Monday, October 15, 2007

അപ്രിയ സത്യങ്ങള്‍

അടുത്ത ബസ്സിനി എപ്പോഴാണോ വരിക? ഇനിയിവിടെ അതു കാത്ത് നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

തിരക്കാണു്. ഓഫീസുകളില്‍ നിന്നും ആള്‍ക്കാര്‍ തിരികെ പോവുന്ന പീക് ട്രാഫിക് സമയം. ഇടുങ്ങിയ നഗരത്തില്‍ നിന്നും പുറത്തേക്കു കടക്കാന്‍ എല്ലാവര്‍ക്കും ധൃതി തന്നെ. രാവിലെ ഇതു നേരെ മറിച്ചാണു്. വരിവരിയായി വാഹനങ്ങള്‍ ഇങ്ങോട്ടാവും രാവിലെ. വെള്ളിയാഴ്ചയായതു കൊണ്ടാവണം, നഗരത്തിലേക്കു വരുന്ന വാഹനങ്ങളുമുണ്ട്. ഏറെയും ന്യു ജേഴ്സി രെജിസ്‌‌ട്രേഷനുള്ള കാറുകള്‍.

വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു, നഗരത്തിന്റെ നിശാജീവിതം തുടങ്ങാ‍റാകുന്നു. പാര്‍ട്ടികള്‍ക്കും ഹാങ്ങ് ഔട്ടുകള്‍ക്കും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും വരുന്ന യുവപ്രായക്കാരാണു് ഏറെ. നഗരം കാണാനെത്തുന്ന യുവതികള്‍ എത്ര ദൂരെ നിന്നും വരുന്നുവോ അത്രയും അല്പവസ്ത്രധാരിണികളാവും എന്ന തമാശ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ബസ്സിനുള്ള നിരയില്‍ മുമ്പില്‍ നില്‍ക്കുന്നവരില്‍ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ?

ഇല്ല, എല്ലാവരും മുന്നേ പോയിരിക്കുന്നു.

പോക്കറ്റില്‍, സിഗരറ്റിന്റെ പാക്കറ്റിന്റെ കനപ്പ്. അതിലിനിയും ബാക്കിയുണ്ടാവണമേ...!

ഉണ്ട്, നാലെണ്ണം ബാക്കിയുണ്ട്. വീട്ടിലിനിയും ഒരു കാര്‍ട്ടണ്‍ വാങ്ങിയതുമുണ്ട്, വാരാന്ത്യം കുശാല്‍.

ഒരെണ്ണം പുറത്തെടുത്തു, ഫില്‍റ്ററുള്ള ഭാഗം തള്ളവിരലിന്റെ നഖത്തിന്മേല്‍ കൊട്ടിയുറപ്പിച്ചു, ഒരു കൌതുകത്തിനു്. മറ്റുള്ളവര്‍ ഇപ്രകാരം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പുകയില ഉറപ്പിക്കാനാണെന്നു തോന്നുന്നു.

ഇതു വലിച്ചു തീര്‍ത്താലും കുറെയിനിയും കാത്ത്നില്‍ക്കണം. തീ കൊളുത്തുന്നതിനു മുമ്പ്, സിഗരറ്റ് മൂക്കിനോടടുപ്പിച്ചു് മണത്തു.

പുകയിലയുടെ രൂക്ഷഗന്ധം.

ഈ മണം ചെറുപ്പത്തില്‍ കുറേ മണത്തത്താണു്, വല്ല്യമ്മച്ചിയുടെ കാലത്തു്. ചെറിയൊരു ആമാടപ്പെട്ടിയിലായിരുന്നു മുറുക്കാനുള്ള സാമഗ്രികള്‍ അമ്മച്ചി സൂക്ഷിച്ചിരുന്നത്. ഊണു് കഴിഞ്ഞ് പശുവിനു കാടി കൊടുക്കാറാവുമ്പോഴേക്കും, “ശോശാമ്പ്ളോ...?” എന്നുറക്കെ വിളിച്ചു കൊണ്ട് അമ്മച്ചിയുടെ കൂട്ടുകാര്‍ ഓരോരുത്തര്‍ എത്തുകയായി. പിള്ളേച്ചന്‍, അങ്ങേരുടെ ഭാര്യ ദേവകിച്ചേയി, ചായക്കടയിലെ സ്വാമിയുടെ ഭാര്യ രാധച്ചേയി, പുളിമൂട്ടിലെ താത്ത. മുറുക്കി സല്ലപിക്കാന്‍ പഴയ സെറ്റുകാര്‍ ഒത്തുകൂടുന്നു.

മടിയിലെപ്പോഴും കൊണ്ടു് നടക്കാറുള്ള പേനാക്കത്തികൊണ്ട് പിള്ളേച്ചന്‍ പാക്ക് ചീന്തി നുറുക്കും.

ചിലപ്പോള്‍ പല്ലിട കുത്താനും പിള്ളേച്ചന്‍ അതേ പേനാക്കത്തി തന്നെ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്.

ഇടയ്ക്കെപ്പോഴെങ്കിലും പുകയില പോരാതെ വന്നെന്നാല്‍, പെട്ടിയില്‍ നിന്നും പതിനഞ്ച് പൈസയെടുത്ത് നീട്ടിയിട്ട് പറയും, “മോനേ, ആ സൂമാരപിള്ളയുടെ കടേന്നു ഇച്ചിരെ പൊയ്ല വാങ്ങിക്കൊണ്ടു വരാമോ..?”

കാഴ്ച്ക്കാരായ പിള്ളേരു സെറ്റ് എപ്പോഴേ റെഡി..! സംഘമായി ജംഗ്ഷനിലേക്ക്. നീലക്കൈലിയും, മുറിക്കൈയ്യന്‍ ബനിയനും കട്ടഫ്രെയിം കണ്ണടയും ധരിച്ച സുമുഖനായ സുകുമാരപിള്ളയുടെ പലചരക്കു് കട, കവല മൂടി നില്‍ക്കുന്ന വലിയ വാകമരത്തിനു തൊട്ടടുത്തായിരുന്നു. സൂകുമാര പിള്ള മിക്കവാറും ഊണിനും അതു കഴിഞ്ഞുള്ള ഉച്ചയുറക്കത്തിനുമായി വീട്ടില്‍ പോയിരിക്കുന്ന നേരമാവും അത്. സഹായിയായി കടയില്‍ നില്‍ക്കുന്ന മുച്ചുണ്ടനാവും പകരക്കാരന്‍.

തുലാസ്സിനടുത്തു തന്നെ പുകയില മുറിക്കാനുള്ള വലിയ കത്തിയുണ്ടാവും, ഒരു പരന്ന പലകയില്‍ ഘടിപ്പിച്ചത്. മുച്ചുണ്ടന്‍ മുറിച്ച് തരുന്ന പുകയില കെട്ട് കൈനീട്ടി വാങ്ങുമ്പോള്‍ ആദ്യമോര്‍ക്കുന്നത് ചായക്കടയിലെ സ്വാമിയുടെ ജടപിടിച്ച മുടിയാണു്. അതേ നിറം, അതേ വലിപ്പം. സ്വാമി ജടയൊരുക്കാന്‍ ആലിന്റെ കറ വരെ തേക്കുമത്രെ..!

അമ്മച്ചിയെയും സെറ്റിനേയും അനുകരിക്കാന്‍ ശ്രമിച്ചതെല്ലാം അപകടങ്ങളില്‍ കലാശിക്കുകയായിരുന്നു. ഒരിക്കല്‍, പുകയില ചവച്ച്, അതിന്റെ ചവര്‍പ്പ് സഹിക്ക വയ്യാതെ ഛര്‍ദ്ദിയായി. പിന്നീടൊരിക്കല്‍ ചുണ്ണാമ്പ് തേച്ച് അണ്ണാക്ക് കുറേ പൊള്ളി കുടര്‍ന്നു. ഇതെല്ലാം വഴിയെ അമ്മയറിഞ്ഞപ്പോള്‍, അമ്മച്ചിക്കു ശകാരവും, പിള്ളേര്‍ക്കെല്ലാം നോവേറിയ നുള്ളും ഫലം.
വിവാഹ നിശ്ചയത്തിനു വേണ്ടി നാട്ടില്‍ പോകുന്നതിനും ഒന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പാണു് അമ്മച്ചിയുടെ കീഴ്ചുണ്ടിലെ മുറിവിന്റെ വാര്‍ത്തയറിയുന്നത്. പുകയില പൊള്ളിയ വെറുമൊരു വെളുത്ത പാടായിരുന്നു കാലമിത്രയും അത്.

നേരില്‍ കണ്ടപ്പോളോ? കീമോ തെറാപ്പിയുടെ ശിഷ്ടം. കീഴ്‌ചുണ്ടാകെ വീര്‍ത്ത്, മുഖമാകെ മാറിയിരുന്നു. അമ്മച്ചിയുടെ കണ്ണുകളില്‍ നോക്കി പിന്നീടൊരിക്കലും സംസാരിക്കുവാന്‍ സാധിച്ചിട്ടില്ല. വിശ്വസിക്കുവാനുള്ള വിമുഖതയ്ക്ക്, മഹാമേരു പോലെ പടര്‍ന്നു നില്‍ക്കുന്ന നോവിപ്പിക്കുന്ന തെളിവിനു മുമ്പാകെ പിണയുന്ന ദുഃഖകരമായ വിഷമത.

പ്രവാസവും വിദൂരതയും താരതമ്യേനെ സുഖകരം എന്നു തോന്നിപ്പോയിട്ടുണ്ട്.

കൂട് വിട്ടൊരു പുതിയ കൂട്ടിലേക്ക് ചേക്കേറുന്ന സമയത്ത്, വാര്‍ത്തയെത്തി, അമ്മച്ചി മരിച്ചുവെന്നു്. അമ്മയും അനുജനും അനുജത്തിമാരുമേ അടുത്തുണ്ടായിരുന്നുള്ളൂ.

രംഗത്തു വരാതെ, ഭയന്നു് കതകിന്റെ പലകയ്ക്ക് പിറകിലൊളിച്ച് നില്‍ക്കുന്ന പേരക്കുട്ടിയായി മാറാന്‍ എളുപ്പമായിരുന്നു. പുതിയ ജോലി, പുതിയ സ്ഥലം, അവധിയില്ല -- ഇതൊന്നുമല്ലായിരുന്നു: ഒന്നും കാണാനും അറിയാനും ധൈര്യമില്ലായിരുന്നു എന്നതാണു് സത്യം.

വേദന സഹിക്ക വയ്യാതെ കൂട്ടിയ അലമുറ, മൂത്ത പേരക്കുട്ടിയുടെ പേരാണെന്നു തോന്നിയപ്പോള്‍, അനുജന്‍ ഭൂഖണ്ഡങ്ങള്‍ക്കകലെയുള്ള ജ്യേഷ്ടനെ കാണിക്കുവാന്‍ തന്റെ സെല്‍‌ഫോണില്‍ കുറേ രംഗങ്ങള്‍ പകര്‍ത്തിയിരുന്നു. അമ്മച്ചിയെ അവസാനമായി ആശുപത്രിയില്‍ കൊണ്ടു പോകുന്നതില്‍ തുടങ്ങിയ ക്ലിപ്പുകള്‍ തീരെ സഹിക്കാനാവാഞ്ഞത്, അലമുറ പൊടുന്നനെ നിര്‍ത്തി ഊര്‍ദ്ധ ശ്വാസം വലിക്കുന്ന ഒരു ക്ലിപ്പിലെത്തിയപ്പോളാണു്.

അമ്മച്ചിയുടെ കണ്ണുകള്‍ മേലോട്ട് ഓടിയിരുന്നു. ദ്രവിച്ചടര്‍ന്നു പോയ കീഴ്ത്താടി, അതിയായി ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍ കൂട്. ആത്മാവ് ദേഹിയെ വിട്ടു പിരിയുന്ന ശാന്തമായൊരു നിമിഷം തൊട്ടു പിന്നാലെ. അലറിക്കരയുന്ന അമ്മയുടെ ശബ്ദം പിന്നണിയില്‍.

നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിലും, ആകെ രണ്ടു പ്രാവശ്യമേ ഈ ക്ലിപ്പ് കണ്ടതൊള്ളൂ.

വര്‍ഷമൊന്നിനു ശേഷം, അവധിക്ക് അമ്മവീട്ടിലെത്തിയപ്പോള്‍, അരിപ്പെട്ടിക്കു സമീപം അമ്മച്ചിയിരിക്കാറുണ്ടായിരുന്ന കസേര അതേ പടി. പ്രൌഢമെങ്കിലും അതു് ഒഴിഞ്ഞിരിക്കുന്നതു കണ്ട് നിയന്ത്രണം വിട്ട് കരഞ്ഞു പോയി. പിള്ളേരു സെറ്റ് കൂടി, അമ്മച്ചിയുടെ കല്ലറയ്ക്കലെത്തി കൊളുത്തിയ മെഴുകുതിരികളില്‍ ഞാന്‍ കൊളുത്തിയതൊഴികെയെല്ലാം കാറ്റിലണഞ്ഞപ്പോള്‍ , അമ്മച്ചി ഞാന്‍ വന്നതു കണ്ടു എന്നല്പം അഹങ്കാരം തോന്നിപ്പോയി. അടുത്ത നിമിഷം, അമ്മച്ചിയ്ക്ക് നോവില്ലല്ലോ എന്ന സമാധാനവും.

അമ്മവീട്ടില്‍ നിന്നും പോരുമ്പോള്‍, അമ്മച്ചി ചട്ടയ്ക്ക് മേലെയുടുത്തിയിരുന്ന ഒരു കച്ച മുറിയും ചോദിച്ചു വാങ്ങിയിരുന്നു. തിരികെ ഇവിടെയെത്തുമ്പോള്‍‍, തലയിണയ്ക്കടിയില്‍ അതു വെച്ചുറങ്ങണം.നേരം ഇരുട്ടിയിരിക്കുന്നു. മൂക്കിനോടടുത്ത് സിഗരറ്റും പിടിച്ച് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് ഇത്തിരിയേറെ നേരമായിരിക്കുന്നു.

ഇരുളുന്ന ശ്വാസകോശവും, മറ്റ് ദോഷഫലങ്ങളും ഒന്നും അറിയാതെയല്ല.

ഇടയ്ക്ക് ഭാര്യയോട് ഉരുമ്മിയിരുന്ന് ഒരു പുക കൊളുത്തുമ്പോള്‍, ദേഷ്യത്തോടെ തള്ളിമാറ്റിയിട്ടവള്‍ ചോദിക്കും, “നിനക്ക് കുഞ്ഞുങ്ങളെയും കൊച്ചുമക്കളേം കാണുന്നതു വരെയൊന്നും ജീവിച്ചിരിക്കണ്ടായോ...?”

ഒരു ചിരിയിലവളെ ഒതുക്കിയിട്ട് സിഗരറ്റിനു തീ കൊളുത്തി, കൊതിയോടെ വലിക്കും.
എന്തുമാവട്ടെ, അതേ കൊതിയോടെ, കൈയ്യിലിരിക്കുന്ന ഇതും കത്തിച്ചു വലിക്കാം. ഇനിയും സമയമുണ്ട്.

20 comments:

അരവിന്ദ് :: aravind said...

എന്താ എഴുത്ത്!
എവൂരാനേ..സാഷ്ടാംഗം നമിച്ചിരിക്കുന്നു!

ബൂലോഗത്തെ എണ്ണം പറഞ്ഞ ഒരെഴുത്തുകാരനാണു സഖാവേ താന്‍.
പവര്‍ ഓഫ് സിം‌പ്ലിസിറ്റി അറ്റ് ഇറ്റ്‌സ് ബെസ്റ്റ്. കണ്ടു പഠിക്കട്ടെ, ഞാന്‍.

സു | Su said...

:) സത്യം. പക്ഷെ അപ്രിയവും. എന്തുകൊണ്ടാവും അങ്ങനെ? അനുസരിക്കേണ്ടവര്‍ക്കു മാത്രം അപ്രിയം. ബാക്കി എല്ലാവര്‍ക്കും സത്യം. ദുഃഖങ്ങള്‍ മുന്നിലുണ്ടല്ലോ, തെളിവിന്.

കൊതി നിര്‍ത്തുന്നതാവും നല്ലത്. സ്വപ്നങ്ങളൊന്നും ബാക്കിയില്ലാത്തപ്പോള്‍, വലിച്ചു തീര്‍ക്കാം.

കണ്ണൂരാന്‍ - KANNURAN said...

ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ???

ശ്രീലാല്‍ said...

ക്രൂരനായ അടിമ.

ഇട്ടിമാളു said...

അതങ്ങ് നിര്‍ത്ത് മാഷെ .. എന്റെ അച്ഛന്‍ വലിക്കുന്നതിന്റെ പേരില്‍ ഞാന്‍ എന്നും അടിയിടുമായിരുന്നു.. ഇപ്പൊ ഏട്ടന്‍.. ഒന്നും വലിച്ചു തീരുമ്പോള്‍ അതില്‍ നിന്ന് അടുത്തത് കൊളുത്തും...

ശ്രീ said...

ഏവൂരാന്‍‌ജീ...
നന്നായി എഴുതിയിരിക്കുന്നു.

ആ വലി കൂടി അങ്ങു നിര്‍‌ത്തിയാല്‍‌ എല്ലാം ഓകെ.
:)

തമനു said...

അതി മനോഹരമായ എഴുത്ത് ഏവൂരാനേ...

എനിക്കും എഴുതണം എന്റെ വല്യമ്മച്ചിയെപ്പറ്റി. പുകയിലയുടേ മണവും, വല്ലപ്പോഴും ആരും കാണാതെ കൈയില്‍ വച്ചു തരുന്ന മുഷിഞ്ഞ നോട്ടുകളും, കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടും, പിന്നെ ആ കയറ് കട്ടിലും...
എനിക്കും സങ്കടം തോന്നുന്നു.

ആ കയറ് കട്ടില്‍ കുറേക്കാലം കൂടി അവിടുണ്ടായിരുന്നു. ചെല്ലുമ്പോഴെല്ലാം അതില്‍ കുറേ നേരം ഇരിക്കാറുണ്ടായിരുന്നു ഞാന്‍ .. പിന്നീടെന്നോ ലീവിന് ചെന്നപ്പൊ അവിടെ ആ കട്ടില്‍ കണ്ടില്ല, പകരം അവിടെ ഒരു ഫ്രിഡ്ജ് ഇരിപ്പുണ്ടായിരുന്നു... :(

മെലോഡിയസ് said...

നല്ല എഴുത്ത് ഏവൂരാനേ..

അപ്പോ ഈ പൊകവലി ഒന്നങ്ങട് നിറുത്തിക്കൂടേ ;)

അപ്പു said...

"രംഗത്തു വരാതെ, ഭയന്നു് കതകിന്റെ പലകയ്ക്ക് പിറകിലൊളിച്ച് നില്‍ക്കുന്ന പേരക്കുട്ടിയായി മാറാന്‍ എളുപ്പമായിരുന്നു.."

ഓ.ടോ. നല്ല എഴുത്ത്.

ഡാലി said...

വല്യമ്മച്ചിടെ പുകയില ഫീലിപ്പിച്ചു :(

സഹയാത്രികന്‍ said...

മാഷേ .... അസ്സലായി...
മനസ്സില്‍ത്തട്ടി...

( എല്ലാരും പറഞ്ഞതന്നെ ഞാനും പറയണു... അതങ്ങ് നിര്‍ത്താ...ആ വലി... വലിക്കുന്നവരേക്കള്‍ ബുദ്ധിമുട്ടാ കൂടെ നില്‍ക്കുന്നവര്‍ക്ക്...)

sandoz said...

ഏവൂരാന്റെ കൈയ്യൊതുക്കം അപാരം...
സിഗാര്‍ വലി എനിക്കും നിര്‍ത്തണമെന്നുണ്ട്‌...
പക്ഷേ സാധിക്കുന്നില്ലാ...
കുറച്ച്‌ നാള്‍ മുന്‍പ്‌ ഒരാഴ്ച നിര്‍ത്തി..
പിന്നെ തോന്നി..എന്തൂട്ടിനാ നിര്‍ത്തീട്ട്‌....

[ഞാനൊരു പ്രവാസിയാണെന്ന് എല്ലാ പ്രവാസി എഴുത്തുകാരടെ കൃതികളും വിളിച്ച്‌ പറയുന്നു...അതൊരു തെറ്റാണെന്നല്ലാ...എന്നാലും ഒരു തോന്നല്‍..]

എന്റെ ഉപാസന said...

നല്ല ലളിതമായ എഴുത്താണ് ഏവൂരാന്‍
ആദ്യമായാണ് ഇവിടെ വരുന്നത്
ഇനി ഉപാസന ഇതൊരു പതിവാക്കുന്നു
:)
ഉപാസന

മുരളി മേനോന്‍ (Murali Menon) said...

ഓര്‍മ്മകളിലൂടെ ഊളയിട്ട് സ്നേഹ-ദൌര്‍ബ്ബല്യങ്ങള്‍ ഉറക്കെ ചിന്തിച്ചതു നന്നായി.

ഇങ്ങനെ വലിച്ചാല്‍ പിന്നീട് അധികം വലിക്കേണ്ടി വരില്ല എന്നും പറയും..(ഊര്‍ദ്ധ്വന്‍)- അതുകൊണ്ട് ഈ വലി വേണ്ട. വേറെ എന്തെങ്കിലും വലിക്കൂന്നേ
ഒപ്പ്

വേണു venu said...

തെളിവുകള്‍‍ മുന്നിലുണ്ടു്.ദൂഷ്യങ്ങളറിയാനുള്ള വിവരവും ഉണ്ടു്.
പഠിച്ചതു് ഒന്നും നിര്‍ത്താനൊക്കുന്നില്ല എന്ന പച്ച പരമാര്‍ഥം തുറിച്ചു നോക്കുന്നു.
“നിനക്ക് കുഞ്ഞുങ്ങളെയും കൊച്ചുമക്കളേം കാണുന്നതു വരെയൊന്നും ജീവിച്ചിരിക്കണ്ടായോ...?”
‍‍ ആ ചോദ്യം അക്ഷര വ്യത്യാസമില്ലാതെ ഏതൊക്കെ വീടുകളില്‍‍ കേള്‍ക്കുന്നു എന്നു് എന്നെ ഈ കുറിപ്പു് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
എന്താ പറയുക, പോസ്റ്റു വായിച്ചു് , കൊച്ചുമക്കളേ കാണും വരെ ജീവിച്ചിരിക്കണ്ടായോ, എന്ന ചോദ്യം ,
അതു് തലയിലും മനസ്സിലും മുഴങ്ങുന്നു....

ആഷ | Asha said...

എഴുത്ത് ഇഷ്ടമായി
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായിട്ടുണ്ട്. അപ്രിയ സത്യം തുറന്ന് പറഞ്ഞത് വേദനിപ്പിക്കുന്നു.

::സിയ↔Ziya said...

ഹൌ!
എഴുത്ത് അതീവ സുന്ദരം...
ലളിത മനോഹരം.

വളരെ നന്നായി.

ദില്‍ബാസുരന്‍ said...

സുന്ദരമായിരിക്കുന്നു.

Pramod.KM said...

നല്ല എഴുത്ത്.വായിച്ചു:)
വേദന തോന്നി.