Tuesday, August 28, 2007

വൈരി

തുണി ഉണക്കാനായി തൂണുകള്‍ക്കിടയില്‍ കെട്ടിയ കമ്പി അയ. ഇലക്ട്രിക് വയറാണു് ഇഴയായി പിരിച്ചു കെട്ടിയിരിക്കുന്നതു്.

കാലങ്ങളായി വെയിലും മഴയുമേറ്റ് അതിന്റെ ഇന്‍സുലേഷന്‍ അവിടെയുമിവിടെയും പൊളിഞ്ഞിരിക്കുന്നു.

അയയിലൂടെ ചുവന്ന നീറുകളുടെ ഘോഷയാത്ര. ഘോഷയാത്ര എന്നു പറയാനാവുമോ? വരിയൊപ്പിച്ച്
ഇരുവശത്തേക്കും പോകുന്നവയുമുണ്ട് അക്കൂട്ടത്തില്‍.

കൂട്ടിമുട്ടുമ്പോള്‍ ഒരു നിമിഷം നിന്ന്, കൊമ്പുകള്‍ തൊടുവിച്ച ശേഷം വീണ്ടും മുന്നോട്ട്.

ഒരു ചെറിയ വണ്ടനെയും കടിച്ചു പിടിച്ചു കൊണ്ടതാ ഒരെണ്ണം...

നടന്നങ്ങേയറ്റത്തെ തൂണിലേക്ക് തൊട്ടുനില്‍ക്കുന്ന പ്ലാവിന്‍ കമ്പിലൂടെ, കൂട്ടിലേക്ക്. പ്ലാവിലകള്‍
നെയ്തു കൂട്ടിയിരിക്കുന്ന വലിയ നീറിന്‍ കൂട്. അതിനുള്ളില്‍ സര്‍വ്വാധികാരിയായി ഒരു റാണിയുറുമ്പ് ഉണ്ടാവുമോ? അസംഖ്യം കടിയന്മാരുടെ സംരക്ഷണത്തില്‍ കഴിയുന്ന മഹാചക്രവര്‍ത്തിനി? ഇലകളടര്‍ത്തി അകം തുറന്നു നോക്കാന്‍ ആഗ്രഹമില്ലാഞ്ഞല്ല, പൊതിരെ കടി കിട്ടും എന്ന ബോദ്ധ്യം മാത്രമാണു് അതിനു തടസ്സം..!

ആ നീറിന്‍ കൂട് അപ്പടി ഒടിച്ചെടുത്ത് തീയിലിടാന്‍ കഴിഞ്ഞെങ്കില്‍, ചെയ്തേനെ...

വളപ്പ് വൃത്തിയാക്കാന്‍ ജോലിക്കാരുണ്ടായിരുന്നപ്പോള്‍ അവര്‍ നീറിന്‍ കൂടുള്ള ചില്ലകള്‍
പൊട്ടിച്ചെടുത്ത് തീയിലിടുന്നത് കണ്ട് നിന്നിട്ടുണ്ട്. ചെറിയ പൊട്ടലും ചീറ്റലുമോടെയാവും, നീറിന്‍
കൂടെന്ന ചെറിയ പ്രപഞ്ചം കത്തിയമരുന്നത്.

കുണ്ടിയിലെ സഞ്ചിയിലപ്പടി വീര്യമുള്ള ഫോര്‍മിക് ആസിഡ് ആവണം. കടിച്ചാല്‍ തെല്ലു
നേരത്തേക്കെങ്കിലും നീറുന്ന വേദനയുണ്ടാകുമെന്നതിനാല്‍, ഈയിനത്തിനു മുമ്പേ കടന്നു പോയവരറിഞ്ഞു നല്‍കിയ വിളിപ്പേരു്, നീറു്.

ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണു് നീറുകളുടെ സ്വതം. ജനിമൃതികള്‍, ജരാനരകള്‍
തുടങ്ങിയവയാല്‍ ഭ്രംശം ഭവിക്കാത്ത ഇരപിടുത്തം ഒരുതരം വെറുപ്പാണുളവാക്കുന്നതു്. വികാരമില്ലാത്ത യാന്ത്രികത: നിലനില്‍പ്പിനു വേണ്ടിയുള്ള പരവേശം.

നീറിന്‍ കൂട്ടിലെ അജ്ഞാതമായ ഏതോ ഹൈരാര്‍ക്കിയിലെ അദ്ധ്വാനിയോടു് മമതയൊന്നും
തോന്നിയിട്ടുമില്ല, അവന്‍ സ്വാര്‍ത്ഥനും ക്രൂരനുമാണെന്നതിനാല്‍ തന്നെ.

വിഷപാമ്പുകളെ വെറുക്കുന്നതു പോലെ, നീറുകളെയും വെറുക്കുന്നു.

അവശയായ നായക്കുട്ടിയുടെ മേലാകെ നീറരിക്കുന്ന കാഴ്ചയിലേക്കാണു് ഒരു ദിവസം ഉണര്‍ന്നെണീറ്റത്. നീറുകളെ കൈകൊണ്ട് പെറുക്കി മാറ്റുന്നതറിഞ്ഞ് വാലാട്ടാന്‍ വിഫലശ്രമം നടത്തിയ നായക്കുട്ടി. അവളുടെ കണ്‍പോളയിലും വലിയൊരു നീറ് കടിച്ചു തൂങ്ങി നില്പുണ്ടായിരുന്നു. കൈത്തണ്ടയില്‍ കടിച്ചു തൂങ്ങിയ നീറുകളെ അടര്‍ത്തി മാറ്റിയപ്പോള്‍, പിന്നില്‍ നിന്നാരോ പറഞ്ഞു: "പട്ടിയെ നീറരിച്ചു, ഇനി രക്ഷയില്ല, ചത്തു പോം..!"

വല്ല്യപ്പനെ നിര്‍ബന്ധം കെട്ടി വാങ്ങിപ്പിച്ച ഡീഡീറ്റി, അതിനെ കുഴിച്ചിട്ടടത്തുള്ള മണ്‍കൂനയ്ക്ക്
മേലെ വാശിയോടെ വിതറിത്തീര്‍ത്തു. ഇനി അവളെ നീറരിക്കരുത്.

വലിയ ഒരു മീനിന്റെ ഉണങ്ങിയ തലഭാഗം പറമ്പില്‍ കിടന്നിരുന്നു. ഏറെക്കാലം ഉണങ്ങിയിട്ടും
ദ്രവിച്ചിട്ടും ചെകിള ഭാഗത്തിന്റെ തിളക്കം പോയിരുന്നില്ല. എന്താണെന്നറിയില്ല, ഒരുപാടുനാള്‍
നീറുറുമ്പുകളുടെ താവളമായിരുന്നു ആ ശിഷ്ടം. എടുത്ത് താഴേക്ക് വലിച്ചെറിയ്യുന്നതു വരെ.

അതിനു ശേഷമൊരിക്കല്‍, സ്വാദേറിയ പഴങ്കഞ്ഞി‍, കാന്താരിയുടച്ചതും മോരുകറിയും കൂട്ടി ഒരു കൈ
വായിലാക്കിയതേയുള്ളൂ, ചോറിനിടയില്‍ എന്തോ അനങ്ങുന്നതു പോലെ..! തുപ്പിക്കളഞ്ഞിട്ടും പോവാതെ
നാവിലിരുന്നെന്തോ കൊളുത്തി വലിക്കുന്നു. പല്ലിനോട് ചേര്‍ത്തമര്‍ത്തിയപ്പോള്‍ വല്ലാത്ത പുളി.
വിരലിട്ടെടുത്തത് ചതഞ്ഞ നീറിനെ. അതിന്റെ തലയറ്റത്തുള്ള കൊമ്പുകളന്നേരവും അനങ്ങുന്നുണ്ടായിരുന്നു. മുറ്റത്തെ പ്ലാവിന്‍ കൊമ്പില്‍ നിന്നും താഴെ പാത്രത്തിലേക്ക് വീണതാവണം.

കെമിസ്റ്റ്രി ക്ലാസ്സുകളില്‍ അമ്ലവും ക്ഷാരവും പഠിച്ച നാളുകളില്‍, ലിറ്റ്മസ് പേപ്പറിനു
പകരമായി ചെമ്പരത്തിപ്പൂവരച്ചു തേച്ച കടലാസ്സു് മതിയാവുമെന്നറിഞ്ഞു. നീറിനെ കടലാസ്സില്‍
ചേര്‍ത്ത് ഞെരിച്ചാലതില്‍ അമ്ലത്തിന്റെ നിറം പകരും. ഒരു തരം പകയോടെ കുറേയെണ്ണത്തെ
ചേര്‍ത്തരച്ച് കലി തീര്‍ത്തിരുന്നു.

കൈനോട്ടക്കാരന്റെ ഭൂതക്കണ്ണാടി ഒരെണ്ണം കൈവന്നപ്പോള്‍, സൂര്യപ്ര്കാശത്തിനു താഴെ പിടിച്ച്
കടലാസ്സ് കത്തിക്കുന്നതിലുള്ള കമ്പം പെട്ടന്നു കടന്നു പോയി. എങ്കിലും, നടന്നു പോകുന്ന നീറുകളുടെ
മേലെ ഫോക്കസ്സ് ചെയ്ത് പരുവത്തിനു കിട്ടുന്നവയെ പൊള്ളിച്ചു വിടുന്നതിന്റെ രസം ഒന്നു വേറെ
തന്നെയായിരുന്നു.

താഴെ നിന്നും നായക്കുട്ടിയുടെ കുര, ടെറസ്സിലെന്തു ചെയ്യുകയാണെന്ന ഭാവത്തില്‍.

ഇനി, ഭാവിയിലൊരിക്കല്‍ ഇവളെയെയും നീറരിക്കുമോ?

അരമതിലില്‍ നിന്നും കുപ്പായത്തിന്റെ സ്ലീവിലൂടെ എങ്ങോട്ടെന്നില്ലാതെ കയറി വന്ന ഒന്നു രണ്ടു
നീറുകള്‍. ചതയ്ച്ച്ചരയ്ക്കാനൊന്നും മുതിര്‍ന്നില്ല, വിരലുകള്‍ കൊണ്ടവയെ കുപ്പായത്തില്‍ നിന്നും
തെറുപ്പിച്ചു കളഞ്ഞു. ശേഷം മെല്ലെ താഴേക്കുള്ള പടികളിറങ്ങി.

താഴെയെത്തിയപ്പോള്‍ സഹജമായ സന്തോഷത്തോടെ നായക്കുട്ടി ഓടിവന്നു, കാലുകളിലുരുമ്മി നിന്നു.

6 comments:

ദിവ (എമ്മാനുവല്‍) said...

ഇന്നര്‍ മീനിംഗ് എന്തെങ്കിലുമുണ്ടോയെന്നറിയില്ലെങ്കിലും ഇത് ഇഷ്ടമായി. അയക്കമ്പി പോലെ ഋജുവായി പോസ്റ്റ് പോയി എന്ന് മാത്രം.

ബിന്ദു said...

ഈ നീറിനല്ലെ പണ്ടൊരു അബദ്ധവരം കിട്ടിയത്‌, കടിച്ചാല്‍ ചാവണം എന്നുള്ള വരം? പസ്ഖെ ചാവുന്നതു നീറു തന്നെ ആവുമെന്നു മാത്രം. (നീറിനു തല്ലെ അല്ലേ?) പുളിപ്പു മാത്രമല്ല അതിനൊരു വൃത്തികെട്ട മണവുമുണ്ട്‌.

സുനീഷ് തോമസ് / SUNISH THOMAS said...

നല്ല പോസ്റ്റ്. ഋജുവായി എഴുതിയിട്ടുണ്ട്. അതിഷ്ടപ്പെട്ടു. (അതു മാത്രം!)

ശ്രീ said...

ഏവൂരാന്‍‌ ജീ
നല്ല പോസ്റ്റ്

sandoz said...

ഏവൂരാനേ.....
നിരാശപ്പെടുത്തീല്ലാ...
നന്നായിട്ടു നീറി....

ഹരിത് said...

വളരെ ഇഷ്ടപ്പെട്ടു. നല്ല പോസ്റ്റ്. കൊള്ളാം.