Tuesday, July 03, 2007

മറവിയില്ലാത്തവര്‍

തിരക്കുകളില്ലാത്ത വൈകുന്നേരം.

ബാല്‍ക്കണിയിലേക്ക് ഓച്ചിറ മാവിന്റെ തണല്‍ പരന്നിട്ടുണ്ട്. അവിടെ ഒരു കസേര വലിച്ചിട്ട്, എന്തെങ്കിലും ഇരുന്ന് വായിക്കണം എന്നു് തോന്നിപ്പോയി.

ഫോര്‍ബ്സിന്റെ പുതിയ ലക്കം തുകല്‍‌ബാഗിനുള്ളിലുണ്ട്. പോരുന്നതിനു മുമ്പ്, ന്യൂയോര്‍ക്കിലെ ഏതോ ന്യൂസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയതു്.

മസ്സൂറിയിലെ ചോളകൃഷിക്കാരെ പറ്റിയുള്ള ഫീച്ചേര്‍ഡ് ലേഖനം. എതനോളിനു പ്രിയമേറുന്നതു് കൊണ്ട് ചോളത്തിനും വിലയേറുന്നു.

ഇന്നു് രാത്രിയില്‍ എപ്പോഴെങ്കിലും ഓഹരി വിപണി ഒന്നു കൂടി നോക്കണം. ചില ഷെയറുകള്‍ ഉടച്ചു വാര്‍ക്കണം. തന്നെയുമല്ല, ഏറെ കാത്തിരുന്ന ഒരു ഐ.പി.ഒ. ഈ വാരത്തില്‍ വരാനുമുണ്ട്.

അവധി തനിക്കാണെങ്കിലും, കാത്തിരിക്കുന്ന വാള്‍ സ്ട്രീറ്റ് ഒരിക്കലും ഉറങ്ങുന്നില്ലല്ലോ?“ദേ, കാണാന്‍ ആരോ വന്നിരിക്കുന്നൂ...!” അവള്‍ വിളിച്ചു പറഞ്ഞതു കേട്ടാണുണര്‍ന്നതു്.

ആറര മണിയാകുന്നു. നേരം കുറെയായി ഇരുന്നുറക്കം തുടങ്ങിയിട്ട്.

ആരാവുമോ ഇപ്പോള്‍?

എഴുന്നേല്‍ക്കുന്നതിനിടയില്‍, ഇട്ടിരുന്ന ഷോര്‍ട്ട്സ് മുട്ടറ്റമെത്തുന്നുവെന്നു് ഉറപ്പു` വരുത്തി.

ഗേറ്റിനു പുറത്തൊരു സ്ത്രീ നില്‍ക്കുന്നു. മുഖം കമ്പിയിഴകള്‍ക്ക് പിന്നിലായതിനാല്‍, ആരാണെന്നു് അടുത്തു ചെല്ലും വരെയും മനസ്സിലായില്ല.

ക്ഷീണിച്ച ചിരിയുമായി ദേവകിയമ്മ.

“അറിയുമോ മോനേ..?” കലമ്പിയ സ്വരത്തിലവര്‍ ചോദിച്ചു.

ഓര്‍മ്മ വയ്ക്കുന്നതിനൊക്കെ മുമ്പ്, നഴ്സറിയില്‍ പോകുന്നതിനും മുമ്പ് ഒരു കൊല്ലത്തോളം നോക്കിയതു് ദേവകിയാണെന്ന് അമ്മ പറഞ്ഞറിയാം.

“പിന്നെ, അറിയാതെ..? വന്നാട്ടെ...!” ഗേറ്റിന്റെ പാളി തുറന്നു് അവരെ അകത്തേക്ക് ക്ഷണിച്ചു.

അമ്പലത്തില്‍ പോയ് വരുന്ന വഴിയാണു്. കൈയ്യിലൊരു കുടയും, ചെറിയൊരു വാഴയിലപ്പൊതിയില്‍ പൂവും പ്രസാദവും. ഗേറ്റിനിപ്പുറം പതിവില്ലാതെയൊരു വണ്ടി കണ്ടതു കൊണ്ട് കയറി നോക്കാമെന്ന് കരുതിയത്രെ.

ഉഴിഞ്ഞു നോക്കുന്നതിനിടയില്‍ അവര്‍ ചോദിച്ചു: “ദെപ്പോ വന്നേ..?”

ഇന്നലെ എത്തി, വീടൊന്നു കാണാന്‍. നാളെ തിരികെ ജ്യേഷ്ഠന്റെയടുത്തേക്ക്, മദിരാശിയിലേക്ക് പോവ്വായി. പിന്നെ, രണ്ടു നാള്‍ കഴിഞ്ഞു് അവിടുന്നു് മടക്കം.

“ന്നാലും കാണാനായി, അതോണ്ട്..!” കവിളില്‍ ഒരു നുള്ളും തന്നു.കസേരയിലിരിക്കുവാന്‍ അവര്‍ക്ക് വൈമുഖ്യം, നിന്നോളാമെന്നു്. ഒടുവില്‍ നിര്‍ബന്ധിച്ച്, കൈപിടിച്ചിരുത്തി.

അവളെ ദേവകിയമ്മ ഇതു വരെ കണ്ടിട്ടില്ല.

“ദേവകിയമ്മേ, ദാ, ഈ നില്‍ക്കുന്നതാണു് എനിക്കു പറ്റിയ അബദ്ധം..!” തമാശ കേട്ടവര്‍ ഹൃദ്യമായി ചിരിച്ചു. അവരുടെ വെള്ളിനിറം പരന്ന കണ്ണുകള്‍ തിളങ്ങി.

പല്ലുകള്‍ ഒന്നു രണ്ടെണ്ണം മാത്രം ബാക്കി.

“പ്രായമൊത്തിരിയായില്ലേ മോനേ..? ഇനീപ്പോ പല്ലൊക്കെ ഉണ്ടായിട്ടെന്താ..?”വികൃതിയായിരുന്നോ? അസുഖങ്ങളുണ്ടായിരുന്നോ? വിശേഷങ്ങള്‍ ചോദിച്ചറിയുന്ന ഭാര്യ. വാത്സല്യത്തോടെ അതിനെല്ലാം ഉത്തരം പറയുന്ന ദേവകിയമ്മ. ചിരി ഒതുക്കാനായില്ല, വരാനിരിക്കുന്ന സന്തതികള്‍ എങ്ങിനെയാവുമെന്ന ആകാംക്ഷയാവണം, അവള്‍ക്ക്...!

അവരുടെ സംഭാഷണത്തില്‍ നിന്നും തെന്നിയിറങ്ങി തെല്ലുനേരം വൃഥാ ചിന്തയിലാണ്ടു; പാവം ദേവകിയമ്മ..! ജരാനരകള്‍ ആര്‍ക്കും ഉണ്ടാകാതിരുന്നെങ്കില്‍..!“നേരം ഒരുപാടായി, പോകട്ടേ, മോനേ..?” അവര്‍ ഇറങ്ങുകയായി.

“കാവോളം ഞാനും വരാം...!”

മുഷ്ടിക്കുള്ളില്‍ മറച്ചു വെച്ചിരുന്ന കറന്‍സി നോട്ടുകള്‍ അവരുടെ വിരലുകള്‍ക്കിടയിലേക്ക് ബലമായി തിരുകി വെയ്ക്കേണ്ടി വന്നു.
കാവു് കഴിഞ്ഞ്, തിരികെ നടക്കുന്നതിനു മുമ്പ്, ഇരുളുന്ന വലിയ ആകാശത്തിനു കീഴെ, പാടവരമ്പിലൂടെ അവര്‍ മെല്ലെ നടന്നകലുന്നതു് കുറെ നേരം നോക്കി നിന്നു.

ഇനിയിവരെ എന്നു കാ‍ണും? കാണുമോ ഇനി?

ഏതവധിക്കാവുമോ ഇനി ഇങ്ങോട്ടൊക്കെ വരവുണ്ടാകുക? ആവോ?
തിരികെ സിറ്റൌട്ടിലെത്തി വീണ്ടും ഇരിപ്പുറപ്പിക്കവേ, ടീപ്പോയിന്മേല്‍, ദേവകിയമ്മ മറന്നു വെച്ച വാഴയിലച്ചീന്തു്. അതിനുള്ളില്‍ നനവുള്ള ചന്ദനവും, ചുവന്ന തെറ്റിപ്പൂക്കളും.

അതവര്‍ മറന്നു വെച്ചതാണോ?

ആവില്ല. അവര്‍ മറക്കില്ല, അവരെ മറന്നാലും.

14 comments:

മനോജ്‌ കുമാര്‍.വി said...

നല്ല എഴുത്ത്. നാട്ടിലെത്തിയത് പോലെ :)

എഴുന്നേല്‍ക്കുന്നതിനിടയില്‍, ഇട്ടിരുന്ന ഷോര്‍ട്ട്സ് മുട്ടറ്റമെത്തുന്നുവെന്നു് ഉറപ്പു` വരുത്തി

(നാട്ടില്‍, അമ്മയ്ക്ക് ഒന്നിനോണം പോന്ന ചെക്കന്മാര്‍ ട്രൌസറിട്ട് നടക്കുന്നത് കാണുന്നത് കലിപ്പാണ്)

സാല്‍ജോҐsaljo said...

:)

ബീരാന്‍ കുട്ടി said...

മിഴികളില്‍ നനവ്‌ പടരുന്ന എഴുത്‌.
അളന്ന് മുറിച്ച വാക്കുകള്‍. ഇഷ്ടമായി ഒരുപാട്‌.

കരീം മാഷ്‌ said...

മറന്നു വെച്ചതല്ലതു,
മനപ്പൂര്‍വ്വം വെച്ചു തന്നതു തന്നെ!
മാറുന്നശീലങ്ങളില്‍,
മാറാത്ത ശീലുകള്‍ മാനിക്കണം ഏന്നു ഓര്‍മ്മിപ്പിക്കാന്‍ കൂടി.

മാവേലി കേരളം said...

മധുരിയ്ക്കുന്ന നൊമ്പരം അതാണ് കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായത്. വളരെ നന്നായിരിയ്കുന്നു.

പുള്ളി said...

ഇഷ്ടപ്പെട്ടു

ശെഫി said...

:)

ബഹുവ്രീഹി said...

vaLare ishTamaaayi maashe.

സൂര്യോദയം said...

സ്നേഹം നിറഞ്ഞ ഓര്‍മ്മകള്‍... കണ്ണീരിന്റെ നനവുള്ള വേര്‍പിരിയലുകള്‍... അനിശ്ചിതത്ത്വം നിറഞ്ഞ വരും നാളുകള്‍...

കുറുമാന്‍ said...

ചെറുതെങ്കിലും മനോഹരം ഏവൂര്‍ജി

പരസ്പരം said...

പതിവുപോലെ ഹൃസ്വം, മനോഹരം...പ്രവാസികളാകാന്‍ വിധികപ്പെട്ട നമ്മള്‍.... മറക്കരുതാത്ത മുഖങ്ങളും, സംസ്ക്കാരവും,ബന്ധങ്ങളും.

വള്ളുവനാടന്‍ said...

ജീവിത യാത്രയില്‍ എവിടയോ കണ്ടു മറന്ന ചിത്രം, വീണ്ടും ഓര്‍മിപ്പിച്ചു ....

വേണു venu said...

പ്രിയ ഏവൂരാനേ,
ഇന്നു കണ്ടു പോയി ഞാനീ പൂവും പ്രസാദവും.:)

Sajeesh .V. Balan said...

Good..keep writting...