Tuesday, June 06, 2006

കഥ തുടരുമ്പോള്‍

ചലപിലാന്ന് പറഞ്ഞു നിര്‍ത്തിയിട്ടവള്‍ തലയുയര്‍ത്തി ചോദിച്ചു: “കേട്ടോ...?”

ഉം. കേട്ടു.

“ഏറെയാലോചിച്ചതാണ്... ഒറ്റയ്ക്കെനിക്ക് വയ്യ..”

അവള്‍ തുടരുകയാണ്.

ന്യായീകരിക്കേണ്ട ആവശ്യമില്ല കുട്ടീ, നിനക്കിഷ്ടമുള്ളതാ‍വാം.

“നാട്ടുകാരും, പിന്നെ ങ്ങടെ വീട്ടുകാരുമെന്തു പറയുമെന്നാണ് പേടി..!”

ശരിയാണ്, ജമന്തി പൂക്കളുടെ നിറം മങ്ങിയിട്ടില്ല, ഇതളുകള്‍ അല്പാല്പം ഉണങ്ങാന്‍ തുടങ്ങിയെങ്കിലും. കര്‍മ്മാന്ത്യത്തിലെപ്പോഴോ തലയ്ക്കല്‍ നട്ട തെങ്ങിന്‍ തൈയ്ക്കൊരു പുതിയ നാമ്പ് പൊട്ടുന്നതേയുള്ളൂ‍.

ജനിമൃതികള്‍ സാധാരണയാണ് . തുടരണം, പരാഗമേതായാലും നീ പൂവിടണം, കായാവണം.

സാരമില്ല, പൂമാലയിട്ട് വെച്ചിരിക്കുന്ന എന്റെയീ ഫോട്ടോ എടുത്ത് മാറ്റിയേക്കൂ, കുട്ടീ...

16 comments:

evuraan said...

ഇത്തിരി വാ‍ക്കുകള്‍ കൂടുതലുണ്ട്, എങ്കിലും ഇതാ..

പാപ്പാന്‍‌/mahout said...

ആ റ്റ്വിസ്റ്റ് കൊള്ളാം.

കുറുമാന്‍ said...

കുറച്ചു വാക്കുകളില്‍ ഒരു പാടു കാര്യങ്ങള്‍ പറയുന്ന ഏവൂരാന്റെ രീതി എനിക്ക് വളരെ ഇഷ്ടപെട്ടു.

സന്തോഷ് said...

അനുപമം!

അരവിന്ദ് :: aravind said...

ഏവൂര്‍‌സ് ജീ......!!!
ഇതിനെ പ്രശംസിക്കാന്‍ വാക്കുകളില്ല!!!
അനുപമം!!! അനുപമം!!! അപാരം ഈ വൈഭവം.!!

മുല്ലപ്പൂ || Mullappoo said...

വേറിട്ട ചിന്ത..എഴുതുന്ന രീതിയും..

വിശാല മനസ്കന്‍ said...

ഞാനെഴുതുന്നതിനെ ‘പോസ്റ്റ്’ എന്നും
ഏവൂരാനെഴുതുന്നതിനെ ‘കഥ‘ എന്നും
വിളിക്കുന്നത് ഏവൂരാന്‍ ഒരു കഥാകാരന്‍ ആയതുകൊണ്ടും ഞാനൊരു പോസ്റ്റുകാരന്‍ ആയതുകൊണ്ടുമാണ്.

പ്രിയ ഗുരോ, ഈ സങ്കേതം എന്നെയൊന്നു പഠിപ്പിക്കാവോ?

Vempally|വെമ്പള്ളി said...

ഏവൂരാനെ, നന്നായിരിക്കുന്നു

.::Anil അനില്‍::. said...

ഏവൂരാന്റെ ചില കഥകള്‍ ഒരു ദീ‍ീര്‍ഘ നിശ്വാസത്തോടെ വായിച്ചു നിര്‍ത്താനേ കഴിയാറുള്ളൂ. ഇതും അങ്ങനെയൊന്ന്.

ഉമേഷ്::Umesh said...

ക്ലൈമാക്സില്‍ ഏവൂരാനെ വെല്ലാന്‍ ഇതുവരെ ബൂലോഗത്തില്‍ ആരുമില്ല. അഞ്ഞൂറു വാക്കുള്ള നെടും കഥയാണെങ്കിലും, അമ്പതു വാക്കുള്ള കുറുംകഥയാണെങ്കിലും...

ഇതു തുടങ്ങിവെച്ച പോളിനും പെരിങ്ങോടനും നന്ദി. എത്ര നല്ല കഥകളാ നമുക്കു കിട്ടിയതു്?

പരസ്പരം said...

കഥകള്‍ അമൂല്യവും മനോഹരവുമാകുന്നത് അത് പ്രതിപാദിക്കുന്ന വിഷയം മാനുഷിക ഉന്നമനത്തിനുതകുമ്പോളാണ്. സമൂഹത്തിലെ ഒരുപാട് വിധവകള്‍ക്ക്, ഒരു വിധവ വീണ്ടും പൂവും കാ‍യും നല്‍കേണ്ടവളാണെന്ന് ഉള്‍പ്രേരണ നല്‍കുന്ന, ഇത്രയും ചുരുക്കിയെഴുതിയ ഈ സ്രിഷ്ടി ഏവൂരാനിലെ സര്‍ഗ്ഗാത്മകത വെളിവാക്കുന്നു..

വഴിപോക്കന്‍ said...

നല്ല കഥ.

Adithyan said...

നന്നായിരിക്കുന്നു. :-)

ബിജു വര്‍മ്മ said...

അപാരം ഏവൂര്‍ജീ.

മലയാളത്തിന് നൂറില്‍ നൂറും തരാന്‍ പറ്റില്ലെന്ന് ഏത് സാറാ പറഞ്ഞത് ? ഈ സ്റ്റോറിക്ക് നൂറില്‍ നൂറ്റിപ്പത്തല്ലേ ?

ചങ്കില്‍ കൊള്ളണ സ്റ്റോറികളാണല്ലോ എല്ലാം ഏവൂര്‍ജീ

(കതയുടെ ‘ത’ എങ്ങനെയെഴുതും ?)

സുനില്‍ said...

ഏവൂരാനേ ഈ കഥയും കുറുമാന്‍, തുളസി എന്നിവരുടെ മിനി കഥകളും ഞാന്‍ “അക്ഷര”ത്തിലേക്ക്‌ എടുത്തിട്ടുണ്ട്‌.ആരും പരിഭവിക്കില്ലെന്ന്‌ വിചാരിക്കുന്നു.-സു-

evuraan said...

സുനിലേ, എന്താണാവോ അക്ഷരം എന്നാല്‍?

കഥയിലെ “ഥ” എങ്ങിനെ എഴുതുമെന്നറിയാന്‍, ഇത് നോക്കുക.