Saturday, August 05, 2006

കഥാകാരന്റെ ചോദ്യം

വന്‍ തിരക്കുകളൊഴിഞ്ഞ ഒരു വാരാന്ത്യത്തിലെ വൈകുന്നേരം കഥാകാരന്‍ സഞ്ചരിക്കാനിറങ്ങി . മാനത്ത്, മേഘങ്ങള്‍ക്ക് അന്തിയുടെ ചുവപ്പ് നിറം ഇനിയും പടര്‍ന്നു തുടങ്ങിയിട്ടില്ല.

എള്ളിന്‍‌പാടങ്ങള്‍ക്കിടയിലൂടെയുള്ള വരമ്പ് കടന്ന്, അങ്ങാടിയിലേക്കുള്ള വഴിയിലെത്തി. വയലുകളിലെ പണി കഴിഞ്ഞ് തിരികെ വീടുകളിലേക്ക് പോകുന്ന ആള്‍ക്കാരെതിരെ വരുന്നു.

അവരറിയാതെ അവരുടെ മുഖങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി, എല്ലാവരും പരിചിതര്‍.

ഹ..! ഹ..! അങ്ങിനെയല്ലേ വരൂ... ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

തോടു കുറുകെ കയറവെ, ഒരു സംശയം. ആരോ കൂടെയുണ്ട്.

തനിക്കു മാത്രം വെളിപ്പെടുന്ന തന്റെ നിഴലല്ല, കൂടെ പോന്ന ചെറുകാറ്റുമല്ല. മറ്റാരോ കൂടെയുണ്ട്?

പിന്നിലെങ്ങും ആരുമില്ല. ഹേയ്, വെറും തോന്നലാവും.

സുന്ദരമായ പ്രകൃതി, മനംമയക്കുന്ന ദൃശ്യങ്ങള്‍. എന്തു ചെയ്യാം, കണ്ടു നിന്നാല്‍ കാര്യങ്ങളൊന്നും നടക്കില്ല..

ഇന്നിനി, ഈ ദേശത്ത് ഒന്ന് കൂടി ബാ‍ക്കിയുണ്ട്.

ഈടിപ്പുറത്തെ വീടിന്റെ വരാന്തയിലിരിക്കുന്ന ഒരു പൂച്ച. തന്നെ കണ്ടില്ലെന്ന് തോന്നുന്നു.

ഉം ഉം..! തെറ്റിയില്ല, വല്ലാത്തൊരു ശബ്ദത്തോടേ അവള്‍, ആ പെണ്‍പൂച്ച, മുരളുന്നു.

കൊള്ളാം, അവളെങ്ങനെ തന്നെ അറിയാതിരിക്കും..?

എന്തെല്ലാം കാര്യങ്ങളിതു പോലെ...!

എന്നാലുമെന്തേ ആരോ പിന്‍‌തുടരുന്നുവെന്നിപ്പോഴും തോന്നുന്നത്? ശ്ശെ..!!

ക്രുദ്ധനാക്കരുതെന്നെ..! ഞാനപകടകാരിയാണ്..!!, എന്റെ ശക്തിയെനിക്കു തന്നെ മനസ്സിലാകുന്നതിനുമുപരിയാണ്...!

പിന്നിട്ട വഴി മിന്നല്‍ വേഗത്തിലോടി നോക്കി, ആരുമില്ല.

നാശം. ഇതെന്തൊരു ശല്ല്യം..?

ഓഹ്. നേരമടുക്കുന്നു, ഇനിയും വൈകിയാല്‍...

ദൂരെ, ഏതോ ഒരാശുപത്രിയുടെ ഉള്‍ത്തളങ്ങളിലെങ്ങോ, ഒരു കട്ടിലില്‍, ശുഷ്കിച്ച ഒരു സ്ത്രീ അബോധാവസ്ഥയില്‍. അരികില്‍ നില്‍ക്കുന്നത്, മകളും കൊച്ചുമക്കളും.

ക്യാന്‍സര്‍ കരണ്ട് മാറ്റിയ കീഴ്ചുണ്ടും മുഖവും. ഒരുപാട് വേദന സഹിച്ചിരിക്കുന്നു.

കഷ്ടം, പാവം -- എന്നൊക്കെ ഇവരെപ്പറ്റി പറയണോ? വേണ്ട, വേദനകള്‍ ഭൌതികമാണല്ലോ..!

ങ്ഹാ.. സമയമായിരിക്കുന്നു...

അവരുടെ നെറ്റിത്തടത്തില്‍ തഴുകിയുണര്‍ത്തി.

“വരൂ, പോകാം...”

ഏറെക്കാലം വഴിനോക്കി കാത്തിരുന്ന ചിരപരിചിതനെ കണ്ട പോലെ, അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

ക്രമാതീതമായി ഉയര്‍ന്ന താഴുന്ന നെഞ്ചിന്‍ കൂട്. ഊര്‍ദ്ധശ്വാസത്തിന്റെ മണം -- തനിക്കു മാത്രമറിയാന്‍ കഴിയുന്ന സുഗന്ധം. സൃഷ്ടി പൂര്‍ണ്ണമായതിന്റെ ദ്യോതകം.

തീര്‍ന്നു.

അലമുറയിടുന്ന മകളും അന്തിച്ച് നില്‍ക്കുന്ന കുഞ്ഞുങ്ങളും -- അവര്‍ മരണം ആദ്യമായി നേരില്‍ക്കാണുകയാണ്. ധൈര്യം സംഭരിച്ചവള്‍ അമ്മയുടെ കണ്ണുകളടയയ്ക്കുന്നു.


ഇന്നത്തേതെല്ലാം കഴിഞ്ഞു.

ഇനിയാ മലയിടുക്കിലേക്ക് തിരികെ പോകാം, മൂന്ന് ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ ആ‍കാശത്തിനെത്ര നിറം മാറിയിരിക്കുന്നുവെന്ന് കാണാം.

ഉം. മേഘങ്ങളില്‍ അല്പം ചുവപ്പ് നിറം കൂടി പടര്‍ന്നിരിക്കുന്നു.

ശ്ശെ, വീണ്ടും...! ആരോ കൂടെയുണ്ട്..! തീര്‍ച്ച..!!

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ എന്ന ചോദ്യം പോലെ, ഇതാരാണോ തന്നെ പിന്‍‌തുടരുന്നത്?

ആരാണ്?

7 comments:

വക്കാരിമഷ്‌ടാ said...

നന്നായിരിക്കുന്നു.

ഇത്തിരിവെട്ടം|Ithiri said...

നന്നായിട്ടുണ്ട്.

വളയം said...

എപ്പോഴും കൂടെയുള്ളത്‌ നിഴലല്ലെങ്കില്‍ പിന്നെ... ഓ..ശരി..ശരി.

കുറുമാന്‍ said...

എനിക്കൊന്നും മനസ്സിലായില്ലല്ലോ? വീണ്ടും വായിച്ചു നോക്കട്ടെ, പണ്ടേ,കട്ടികൂടിയത് ദഹിക്കാത്ത ശരീര പ്രകൃതമാ :)

Raghavan P K said...

ആരാണ് .....? that question remains in my mind also.

പാര്‍വതി said...

എന്ത്....

കുറുന്തോട്ടിക്കും വാതമോ?കാലനും കാലക്കേടോ?...കലികാലം..കലികാലം..ശിവശിവാ....

-പാര്‍വതി.

chackochen said...

ഒറ്റ വാക്കില്‍ പറ്യാനായിട്ടണെകില്‍ നന്ന്. ശോ ഒരു കാര്യ്മ മറന്നു. ഞന്‍ ഒരു ബ്ലോഗ് തുടങി. ഇതാ ലിങ്ക്. കാണുക. പ്രതികരിക്കുക്ക
http://naarayam.blogspot.com/