Sunday, May 13, 2007

അവരോഹണം

വേദനയില്ലാത്തൊരു അവസ്ഥ. എങ്കിലും ജലത്തിന്റെ മുകള്‍പരപ്പിലേക്കെത്തുവാനായുന്ന മത്സ്യമെന്ന പോലെ, മേലോട്ട്, മേലോട്ട്.

അറിയാം, ഉള്‍‌ചെവിയിലെ ശംഖിലാണു് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ദ്രാവകം. എങ്കിലും ചെവിക്കുള്ളില്‍ ഒഴുക്കറ്റ ജലം കെട്ടിക്കിടക്കുന്നതു പോലെ.

മെല്ലെ ഓര്‍മ്മ തെളിയുന്നു.ട്രഷറിയില്‍ പോകണം, അവിടെ നിന്നു് ബാങ്കിലും.

മുടി ചീകി പുറത്തേക്കിറങ്ങുമ്പോഴാണു് മകള്‍ പിന്നാലെ വന്നതു്, ശാഠ്യത്തോടെ ബഹളം കൂട്ടുന്ന ഉമയെ ഒക്കത്തെടുത്തു കൊണ്ട്.

“അച്ഛാ, ദാ ഇവളെക്കൂടെ ഒന്നു കൊണ്ട്വോവോ..? കടയില്‍, മുകുന്ദേട്ടന്റെ പക്കലേല്പിച്ചേക്കൂ..!”

വലിയൊരു മഴ പെയ്തു തീര്‍ന്ന പോലെ അവളുടെ ബഹളമടങ്ങി.

“പോരാമോ അപ്പൂപ്പന്റെ കൂടേ?”

സവാരിക്കിറങ്ങാനല്ലേ, അവളെപ്പഴേ തയാര്‍.

“വഴക്കുണ്ടാക്കമോ? ഇല്ലെങ്കില്‍ മാത്രം അപ്പൂപ്പന്‍ കൊണ്ടു പോവാം..”

അവള്‍ തലയാട്ടി.

“എന്നാല്‌പിന്നെ നീയും പോരുന്നോ കൂടെ? സ്കൂട്ടറെടുക്കാം..?” മകളോടു ചോദിച്ചു.

വേനലവധിയെങ്കിലും, അവള്‍ക്ക് ഉത്തരക്കടലാസ്സുകള്ക്ക് മാര്ക്കിട്ട് തിരികെ കൊടുക്കേണ്ട തീയതി അടുത്തുവരുന്നു.

ഒരുപാടു വര്‍ഷം പഴക്കമുള്ള റാലി സൈക്കിള്‍. ഉമയ്ക്കിരിക്കാന്‍ ഒരു ചെറിയ സീറ്റു വെച്ചതാണു് വര്‍ഷങ്ങള്‍ കൂടി അതിനു വന്ന പരിഷ്ക്കാരം.

കുട്ടി സീറ്റിനു മേലെ ചെറിയ ടര്‍ക്കി ടൌവലൊരെണ്ണം കൂടി വിരിച്ചു, കുടുങ്ങുമ്പോള്‍ അവളുടെ ചന്തി നോവരുത്.

ഉത്തരക്കടലാസ്സുകളും ചെമന്ന മഷിപ്പേനയുമായി അരമതിലിരിപ്പുറപ്പിക്കുന്ന മകള്‍. പുറത്തേക്ക് ചവിട്ടിയിറങ്ങവേ, ഒന്നു രണ്ടു വട്ടം ഉമ കൈയെത്തിച്ചു് മണിയടിച്ചു.
കിടക്കുകയാണെന്ന് മനസ്സിലായി. ചെവിക്കുള്ളിലെ നനവു് അറിയാന്‍ കഴിയുന്നുണ്ട്. കണ്ണുകള്‍ തുറന്നു ചുറ്റും നോക്കണമെന്നുണ്ടെങ്കിലും, അതിനു കഴിയുന്നില്ല.

തളര്‍ച്ചയുടെ അങ്ങേപ്പുറത്തു്, വീണ്ടും ചികഞ്ഞു നോക്കി. എന്താണു് സംഭവിച്ചതു്?

തെങ്ങിന്‍ തോപ്പും കടന്നു മെയിന്‍ റോഡിലേക്ക് കയറിയതേയുള്ളൂ.

ഇരമ്പലോടെ വരുന്ന ട്രക്ക് നിരത്തില്‍ നിന്നും നിരങ്ങി മാറി തങ്ങള്‍ക്ക് നേരെയാണു് ചീറിയെത്തുന്നതു്.

വൈകിപ്പോയിരുന്നു.

ലോഹമുരയുന്ന ശബ്ദം. തുണിക്കെട്ടു് കൊണ്ടുള്ള പാവ പോലെ ഉയരത്തിലേക്ക് തെറിക്കുന്ന പേരക്കുട്ടി.

അവള്‍ നിലവിളിച്ചോ എപ്പോഴെങ്കിലും?
കണ്ണുകളില്‍ കെട്ടിയിരുന്ന പാട ഒഴിയുകയാണു്. മൂക്കും വായും മറയ്ക്കുന്ന മാസ്കാണു് മെല്ലെ തെളിഞ്ഞു വരുന്നതു്.

എത്ര നേരം കഴിഞ്ഞുവെന്നറിയില്ല, ഭിത്തിയിലെ കണ്ണാടി ചില്ലുകള് കണ്ടു, ഘടിപ്പിച്ചിരിക്കുന്ന ഏതോ മെഷീനിലേക്ക് പോകുന്ന വയറുകള്‍ കണ്ടു.

ആശുപത്രി മുറിയാണു്, അടുത്തെങ്ങും ആരുമില്ല.

ഒരു പക്ഷെ, കണ്ണാടി വാതിലനപ്പുറം, ആരെങ്കിലും ഉണ്ടാവുമോ?

ഉമയേയും ഒക്കത്തുവെച്ചു് മകളോ, മുകുന്ദനോ, ആരെങ്കിലും?

കണ്ണാടിചില്ലുകള്‍ക്കപ്പുറത്തേക്ക് ഒന്നും തെളിയുന്നില്ല.വീണ്ടും, അതിലോലമായ ഇതളുകള്‍ അടരുന്നു.തെറിച്ചു് പോകുന്ന ചെറുമകളെക്കണ്ടു, ത്രിമാന ചിത്രത്തിലെന്ന പോലെ.

രണ്ടു വയസ്സാവുന്നതേയുള്ളൂ അവള്‍ക്ക്. അവള്‍, അവളുണ്ടോ ഇപ്പോഴും?മകളുടെ കരയുന്ന മുഖം മനസ്സില്‍ തെളിഞ്ഞു വരുന്നു. ഭയമാണു് തോന്നുന്നത്. മുകുന്ദനെക്കുറിച്ചോര്‍ക്കാന്‍ കൂടി കഴിയുന്നില്ല.

അറിവുകള്‍ സര്‍വ്വ‌വ്യാപികളാകുന്നു , അവയെ തിരിച്ചറിയാനെ കഴിയേണ്ടതുള്ളൂ.
അയാളുടെ ഹൃദയം ഒരുപ്രാവശ്യം ശക്തമായി മിടിച്ചു. ചെവിക്കുള്ളിലെ നനവ് രക്തമായി വലം ചെവിയില്‍ നിന്നും പുറത്തേക്ക് ഊറി വന്നു.

ഘടിപ്പിച്ചിരുന്ന മാനകങ്ങളില്‍ അക്കങ്ങളും വരകളും മാറി മാറി വന്നു കൊണ്ടിരുന്നു.

വെള്ളത്തിനടിയിലേക്ക്, സൂര്യപ്രകാശം കടന്നു ചെല്ലാത്ത ആഴത്തിലേക്ക്, മത്സ്യമെന്ന പോലെ, താഴേക്ക്, താഴേക്ക്...

25 comments:

evuraan said...

അവരോഹണം -- കൂടുതല്‍ നന്നാക്കാന്‍ വേണ്ടി ഒരുപാടു ദിവസങ്ങള്‍ അടക്കി വെച്ച കഥ.

ഇനി വയ്യ.

പൊതുവാള് said...

ദാ ഇവിടൊരു തേങ്ങയടിക്കുന്നു:)

ബാക്കി വിശദമായി പിന്നെ.

പൊതുവാള് said...

വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവ് പകരാന്‍ വേണ്ടി മാത്രം ഇത്തിരിനേരത്തേക്ക് ഓര്‍മ്മ തിരിച്ചു കിട്ടിയതെന്തിനായിരുന്നു ഏവൂര്‍ജി?:(

വല്ലാത്തൊരു വിങ്ങല്‍ ബാക്കിയാക്കി മനസ്സിലിത്.

Pramod.KM said...

ഏവൂരാന്‍ ചേട്ടാ..കൂടുതല്‍ നന്നാവേന്‍ വേണ്ടി അടയിരുനതിന്റെ എല്ലാ ഗുണങ്ങളും ഈ കഥക്കുണ്ട്.സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഇഷ്ടമായി.ആറ്ദ്രമായ ആഖ്യാനം.എക്സലന്റ്!

വല്യമ്മായി said...

നല്ല കഥ,നമ്മെ കാത്തിരിക്കുന്ന ആഴത്തിലേക്കൊന്ന് എത്തി നോക്കി കഥ വായിച്ചപ്പോള്‍.

വേണു venu said...

ഇനീയിതില്‍‍ കൂടി നന്നാവണ്ടാ...ഏവൂരാന്‍ ജി.
ഇവിടെയൊക്കെ എത്തിപറ്റിയപ്പോഴേയ്ക്കും “നനവ് രക്തമായി വലം ചെവിയില്‍ നിന്നും പുറത്തേക്ക് ഊറി വന്നു. അതെ. അനുഭവിച്ചു.:)

Siju | സിജു said...

നന്ന്

qw_er_ty

kaithamullu : കൈതമുള്ള് said...

ഏറെ നാള്‍ കൂടി, ഒരു നല്ല വായനാനുഭവം തന്ന രചന!

Vanaja said...

കഴിഞ്ഞ ദിവസം മകളെ സ്കൂളില്‍ കൊണ്ടാക്കിയതിനു ശേഷം കണവന്‍ വന്നു പറഞ്ഞ ഒരു വാര്‍ത്ത കേട്ടപ്പോള്‍ അനുഭവിച്ച അതേ നൊമ്പരം ഇപ്പോഴും. സ്കൂളിലേക്ക്‌ കിട്ടികളേയും കൊണ്ടു വന്ന ഒരു ബസ്സ്‌ upside down ആയി മറിഞ്ഞു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇറ്റു വീണ കണ്ണീര്‍ ആര്‍ക്കും അപകടമൊന്നുമില്ല എന്നു അറിഞ്ഞപ്പോഴാണ്‌ ഉണങ്ങിയത്‌.

തമനു said...

ഏവൂരാന്‍ ജീ,

കുറേക്കാലങ്ങള്‍ക്കു ശേഷം, വായനക്കു ശേഷവും ഒരു നൊമ്പരം ഹൃദയത്തില്‍ ഇട്ട ഒരു കഥ.

::സിയ↔Ziya said...

പ്രിയ ഏവൂരാന്‍,
ആര്‍ദ്ദ്രവും ഹൃദ്യവും ശാലീനവും ഗംഭീരവുമായ കഥ...
ഏറെനാളിനും ശേഷം ഒരു നനുത്ത നോവ് ആത്മാവിലവശേഷിപ്പിച്ച നല്ലൊരു കഥ...

അപ്പൂസ് said...

ഏവൂരാന്‍ ജീ,
നോവിക്കുന്നു, അതു കൊണ്ടു തന്നെ ഇഷ്ടമായി കഥ..

ദേവന്‍ said...

എവൂരാന്റെ കഥ എന്നു കേള്‍ക്കുമ്പോഴേ അതില്‍ ഏവൂ-പഞ്ച്‌ ഉണ്ട്‌ തടുക്കണം എന്ന് സ്വയം പറഞ്ഞിട്ടാണു തുടങ്ങാറ്‌ . എന്നാലും അത്‌ ഏല്‍ക്കും , എപ്പോഴും. ഇതിലത്‌ തുണിക്കെട്ടു കൊണ്ടുള്ള പാവപോലെ തെറിക്കുന്നൊരു കുട്ടിയായി വന്നിടിച്ചു. ബ്രേക്കിംഗ്‌ യാര്‍ഡിലേ പോകുന്ന ചെയ്യുന്ന എമ്പറര്‍ ആയി, നീല നിറമുള്ള ചില്ലുകളായി എനിക്കിടി കിട്ടിക്കോണ്ടിരിക്കും... ഞാന്‍ പഠിക്കില്ല.

കുട്ടന്മേനൊന്‍::KM said...

ഏവൂരാനെ, നല്ല കഥ..
വെള്ളത്തിനടിയിലേക്ക്, സൂര്യപ്രകാശം കടന്നു ചെല്ലാത്ത ആഴത്തിലേക്ക്, മത്സ്യമെന്ന പോലെ, താഴേക്ക്, താഴേക്ക് പോകുന്ന ഒരു അനുഭവം തന്ന കഥ.

ഗൗരീ പ്രസാദ് said...

ഇരമ്പലോടെ വരുന്ന ട്രക്ക് നിരത്തില്‍ നിന്നും നിരങ്ങി മാറി തങ്ങള്‍ക്ക് നേരെയാണു് ചീറിയെത്തുന്നതു്.

ഇന്നും നമ്മുടെ നാട്ടില്‍ ട്രക്കുകള്‍ ചീറിപ്പായുന്നു. നയമം തിരുത്തിയും സര്‍‍‍ക്കര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. സ്പീഡ് ബ്രേക്കര്‍ നിര്‍ബന്ധ മാക്കിയ കോടതി വിധി തിരുത്തിയ സര്‍ക്കാര്‍. പ്രതികരിക്കാത്ത നമ്മളും മാധ്യമങ്ങളും!!

വിഷ്ണു പ്രസാദ് said...

കഥ നന്നായി.

അനംഗാരി said...

ഏവൂ കഥ നന്നായി.അഭിനന്ദനങ്ങള്‍.
ഏവൂ കഥകളുടെ സ്പര്‍ശം ഞാന്‍ ഇവിടെയും കാണുന്നു.

ഇടങ്ങള്‍|idangal said...

പ്രമോദ് പറഞ്ഞ പോലെ അടയിരുന്നതിന്റെ ചൂടുണ്ടീ എഴുത്തിന്,

പരസ്പരം said...

ചുരുങ്ങിയ എഴുത്തുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ സംവാദിക്കുന്ന ഏവൂരാന്റെ അവരോഹണം നന്നായി. എങ്കിലും കഥ അല്പം ക്രൂരമായിപ്പോയോ? പൊതുവേ അപകടങ്ങളുണ്ടാകുമ്പോള്‍ കുഞ്ഞുകുട്ടികള്‍ തെറിച്ചുവീണ് രക്ഷപെടാറുണ്ട്. ഇവിടേയും എനിക്ക് അങ്ങനെ വിശ്വസിക്കാനാണ് താല്പര്യം;.. അങ്ങനെ മുകളിലേക്ക് ആരോഹണത്തിലേക്ക് (ആദ്യ ഖണ്ഡിക അങ്ങനെ ചിന്തിപ്പിക്കുന്നു). ഏവൂരാന്റെ കഥയിലെ ഈ പ്രയോഗം ശരിയാണോ? “കുടുങ്ങുമ്പോള്‍ അവളുടെ ചന്തി നോവരുത്.”, കുടുങ്ങുക എന്നതിന് പകരം കുലുങ്ങുമ്പോള്‍ എന്നല്ലേ നല്ലത്? “കുടുക്കം“ എന്നത് നമ്മുടെ മദ്ധ്യതിരുവിതാംകൂര്‍ സംസാരഭാഷയല്ലേ?

ഗന്ധര്‍വ്വന്‍ said...

എന്റെ തലയില്‍ പലതവണ കാക്ക തോണ്ടിയിട്ടുണ്ട്‌. കയ്യിലിരിക്കുന്ന പപ്പടമൊ മേറ്റ്ന്തെങ്കിലും
അടിച്ചുമാറ്റാനായി.

പ്രാപ്പിടിയന്‍ പരുന്ത്‌ തലക്കുമുകളീല്‍ ഏറെ ഉയരത്തില്‍ വട്ടമിട്ട്‌ പറക്കുമ്പോഴും കീഴെ
മണ്ണു ചികഞ്ഞ്‌ സ്വയം വിശന്നിരുന്ന്‌ കുഞ്ഞുങ്ങളെ പോറ്റുന്ന കോഴിയുടെ
ചലനം അത്‌ നിരീക്ഷിക്കുന്നു. ചിറകുവിരിച്ചൊളിപ്പിക്കാനാകാത്ത
നിമിഷാര്‍ദ്ധത്തില്‍ കുഞ്ഞുങ്ങളിലൊന്ന്‌ പ്രാപ്പിടിയന്റെ കയ്യില്‍.

തള്ളക്കോഴി കോ ക്ക കൊക്കരെ കോക്ക കൊക്കരെ എന്ന്‌ നഷ്ടപ്പെട്ട കുഞ്ഞിനെ ഓര്‍ത്ത്‌ അലമുറയിടുന്നു.

നിയതിക്കുമുന്നില്‍ ഈ കോഴിക്കഥയും, കാക്കതോണ്ടലും മനുഷ്യാനുഭവങ്ങള്‍ക്ക്‌ തുല്യം.

അലമുറയിട്ട്‌ വിലപിക്കാനൊഴികെ, അല്ലെങ്കില്‍ മരണം തരിക എന്ന്‌ ദീന ദീനം ദൈവത്തൊടപേക്ഷിക്കുക
മാത്രം ചെയ്യാനുള്ള സന്ദര്‍ഭങ്ങളും ലോകത്തുണ്ടാകുന്നു.

നിസ്സഹയാനായ അത്തരമൊരാളുടെ അനുഭവം കഥയിലൂടെ വിവരിക്കുന്നു ഏവൂരാന്‍.

അനുഭവശോഷണമില്ലാതിരിക്കാനുള്ള കാലതാമസത്തെ സാധൂകരിക്കുന്നു ഇതിന്റെ വായന.

Reshma said...

കഥ ഇഷ്ടമായി. ദേവേട്ടന്‍ പറഞ്ഞ പോലെ കരുതലോടെയിരിന്നിട്ടും കൊണ്ടു.

ശ്രീ said...

അവള്‍, അവളുണ്ടോ ഇപ്പോഴും?

ഏവൂരാന്‍‌ജി...
മനസ്സില്‍‌ ഒരു വിങ്ങല്‍‌ ബാക്കിയാകുന്നു....
വളരെ നന്നായിട്ടുണ്ട്.

Domy said...

നല്ല ഒരു ഒഴുക്കുണ്ടായിരുന്നു, കൂടെ ഞാനും ഒഴുകിപ്പോയി...

സിബു::cibu said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

പോങ്ങുമ്മൂടന്‍ said...

നന്നായിട്ടുണ്ട്‌...