Tuesday, June 20, 2006

നിറങ്ങള്‍, ഭൂതങ്ങള്‍

വരമ്പിലേക്ക് നടന്നു കയറിയപ്പോഴാണ് ഓര്‍ത്തത്, കണ്ണട മറന്നിരിക്കുന്നു.

വായന ദുഷ്ക്കരമാവും, എങ്കിലും ഇനി തിരികെചെന്ന് അതെടുത്തു വരാനുള്ള നേരമില്ല. കയറ്റം കയറുന്ന വണ്ടിയുടെ ഇരമ്പില്‍ ഉച്ചത്തിലാവുന്നതറിഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതു തന്നെ. സ്റ്റോപ്പിലെത്താന്‍ ഏകദേശം ആറ് മിനിറ്റുണ്ട്, ഇത് പോയാലിനി അടുത്തത് ഒന്നരമണിക്കൂര്‍‌ കഴിഞ്ഞേയുള്ളൂ.

തോട്ടരികില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ല് കറുമുറെ ചവച്ചു തിന്നുന്ന പശു. വഴിപോക്കനെ ഗൌനിക്കാതെ തീറ്റ തുടരുകയാണ്.

എന്തായാലും വഴിമുടക്കിയല്ല അതിന്റെ നില്പ്, ഭാഗ്യം.

എത്ര വര്‍ഷമായി കണ്ണട ഉപയോഗിച്ച് തുടങ്ങിയിട്ട്? പതിനെട്ട്?

അമ്മാള്‍ ടീച്ചറ് ബോര്‍ഡേലെഴുതുന്നതൊന്നും കാണാനാവാതെ, എട്ടാം ക്ളാസ്സിലെ കണക്കിന് കഷ്ടിച്ച് മാത്രം ജയിച്ചതിന് കുറേ തല്ല് കൊണ്ട് വലഞ്ഞൊടുക്കമാണ് കണ്ണ് പരിശോധിപ്പിക്കാമെന്ന് അച്ഛന് തോന്നിയത്.

അതില്ലാതെ ഒരു വക കാണാനാവില്ലെന്നായിരിക്കുന്നു.

വയലിനക്കരെ, ഏതോ വീട്ടില്‍ അലക്കിയുണക്കാനിട്ടിരിക്കുന്ന തുണികള്‍ അവ്യക്തമായിക്കാണാം. ചുവപ്പ് നിറത്തിലുള്ള കൈലിമുണ്ടാണെന്ന് തോന്നുന്നു ഒരെണ്ണം. ബാക്കിയുള്ളവ എന്താണെന്ന് ഇത്ര ദൂരത്ത് നിന്ന് പറയാന്‍ പ്രയാസം.

നിറങ്ങള്‍ കാണാനാവത്ത തരം അന്ധതയുണ്ടെന്ന് എങ്ങോ വായിച്ചിരുന്നു. ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നിറങ്ങള്‍ എല്ലാം കാണാനുള്ള കഴിവില്ലത്രെ, അവര്‍ക്കെല്ലാം കറുപ്പും വെളുപ്പും നിറഭേദങ്ങളും മാത്രം.

ഒരുപാട് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കണ്ട് കൂട്ടിയതില്‍ നിന്നുരുവായ ഒരു മിഥ്യാധാരണ ഏറെ നാള്‍ കൊണ്ടു നടന്നിരുന്നു -- പഴമക്കാര്‍ കണ്ടിരുന്നതെല്ലാം കറുപ്പും വെളുപ്പുമാണെന്ന്.

മുത്തശ്ശിയോട് ഒരിക്കല്‍ ചോദിച്ചതോര്‍ക്കുന്നു, മുത്തശ്ശിയുടെ ഓര്‍മ്മകളും ദൃശ്യങ്ങളും ബഹുവര്‍ണ്ണങ്ങളിലായത് എന്നു മുതല്‍ക്കാണെന്ന്. കുടമ്പുളിയുണക്കാനായി നിരത്തുകയായിരുന്ന മുത്തശ്ശി മറുപടിയായി പൊട്ടിചിരിച്ചതിന്റെ കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മനസ്സിലായത്.

പച്ചപ്പിന്റെ സൌന്ദര്യം, നിറങ്ങളുടെ ഘോഷയാത്രയൊരുക്കുന്ന ലോകം.

ഈ താഴ്വാരത്തിന്റെ ഒരു ചിത്രം വരയ്ക്കുകയാണെങ്കില്‍, കാല്പനികമായൊരു സൌന്ദര്യത്തിന് അത് കറുപ്പും വെളുപ്പുമാകുന്നതാവും കൂടുതല്‍ യോജ്യം.

അങ്ങിനങ്ങ് തറപ്പിച്ചു പറയാനാവുമോ? ഇവിടെ തോട്ടരികില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ ലോകത്തെ ആവാഹിക്കാന്‍ നിറങ്ങളൊഴിഞ്ഞ ചിത്രക്കൂട്ടിനാവുമോ?

ഹേയ്, പ്രകൃതിയുടെ നിറങ്ങളെ അതേ പോലെ പകര്‍ത്താന്‍ ഏത് ചിത്രകാരനാവും?

തോട്ടിലൊഴുകുന്ന വെള്ളത്തിന് , പ്രതിഫലനങ്ങളാല്‍ അനേകം നിറങ്ങളാണ്.

ഇവയെല്ലാം അതേപടി പകര്‍ത്താന്‍ ആര്‍ക്കാവും?

ഒരു സംശയം, ഇവിടെയുള്ള നിറങ്ങളത്രയും‍ ഞാന്‍ കാണുന്നുണ്ടോ?

ഞാന്‍ കാണുന്ന പച്ചയാണോ, വേറൊരുവന്‍ കാണുന്ന പച്ച? ഫ്രീക്വന്‍സി ഒന്ന് തന്നെയെങ്കിലും, പച്ച നിറം കാണുമ്പോള്‍ എന്റെ തലച്ചോറിലുരുവാകുന്ന സങ്കേതം -- അത് തന്നെയാണോ മറ്റുള്ളവരും അതേ നിറം കാണുമ്പോള്‍ അവര്‍ക്കും ഉണ്ടാ‍വുക?

മേഘങ്ങള്‍ക്ക് പിന്നിലെ നീലാ‍കാശം. നീല എന്ന് കാണുന്ന ഞാനും മറ്റൊരാളും പറയുന്നു. ഞാന്‍ നീല കാണുമ്പോള്‍ അനുഭവിക്കുന്ന സങ്കേതം, നീലയെന്ന പേരിന് ഞാന്‍ കാണുന്ന നിറം, അത് അപരനുണ്ടാവുന്നത് ചുവപ്പ് കാണുമ്പോഴാണെങ്കിലോ?

പറഞ്ഞു പഠിച്ച പേരുകള്‍ മാത്രമാവാം നിറങ്ങളുടേത്.

പച്ചയും ചുവപ്പും ചേരുമ്പോള്‍ മഞ്ഞയാകുന്നു -- ഗുണനപട്ടിക പോലെ, അക്കങ്ങള്‍ക്ക് പകരം നിറങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പുതിയ നിറങ്ങള്‍.

അക്കങ്ങളെ പോലെ, നിറങ്ങളും ഇന്ദ്രിയപരിധിക്കിങ്ങേപ്പുറം വാഴുന്ന ഭൂതങ്ങളാണ്, ഗോസ്റ്റ്സ്.

ചിന്ത കാട് കയറുന്നു.

“ണിം ണീം ണിം...” സൈക്കിളിന്റെ ബെല്ലടി.

തിരിഞ്ഞു നോക്കി, അച്ഛനാണ്. അടുത്തു വന്ന് നിര്‍ത്തി.

“ദാ, നീ കണ്ണട മറന്നു...”

“ഓ...”

19 comments:

വക്കാരിമഷ്‌ടാ said...

വീണ്ടും ഏവൂരാന്‍... വളരെ നല്ല സുഖമുള്ള വായന.. അതില്‍ മറഞ്ഞിരിക്കുന്ന തത്വങ്ങള്‍..

ടെക്‍നിക്കലായി കുമാറും മറ്റും പറയുമായിരിക്കും നിറങ്ങളാണോ കറപ്പും വെളുപ്പുമാണോ കൂടുതല്‍ മെച്ചമെന്ന്.. അങ്ങിനെയൊരു മെച്ചമുണ്ടോ?

ഈ ലോകത്തില്‍ പലതും റിലേറ്റീവാണല്ലോ-എന്റെ ശരി നിന്റെ തെറ്റ്, എന്റെ വിശ്വാസം, നിന്റെ വിശ്വാസമില്ലായ്‌മ. എന്റെ ആസ്വാദനം, നിന്റെ വിരസത. അത് സത്യമായാലും മിഥ്യയായാലും വര്‍ണ്ണമായാലും... എന്തും റിലേറ്റീവ് തന്നെ.

“ഒരുപാട് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കണ്ട് കൂട്ടിയതില്‍ നിന്നുരുവായ ഒരു മിഥ്യാധാരണ ഏറെ നാള്‍ കൊണ്ടു നടന്നിരുന്നു -- പഴമക്കാര്‍ കണ്ടിരുന്നതെല്ലാം കറുപ്പും വെളുപ്പുമാണെന്ന്.”

വളരെ ശരി. അതുപോലെതന്നെയുള്ള ഒരു മിഥ്യാധാരണയായിരുന്നു, മഹാത്‌മാഗാന്ധി സ്പീഡില്‍ നടക്കുകയും ഓടുകയുമൊക്കെ ചെയ്‌തിരുന്ന ഒരു വ്യക്തിയായിരുന്നൂ എന്ന്. ഫിലിംസ് ഡിവിഷന്‍ ഡ്യോക്യുമെന്ററികള്‍ സിനിമാ തുടങ്ങുന്നതിനു മുന്‍‌പ് കണ്ടു കണ്ടുണ്ടായ മിഥ്യാധാരണ!

നല്ല എഴുത്ത്.

അരവിന്ദ് :: aravind said...

ആഹ!! ഏവൂര്‍‌സ്...സുന്ദരമായ എഴുത്ത്..

നിറങ്ങള്‍ പലരു പലതാണ് കാണുന്നതെന്ന് എനിക്കും തോന്നിയിട്ടുണ്ട്.
തുണിയലക്കുന്നതിനിടെ ചേട്ടാ എന്റെ ആ പച്ച പാന്‍‌റ്റ്സിങ്ങെടുത്തേ എന്ന് ശ്രീമതി പറഞ്ഞപ്പോള്‍, ഞാന്‍ തപ്പിയിട്ട് അവിടെ പച്ചയൊന്നും കണ്ടില്ല. പിന്നവള്‍ വന്ന് “കണ്ണ് കണ്ടൂടേ” എന്ന് ശാസിച്ച് പാന്റ്സ് എടുത്തപ്പോ, ഇളം തവിട്ട് നിറത്തിന്റെ ഒരു വകഭേദം. ബ്രൌണ്‍ എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എടുത്തേനെ.

കുറുമാന്‍ said...

നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നതിനാല്‍, ഒഴുക്കോടെ വായിച്ചു. നന്നായിരിക്കുന്നു ഏവൂര്‍ജി.

കണ്ണൂസ്‌ said...

ആകാശത്തിന്റെ നിറം നീല എന്ന് പഠിപ്പിച്ച അധ്യാപകനോട്‌, കുട്ടിയായിരുന്ന സ്വാമി വിവേകാനന്ദന്‍ വിയോജിച്ചുവത്രേ. അദ്ദേഹം പറഞ്ഞു, ആകാശത്തിന്റേയും, കടലിന്റേയും, കൃഷ്ണന്റേയും നിറം നീലയല്ല, അതിന്‌ അനന്തത എന്നാണ്‌ പറയുക എന്ന്.

നിറങ്ങള്‍, ചിലപ്പോഴെങ്കിലും അവയുടെ പേരല്ല, ഒരു പ്രഭാവമാണ്‌ മനസ്സില്‍ കൊണ്ടു വരുക എന്ന ഏവൂരാന്റെ നിരീക്ഷണം എത്ര ശരി!!

.::Anil അനില്‍::. said...

ലളിതം, സുന്ദരം.
‘ഫ്രീക്വന്‍സി ‘ എന്ന വാക്ക് ചേരാതെ അങ്ങനെ വേറെ നില്‍ക്കുന്നു.

തണുപ്പന്‍ said...

ഏവൂര്‍ജീ,
റിലേറ്റിവിറ്റിയുടെ ഈ ചോദ്യം ഞാനും കുറെകാലമായി ചോദിച്ചുകൊണ്ടിരിക്കുന്നു.
നമ്മള്‍കാണുന്ന ഓരൊ ആകൃതികളും നിറങ്ങളും അത് പോലെതന്നെയാകുമോ മറ്റുള്ളവരും കാണുന്നത്?

പതിവു പോലെ വളരെ സുഖമുള്ള

സു | Su said...

നിറങ്ങള്‍...

പലതിലുമെന്ന പോലെ നിറത്തിലും പലര്‍ക്കും പല കാഴ്ചപ്പാടുകള്‍...

kumar © said...

നിറങ്ങളില്ലല്ലോ! നിറങ്ങള്‍ നമ്മുടെ തലച്ചോറിന്റെ സൃഷ്ടിയല്ലേ? (എല്ലാം തലച്ചോറിന്റെ സൃഷ്ടിത്തന്നെ!) അന്തരീക്ഷത്തിലുള്ള ഇലക്ട്രോ മാഗനറ്റുകളെ പിടിച്ചെടുക്കുന്ന പിഗ്‌മെന്റ്റുകള്‍ (ചുവന്ന നിറമെന്നോ പച്ചനിറമെന്നൊ നമ്മള്‍ പറയുന്നവ) ഇലക്റ്റ്രോ മാഗ്നെറ്റിലെ ചില തരംഗങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്നു. ബാക്കിയുള്ളവയെ പിടിച്ചു വയ്ക്കുന്നു അത് നമ്മുടെ കണ്ണിലൂടെ തലച്ചോറിലെത്തി (കുറുക്കുവഴിയോ വളഞ്ഞവഴിയൊ?) അവിടെ സൃഷ്ടിക്കുന്ന പ്രതിഭാസം അല്ലേ നിറം. അതുകൊണ്ട് എന്റെ റെഡ് ഏവൂരാന്റെ ഓറഞ്ചാവാം :)

അതു എന്തോ ആയിക്കോട്ടെ, സംവേദനം ചെയ്യാനുള്ള ഒരു എളുപ്പവഴിയായി നിറത്തെ കാണാം.
ഒരുപാട് വാക്കുകളിലൂടെ പറയാനാവാത്തത് ചിലപ്പോള്‍ ഒരു നിറത്തിലൂടെ പറയാനാകും. പലനിറങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പരന്നുകിടക്കുന്നു. അതുപോലെ തന്നെ നിറങ്ങളുടെ രണ്ടറ്റവും നില്‍ക്കുന്ന കറുപ്പും വെളുപ്പും.

കണ്ണൂസ് പറഞ്ഞപ്പോഴാണ് ഓര്‍മ്മയില്‍ വരുന്നത്.
ആകാശത്തിന്റെ നിറം - നീല എന്നു പറയുന്ന അദ്ധ്യാപകന് പുറത്തെ ചാരനിറത്തിലുള്ള അകാശം ചൂണ്ടിക്കാട്ടുന്ന കുരുന്ന്നിനെ.
ഇലകള്‍ പച്ച എന്നൂ പറയുമ്പോള്‍ അതു പറയും,എല്ലാ ഇലകളും പച്ചയല്ല. എന്റെ വീട്ടില്‍ ചുവന്നതും മഞ്ഞയും ഒക്കയായി ഇലകളുണ്ട്.
പൂക്കള്‍ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍ ആ കുഞ്ഞുപറയും ഏറ്റവും കൂടുതല്‍ പൂവുകള്‍ ചുവപ്പല്ലെ എന്നു.

(ഒരിടത്തും തൊടാതെ ഒരു കമന്റുവച്ച് ഇറങ്ങിപ്പോകാന്‍ എന്തു രസം:)

പെരിങ്ങോടന്‍ said...

സ്കൂള്‍കാലത്തെ ഒരു സുഹൃത്തു്, സൈനുവിനെ ഓര്‍മ്മവരുന്നു. “ബോര്‍”-ന്റെ പഴങ്ങള്‍ (ഇതെന്തു പഴം?) പറിക്കുവാന്‍ ഹോസ്റ്റലില്‍ നിന്നും ഓറഞ്ചുതോട്ടങ്ങളിലേയ്ക്കു ഊളിയിടുമ്പോള്‍ ഇവനടക്കം എല്ലാ സഹപാഠികളും കൂട്ടത്തില്‍പ്പെടും. ഗോതമ്പ്, ചോളം, ഒപ്പിയം (അതിനു മാര്‍വാഡിഭാഷയില്‍ വേറെന്തോ പേരാണു്, ഓര്‍ക്കുന്നില്ല) പാടങ്ങള്‍ കടന്നു് ബോറിപ്പഴങ്ങള്‍ പറിച്ചുവരുമ്പോള്‍ സൈനുമാത്രം മധുരമില്ലാത്ത പഴങ്ങളെപ്പറ്റി ആവലാതിപ്പെടും. അക്കൊല്ലം സ്കൂള്‍ ഫൈനല്‍ ക്ലാസുകളൊന്നില്‍ ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗോള്‍ഡ്‌മെഡലോടെ ബയോളജി പാസായ ശര്‍മ്മ സാര്‍ വര്‍ണ്ണാന്ധതയെ കുറിച്ചു ഹിന്ദിയില്‍ ക്ലാസെടുക്കുമ്പോള്‍ ഞങ്ങള്‍ പതിവില്ലാത്തവിധം ശ്രദ്ധാലുക്കളായിരുന്നു.

സത്യത്തില്‍ എല്ലാം മായതന്നെ, 0000110100000101 എന്ന ശ്രേണിയില്‍ തെളിയുന്ന ഇലക്ട്രോണിക് സിഗ്നലുകള്‍ എല്ലാവര്‍ക്കും “അ” എന്ന ആദ്യാക്ഷരമല്ല.

പരസ്പരം said...

ഏവൂരാന്‍, പതിവുപോലെ നല്ല എഴുത്ത്. പണ്ട് എനിക്കും ഇത്തരത്തിലുള്ള തോന്നലുണ്ടായിട്ടുണ്ട്, നിറങ്ങളെ കുറിച്ചല്ല, സ്വന്തം മുഖത്തെക്കുറിച്ച്. ഞാന്‍ കണ്ണാടിയില്‍ കാണുന്നതുപോലെയാണോ മറ്റുള്ളവരും എന്റെ മുഖത്തെ കാണുന്നതെന്ന്..!!

evuraan said...

ഹാവൂ... എനിക്ക് പ്‌രാന്തില്ല, അല്ലേ?

പഞ്ചേന്ദ്രിയങ്ങള്‍ പോലും നമ്മെ നിരന്തരം ചതിക്കുകയാണോ?

പറഞ്ഞു പഠിച്ച പേരുകളിലൂടല്ലാതെ നിറങ്ങളെ എങ്ങിനെ ഒന്ന് വിശദീകരിക്കും?

ഒപ്റ്റിക്കല്‍ സ്‌പെക്‍ട്രത്തില്‍ നിശ്ചിത ഫ്രീക്വന്‍സിയും വേവ്‌ലെംഗ്‌തും നിറങ്ങള്‍ക്കുണ്ട്. അതല്ലാതെ, നിറങ്ങളെ
ഉദാഹരണങ്ങള്‍ക്ക് പുറത്ത് എങ്ങിനെ ഒന്ന് വിശദീകരിക്കും?

ചുവപ്പ് -- ചോരയുടെ നിറം.

ഇനി ഉദാഹരണങ്ങളില്ലാതെ, ഫ്രീക്വന്‍സി കണക്കുകളില്ലാതെ ചുവപ്പെന്ന നിറത്തെ ഒന്ന് നിര്‍വചിക്കൂ.

ചുവപ്പെന്നാല്‍....?

കഴിയുമോ?

അത് നിറങ്ങളുടെ കാര്യം.

ഇനിയുമുണ്ടല്ലോ ഇന്ദ്രിയദത്തമായ അനുഭൂതികള്‍ വേറെയും.

സ്പര്‍ശം -- ആ അനുഭവം ഒന്ന് നിര്‌വചിക്കാമോ?

ഇനി, മണം.

മുല്ലപ്പൂവിന്റെ മണം, അതും അനിര്‍വചനീയമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ തുറന്നു തരുന്നത്, ഒരു ചെറിയ കിളിവാതില്‍ മാത്രമാണ്. മനുഷ്യന് അനുഭവിക്കാവുന്ന പ്രകാശ/ശബ്ദ റേഞ്ചും പരിമിതമാണല്ലോ.


സൈക്കൊഫിസിക്സ് എന്ന ഓമനപ്പേരില്‍ ഈ ചോദ്യങ്ങളെയൊതുക്കാം... പെര്‍സപ്ഷനുകള്‍ എന്ന് പറഞ്ഞ് നടന്നകലാം.പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന അനുഭൂതികള്‍ സമമാണോ എന്ന് പോലും കഴിയാത്ത നമ്മള്‍, രാജ്യങ്ങളും സമൂഹങ്ങളും മതങ്ങളും കെട്ടിപ്പടുക്കുന്നു. അദ്ഭുതം, അല്ലേ?


പറഞ്ഞും കേട്ടും അറിഞ്ഞും മനസ്സിലാക്കുന്ന ഇന്ദ്രിയമാനങ്ങളാണോ മനുഷ്യനെ സാമൂഹിക ജീവിയാക്കുന്നത്?

ചിന്തിച്ചാലൊരു അന്തവുമില്ല, ചിന്തിച്ചില്ലെങ്കിലൊരു കുന്തവുമില്ല .

ഭീതിദമായൊരു നടുക്കത്തോടെയാണ് സുഖമുള്ള ഇത്തരം ചിന്തയില്‍ നിന്നടരുന്നത്.

ദൈനംദിന ജീവിതത്തില്‍, ചെയ്യേണ്ട കാര്യങ്ങളുണ്ട്, അവ ചിന്തയ്ക്ക് തടയിടുന്നു, അല്ലെങ്കില്‍ ഇങ്ങനെയോരോന്ന് ചിന്തിച്ച് കൂട്ടാമായിരുന്നു.

എനിക്ക് പ്‌രാന്തില്ല, അല്ലേ?

wavelenght/frequency എന്നിവയ്ക്കുള്ള മലയാളം എന്താണോ? പദമറിയില്ലെന്നത് ഭ്രാന്തന്‍ ചിന്തകള്‍ക്ക് തടസ്സമാകില്ലല്ലോ?

ജേക്കബ്‌ said...

തരംഗദൈര്‍ഘ്യം/ ആവൃത്തി

ബിരിയാണിക്കുട്ടി said...

നന്ദി പ്രസംഗവും കഴിഞ്ഞ്‌ മൈക്ക്‌ സെറ്റ് കാരനും പോയി, പന്തലിന്റെ കാലിനു കുഴിച്ച കുഴികള്‍ ബാക്കിയായ ഈ മൈതാനത്ത്‌ വന്ന്‌ നിറങ്ങളെ പറ്റി ഒരു ഓഫ് ടോപിക് കഠോര ചോദ്യം - ഭൂരിഭാഗം പുമാന്മാരും വെളുത്ത പെണ്ണിനെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്തെ?

വഴിപോക്കന്‍ said...

ഭൂരിഭാഗം പുമാന്മാരും വെളുത്ത പെണ്ണിനെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്തെ?

ശ്രീമതികള്‍ക്ക് പൊതുവേ വിജയകാന്തിനെപ്പോലത്തെ കറുത്ത ശിങ്കങ്ങളെ ആണൊ താല്പര്യം? അല്ല!

കുട്ടികളെ വരെ “നല്ല വെളുത്ത സുന്ദരകുട്ടന്‍/കുട്ടി“ എന്നല്ലേ പൊക്കിപ്പറയുക. നല്ല കരിവീട്ടി കുഞ്ഞ് എന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല!

ഏവൂരാന്‍ സുഹ്ര്ത്തെ കറുപ്പ് പേജ് , വെള്ള പോസ്റ്റ് പച്ച കമ്ന്റ് ചോപ്പ് ലിങ്ക്സ്. ആകെ ഒരു ഭൂതക്കോട്ട ലുക്ക് ഇല്ലെ എന്നു സംശയം.. രജനികാന്തിന്റെ പുതിയ കോസ്റ്റ്യൂമ്സ് ആണോ പ്രചോദനം?

Adithyan said...

ഏവൂരാന്‍,
നല്ല എഴുത്ത്...

ഒരു പാടു ചര്‍ച്ച ആവശ്യമായ ഒരു വിഷയം... :-)

prapra said...

നല്ല വിവരണം. മനോഹരം. ആ അച്ഛന്റെ സ്നേഹം, അതിന്റെ നിറം എന്തായിരുന്നു. ചില വര്‍ണ്ണങ്ങള്‍ തിരിച്ചറിയുന്നത്‌ കണ്ണുകൊണ്ടല്ലോ?

ദിവ (diva) said...

പണ്ട് ചിന്തിച്ച് നടന്ന ഒരു വിഷയം ഓര്‍മ്മ വരുന്നു. : ഭ്രാന്തന്മാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ എന്തായിരിക്കും ചിന്തിക്കുന്നത്. അവരുടെ കണ്ണുകള്‍ കാണുന്നതായിരിക്കുമോ അവരുടെ തലച്ചോറ് കാണുന്നത് ? ‘ഭ്രാന്തില്ലാത്ത‘വരാ‍യ നമ്മളെക്കുറിച്ച് അവരുടെ ധാരണ എന്തായിരിക്കും. ഇതില്‍ ആര്‍ക്കാണ് ശരിക്ക് ഭ്രാന്ത് ?

കേള്‍ക്കാന്‍, വായനാശീലമുണ്ടായിരുന്ന ഒരു പെണ്‍സുഹൃത്തുണ്ടായിരുന്നത് കൊണ്ട് (ഗേള്‍ ഫ്രണ്ടല്ല) പറയാന്‍ ഇഷ്ടമുണ്ടായിരുന്നു എന്നല്ലാതെ, ഇപ്പോള്‍ അതില്‍ വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

പക്ഷേ, ഏവൂരാന്‍ പറഞ്ഞതു പോലെ എല്ലാം റിലേറ്റീവാണ്, ഭൂരിപക്ഷത്തിന്റെ ശരിയാണ് ശരി.

“പഴമക്കാര്‍ കണ്ടിരുന്നതെല്ലാം കറുപ്പും വെളുപ്പുമാണെന്ന്“ ഞാ‍നും ചിന്തിച്ചിരുന്നു കുറെക്കാലം.

ഓ.ട്ടോ. : ചെറുപ്പം മുതലേ എന്റെ കണ്ണിന് സാമാന്യത്തിലധികം കാഴ്ച ശക്തി ഉണ്ടെന്ന് എനിക്കൊരു ധാരണ ഉണ്ടായിരുന്നു. ഇരുപത്തെട്ട് വയസ്സ് വരെ എല്ലാം ഭംഗിയായി നടന്നു പോരുകയും ചെയ്തു.

ആ എനിക്ക്, കണ്ണട വയ്ക്കേണ്ടി വന്ന സംഭവം : ഒരു വൈകുന്നേരം ഭാര്യയുമൊത്ത്, പുറത്തെവിടെയോ പോയിട്ട് തിരിച്ച് വരുമ്പോള്‍ ഒരു ഫാസ്റ്റ്ഫുഡില്‍ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ, അവള്‍ പുറത്തേയ്ക്ക് നോക്കി പറയുന്നു : “ഓ, ഷൂട്ട്, ദേണ്ടൊരു ഇന്ത്യന്‍ റെസ്റ്റോറന്റ്. ഇവിടേയ്ക്ക് തിരിഞ്ഞ നേരത്ത് അത് കണ്ടിരുന്നെങ്കില്‍, അവിടെ കയറി ഇന്ത്യന്‍ ഫുഡ് കഴിക്കാമായിരുന്നു”

ഞാന്‍ പുറത്തേയ്ക്ക് നോക്കി. റോഡിനെതിര്‍ വശത്ത് കുറെ കടകള്‍ കാണാം. ഇരട്ട ലെയിന്‍ റോഡായതു കൊണ്ട് ദൂരക്കൂടുതല്‍ കാരണം ബോര്‍ഡൊന്നും വായിക്കാന്‍ വയ്യ.

ഞാന്‍ : “നീയിതെങ്ങിനെ കണ്ടുപിടിച്ചു ?”

അവള്‍ : “പുറത്തേയ്ക്ക് നോക്ക്, ഇന്ത്യന്‍ ഹോട്ടലിന്റെ ബോര്‍ഡ് കണ്ടില്ലേ”

ഞാന്‍ ഒന്നൂടെ സൂക്ഷിച്ച് നോക്കിയിട്ടും അവ്യക്തമായി ബോര്‍ഡ് കാണാമെന്നല്ലാതെ ഒന്നും വായിക്കാന്‍ വയ്യ.

പിന്നെയാണ് കത്തിയത് : അവള്‍ കണ്ണാടി വച്ചിട്ടുണ്ട്. അതു കൊണ്ട് കാണുന്നു. എനിക്ക് കണ്ണാടി വയ്ക്കാറായിരിക്കുന്നു. വച്ചാല്‍ എനിക്കും കാണാം !

സ്നേഹിതന്‍ said...

വരികളിലെ വര്‍ണ്ണന വര്‍ണ്ണശബളം!

നിര്‍ന്നിമേഷന്‍ said...

ചിന്തോദ്ദീപകം! നിറങ്ങളുണ്ടാക്കുന്ന സങ്കേതങ്ങള്‍ പലരിലും പലതാണെങ്കിലും, ബാബിലോണ്‍ ഗോപുര നിര്‍മ്മിതിക്ക്‌ ദൈവം കൊടുത്ത ശിക്ഷ തുടരാതിരുന്നതു ഭഗ്യം.