Tuesday, November 13, 2007

സ‌മസ്യ‌

കൈത്തണ്ടയില് ഈച്ചയോ മറ്റോ വന്നിരുന്നപ്പോഴാണു്‌ ഉറക്കത്തില് നിന്നും ഉണര്‍ന്നത്‌.

നേരം കുറേ‌യായല്ലോ..?

വണ്ടിയുടെ മേല്‌ക്കൂരയും വെളുത്ത പെയിന‍്റ്റടിച്ചതാണു്‌, എന്നിട്ടും വേനല്‌ച്ചുടിന്റെ കാഠിന‍്യം അറിയാമെന്നായിരിക്കുന്നു.

ഇനിയും അകത്തിരിക്കാന്‍ മേല. ഉഷ്ണിക്കുന്നു.

ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി, മൂരി നിവര്‍ത്തി.

സുന‍്ദ‌രമായ സ്ഥലം. വീടിനു മുമ്പോട്ട്, പരന്നു കിടക്കുന്ന കൊയ്ത്തൊഴിഞ്ഞ പാടശേഖരങ്ങള്. അതിനുമപ്പുറം വിദൂരത്ത്‌, വിടര്‍ന്നു നില്ക്കുന്ന പനകളുടെ തലയെടുപ്പ്.സൂമോയ്ക്ക ചുറ്റും വെറുതെ ഒരു വലം വെച്ച് വന്നപ്പോള് കണ്ണില്‌‌പ്പെട്ടതാണു്‌, പിന്നിലത്തെ ഒരു ടയറിനു്‌ കാറ്റല്പം കുറവാണോ?

കൈവിരലുകള് മടക്കി ടയറിന‍്മേല്‌ തട്ടിനോക്കി. ഹേയ്, തോന്നല്‌ മാത്ര‌മാണു്‌, കുഴ‌പ്പമില്ല. ഇത്രയും തന്നെ‌ ഇനി തിരികെയും ഓടേണ്ടതല്ലേ?കലുങ്കോളം വാഹനങ്ങള് എത്തിയിരിക്കുന്നു. ഒരുപാട് പേര്‍ വന്നു്‌ ചേര്‍ന്നിട്ടുണ്ട്. ഏറെയും ടാക്സികള് തന്നെ.

മറ്റുള്ളിടങ്ങളിലേക്ക്‌ പോകുന്ന പോലെയല്ല, മരണവീടുകളിലേക്ക് ഓട്ടം പോകുന്നത്. വണ്ടി പിടിക്കുന്നവര്‍ ചത്തവരുടെ അടുത്ത ബന‍്ധുക്കളോ മറ്റോ ആണെങ്കില് പറയുകയും വേണ്ട. ക്രിയകള്‌ കുറേയാകാതെ‌ തിരികെ‌പ്പോവാന്‍ അവരിറങ്ങുകയുമില്ല.

മരണവീട്ടിലെ പന്തലുകാര്‍, പണിക്കാര്‍, പട്ടടയൊരുക്കുന്നവര്‍, ടാക്സി ഡ്രൈവര്‍മാര്‍ - പരേതനെ ചൊല്ലി വ്യസനമേതുമില്ലാത്ത വെറും കാഴ്ചക്കാരായി മാറുന്നു.
വീടിനടുത്ത്, ഇലഞ്ഞി മരത്തിനു കീഴേ നല്ല തണലുണ്ട്‌. മരത്തണലില്, ഭിത്തിക്ക് ചാരിയിരിക്കുന്ന ഒരു കിഴവനൊഴിച്ച്്‌ മറ്റാരും ഇല്ലതാനും.

അങ്ങോട്ട് നടക്കാം, എന്തായിത്ര വൈകുന്നതെന്ന് അറിയുകയും ചെയ്യാം...
"ഇനീം ആരേലും വരാനുണ്ടോ മൂപ്പീന്നേ..? എന്താ വൈകുന്നെ..?!"

കാവി നിറമുള്ള തോര്‍ത്ത് വട്ടത്തില് കറക്കി ഉഷ്ണം ശമിപ്പിക്കുകയായിരുന്ന‌ കാരണവരോട്‌ ചോദിച്ചു.

അയാളാകട്ടേ, കേട്ട ഭാവം പോലും കാണിച്ചില്ല. അകലത്തേക്ക്‌ കണ്ണുകള് പായിച്ചു്‌, ഭിത്തിയിലേക്ക്‌ ചാരിയിരുന്നു.
ഒലക്ക. അല്ലേലും ഈ ദേശത്തെ നായന‍്മാരിങ്ങനെയാ, മനുഷ്യനെ കണ്ടതായി കൂടി നടിക്കില്ല.

ശുണ്ഠി തോന്നാതിരുന്നില്ല.വല്ലിപ്പടര്‍പ്പുകള്ക്കിടയില് ചെന്നിരുന്ന് മൂത്രശങ്ക തീര്‍ത്ത്‌ വീണ്ടും ആള്‌ക്കൂട്ടത്തില്‌ ചെന്നു നിന്നു.

ക്ര‌മേണ, മറ്റു ഡ്രൈവര്‍മാരുടെ കൂട്ടത്തിലും ചെന്നെത്തി. അവര്‍ക്കൊപ്പം സൊറ പറഞ്ഞു നില്‌ക്കവേ, മറ്റൊരു വെളുത്ത സൂമോ പടി കടന്നു്‌ ഇര‌മ്പിയെത്തി.

അതില് നിന്നും ആരൊക്കെയോ ഇറങ്ങുന്നു.

ഉലഞ്ഞ മുടിയും, വസ്ത്രങ്ങളും.

"സഹോദരങ്ങളാ..!" അടക്കിയ ശബ്ദത്തില്‌ ആള്ക്കൂട്ടത്തിലാരോ അറിയിച്ചു."അച്ഛനെവിടെ..? അച്ഛന്‍..?"

നേരത്തെ കണ്ട വയസ്സനെ അവര്‍ ചെന്നു്‌ താങ്ങിപ്പിടിച്ചു കൊണ്ടു വരുന്നു.

"എന്റെ‌ കുഞ്ഞ് പോയി, മക്കളേ..!" അഴിയാറായ ഉടുമുണ്ട്‌ ഒരു കൈകൊണ്ട് തടഞ്ഞു നിര്‍ത്തി, ഒരു കൊച്ചുകുട്ടിയെ പോലെ ചുണ്ടുകള് കൂര്‍പ്പിച്ച് ആ കാരണവര്‍ വിതുമ്പുകയാണു്‌.ഒരു സ‌മസ്യ‌ കൂടി പൂരിതമാകുകയാണിവിടെ.

അല്പം ആത്മനിന‍്ദയോടെ ഒരു ചുവടു പിന്നോട്ട് വെയ്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

6 comments:

കുഞ്ഞന്‍ said...

അറിഞ്ഞുകൊണ്ടല്ലല്ലൊ...!

മുരളി മേനോന്‍ (Murali Menon) said...

കാലം മാറുന്നതോടെ എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്നു. എന്റെ പ്രശ്നങ്ങള്‍ അത് തീര്‍ത്ത് വീണ്ടും സ്വന്തം കാര്യങ്ങളിലേക്ക് കടക്കണം. ആ ധൃതിയില്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനുള്ള സാവകാശം കിട്ടാതെ പോകുന്നു. കാലഘട്ടത്തിന്റെ മാറ്റമാണത്, ആരുടെ കുറ്റമാവാം? എന്തായാലും ഹൃസ്വ കഥ നന്നായി.

SAJAN | സാജന്‍ said...

നന്നായിരിക്കുന്നു ഏവൂരാനെ, ഈ കഥ ആവശ്യമില്ലാത്ത ചില തിര്‍ക്കുകള്‍ അത് മുഖാന്തരം ഉണ്ടാവുന്ന ഔപചാരികയില്ലായ്മ ഒക്കെ ഓര്‍മ്മിപ്പിച്ചു:)

നിഷ്ക്കളങ്കന്‍ said...

ഏവൂര്‍ജി,
സ്വാ‌ര്‍ത്ഥത സുജനമ‌ര്യാദ ഇല്ലാതാക്കുന്നത് കാണിച്ചു തരുന്നു ഇതില്‍.
അക്ഷരപ്പിശാച് ഇമ്മിണിയുണ്ടല്ലോ ജീ.
പിന്നെ ഇതെന്താ പോസ്റ്റ് തീയതി ഡിസം.12 എന്ന്?

ബിന്ദു said...

അവസാനത്തെ വരി എഴുതി ചേര്‍ത്തില്ലെങ്കിലും അനുഭവിക്കാന്‍ പറ്റുമെന്നു തോന്നുന്നു.

വാല്‍മീകി said...

നന്നായിട്ടുണ്ട് ഏവൂര്‍ ജി.
തിയതി ശ്രദ്ധിക്കുമല്ലോ.