Sunday, June 15, 2008

പഥികന്‍

നിഴലുകള്‍ക്ക് നീളം കൂടിക്കൂടി വരുന്നു, നേരം വൈകുന്നു. വെറുതെ, രസത്തിനു വേണ്ടി വഴിയുടെ വശങ്ങളിലുള്ള കാട്ടുചെടികളുടെ ഇലകള്‍ തല്ലിക്കൊഴിച്ചു നടന്നു പോന്ന കുട്ടി നടത്തം നിര്‍ത്തി.

ഇതിനോളം തന്നെ ഒരുപാടു ദൂരം വിട്ടുപോന്നിരിക്കുന്നു - ഇപ്പോള്‍ വീട്ടില്‍ തിരയുന്നുണ്ടാവും.

അതോളം നടന്നു പോന്ന കാട്ടുവഴിയുടെ ഓരത്തേക്ക് മാറിനിന്നു നോക്കിയാല്‍, ദൂരെ, താഴെ, കുളിക്കടവു് കാണാം. തോട്ടുവക്കത്തെ നനകല്ലിന്റെ ഓരത്തു് വീട്ടില്‍ നിന്നും ഒപ്പം കൊണ്ടു വന്ന ചെറിയ പ്ളാസ്റ്റിക് ബക്കറ്റ് ഒരു ചെറിയ മഞ്ഞ നിറമുള്ള പൊട്ടു പോലെ കാണാം.

ആ ബക്കറ്റില്‍ ഒരു ചെമന്ന നിക്കറുണ്ടാവണം, രണ്ട് ബട്ടണ്‍സുകള്‍ എങ്ങോ കൊഴിഞ്ഞു പോയത്. മുഷിഞ്ഞത്, വീട്ടില്‍ നിന്നും കുത്തിപ്പിഴിയാന്‍ കൊണ്ടുവന്നതാണു്. ബാര്‍സോപ്പിന്റെ ഒരു ചെറിയ തുണ്ടവും അതിനു മുകളിലുണ്ടാവണം. വട്ടയിലയില്‍ പൊതിഞ്ഞ ലൈഫ്‌‌ബോയ് സോപ്പിന്റെയും ഒരു തുണ്ടം അതിനൊപ്പം ഉണ്ടാവണം.

കുളിക്കടവിനും താഴെയുള്ള വയലില്‍, തിരികെ തൊഴുത്തിലേക്കു് പോവാന്‍ അക്ഷമയോടെകാത്തു നില്‍ക്കുന്ന എല്ലുന്തിയ തള്ളപ്പശുവുമുണ്ടാവണം.

വേനലൊടുങ്ങാറാവുന്നതേയുള്ളൂ, ഇലകള്‍ കൊഴിഞ്ഞ മരങ്ങളും, ഉണങ്ങിയ വാരപ്പുല്ലുകളും തീക്ഷ്ണതയേറിയ ഒരു ദിവസം കടന്നു പോയതിന്റെ ക്ഷീണത്തിലെന്ന പോലെ, കിറുങ്ങി നില്‍ക്കുന്നു. അസ്തമയ സൂര്യന്റെ മഞ്ഞ വെയില്‍ പടിഞ്ഞാറ്റെ മലയുടെ ഉച്ചിയിലുള്ള മരത്തലപ്പുകളും കടന്നു ഇപ്പോള്‍ നില്‍ക്കുന്നിടത്ത് വന്നെത്തുന്നുണ്ട്.

വഴിയുടെ വശത്തുള്ള തെറ്റിച്ചെടികള്‍ കായ്ച്ചു നില്‍ക്കുന്നു, ചുവന്ന നിറമുള്ള തെറ്റിക്കായ്കള്‍ വെയിലേറ്റു തിളങ്ങുന്നു.

കൈ നീട്ടി അവ ഒന്നു രണ്ടെണ്ണം പറിച്ചെടുത്തു.

തെറ്റിപ്പഴങ്ങള്‍ പറിക്കുവാന്‍ കാലൂന്നിയത്, മഴവെള്ളമൊഴുകി ചാലുകളായ ചീങ്കക്കല്ലുകളുടെ പാത്തിയുടെ മേലേക്കാണു്. വരണ്ടുണങ്ങി കിടക്കുന്ന ചാലിനു വേനലിന്റെ കാഠിന്യം.

എന്നിട്ടും ഈ മുഴുത്ത തെറ്റിപ്പഴങ്ങള്‍ക്കു് എന്തൊരു മാര്‍ദ്ദവവും രുചിയും..?

എന്താണെന്നറിയില്ല, നേരം വൈകുന്ന ഇത്തരം നേരങ്ങളിലാണു് നടക്കാനും ഓടാനുമൊന്നും പ്രയാസം തീരെ തോന്നാത്തതു്. അകലത്തില്‍ കാല്‍പാദങ്ങളൂന്നി പറന്നു നടക്കുന്ന ആയാസം മാത്രം. താഴെയുള്ള വയലില്‍ നിന്നും മേലെ വീട്ടിലേക്കുള്ള കയറ്റം പോലും കിതപ്പ് കൂടാതെ ഒറ്റയോട്ടത്തിനു തീര്‍ക്കാനാവുന്നത്, ഈ നേരത്തു മാത്രമാണു്.

അതേ ദിശയിലേക്കു് വീണ്ടും നടത്തം തുടര്‍ന്നു.

കൂടേറാന്‍ ധൃതിയില്‍ പറന്നു പോവുന്നവയാണം, കിളികള്‍. എങ്കിലും അടുത്തെവിടെയോ ഒരു ചില്ലയിലിരുന്നു് ഒരു കാക്ക കരയുന്നുണ്ട്.

എത്ര നേരം നടന്നുവെന്നു് അറിയില്ല. ഇനി കയറ്റമില്ല, വളഞ്ഞു നില്‍ക്കുന്ന മലനിരകളിലേക്കു കിലോമീറ്ററുകളോളം കടന്നു പോകുന്ന സമതലം മാത്രം.

വശത്തെ പൊന്തയിലെന്തോ അനങ്ങുന്നു. എന്തോ കുറുകെ ഓടിയതു പോലെ.

വലം കൈയ്യിലെ വലിയ കമ്പിന്മേലുള്ള പിടി മുറുക്കി.

അതെന്താവും? മാടനാവുമോ?

പണിക്കു വരുന്ന വേലായുധന്‍ പറഞ്ഞുള്ള അറിവാണു് , മാടന്‍. മാടനടിച്ചാല്‍..!

ദാ, മറ്റൊരെണ്ണം കുറുകേയോടുന്നു.

ഹൊ..! കാട്ടുമുയലാണു്..!


വീണ്ടും കുറേ മുന്നോട്ട്...പരിചിതമായ ഒരു ശബ്ദത്തിന്റെ, ദുര്‍ബലമായ ഒരല കേട്ട പോലെ.

നടത്തം നിര്‍ത്തി, കാതോര്‍ത്തു.

തൂക്കായ വശത്തിനടുത്ത്, ചിതറി കിടക്കുന്ന ഉരുളന്‍ കാട്ടുകല്ലുകളുടെ അടുത്തേക്ക് ഓടി ചെന്നു. അതിലൊന്നിന്മേല്‍ പൊത്തിപ്പിടിച്ചു നിന്നു, താഴേക്കു് നോക്കി.

അകലെ, താഴ്‌‌വാരത്തില്‍ കുളിക്കടവ്. മങ്ങുന്ന പകല്‍വെളിച്ചം. കുറേയാള്‍ക്കാര്‍ കൂടിയിട്ടുണ്ട്.

അതില്‍, മഞ്ഞ വസ്ത്രമുടുത്ത ഒരു -

അമ്മ..!

"അച്യുതാ..!!" പൊക്കത്തിലേക്ക്‌‌ വളര്‍ന്നു നില്‍ക്കുന്ന മലനിരകളിലേക്ക് കണ്ണുകളുയര്‍ത്തി അമ്മ വിളിക്കുന്നതു പോലെ..!

"അച്യുതാ..!!" വീണ്ടും അവ്യക്തമായ ഒരു വിളി കൂടി കേള്‍ക്കാമോ..?

"അമ്മേ...!!" നെഞ്ചകം തുള്ളുന്നു.

"ഞാനിവിടുണ്ടമ്മേ..!!"പോവണോ..?

എങ്ങോട്ട്..? ഏതാണു് വഴി..?ഉരുണ്ട്, താഴേക്കു് വീണു പോവുന്ന ഉരുളന്‍ കാട്ടുകല്ലുകള്‍...

9 comments:

ഗുപ്തന്‍ said...

നന്നായി. നല്ല ഫീലിംഗ് ഉള്ള എഴുത്ത്.

തണല്‍ said...

ഗംഭീരം!!

സൂര്യോദയം said...

ശരിയായ അനുഭവം തോന്നുന്ന വരികള്‍.. ഉഗ്രന്‍...

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല ആഴത്തില്‍ വേരോടിയ രചന
മനസില്‍ എവിടെയോ ബാക്കിയാകുന്ന ചിന്തകളും

kaithamullu : കൈതമുള്ള് said...

വിവരണം പിടിച്ചിരുത്തി.
സന്തോഷം, വളരെ സന്തോഷം!
(അവസാന വരി ഇല്ലെങ്കിലും ആഖ്യാനത്തിന് കുഴപ്പം വരില്ല എന്നൊരു തോന്നല്‍)

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

യാരിദ്‌|~|Yarid said...

:)

Ranjith chemmad said...

നല്ല വായന!

കുമാരന്‍ said...

ഞാനൊരു പുതിയ ബ്ലോഗറാണു.
എന്റെ ബ്ലോഗ് അഗ്ഗ്രെഗേറ്റുകളില്‍ ലിസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല ഒന്നു
ഹെല്‍പ് ചെയ്യാമോ?