Sunday, April 20, 2008

ഇതളുകള്‍

ജ്വരം മൂര്‍ച്ഛിക്കുന്നു എന്നറിയുന്നതു് ഇടനേരങ്ങളില്‍ അല്പനേരത്തേക്കെങ്കിലും വെളിവു് പരക്കുമ്പോഴാണു്. വീണ്ടും തളര്‍ച്ചയുടെ കയങ്ങളിലേക്കു് നിസ്സഹായനായി താഴ്ന്ന് താഴ്ന്നു് പോവുമ്പോഴാണു് അല്‍പം മുമ്പ് തുടിച്ചു് നിന്നതു് വെളിവിന്റെ ഒരു ചെറിയ ഇതള്‍ മാത്രമായിരുന്നു എന്നറിയുന്നതു്.

കണ്ണുകള്‍ പുകയുന്നതു പോലെ.

ഉറങ്ങാനാവുന്നില്ല, നല്ല ക്ഷീണമുണ്ടായിട്ടു കൂടി. ഇത്തരം ചെറിയ ഇടവേളകള്‍ക്കൊടുക്കം, മുമ്പത്തെക്കാളും ക്ഷീണത്തോടെ ജാഗരത്തിലാണു് താനെന്നു തിരിച്ചറിവു്, ഒന്നു് ഉറങ്ങാനായെങ്കില്‍...

ഈ നിരയില്‍ താമസിക്കുന്നവരെല്ലാം ശാന്തമായി ഉറങ്ങുകയാവണം. കാതോര്‍ത്തു. എന്തെങ്കിലും ഒച്ച കേള്ക്കാനാവുന്നുണ്ടോ?

അകലെ നിരത്തിലൂടെ ട്രക്കുകള്‍ പായുന്നതിന്റെ ശബ്ദം. അതിന്റെ ഇടവേളകളില്‍, ലിവിങ്ങ് റൂമിലെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ക്വാര്‍ട്ട്സ് ഘടികാരത്തിന്റെ സെക്കന്‍ഡ് സൂചി വെട്ടി വെട്ടി നീങ്ങുന്ന നനുത്ത ഒച്ച.

ഫ്രയിറ്റ് ട്രക്കിങ്ങിന്റെ പ്രധാന ഹൈവേകളില്‍ ഒന്നാണതു്. വിദൂരങ്ങളിലേക്കു് പോവുന്ന ട്രക്കുകള്‍. അതോടിക്കുന്നവര്‍ക്കു് ഉറക്കമില്ലേ..?

തലയിണ തെന്നി മാറിയിരിക്കുന്നു. പുതപ്പും തലയിണയും നേരെയാക്കുന്നതിനിടയില്‍ വശത്തു ഡിജിറ്റല് ക്ളോക്കിന്റെ ചുവന്ന അക്കങ്ങള്‍ കണ്ണില്‍ പെട്ടു, പന്ത്രണ്ടു് മണി ഇരുപത്തിനാലു മിനിറ്റു്.

വന്നു്, അല്‍പ്പം കഴിഞ്ഞപ്പോഴേ കിടന്നതാണു്. സാധാരണ, ഈ നേരമായിട്ടേ കിടക്കാനൊരുങ്ങുക പോലുമുള്ളൂ.

കണ്ണുകള്‍ ഇറുക്കിയടയ്ച്ചാല്‍ ഒരു പക്ഷെ ഉറക്കം വന്നെങ്കിലോ?

നോക്കാം...

വൈകിട്ട്, വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഡോര്‍ ലോക്കു് ചെയ്തിരുന്നോ? ആവോ, ഓര്‍മ്മയില്ല. വോണ്‍ടോണ്‍ സൂപ്പും നൂഡില്‍സും അടങ്ങിയ പൊതിയും എടുത്തു കൊണ്ട് വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയതു ഓര്‍മ്മയുണ്ട്, വണ്ടി ലോക്ക് ചെയ്യുന്നതായിട്ട് ഓര്‍മ്മയില്ല. സാരമില്ല, ആട്ടോ ലോക്ക് വീഴേണ്ടതാണു്.

അല്ലെങ്കില്‍ത്തന്നെ, ആ പഴഞ്ചന്‍ വണ്ടിക്കുള്ളില്‍ എന്താണു് വിലപിടിച്ചതുള്ളതു്?

സൂപ്പിന്റെ ശിഷ്ടം ബാക്കിയുണ്ടായിരുന്നോ? ഓര്‍മ്മയില്ല. കഴിച്ചിട്ട് ഇത്രയും നേരമേ ആയിട്ടുള്ളൂവെങ്കിലും സൂപ്പ് ബാക്കിയുണ്ടോന്നു പോലും ഇപ്പോള്‍ ഓര്‍മ്മയില്ല പോലും, വിചിത്രം.

സെല്‍ഫോണിനു മുകളിലേക്കാണു് ചെരിഞ്ഞു കിടക്കാനൊരുങ്ങിയതു്. വശത്തു് ചുവന്ന എല്‍.ഈ.ഡി. കത്തി നില്‍ക്കുന്നു, ആപ്പീസില്‍ നിന്നും ഈ-മെയില്‍ വന്നിട്ടുണ്ട്.

തുറന്നു നോക്കണോ..? വേണ്ട, ശല്ല്യമായെങ്കിലോ? ഇനിയിപ്പോ ആപ്പീസിലേക്കു് ലോഗിന്‍ ചെയ്യേണ്ടി വരുമോ..?

ഇനി, അത്യാവശ്യ സ്വഭാവമെന്തെങ്കിലും ഉള്ളതാണെങ്കിലോ?

ഒടുവില്‍, തുറന്നു നോക്കി. ടോക്ക്യോ ഓഹരി എക്സ്ചേഞ്ചില്‍ നിന്നുള്ള ടിക്കര്‍ ഫീഡൊരെണ്ണം ഏകദേശം ഇരുപതു മിനിറ്റു നേരത്തേക്കു് ഓഫ്‌‌ലൈന്‍ ആയിരുന്നു എന്നും, എങ്കിലും ഇപ്പോള്‍ എല്ലാം പൂര്‍വ്വസ്ഥിതിയിലെത്തി എന്നും സന്ദേശം.

ആവൂ...! അത്രേ ഉള്ളൂ..! ആശ്വാസം..!

മൂക്കൊലിക്കുന്നു. ടിഷ്യു കൈനീട്ടി പരതിയെടുത്തു.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിളിച്ചപ്പോള്‍, തൊടിയിലെ ഏതോ മരക്കൊമ്പിലിരുന്നു് പാടുന്ന ഒരു കുയിലിന്റെ ശബ്ദം ഫോണിലൂടെ വ്യക്തമായി കേട്ടിരുന്നു. ഫോണിലൂടെയെങ്കിലും, കുയിലിന്റെ ശബ്ദത്തിനു എന്തു മാധുര്യമാണു്..!
മുകളിലത്തെ നിലയില്‍ ക്രമമായി കട്ടിലനങ്ങുന്ന ശബ്ദം. ചുവരിനു കനം തീരെയില്ലാത്തതു പോലെ.

അവര്‍ സുരതം ചെയ്യുകയാണു്.

അക്കൗണ്ട്സിലെ ജാന്‍വി മേഹ്ത്ത ഇപ്പോള്‍ ഉറങ്ങുകയായിരിക്കുമോ..?

മണി മൂന്നര. വോണ്‍റ്റോണ് സൂപ്പിനിയും ബാക്കിയുണ്ടെങ്കില്‍...

ലൈറ്റിനുള്ള സ്വിച്ച് ഏതു ഭാഗത്താണു്?

6 comments:

കുഞ്ഞന്‍ said...

വായിച്ചു വായിച്ച് അഭിപ്രായം എന്താണെഴുതേണ്ടെതെന്ന് മറന്നുപോയല്ലൊ, അതൊ മുന്‍പ് അഭിപ്രായം എഴുതിയിരുന്നുവൊ..?

ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ എത്തിയെതെന്നാണ് ഓര്‍മ്മ..!

തണല്‍ said...

എന്റെ മുറിയില്‍ ചങ്ങാതി ഏതു രാത്രിയിലാണു പതുങ്ങിവന്നത്?എന്റെ മാത്രമല്ല ഏവൂരാനേ,ക്യൂവിലിനിയും ആള്‍ക്കാരുണ്ടാവും!

പുടയൂര്‍ said...

മാഷേ... ബ്ലോഗില്‍ വായിച്ച നല്ല കഥകളിലൊന്ന്
ആശംസകള്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

മാഷെ മന്‍സ് അറിയാതെ ഒഴുകുന്നതു പോലെ തോന്നി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിളിച്ചപ്പോള്‍, തൊടിയിലെ ഏതോ മരക്കൊമ്പിലിരുന്നു് പാടുന്ന ഒരു കുയിലിന്റെ ശബ്ദം ഫോണിലൂടെ വ്യക്തമായി കേട്ടിരുന്നു. ഫോണിലൂടെയെങ്കിലും, കുയിലിന്റെ ശബ്ദത്തിനു എന്തു മാധുര്യമാണു്..!

:)

kallapoocha said...

ബ്ലോഗില്‍ വായിച്ച നല്ല കഥകളിലൊന്ന്....