ്ട്. കുട്ടികളെപ്പറ്റിയവുമ്പോ ദു:ഖം കൂടുന്നു.

കെവിന്‍ & സിജി said...

രാത്രികളില്‍ ടിവിപടം കഴിഞ്ഞും, നാടകവും ഗാനമേളയും കഴിഞ്ഞും ഒക്കെ ഇരുട്ടത്തുള്ള വരവുകള്‍ ചെറുപ്പത്തിലൊരുപാടുണ്ടായിട്ടുണ്ട്. എല്ലാം ഒരോന്നായി തലപൊക്കിനോക്കുന്നു. ചിലവ ഭയം കലര്‍ന്ന അന്തരീക്ഷങ്ങളിലും, ചിലവ കുസൃതികള്‍ നിറഞ്ഞ അന്തരീക്ഷങ്ങളിലുമായിരുന്നു. കഥകള്‍ ഓര്‍മ്മകളുടെ അയവിറക്കലാണെങ്കിലും നന്നായിരിക്കുന്നു.

പരസ്പരം said...

പണ്ട് ഞാനുമൊരു സ്റ്റ്ട്രീറ്റ് ഹാക്ക് ഫാനായിരുന്നു.അതുകൊണ്ട് കഥയില്‍ മുഴുകിയിരുന്ന് പോയി. എടിറ്റ് ചെയ്യ്‌തത് മാത്രം വായിച്ചതിനാല്‍ മനോഹരമായി.

ബിന്ദു said...

ഞാനും വായിക്കാന്‍ താമസിച്ചതു കൊണ്ട്‌ സസ്‌പെന്‍സ്‌ നിന്നു, എങ്കിലും.... മനസ്സിലൊരു വിഷമം. :(

ബിജു വര്‍മ്മ said...

നന്നായിരിക്കുന്നു ഏവൂരാനേ,

ആ അമ്മയുടെ വിഷമം.... അതാണ് ഏറ്റവും ടച്ചിംഗ്. സ്ട്രീറ്റ് ഹോക്ക് കാണാന്‍ വാശി പിടിക്കുന്ന കുട്ടിയുടെ നിഷകളങ്കത....

നന്നായിരിക്കുന്നു....

ശനിയന്‍ \OvO/ Shaniyan said...

ഏവൂരാനേ,
നല്ല ആവിഷ്കാരം..
പറയാതെ പറയുന്നവര്‍ കാഥികര്‍ തന്നെയാണ്..

:(

യാത്രാമൊഴി said...

വായിക്കാന്‍ വൈകി. എഡിറ്റിങ്ങ് നടന്നു എന്ന് കമന്റുകളില്‍ നിന്നറിഞ്ഞു. എങ്കിലും തണുത്തതില്‍ ചവിട്ടിയതിന്റെ നീറ്റല്‍ അറിഞ്ഞു. ഒപ്പം മരണത്തിന്റെ തണുപ്പും!

sami said...

നല്ല കഥ ...അഭിനന്ദനങ്ങള്‍...
സെമി