Sunday, April 01, 2007

വഴിയിലൊരിക്കല്‍

ഇനിയും സമയം ബാക്കിയുണ്ട്. കൂട്ടരാവട്ടെ ഒപ്പമെത്തിയിട്ടുമില്ല.

പ്ലാറ്റ്ഫോമില് തിരക്കു തുടങ്ങിയതേയുള്ളൂ, യാത്രക്കുള്ളവര് ഇനിയും വന്നെത്താനുണ്ട്. മറുവശത്തേക്കുള്ള പ്ലാറ്റ്ഫോമിലും അതു തന്നെ സ്ഥിതി.

തമിഴന്റെ ചായക്കടയ്ക്ക് നേരേ നടക്കുന്നതിനിടയില് അലക്ഷ്യ്‌മായെന്നോണം മറുവശത്തുള്ളവരെ ഉഴിഞ്ഞു നോക്കി.

അവള് വന്നെത്തിയിട്ടില്ലേ?

പാര്‍സല്‍ സാമഗ്രികള് കൂട്ടിയിട്ടിരിക്കുന്നിടത്തും, വാകമരത്തിനു ചുവട്ടിലും കൂടി നില്ക്കുന്ന പെണ്‍‌കുട്ടികള്‍ക്കിടയില്‍ അവളില്ല.

തമിഴന്റെ കടയില്‍ ഏതോ തമിഴ്‌‌പ്പാട്ട് ഉച്ചത്തില്‍ തകര്‍ക്കുന്നു. കടയ്ക്ക് മുന്നില്‍, ചായ ഊതികുടിക്കുന്നവരിലെ പരിചയക്കാരിലൊരാള്‍ ചോദിച്ചു, ”ഇന്നു നേരത്തേയാണല്ലോ..?”

കൂടുതല്‍ അയാളോടു സംസാരിക്കാനോ ചായ ഒരെണ്ണം വാങ്ങാനോ നിന്നില്ല, ഒന്നു ചിരിച്ചു കാണിച്ചിട്ടു് മുന്നോട്ട് തന്നെ നടന്നു.

ദാ, മറുവശത്തു്, സ്വ്‌ര്‍ണ്ണാഭരണക്കടകളുടെ പരസ്യ്‌ം തൂങ്ങുന്ന തൂണിനു അരികെയുള്ള ഇരിപ്പിടത്തില്‍, ഏതോ പുസ്തകത്തില്‍ മുഴുകി അവളുണ്ട്.

താമസിച്ചില്ല, നാവു ചുരുട്ടി അവളുടെ പേരു തന്നെ ഒരു ചൂളം വിളിയിലാക്കി, സിഗ്നേച്ചര്‍ ടോണ്‍.

കേട്ടു, അവള്‍ പുസ്തകത്തില്‍ നിന്നും തലപൊക്കി നോക്കി.

ഈവശത്തേക്കു വരുന്നോ എന്നു് ആംഗ്യ്‌രൂപേണ ചോദിച്ചതിനു, ഇല്ല, അങ്ങോട്ടു ചെല്ലാന്‍ മറുപടി കിട്ടി.

ഇതാ എത്തിപ്പോയി..!

പാളം മുറിച്ചു കടന്നാല്‍ ഉടനെ അപ്പുറത്ത് ചെല്ലാമെങ്കിലും, താഴെ നിന്നും അവളുടെ മുമ്പില്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിഞ്ഞു കയറുന്നതോര്‍ത്ത് പ്രയാസം തോന്നി.

മേല്‍പ്പാലം ലക്ഷ്യ്‌മാക്കി നടന്നു.

ചായകഴിക്കുവാന്‍ വരുന്ന സഹപാഠികള്‍. നടത്തത്തിന്റെ ധൃതി കണ്ടാവണം ഒരുത്തന്‍ ചോദിച്ചു, “എന്താ, കുറുകെയങ്ങ് ചാടാന്‍ വയ്യേ..?”

“പോടാ അവിടുന്നു്...!”

അടുത്തെത്തിയപ്പോഴേക്കും അവള് പുസ്തകം അടച്ചു ബാഗിനുള്ളിലേക്ക് വെച്ചു. എന്നിട്ടല്പം നീങ്ങിയിരുന്ന് സിമന്റു ബെഞ്ചില്‍ ഇരിക്കാനിടം തന്നു.

അമര്‍ന്നവിടെ ഇരിക്കവെ ശ്രദ്ധിച്ചു, അവളിരുന്നിടത്തു് സുഖമുള്ളതരം ചൂടു്.

“ഒത്തിരി നേരമായോ വന്നിട്ടു്?”

ഇളം നീല നിറമുള്ള ചുരീദാറവള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നു. മുടി ഇടത്തേ കവിളിലേക്ക് അല്പം വീണു കിടപ്പുണ്ട്, പിന്നിലേക്ക് പോണീടെയില്‍ രീതിയില്‍ കെട്ടിയിരിക്കുന്നു,

ലാസ്റ്റ് അവര്‍ ക്ലാസ്സില്ലായിരുന്നു, എന്നാലും ഇവിടെ വന്നെത്തിയപ്പോഴേക്കും ഇതിനു മുമ്പുള്ള വണ്ടി പോയിരുന്നു.

“ഭാഗ്യ്‌ം.. എന്തായാലും കാണാന്‍ പറ്റിയല്ലോ..?”

അവള്‍ വായിച്ചിരുന്ന പുസ്തകത്തിനെക്കുറിച്ചായി പിന്നീടു് ചര്‍ച്ച.

അവളോടു എന്തോ പറയണമെന്നുണ്ടായിരുന്നു, നാവു പൊന്തുന്നില്ല.

സംസാരത്തിനിടയില്, അവളുടെ ഷാള്‍ അല്പം തെന്നിമാറി. ഉടുപ്പിനടിയില്‍, വയലറ്റ് നിറമുള്ള ബ്രേ‌യ്സറിന്റെ സ്ട്രാപ്പ്. തത്രപ്പെട്ടു കണ്ണുകള്‍ പിന്‍‌വലിച്ചു.

വീണ്ടും സംഭാഷണത്തിലേക്കു് ശ്രദ്ധ തിരിച്ചു.

കുറെക്കൂടി താഴേക്കു തെന്നി മാറിയ ഷാള്‍. സംസാരം നിര്‍ത്തി, ഭാവപകര്‍ച്ചയോടെ അവള്‍ ഷാള്‍ നേരെയാക്കിയപ്പോള്‍ മാത്രമാണു്, മാസളത്വത്തിന്റെ നിഷിദ്ധ സൌന്ദര്യത്തില്‍ ഏറെ നേരെം കണ്ണുകള്‍ ഉടക്കിനിന്നുപോയി എന്നറിഞ്ഞതു തന്നെ.

കളവു നടത്തുമ്പോള്‍ കൈയ്യോടെ പിടിയിലകപ്പെട്ടതു പോലെ.

എന്തോ പൊടു കാരണം പറഞ്ഞ് അവള്‍ എഴുന്നേറ്റു പോയി, മറ്റു് പെണ്‍കുട്ടികളുടെ കൂട്ടത്തിലേക്ക് ചെന്നു മറഞ്ഞു.

ഛെ..! മോശമായിപ്പോയി...!

ഇതികര്‍ത്തവ്യാമൂഢനായി ഏറെ നേരം തനിച്ചു് അവിടെയാ സിമന്റു ബെഞ്ചിലിരിക്കേണ്ടി വന്നില്ല, പോകേണ്ട വശത്തേക്കുള്ള ട്രെയിന് എത്താറാകുന്നു.

മേല്‍‌പ്പാലം നടന്നുകയറാനൊന്നും പോയില്ല, നേരെ പാളം മുറിച്ചു കയറി അപ്പുറത്തെത്തി.

തമിഴന്റെ കടയില്‍ നിരന്നിരിക്കുന്നതു ഏറെയും സുഹൃത്തുക്കള്‍.

“എന്താടാ, നിനക്കു കാകദൃഷ്ടിയാണോ? ചെരിഞ്ഞു ചെരിഞ്ഞവളുടെ കുപ്പായത്തിനുള്ളിലേക്ക് ഏറെ നേരം നോക്കുന്നതു് കണ്ടല്ലോ..?”

ഉയരുന്ന പൊട്ടിച്ചിരി.

വയറ്റിലൊരു കാളല്‍. കടുത്ത ആത്മനിന്ദയും.

എങ്കിലും, ഒന്നും പുറത്തു കാണിക്കാതെ ചിരിയില്‍ പങ്കു ചേര്‍ന്നു. അവന്റെ മുതുകത്തു് ചെറിയ ഒരിടി കൊടുത്തിട്ടു പറഞ്ഞു,

“പോടാ, അനാവശ്യം പറയാതെ..!”

19 comments:

Anonymous said...

“മാസളത്വത്തിന്റെ“ തിരുത്തുക. ഇത്രയേ പറയാനുള്ളൂ.-സു-

പരസ്പരം said...

കഥയ്ക്ക് ഒരു പുതുമയും അവകാശപ്പെടാനില്ലെങ്കിലും, അതു വായിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം അതാണ് ഏവൂരാന്റെ പ്രത്യേകത.പ്രീഡിഗ്രി കാലഘട്ടത്തിലോട്ടൊക്കെ എന്നെ എത്തിച്ചു, നന്നായിരിക്കുന്നു ഏവൂര്‍ജി........

Village Rat said...

കൊള്ളാം ഏവൂരാനേ...
അത്രയൊക്കെ മതി.. ഭാവന മണക്കുന്നുണ്ട്‌, ഏതൊരു കാമുകനും ഒരിക്കലെങ്കിലും അനുഭവിച്ചട്ടുണ്ടാം ആ ടെന്‍ഷനും ചമ്മലും.

ഗന്ധര്‍വ്വന്‍ said...

ഒരാണെഴുത്തെന്ന്‌ പറയട്ടെ.
കാരണം ഒരു യുവാവിന്റെ മനോവ്യാപരത്തിലൂടെ കഥ പോകുന്നു.
സ്ത്രിയുടെ നിമ്നോന്നതങ്ങളില്‍ അറിയാതെ കാകദൃഷ്ടി വീണതിലെ കൊച്ചു
സുഖം രസിക്കുന്നതിലും, പിന്നീട്‌ അവളത്‌ കണ്ടു എന്ന്‌ തോന്നുമ്പോള്‍ ആത്മ
നിന്ദ അനുഭവിക്കുന്നതിലും, കൂട്ടുകാരുടെ മുന്നില്‍ ആള്‌ ചമയുന്നതിലും
ഒരു ആണ്‍ പെര്‍സ്പക്റ്റീവ്‌ കാണുന്നു.

വളരെ തന്മയത്തമായി ഒട്ടും അതിന്റെ
അനുഭൂതി ചോരാതെ വാക്കുകളില്‍ പകര്‍ത്താനും കഴിഞ്ഞിരിക്കുന്നു.

എംകിലും ഞെട്ടിപ്പിക്കുന്ന ആ സത്യം പറയാതിരുന്നാല്‍ ഗന്ധര്‍വനാകാതെ
പോകില്ലെ.

ആണൂം പെണ്ണും പരസ്പരം നഗ്നതകള്‍ ഒളിഞ്ഞു കാണുവാന്‍ ആഗ്രഹിക്കുന്നു.
ആത്മ നിന്ദ തോന്നേണ്ടതില്ല.
ഊര്‍ന്നു വീഴുന്ന സാരിത്തലപ്പിലും കയറ്റിക്കുത്തിയ മുണ്ടിലും സാരിയിലും,
എപ്പോഴെക്കെ നഗനതകള്‍ പ്രദര്‍ശിക്കപ്പെടുന്നുവൊ ഒരു തരം രതി നിര്‍വേദത്തില്‍
ഏര്‍പ്പെടുന്നു ആദാമും അവ്വയും.

എന്ത്‌ ഞെട്ടിപ്പിക്കുനതല്ലെന്നൊ. നിങ്ങള്‍ക്കറിയാമെന്നൊ?.

പോട്ടെ വായനക്കെന്തെങ്കിലും തടഞ്ഞു എന്ന സന്തോഷത്തില്‍ ഞാന്‍

ദില്‍ബാസുരന്‍ said...

ഏവൂരാന്‍ ഭായ്,
എനിയ്ക്കിഷ്ടമായി.

വളരെ തന്മയത്വത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു. വളരെ സ്വാഭാവികമായി അറിയാതെ സംഭവിക്കുന്നതാണെങ്കിലും ഛെ! എന്നായി ചൂളിപ്പോകും. ഇറ്റ് ഹാപ്പന്‍സ്! :-(

അപ്പു said...

വായിച്ചു. :-)

വിശാല മനസ്കന്‍ said...

:) കൊള്ളാം. ഇഷ്ടപ്പെട്ടു.

ദിവ (diva) said...

True. It happens :^)

:)

സു | Su said...

ഏവൂരാന്‍ :) ച്ഛെ!

എന്നാലും നല്ല കഥ. :D

മുല്ലപ്പൂ || Mullappoo said...

ഇപ്പറഞ്ഞതൊക്കെ ഏപ്രില്‍ഫൂള്‍ അല്ലേ ?

ആഷ | Asha said...

എന്റെ കണ്ണു ഫ്യൂസായേക്കുമെന്നു ഡബ്ട്ടുള്ളതിനാല്‍ ഞാന്‍ ഈ ബ്ലോഗില്‍ നിന്നും ഓടി രക്ഷപ്പെടുന്നു.

Biby Cletus said...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog

ചില നേരത്ത്.. said...

പോടാ, അനാവശ്യം പറയാതെ’ എന്നയൊരു വാചകത്തിന്റെ വിളി, ഞാനെന്ന യുവാവിനെയും ലജ്ജിപ്പിക്കുന്നു. അതുപോലെയുള്ള അനേകരില്‍ ഒരാളായ എന്നെ.

പെരിങ്ങോടന്‍ said...

അണ്ണന്‍ ആ പെണ്ണിനെ റെയില്‍‌വേ ട്രാക്കിലിട്ട് കാച്ചിക്കളയുമെന്നാണ് ഞാന്‍ കരുതിയത്. സ്ഥിരം പതിവ് അതാണല്ലോ ;)

ലാളിത്യം കൊണ്ടു കീഴടക്കുന്ന കലയുടെ ഉദാഹരണം (മറ്റൊന്ന് പുള്ളുവന്‍ പാട്ട്).

അരവിന്ദ് :: aravind said...

ഉം ഉം....:-)

(ബട്ട്..മോറല്‍ ഓഫ് ദി സ്റ്റോറി?)

ഇടങ്ങള്‍|idangal said...

ഒളിഞ്ഞ് തന്നെ നോക്കേണ്ടിയിരിക്കുന്നു, എത്രകാലമെന്നേ നെടുവീര്‍പ്പെടാനൊക്കൂ,

‘സൂസന്ന’ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് കൊടുത്ത എന്റെ നാടേ, വാഴ്ക.

kaithamullu - കൈതമുള്ള് said...

ഇതെന്താ അരവീ, മോറല്‍ ഓ ദ സ്റ്റോറിയല്ലേ വേണ്ടത്?
പിടിച്ചോ:
-യെ ദില്‍ മാംഗേ മോര്‍!

അരവിന്ദ് :: aravind said...

കൈതേ...ഞാനതല്ല ഉദ്ദേശിച്ചത്.

ക്ലൂ തരാം.

ഷോപ്പിംഗിനു പോകുമ്പോള്‍ ഭാര്യ എപ്പോഴും ഭര്‍ത്താവിനോട് ചോദിക്കും.
“എന്നാ ചേട്ടാ എപ്ലും കൂളിംഗ് ഗ്ലാസ് വെച്ചോണ്ട് നടക്കണേ?”

;-)

Manu said...

ജീവിതത്തിന് പുതുമയില്ലല്ലോ..പിന്നെ കഥക്കെങ്ങനെയാ പുതുമയുണ്ടാകുന്നെ?

നിന്റെ മുഖത്തെന്താടാ ഒരു ചമ്മല്‍ എന്ന് ദേ കൂട്ടുകാരന്‍ ചോദിക്കുന്നു. ഞാന്‍ അവനോട് പറയാന്‍ ഒരു കള്ളം കണ്ടുപിടിക്കട്ടെ