Wednesday, October 04, 2006

ഇതിനു മുമ്പും..

“ഇനിയും എന്തു വരാനാ കുട്ട്യേ..!? പറ്റേണ്ടതെല്ലാം ആയിട്ടില്ലേ..?”

പാരവശ്യത്തോടെ വൃദ്ധ പറഞ്ഞു നിര്‍ത്തിയത് കേട്ടില്ല എന്നു നടിക്കണമെന്ന് കരുതിയതാണ്.

ആ കുഴിഞ്ഞ കണ്ണുകളിലെ നിസ്സംഗതയാവാം കാരണം, അതിനു കഴിഞ്ഞില്ല. ആ വാചകം ഒരുടക്കായി ഉള്ളിലെവിടെയോ പോറലിടുന്നു.

ഇനിയും വരാനുള്ളത് ഇതിലും വലുതല്ല എന്നവര്‍ക്കു നല്ല ബോദ്ധ്യമുള്ള പോലെ. കഴുത്തിലെ ആ മുഴ അവര്‍ക്കൊന്നുമല്ല.

കാലം വീഴ്ത്തിയ ചുളിവുപാടുകളുള്ള, ഇരുണ്ട മുഖമുള്ള ഈ സ്ത്രീ -- ഇവരെയെന്നാണ് താന്‍ ആദ്യമായി കണ്ടത്?

അവരാകട്ടെ, വരാന്തയ്ക്കപ്പുറത്തെവിടേയ്ക്കോ അനന്തമായ ഒരു നോട്ടത്തില്‍ മുഴികിയിരിക്കുന്നു. പല്ലുകള്‍ കൊഴിഞ്ഞ മോണകള്‍ക്കിടയിലേക്ക് അവര്‍ ചുണ്ടുകള്‍ ഇടയ്ക്കിടെ തിരുകി വെയ്ക്കുന്നു.

മങ്ങിയ മഞ്ഞപ്രകാശം ചൊരിയുന്ന തെരുവുവിളക്കൊരെണ്ണം അകലെ, തെരുവില്‍ കാണാം. വിളക്കുകാലിനു സമീപം നാലഞ്ച് നായ്ക്കള്‍ വട്ടംകൂടി നില്‍ക്കുന്നു.

വാതിലിനു പിന്നില്‍ നിന്നും കുറേ കണ്ണുകള്‍ പാളിനോക്കുന്നുണ്ട്. ഇവിടെയാരും ഈ തള്ളയോട് കിന്നാരം പറഞ്ഞിരിക്കാന്‍ വരാറില്ല, എന്നിട്ടും ഈയാളെന്താ എന്നാവും ചോദ്യങ്ങള്‍.

ഇവിടെ, നഗരത്തിലെ ഇരുളണിഞ്ഞ ഇടവഴികളിലൊന്നില്‍, ഒരു കോണിന്റെ നടത്തിപ്പുകാരിയാണിവര്‍. പുതുമ തേടി, വഴിമാറിചവിട്ടിയ കൂട്ടര്‍ക്കൊപ്പം ഇത്ര ദൂരം വന്നെത്തിയത് വെറുതെ സംസാരിച്ചിരിക്കാനാണോ എന്ന് പ്രജ്ഞയുടെ പകുതി ചോദിക്കുന്നുണ്ടോ?

എവിടെയോ ഇവരെ കണ്ടിട്ടുണ്ട്, തീര്‍ച്ച -- എവിടെ വെച്ചാണോ ആവോ?

ആവോ..! എവിടെ, എന്നു കണ്ടുവെങ്കിലും, ഇവരുടെ കഴുത്തില്‍ അന്ന് ഇത്രയും വലിയ മുഴയില്ലായിരുന്നു, നിശ്ചയം.

ചോദിക്കണമെന്നു തോന്നി, ഇടപാടുകാരില്‍ മലയാളികളും ഉണ്ടായിരിക്കുമോ?

വേണ്ട, വൃദ്ധയിപ്പോഴും ചിന്തയില്‍ മുഴുകിയിരിക്കുകയാണ്. തന്നോട് പറഞ്ഞ അനുഭവകഥകള്‍ വീണ്ടുമോര്‍ക്കുകയാവും. അതിനിടെ ആ ചോദ്യം അനുചിതമായേക്കും, വേണ്ട.

യാദൃശ്ചികമായെങ്കിലും, പിന്നാലെ, അകമുറികളിലൊന്നില്‍ നിന്നും ഏതോ ഒരു പെണ്ണിന്റെ ഭര്‍ത്സനമുയര്‍ന്നതു് ആ ചോദ്യത്തെ അപ്രസക്തമാക്കിയിരിക്കുന്നു, ആരോടോ കയര്‍ത്തു സംസാരിക്കുകയാണ് അവള്‍.

ഇവിടെ ഭാഷയ്ക്കോ ദേശത്തിനോ അല്ല, ഇടപാടിനാണ് കാര്യം.“ഹി..ഹി.. ഭായ്.., നിങ്ങള്‍ ഇപ്പോഴും ഇവിടെ ഇരിക്കുകയാണോ..?” വാ‍രിവലിച്ചുടുത്ത കുപ്പായവുമായി പുറത്തേക്ക് വരുന്ന മഹമൂദ്‌.

അവന്റെ പിന്നാലെ വന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ എന്ന ചിന്തിക്കാതിരിക്കാന്‍ ശ്രമിച്ചു. പീനല്‍ കോഡിലെ ഏതു നമ്പര്‍ പ്രകാരമാവും മഹമൂദ് വിധിക്കപ്പെടുക? ആവോ..?

“അരേ ഭായ്..!, ഈ ബൂഢിയുമായ് വര്‍ത്തമാനം പറഞ്ഞ് നിങ്ങള്‍ എന്തിനു നേരം കളയുന്നു? അകത്തേക്ക് പോയിട്ട് വരൂ..!” അവന്‍ തുടര്‍ന്നും നിര്‍ബന്ധിക്കുകയാണ്.

“വേണ്ട മഹമൂദ്... സാരമില്ല..!”

“എന്നു പറഞ്ഞാലെങ്ങനെയാ..?” ഈര്‍ഷ്വയോടെ വൃദ്ധയെ നോക്കിക്കൊണ്ടവന്‍ പറഞ്ഞു.

അവര്‍ തെല്ലു പുച്ഛത്തോടെ മഹമൂദിനെ നോക്കിയുഴിഞ്ഞു. അവരുടെ നോട്ടങ്ങള്‍ തമ്മിലുടക്കി.

അങ്കക്കോഴിയെ പോലെ, മഹമൂദിനു വീര്യം വര്‍ദ്ധിച്ചതേയുള്ളൂ. അവരോടായി, പിന്നെ പരാക്രമം.

“ബൂഢീ...! ഒരു വില പറയൂ, എന്നിട്ട്, വരൂ അകത്തേക്ക്, മര്‍ദ്ദാന്‌ഗി എന്തെന്ന് ഞാന്‍ കാട്ടിത്തരാം..!” വാക്‍പയറ്റുകള്‍ക്കിടയില്‍ അവന്‍ അവരോടലറി.

“മഹമൂദ്..! വേണ്ടാ..! ഇതെന്താ നിങ്ങളീ ചെയ്തു വരുന്നത്..?” അവനെ തടയാന്‍ ശ്രമിച്ചു.

“നിങ്ങള്‍ വെറുതെയിരിക്കൂ ഭായ്..! ഇത് ഞാനും ഈ കിഴവിയും തമ്മിലുള്ള പ്രശ്നമാണ്..” ആക്രോശത്തിനൊപ്പം, മഹമൂദിന്റെ ശ്വാസത്തിനും റാക്കിന്റെ രൂക്ഷഗന്ധം.

അവരാകട്ടെ, കസേരയില്‍ അല്പം പിന്നോക്കമിരുന്നിട്ട് മഹമൂദിനോട് തനിക്കുള്ള വില പറഞ്ഞു. അവനൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തുക.

ഒരു നിമിഷം അറച്ചു നിന്നിട്ട്, മെഹമൂദ് തന്റെ വിരലില്‍ കിടന്നിരുന്ന മോതിരമൂരി അവര്‍ക്കു നേരേയെറിഞ്ഞു. വിചിത്രമായ തരം കല്ലുകള്‍ പതിച്ച മോതിരം, വൃദ്ധയുടെ മുന്നിലെ മേശപ്പുറത്ത്, ആരെയൊക്കെയോ നോക്കി പല്ലിളിക്കുന്നതു പോലെ.

മോതിരം മേശയുടെ അറയില്‍ വെച്ചു പൂട്ടിയ ശേഷം, അവര്‍ മെഹമൂദിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടകത്തേക്ക് നടന്നു, തെല്ലും കൂസലില്ലാതെ. അവനാകട്ടെ, കുപ്പായത്തിന്റെ കുടുക്കുകള്‍ വീണ്ടും വിടുവിച്ചു കൊണ്ട് അവരെ അനുഗമിച്ചു.

അവരുടെ ചുക്കിച്ചുളിഞ്ഞ കഴുത്തിലെ വലിയ മുഴ, അവര്‍ നടക്കുന്നതിനൊപ്പിച്ച് കുലുങ്ങുന്നത് മഹമൂദ് കണ്ടിരിക്കാനിടയില്ല.

അവരുടെ കണ്ണുകളില്‍ അന്നേരവും തടം കെട്ടിക്കിടന്ന നിസ്സംഗത, എവിടെയൊക്കെയോ കമ്പിവേലിയാലെന്ന പോലെ വലിയ പോറലുകള്‍ ഉളവാക്കുന്നു, വീണ്ടും.

ഇതിനു മുമ്പും, എവിടെയോ ഇവരെ കണ്ടിട്ടുണ്ട്, തീര്‍ച്ച..!

18 comments:

കുട്ടന്മേനൊന്‍::KM said...

ഏവൂരാനെ നന്നായിരിക്കുന്നു. ഏറെ കുറുക്കിയാണെങ്കിലും വിഷയത്തില്‍ നിന്നും വ്യതിചലിക്കാത്ത രചന.

മുരളി വാളൂര്‍ said...

ഏവൂരാന്‍, വേറെ ഏതോ ലോകത്തില്‍ എത്തിപ്പെട്ട പ്രതീതി. വികാരങ്ങള്‍ക്ക്‌ തീപ്പിടിക്കാത്ത എത്രയോ സന്ദര്‍ഭങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. നന്നായിരിക്കുന്നു.

മൈനാഗന്‍ said...

ഏവൂരാന്റെ അവതരണം നന്നായി.
വിഷയത്തില്‍ പുതുമയില്ലെങ്കിലും, ജീവിതത്തിന്റെ ആ ചൂണ്ടക്കൊളുത്തിലുള്ള പിടച്ചിലുണ്ടല്ലോ! ഹോ... അത്‌ ചോര പൊടിയുന്ന അനുഭവമാകുന്നു. അഴകൊഴമ്പന്‍ വര്‍ണ്ണനയില്ലാതെയും
എഴുതാന്‍ പറ്റുമെന്നു തെളിയിച്ചു.

ഡാലി said...

"പല്ലുകള്‍ കൊഴിഞ്ഞ മോണകള്‍ക്കിടയിലേക്ക് അവര്‍ ചുണ്ടുകള്‍ ഇടയ്ക്കിടെ തിരുകി വെയ്ക്കുന്നു."

ഈ വാചകം തരുന്നതില്‍ നിന്നും തികച്ചും വ്യതസ്തമായ ഒരു പ്രതിബിംബം (വൃദ്ധയുടെ) ഈ വാചകം തരുന്നു.

“അവര്‍ മെഹമൂദിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടകത്തേക്ക് നടന്നു, തെല്ലും കൂസലില്ലാതെ. “

എഴുതികാണാറില്ലല്ലോ അധികം?

ദിവ (diva) said...

ഈ തിരക്കിനിടയിലും എഴുതാനുള്ള ഏവൂരാന്റെ പ്രചോദനം അഭിനന്ദനാര്‍ഹം.

പക്ഷേ, ഈ പോസ്റ്റ്‌ പോര. ഏവൂരാനില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാവാം; എന്നാലും, പോര.

Anonymous said...

പ്രിയ ഏവൂരാന്‍
താങ്കളുടെ കഥ വായിച്ചു.മാധവിക്കുട്ടിയുടെ സ്വയംവരം ഓര്‍മിച്ചു.ഒരല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ കഥ അതിലും നന്നായേനേ...സമയക്കുറവാവാം കാരണമെന്ന് കരുതട്ടെ.അഭിനന്ദനങ്ങള്‍....

അരവിശിവ. said...

മാഷേ നല്ല കഥ.....ശൈലി പ്രശംസാര്‍ഹം...

Adithyan said...

ഏവൂരാന്‍ സ്‌ട്രൈക്ക്സ് എഗെയ്ന്‍ :)

തറവാടി said...

താങ്കളുടെ കഥ ഒരു വിങ്ങലായി..നന്നായിട്ടുണ്ട്

മുല്ലപ്പൂ || Mullappoo said...

എഴുത്തു കുറച്ചുവൊ?
സമയക്കുറവാണോ കാരണം.

Anonymous said...

കുറച്ച് നല്ല ‘കഥ’ എന്ന അഭിപ്രായം വായിച്ചതുകൊണ്ടാണ് കഥ വായിക്കാന്‍ തുടങ്ങിയത്. ആദ്യചില വാക്കുകളില്‍ അത്ര സുഖമുള്ളതായി തോന്നിയില്ല. ഒരുതരം പ്രവാസ സാഹിത്യം എന്നു പറയുന്നതില്‍ താങ്കള്‍ മുഷിയേണ്ട. താങ്കളെ അധികം വായിക്കത്തതുകൊണ്ട് മുന്‍ വിധികളൊന്നും ഇല്ല. അതുകൊണ്ടു തന്നെ ഒരു പാട് വായിച്ച കഥകളാണിത് എന്നാലും ഒരിക്കല്‍ കൂടി വായിക്കുമ്പോള്‍ ഒരു നീറ്റല്‍ ഉണ്ടായി എന്നുള്ളത് സത്യമാണ്.
അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ
രാജു.

കരീം മാഷ്‌ said...

കഴുത്തിലെ മുഴ ഒരു പകര്‍ച്ചവ്യാധിയായോ പ്രത്യേകിച്ചു എയിഡ്‌സായി സങ്കല്‍പ്പിച്ചപ്പോള്‍ ബാലികവ്യപാരിയായ ദുഷ്ടന്‍ മഹ്‌മൂദിനുള്ള ശിക്ഷ അങ്ങനെതന്നെയാണ്‌ വേണ്ടതെന്നു തോന്നി.
ഏവൂരാന്‍, താങ്കളുടെ കഥകള്‍ അധികം വായിക്കാന്‍ കിട്ടിയിട്ടില്ല.
ഒരു ദിവസത്തിനു 24 മണിക്കൂറില്‍ കൂടുതല്‍ വേണമെന്നു തോന്നുന്നുണ്ടല്ലെ!

മുസാഫിര്‍ said...

ഏവുരാന്‍,
കഥയുടെ ശൈലി എനിക്കു ഇഷ്ടപ്പെട്ടു.പക്ഷെ,അവസാനം ഒരു അസംഭാവികത പോലെ തോന്നി.തുറന്നു പറയുന്നതില് വിഷമം ഇല്ലെന്നു കരുതട്ടെ.

ഇടിവാള്‍ said...

കഥാശൈലി നന്നായി ഏവൂരാന്‍..

വിഷയം "ഇതിനു മുന്‍പും" വായിച്ചിട്ടുണ്ട്‌ !

വീണ said...

എവൂരാന്‍ ചേട്ടാ,
പക്ഷെ അന്നു കാണുമ്പോള്‍ കഴുത്തിലെ ആ മുഴയ്ക്കു ഇത്രയും വൃത്തികേടു തോന്നിയിരുന്നോ? ഇല്ലായിരിക്കണം....

-വീണ.

chithrakaranചിത്രകാരന്‍ said...

അപ്പൊള്‍ ഇതാണ്‌
പിന്മൊഴി മുതലാളിയായ
ഏേവൂരാന്റെ തട്ടകം!

(ചിത്രകാരന്റെ മുന്‍വിധികള്‍ക്കു ക്ഷമാപണം)

ഏവൂരാനെ,

ആ മഹമൂദിനെ ഇങ്ങനെ ചവിട്ടി താഴ്ത്തരുതായിരുന്നു.
വൃദ്ധയൊട്‌ മാനുഷികമായി നേരമ്പൊക്കുപറഞ്ഞിരുന്ന സുഹൃത്ത്‌ നല്ലവനായിരിക്കാം .
എന്നാലും,അതിലും നല്ലവനാണ്‌ താങ്കള്‍ കുപ്പത്തൊട്ടിയിലെറിയുന്ന മഹമൂദ്‌. കഥാകൃത്തിന്റെ അശ്രദ്ധയാലൊ മുന്‍വിധിയാലൊ വികലമാക്കപ്പെട്ട മഹമൂദിന്റെ അരാജകമായ ലൈഗീകതയില്‍പൊലും നീതിയുടെയും, വൃത്തിയുള്ള നന്മയുടെയും ദൈവീക സാന്നിദ്ധ്യമുണ്ട്‌.
തിരിച്ചറിവുനേടാന്‍ സസ്നേഹം
അഭ്യര്‍ത്ഥിക്കുന്നു.

ബിന്ദു said...

വായിച്ചിട്ടെനിക്കും നിസ്സംഗത! :)

Mahamood said...

അവതരണം നന്നായി
ഒരു വേള ഞാന്‍ സ്തംബിച്ചു പോയി
ഞാനാണോ അവന്‍ എന്ന്
അഭിനന്ദനങ്ങള്‍