Sunday, February 11, 2007

പാളങ്ങള്‍

പരിചയപ്പെടലുകള്ക്കും ഔപചാരികതകള്ക്കും ശേഷം, എതിരെയുള്ള ഇരിപ്പിടത്തില് കാലുകള് ഒന്നിനു മേലെ ഒന്നായി പിണച്ചു വെച്ചവള് മെല്ലെ ഇരുന്നു. ഇരിപ്പിടത്തെ നോവിപ്പിക്കരുതെന്നോ മറ്റൊ തീരുമാനമുള്ള പോലെ.

സുന്ദരി തന്നെ. വെളുത്ത, കൊഴുത്തുരുണ്ട കണംകാലുകള്. അതിലൊന്നില്, തിളങ്ങുന്ന, നേരിയ ലോഹത്താലുള്ള ഒരു ബാന്ഡ്.

പാദസരത്തിന്റെ വകഭേദം.

അനുജത്തിമാരുടെ പാദസരങ്ങളും, അവര് ചിലങ്കകള് കെട്ടി നൃത്തമാടുകയും ചെയ്തിരുന്ന കാലവും ഓര്മ്മ വന്നു. ഒന്നല്ല, രണ്ടു കാലുകളിലും വേണമെന്ന നിഷ്കര്ഷയായിരുന്നു ചെറുപ്പത്തില് കണ്ട് ശീലിച്ചത്.

അതു കൊണ്ടു തന്നെ, ഒറ്റക്കാലിലെ ആഭരണം ആദ്യമൊക്കെ കൌതുകമായിരുന്നു. ആദ്യമിവിടെ, ഏതോ ട്രെയിന് സ്റ്റേഷനില് നിന്നും പുറത്തേക്കുള്ള കോണിപ്പടി കയറുമ്പോള് മുന്നില് നടന്ന സ്ത്രീയുടെ കാലുകളിലാണു് ഈ രീതി ആദ്യം കണ്ടതു. അവരോട്, മറ്റേക്കാലിലെ ആഭരണമെങ്ങോ വീണു പോയി എന്നു പറയാനാഞ്ഞതും ഓര്മ്മ വന്നു.

രീതികള് വഴങ്ങുന്നതു വരെ, കാണുക മനസ്സിലാക്കുക എന്നതു് ഭാഗ്യവശാല് അതിനോടകം ശീലിച്ചു കഴിഞ്ഞിരുന്നു.

ഏറെ നേരമായോ വന്നിട്ടു്?

ങും, ഇരുപതു മിനിറ്റെങ്കിലും ആയിട്ടുണ്ടാവണം താനിവിടെ എത്തിയിട്ട്. രണ്ട് വരി ഡ്രിങ്ക്സും കഴിഞ്ഞിരിക്കുന്നു.

"യാഹ്, ബട്ട് ഐ സ്റ്റാര്ട്ടഡ് വൈല് ഐ വാസ് വെയിറ്റിംഗ്..." ചഷകം ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞു.

"സോറി, വാസ് ഹെല്ഡപ്പ്..." വെള്ളിയാഴ്ച വൈകുന്നേരമാണു്, ഒരാളെ കാണാനുണ്ട് എന്നൊക്കെ കരുതിയാലും ജോലി തീര്ത്തിറങ്ങാന് അവള് വൈകിയത്രേ.

സാരമില്ല.

അരപ്പട്ട കെട്ടിയ വെയിറ്റര് മെനു അവള്ക്ക് കൊടുത്തു.

മറിച്ചു നോക്കാതെ തന്നെ അവള് പറഞ്ഞു, "ഐ വില് ഹാവ് ഏ മാലിബു ബ്രീസ്..!"

മാലിബു റമ്മും കൈതച്ചക്കയുടെ നീരും കൊണ്ടുള്ള വിഭവം.

നല്ല ചോയ്സ്. ഒരിക്കല് രുചിച്ചു നോക്കിയതാണു്, പെണ്ണുങ്ങള്ക്ക് പറ്റിയ, രുചിയുള്ള ഡ്രിങ്ക്.

കുതിര മൂത്രം പോലുള്ള മദ്യം കഴിക്കുകയെന്നാല് പ്രയാസമുള്ള കാര്യമാണു്. മധുരവും മദ്യവും ഒന്നിച്ചു പോവുകയുമില്ല. ഇന്നത്തെ പരീക്ഷണം, സാള്ട്ട് റിംഡ് മാര്ഗരീറ്റ. നാരങ്ങാ നീരും ഉപ്പും നന്നേ ചേരുന്നതിനാല് കുഴപ്പമില്ല. ഒരെണ്ണം കൂടി പോന്നോട്ടെ.

ഇവിടെ വന്നെത്താന് പ്രയാസമുണ്ടായില്ലല്ലോ, അല്ലേ? അവള് ചോദിച്ചു.

ഹേയ് ഇല്ല, ഇവിടം പരിചയമുള്ള സ്ഥലമാണു്.

"സോ, യൂ ആര് ഫ്രം കേരള..!?"

അതെ.

പോയിട്ടില്ലെങ്കിലും, കേരളത്തിനെ പറ്റി അവള്ക്ക് അല്പമൊക്കെ അറിയാം.

"യൂ മസ്റ്റ് ബീ ഏ കമ്മ്യൂണിസ്റ്റ്..!"

അറിയില്ല, കമ്മ്യൂണിസ്റ്റാണോ എന്നു്. ധനം ഇഷ്ടമാണു് , കൂടുതല് സമ്പന്നനാകാനും ഉദ്ദേശ്യമുണ്ട്. അതിനുള്ള ശ്രമത്തിനിടയില്, മദ്ധ്യശ്രേണിയില് തന്നെ ഒരു പക്ഷെ ഒതുങ്ങിയെന്നും വരാം.

ജോലി, പഠനം, താത്പര്യം, വീക്ഷണം -- വീണ്ടും സംഭാഷണത്തിലേക്ക്. ഇതിനിടെ പല തവണ വെയിറ്റര് വന്നു പോയി.

ലഹരി പടര്ന്നിരിക്കുന്നു, നേരവും വൈകുന്നു.

സുന്ദരി തന്നെ. പക്ഷെ, എന്തോ ഒരു പോരായ്മ മുഴച്ചു നില്ക്കുന്നു. അജ്ഞാതമെങ്കിലും, ആ പോരായ്മ വ്യക്തമായ അസുഖമുളവാക്കുന്നുണ്ട്.

അഴകുള്ള ചക്കയുടെ ചൊല്ല് തികട്ടി വരുന്നതെന്തേ?

അവള്‍ ഇടമുറിയാതെ വീണ്ടും സംഭാഷണത്തിലേക്ക്. എന്തു കൊണ്ടോ മനസ്സുറപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല.

ഇതിനു പുറത്ത് എന്തെങ്കിലും കഴിക്കാതെ കിടന്നാല്‍ ശരിയാകില്ല, തലവേദനയും ഹാങ് ഓവറുമായി വാരാന്ത്യം തുലഞ്ഞു പോകും. അപ്പാര്‍ട്ട്‌മെന്റിനു സമീപത്തുള്ള ചൈനീസ് ടേക്കൌട്ടില്‍ നിന്നും ഷ്രിമ്പ് ഫ്രൈഡ് റൈസും, ഓറഞ്ച് ചിക്കനും വാങ്ങിക്കൊണ്ടു പോയി കഴിക്കണം, ശേഷം പാത്രങ്ങളൊന്നും കഴുകേണ്ടതുമില്ല.

നാളെ പകല്‍ ഒന്നര വരെയെങ്കിലും മൂടിപ്പുതച്ചു കിടന്നുറങ്ങണം. ഉണര്‍ന്നെണീറ്റിട്ട് ഇന്ത്യ്‌‌ന്‍ കടകളിലേക്ക് വൈകുന്നേരത്തോടെയോ മറ്റോ ഒന്നു പോകണം.

"യുവര് മോം മസ്റ്റ് ബി ഏ നേഴ്സ്...!"

അല്ല, എന്റെ അമ്മ നേഴ്സല്ല.

വീണ്ടും അവള്‍ സംഭാഷണം തുടര്ന്നെങ്കിലും, ഇനിയും വയ്യ.

പെണ്കിടാവേ, മതിയായി.

ചാടിയെഴുന്നേറ്റു.

"ഐ ഹാവ് ടു ഗോ..!"

മേശപ്പുറത്തിരുന്ന ഗ്ലാസ്സിനടിയിലേക്ക് ബില്ലിനുള്ള നോട്ടുകള് തിരുകി വെയ്ച്ചു.

അമ്പരന്നു നോക്കുന്ന അവള്‍.

"ഹാവ് ഏ നൈസ് ലൈഫ്..!"

അല്പം വേച്ചുവെങ്കിലും, ബാഗുമെടുത്ത് പുറത്തേക്ക് നടന്നു.

തിരിഞ്ഞു നോക്കാതെ.

16 comments:

ബിന്ദു said...

പെണ്ണുകാണല്‍??? :)
ഒറ്റക്കാലിലെ കൊലുസ്... വേണ്ട ഒത്തിരി ഉണ്ട് പറയാന്‍ ആണെങ്കില്‍.

ദിവ (diva) said...

ബിന്ദുച്ചേച്യേ... പെണ്ണുകാണലോ ? കമോണ്‍ ! ഇഞ്ചിച്ചേച്ചിയെപ്പോലെ തുടങ്ങാതെ :))


ഏവ്, കഥയുടെ ടോണ്‍ ഇഷ്ടപ്പെട്ടു. (ചുമ്മാ.. എന്തെങ്കിലും പറയണ്ടേന്ന് വച്ചിട്ടാ) മുഴുവന്‍ പിടികിട്ടിയില്ല, എന്നാലും പെണ്ണുകാണലല്ലാന്ന് മനസ്സിലായി.

remember, കഥകള്‍ക്ക് എഴുത്തുകാരന്‍ തന്നെ പിന്നീട് ആസ്വാദനം കൊടുക്കുന്ന ഒരു പതിവ് ഈയിടെ ബൂലോഗത്ത് ഉണ്ട്. :^) so some of us are waiting :-)

Nousher said...

നന്നായി, മണത്തു നോക്കി കളയുന്നതാണ്‌ കഴിച്ചു നോക്കി ചര്‍ദ്ദിക്കുന്നതിലും നല്ലത്.

അതു തന്നെയല്ലേ. അല്ലെങ്കില്‍ ഞാന്‍ ഓടി ;)

കണ്ണൂസ്‌ said...

കഥക്ക്‌ അറം പറ്റിയോ ഏവൂരാനേ?

സുന്ദരി തന്നെ. പക്ഷെ, എന്തോ ഒരു പോരായ്മ മുഴച്ചു നില്ക്കുന്നു. അജ്ഞാതമെങ്കിലും, ആ പോരായ്മ വ്യക്തമായ അസുഖമുളവാക്കുന്നുണ്ട്.

അഴകുള്ള ചക്കയുടെ ചൊല്ല് തികട്ടി വരുന്നതെന്തേ?

Reshma said...

ഏവു ഇഷ്റ്റൈല്‍ വെച്ച് “‘ ഹാവ് ഏ നൈസ് ലൈഫ്..!’ എന്നു പറഞ്ഞ് അവന്‍ വേച്ചു വേച്ചു നടക്കാനൊരുങ്ങിയപ്പോഴാ അവള്‍ കണ്ടത്, വലത് കാതില്‍ ഒരു തിളങ്ങുന്ന സ്റ്റഡ്.” എന്നൊരു അന്ത്യം പ്രതീക്ഷിച്ചു :D

(ഇതൊരു കഥ മാത്രമെന്ന തോന്നല്‍ന്നാ ഈ കമന്റ്റ് ട്ടോ)

റീനി said...

ഏവൂരാന്‍സെ, ഹാര്‍മണി.കോം വഴി വന്നതാണോ ഈ ഒറ്റക്കാലില്‍ കൊലുസിട്ട പെണ്‍കൊടി?

അഡ്വ.സക്കീന said...

ഇതു വായിച്ചപ്പൊഴാ ഓര്‍ത്തത്, പണ്ട് സൌദിയില്‍ വെച്ച് ആദ്യമായി ഫിലിപ്പീനി സ്ത്രീയുടെ ഒറ്റക്കാലിലെ
പാദസരം കണ്ടതും മറ്റേതു പോയ കാര്യം അറിയിക്കാന്‍ ചെന്ന എന്നെ പരസ്യമായി ഇന്‍സല്‍ട്ട് ചെയ്തതും
ദൂരെ നിന്ന് ഇത് കണ്ട ഭര്‍ത്താവ് ഇനിയൊരിക്കലും തന്നെ പുറത്ത് കൊണ്ട് പോവില്ലെന്ന് ശപഥം ചെയ്തതുമെല്ലാം.
അന്ന് ഞാനും പഠിച്ചു, രീതികള്‍ വഴങ്ങുന്നത് വരെ കാണുക, മനസ്സിലാക്കുക എന്ന്.

ദില്‍ബാസുരന്‍ said...

ഏവൂരാന്‍ ചേട്ടാ,
ഒരു മൊളകൂഷ്യന്‍ കൂട്ടി ഊണ്‍ കഴിച്ച പ്രതീതി. ച്ചാല്‍ ഒന്നുമങ്ങട് ആയില്ല എന്ന ഫീലിങ്. പക്ഷെ ആസ്വദിച്ച് വായിച്ചു കേട്ടോ.:-)

വിവി said...

ഏവൂരാന്‍, കഥാന്ത്യ്ത്തില്‍ അല്‍പ്പം ദുര്‍ഗ്രാഹ്യത.
എന്നാലും കൊള്ളാം

പൊതുവാള് said...

ജങ്ഷനില്‍ സന്ധിച്ച പാളങ്ങള്‍ പിന്നേയും വേര്‍പിരിഞ്ഞ് യാത്ര തുടര്‍ന്നു.

അനംഗാരി said...

ആ‍ പാളത്തില്‍ കൂടി ഒരു തീവണ്ടി ഓടിക്കാന്‍ വകുപ്പുണ്ടോ ഏവൂരാനെ? അതോ വണ്ടി പാളം തെറ്റിയാണൊ ഓടിയത്?

എന്തായാലും ഞാന്‍ ഓടി:)

അരവിന്ദ് :: aravind said...

എന്നതാ സംഭവിച്ചേ ????
(ശൈലി ഒന്നാന്തരം!...എനിക്ക് വല്ലാത്ത ഗസ്സൊക്കെ വരുന്നു...പറയുന്നില്ല)


(ലൈറ്റ് തെളിഞ്ഞു സ്ക്രീന്‍ വെള്ളയായി, പ്രൊജക്റ്റര്‍ ഓഫായി...
തപ്പിപ്പിടിച്ചെഴുന്നേറ്റു വെളിച്ചത്തില്‍ പുളിച്ച കണ്ണുകളുമായി പുറത്തേക്ക് നീങ്ങുന്ന ശുഷ്കമായ ലൈനില്‍ കയറി...

പുറത്തെത്തിയതും ലൈന്‍ തെറ്റിച്ചു സൈഡിലൂടെ നടന്ന് ഗേറ്റിന് പുറത്തെത്തി.സ്റ്റാന്‍‌ഡിലേക്ക് വലിഞ്ഞു നടന്നു.
ഒന്‍‌പതിന് അടൂരിന് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ഉണ്ട്.സീറ്റ് കിട്ടണം..എന്നിട്ട് ഇരുന്നാലോചിച്ചു നോക്കാം)

Inji Pennu said...

എവൂര്‍ജി,
എനിക്കീ കഥ ശരിക്കും മനസ്സിലായി.
എന്തെങ്കിലും ഒക്കെ അവളില്‍ കാണാന്‍ ശ്രമിച്ചതും ഒക്കെ അങ്ങട്ട് മനസ്സിലായി. ഹിക്ക്
..പക്ഷെ ഈ പാളങ്ങള്‍ എന്നതിന്റെ തലേവര മാ‍ത്രം മനസ്സിലായില്ലാ. ഹിക്ക്.എന്റെ മലയാളം ഇഞ്ചീസ് നിഘണ്ടുവില്‍ പാളങ്ങള്‍ എന്നു വെച്ചാല്‍ റെയില്വേ പാളങ്ങള്‍ എന്നേ അര്‍ത്ഥമുള്ളൂ.. ഹിക്ക്
ഇനി പാളങ്ങള്‍ക്ക് ശരിയായ അനന്ത അജ്ഞാത ഉഗാണ്ടാ സോമാലിയ അര്‍ത്ഥതലങ്ങളുണ്ടൊ ഹിക്ക്..

ഹിക്ക്- ആ മാലിബു റം ഞാന്‍ ഒരു ഷോട്ടായി ഒറ്റക്കങ്ങട് സേവിച്ചതിന്റെയാ. ;)

ആവനാഴി said...

ഏവൂരാനേ,

കഥക്കു നല്ല ഒഴുക്കുണ്ട്. വായിച്ചു വായിച്ചങ്ങനെ ഒഴുകി ഒഴുകി പൊകാന്‍.......

സങ്കുചിത മനസ്കന്‍ said...

പൊന്നു ഏവൂരാനേ;
രണ്ട് വരി ഡ്രിങ്ക്സും കഴിഞ്ഞിരിക്കുന്നു.
-അതിലെ ആ ‘വരി’ ഇഷ്ട്പെട്ടു.

-ഒരു കാര്യം പറഞ്ഞോട്ടേ- കമന്റുകളുളെ കളര്‍ കണ്ട് എനിക്ക് മനശാസ്ത്രജ്ഞനെ റൂമില്‍ ആയ പോലെ ആയിപ്പോയി. പ്ലീസ് ആ ഇടിവെട്ട് കളര്‍ ഒന്നു മാറ്റൂ...

-പേരിനെ അന്വര്‍ത്ഥമാക്കുന്നവന്‍ (സങ്കുചിതന്‍)

പ്രിയംവദ said...

palangal ennal parallell lines..never intersecting..ennalle?
i think so Ginger..alle evoorji?
qw_er_ty