Sunday, June 25, 2006

നോവുന്ന ബന്ധങ്ങള്‍

“വേണ്ടാ... എനിക്ക് വേണ്ടാ...!”

തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ടവള്‍ പുലമ്പി.

ഇടം കൈയ്യാലെ ചുരുട്ടിക്കൂട്ടിയ പിടിയില്‍ ഷര്‍ട്ടിനൊപ്പം എന്റെ നെഞ്ചിലെ രോമങ്ങളും വലിഞ്ഞു നില്‍ക്കുന്നതറിഞ്ഞു. വീണ്ടും വീണ്ടും എന്നെ തെരുപ്പിടിക്കുകയാണ്, മുങ്ങുന്നതിനു മുമ്പ് കച്ചിത്തുറുമ്പിനെ തേടുകയാണവള്‍.

ഇല്ല, നീ മുങ്ങുകയല്ല, കാവലായ് ഞാനിവിടെയുണ്ട്. ഉള്ളിലുരുകുന്ന പ്രാര്‍ത്ഥനയോടെ ഇവിടെത്തന്നെ...

“അമ്മേ...!! നിക്ക് വയ്യ..”

ഈ വേദനയിലൂടെ കടന്നുപോയേ പറ്റൂ, സാരമില്ല. വാക്കുകളവളിലെത്തുന്നുവെന്ന് ഉറപ്പ് വരുത്താന്‍, അവളുടെ ചെവിയ്ക്കടുത്ത് ഞാന് ‍മെല്ലെ മന്ത്രിച്ചു കൊണ്ടിരുന്നു.

ക്രമേണ ശാന്തയായി.

“സ്വീറ്റീ..., യൂ വില്‍ ഫാള്‍ അസ്ലീപ് നൌ...”

ഞരമ്പിലേക്കോടുന്ന ട്യൂബില്‍ നിന്നും സിറിഞ്ചെടുത്ത് മാറ്റി, ഡ്രിപ്പ് തുടരാന്‍ ഘടിപ്പിക്കുന്ന നഴ്സ്‌ പറഞ്ഞു.

കേട്ട് കാണില്ല, അവള്‍ മയങ്ങിക്കഴിഞ്ഞു.

പിടി അയയുന്നതറിഞ്ഞ്, മെല്ലെ കൈ വിടുവിച്ചെടുത്തു കിടക്കയില്‍ വെച്ചു.

മന്ദമായ ശ്വാസഗതി. ചൂണ്ട്‌വിരല്‍ മാത്രം ഇടയ്ക്കിടെ അനങ്ങുന്നു.
രക്തമയമില്ലാത്ത, അവളുടെ വിളറിയ മുഖവും നാവും മനസ്സില്‍ തറഞ്ഞു നില്‍ക്കുന്നു.

വേദനയറിയാതെ, ഉറങ്ങട്ടെ...മുറിവ് അത്ര നിസ്സാരമല്ല, കിടക്കയില്‍ രക്തം പുരണ്ടിരിക്കുന്നു, എന്റെ വസ്ത്രങ്ങളിലുമുണ്ട് ബാക്കി.

അവളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി മാടിയൊതുക്കിയിട്ട്, വശത്ത്, അടുത്ത കാഷ്വാലറ്റി റൂമിന്റെ തിരശ്ശീലകളിലൊന്നില്‍ തട്ടി നില്‍ക്കുന്ന കസേരയിലിരുന്നു.

തിരശ്ശീലയ്ക്കപ്പുറം നിഴലുകള്‍. അടുത്ത മുറിയിലും ആരോ ഉണ്ട്.

വീട്ടില്‍ വിളിച്ച് പറയണോ? അവളുടെ ജ്യേഷ്ഠനെയെങ്കിലും? ഭൂഖണ്ഡങ്ങള്‍ക്കകലെ, ബന്ധുക്കളും ഉറ്റവരുമിപ്പോള്‍ ഉറങ്ങുകയാവും, ഈനേരത്ത് വിളിച്ചുണര്‍ത്തി വര്‍ത്തമാനമറിയിച്ച് അവരെ പരവശരാക്കണോ?

മറിഞ്ഞിട്ട്, മൂന്ന് ലെയിന്‍ നിരങ്ങിമാറിയെന്നാണ് കേട്ടത്. ഹോണ്ട, ഇനി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനേ പറ്റൂ..
എല്ലാം ഒരു ദുഃസ്വപ്നമായിരുന്നെങ്കില്‍...

ഈ ജീവിതം ഒരു റിയലസ്റ്റിക്‍ സ്വപ്നം മാത്രമാണെങ്കില്‍? ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്, പത്താം ക്ലാസ്സിലെ കണക്കു പരീക്ഷാ ഹാളിലേക്കാണെങ്കില്‍? പത്രാസുള്ള ജോലിയിലെ മീറ്റിംഗില്‍ നിന്നും ഉണരുന്നത്, അനിയനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിരുന്ന ചെറുപ്പകാലത്തെ ഒരു ശനിയാഴ്ച വെളുപ്പിനേക്കാണെങ്കില്‍?

അതു പോലെ... ഉണരുന്നത്, കിടന്നുറങ്ങുന്ന അനിയനെയും എന്നേയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന അച്ഛന്റെ അരികിലേക്കായിരിക്കട്ടെ..

അല്ലെങ്കില്‍, ഞായറാഴ്ച രാവിലത്തെ പ്രാതലിനായ് ദോശയും ചമ്മന്തിയും ചായയുമൊരുക്കുന്ന അമ്മയുടെ അരികിലേക്കായിരിക്കട്ടെ...

സുഖമുള്ളൊരു സ്വപ്നം വേണമിപ്പോള്‍...
“അച്ചാച്ചാ, കൈ... നോവുന്നു...”

നടുങ്ങിപ്പോയി.

ആ സ്വരം...

അനിയന്റെ സ്വരം.

മാവേലിക്കരയില്‍, ഡോക്‍ടര്‍ ഫിലിപ്പിന്റെ ആശുപത്രിയിലെ കിടക്കിയിലാണവന്‍. മൂന്നാം ക്ലാസ്സുകാരന്റെ അഴിച്ചെടുത്ത യൂണിഫോം ബാസ്കറ്റിലേക്ക് തിരുകി വെയ്ക്കുന്ന എന്നേ നോക്കി, ചുണ്ടുകള്‍ പുളുത്തി വിതുമ്പുകയാണവന്‍.

ഡ്രിപ്പിന്റെ ഗതിവേഗം കൂട്ടിയതേയുള്ളു നഴ്സ്, അതാവാം ഈ വേദന...

ഓടിച്ചെന്നു.

എന്റെ മൂന്ന് കൈവിരലുകളൊന്നിച്ചാലുള്ള വലിപ്പമില്ല, അവന്റെ കൈത്തണ്ടയ്ക്ക്. ദൈവമെ, അവനു നോവുന്നതിനു പകരം എനിക്ക് നോവട്ടെ.

കുഴലുകള്‍ ഘടിപ്പിച്ചിട്ടില്ലാത്ത കൈത്തണ്ട ഞാന്‍ കവര്‍ന്നു പിടിച്ചു...

“എന്റെ മോനേ...! സാരമില്ലെടാ...!!”

എങ്കിലും, അലമുറയിട്ട് കരഞ്ഞു പോയി.

അമ്മാച്ചന്റെ കൈ എന്റെ പുറം തഴുകുന്നു..

“അപ്പുവിന് ഒന്നുമില്ലെടാ... കരയാതെ, നീയ്യ്...”

കരച്ചിലടങ്ങുന്നില്ല. കണ്ട് നിന്ന അനിയത്തിയും കരയുന്നു...
“കമോണ്‍, ഡോണ്ട് വറി യംഗ്‌ മേന്‍... ഷീ വില്‍ ബീ ആള്‍‌‌റൈറ്റ്..”

തലയുയര്‍ത്തി നോക്കി. തോളത്ത് തഴുകി ആശ്വസിപ്പിക്കുന്നത്, സ്വര്‍ണ്ണനിറത്തിലെ മുടിയുള്ള നേഴ്സാണ്. പിന്നില്‍ വേറൊരാളുമുണ്ട്.

ഞാനെപ്പോഴാണ് ഇത്രയുമുറക്കെ കരഞ്ഞത്?

കണ്ണുനീര്‍ത്തുള്ളികള്‍ക്കിടയിലൂടെ കണ്ടു, അവളിപ്പോഴും മയക്കത്തിലാണ്.

15 comments:

Adithyan said...

ഏവൂരാനെ നന്നായിരിയ്ക്കുന്നു...

ദിവ (diva) said...

നന്നായിരിക്കുന്നു എന്ന് വീണ്ടും വീണ്ടും പറയുന്നില്ല. രണ്ടു സംഭവങ്ങളുടെയും ഒറിജിനാലിറ്റി ക്രിയേറ്റ് ചെയ്യുന്നതില്‍ അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്.

പക്ഷേ, എന്തോ, രണ്ടും തമ്മില്‍ ലിങ്ക് ചെയ്തത് പൂര്‍ണ്ണ വിജയമായോന്നൊരു ചിന്ന സംശയം.

വല്യ അഭിപ്രായം പറയാന്‍ നീയാരെടാ ന്ന് ചോദിച്ചാല്‍ ഞാന്‍ വലിച്ച് വിടും. ( പണ്ട് ഞങ്ങള്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള പ്രയോഗമാണ് ’വലിച്ചു വിടുക‘. സ്കൂട്ടാവുക എന്ന അര്‍ത്ഥത്തില്‍)

ആദരവോടെ,

ബിന്ദു said...

ഇതിടയ്ക്കിടയ്ക്കു കാണുന്നതുപോലെയൊരു ദുഃസ്വപ്നമായിരിക്കണേ എന്നു ഞാന്‍ എന്റെ മുത്തശ്ശന്‍ മരിച്ച അന്നു ചിന്തിച്ചിട്ടിണ്ട്‌.ആയിരുന്നെങ്കില്‍...

വിശാല മനസ്കന്‍ said...

ഇതും സൂപ്പറാക്കി.

കെവിന്‍ & സിജി said...

ആ 'കാഥികനല്ല ഞാന്‍' എന്ന കഥാപ്രസംഗക്കാരന്റെ ഡയലോഗെടുത്തു കളഞ്ഞൂടേടോ? കഥപറയാനറിയുന്നോനതു ചേരില്ലെടോ.

സ്നേഹിതന്‍ said...

'കണ്ണുനീര്‍ തുള്ളി'കളുടെ ലോകം സ്പര്‍ശിയ്ക്കും വിധം എഴുതിയിരിയ്ക്കുന്നു ഏവൂരാന്‍.

ഇടിവാള്‍ said...

ഏവൂരാനേ....
ഈ കറപ്പ്‌-ചൊമപ്പ്‌- പച്ച -- ടെമ്പ്ലേറ്റൊനു മാറ്റാമൊ പ്ലീസ്‌....

താങ്കളുടെ പോസ്റ്റുകള്‍ ശെരിക്കൊന്നു വായിക്കണമെന്ന ആഗ്രഹത്തോടെ പറയുവാ.....

കുറുമാന്‍ said...

വേദനകളുടെ കഥകള്‍ പറയുന്നതും ഒരു കഴിവാണല്ലേ ഏവൂരാനെ......

നന്നായീന്നു പോലും പറയാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ എന്തു കമന്റിടും എന്റീശ്വരാ....

മുല്ലപ്പൂ || Mullappoo said...

“അതു പോലെ... ഉണരുന്നത്, കിടന്നുറങ്ങുന്ന അനിയനെയും എന്നേയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന അച്ഛന്റെ അരികിലേക്കായിരിക്കട്ടെ..
സുഖമുള്ളൊരു സ്വപ്നം വേണമിപ്പോള്‍...“

ചിന്തകളെ എത്രഭംഗിയായി എഴുതുന്നു..

അരവിന്ദ് :: aravind said...

ഏവൂരാന്റെ കഥകള്‍ വായിച്ചില്ലെങ്കില്‍ അതൊരു തീരാനഷ്ടമാണ്.
ഇനിയെന്നെങ്കിലും, ബ്ലോഗ് മടുത്തില്ലെങ്കില്‍, സീരിയസ്സായി ചില ഓര്‍മകള്‍ എഴുതിത്തുടങ്ങുമ്പോള്‍ എന്റെ ശൈലിയില്‍ ഏവൂരാന്റെ ശൈലിയുടെ നിഴല്‍ കാണാം. ഈ എഴുത്ത് അത്രക്കും ഇഷ്ടപെടുന്നു.

അജിത്‌ | Ajith said...

'എല്ലാം ഒരു ദുഃസ്വപ്നമായിരുന്നെങ്കില്‍...'

പലപ്പോഴും ആഗ്രഹിക്കുന്നതും ഒരിക്കലും നടക്കാത്തതും..

Inji Pennu said...

ഇവിടെ ഇതു ഇടുന്നതില്‍ ക്ഷമിക്കണം. പക്ഷെ നമ്മുടെ തറവാ‍ട്ടില്‍ ചീനി ആക്രമണം..
തനിലമയാ‍ളം ബ്ലോഗ് റോളില്‍ ഒരു ചൈനീസ് ഭാഷയുടെ ബ്ലോഗ് വന്നിരിക്കുന്ന്. അതോ ഇനി വക്കാരി ചേട്ടന്റെ ജാപ്പനീസ് ആണൊ? അതു എങ്ങിനെ വന്നു?

kurudan said...

good

SAMSKAR said...

ഗുരുനാഥന്‍ വന്ദനം.
ഞാന്‍ ആദ്യം കാണുന്ന ബ്ലോഗ് ഗുരുവിന്‍റെതാണു.
അതിനാല്‍ താങ്കളെ ഗുരുവായി കാണുന്നു.

Anonymous said...

ഏവൂരാനെ സഹായിക്കണം എന്ന്‍ ബ്ലോലോഗ് തനിമലയാളത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു
http://ormayilennum.blogspot.com