Thursday, August 28, 2008

ഭരണി

"അധികപ്രസംഗി..!"

രാവുണ്ണി മുഖം ചുളിച്ചു. അയാളുടെ കൈയ്യിലിരുന്ന് കാശാവിന്‍ കമ്പ് വിറകൊണ്ടു.

അയാളുടെ ഭാവപ്പകര്‍ച്ച കാണാത്ത മട്ടില്‍ രമ വരാന്തയില്‍ തന്നെ നിന്നു. കൈകള്‍ പിണച്ചു കെട്ടി വെച്ച് നിസ്സംഗതയോടെ അരമതിലിനു സമീപം.

രമയുടെ പിന്നില്‍ അവളുടെ മകന്‍, അവളുടെ സാരിത്തലപ്പിനു പിറകില്‍ നിന്നതേയുള്ളൂ - നീല നിറമുള്ള സാരിത്തലപ്പിനിടയിലൂടെ വരാന്തയിലെ കാഴ്ചകള്‍ കാണാമെങ്കിലും, എന്തോ, അവന്‍ നോക്കാന്‍ കൂട്ടാക്കിയില്ല. പകരം, തന്റെ കീശയിലാഴ്ന്നു കിടക്കുന്ന ക്രയോണുകളിലേക്കായി അവന്റെ ശ്രദ്ധ.

നിലത്ത് വീണുടഞ്ഞു ചിതറിക്കിടക്കുന്ന കഷണങ്ങള്‍ നോക്കി രാവുണ്ണി പരവേശപ്പെട്ടു. ഒരുപാടു് പഴക്കമുള്ള, വലിയ ഉപ്പുമാങ്ങാഭരണിയാണു് ചെക്കന്‍ തള്ളിയിട്ട് ഉടച്ചത്. എന്നിട്ടും കൂസലുണ്ടോന്നു നോക്കൂ..!

"ഇബ്ടെ വരാനല്ലേ പറഞ്ഞത്..!" രാവുണ്ണി വീണ്ടും ഒച്ചയുയര്‍ത്തി.

അലര്‍ച്ച അലോസരമുണ്ടാക്കിയെങ്കിലും കുട്ടി അനങ്ങിയില്ല. കീശയില്‍, ചുവന്ന ക്രയോണ്‍ ഒരെണ്ണം കൂടിയുണ്ടായിരുന്നു തിരയാന്‍.

അത്രയ്ക്കായോ..? നെന്നെ അമ്മേടെ പിന്നീന്നും പുറത്തെത്തിച്ചിട്ട് തന്നെ കാര്യം. അയാള്‍ വടി വീശി രമയുടെ നേര്‍ക്കടുത്തു,രാവുണ്ണിയുടെ ഈ ഭാവം രമ ചെറുപ്പത്തില്‍ ഒരുപാടു കണ്ടിട്ടുള്ളതാണു് - അവളും സഹോദരനും അയാളുടെ ഒരുപാടു തല്ല് കൊണ്ടിട്ടുമുണ്ട്.

അന്നൊക്കെ, വല്ല്യച്ഛന്റെ പ്രൗഢകാലമായിരുന്നു.

ഇന്നാവട്ടെ, അകത്തു് ഒരു കയറ്റുകട്ടിലില്‍ കിടക്കുന്ന വല്ല്യച്ഛന്‍ പ്രായാധിക്യത്താല്‍ അവശനാണു്.

പക്ഷെ, അല്‍പം മെലിഞ്ഞെങ്കിലും, മുടി നരച്ചെങ്കിലും, രാവുണ്ണിനായര്‍ക്ക് പറയത്തക്ക ഒരു ക്ഷീണവും ഇല്ല. അയാളുടെ പഴയരീതികള്‍ക്കൊന്നും ഒരു മാറ്റവും ഇല്ല.

എപ്പഴുമെപ്പഴും മടിക്കുത്തിലെ പേനാക്കത്തി കൊണ്ട് തന്റെ പല്ലിട വൃത്തിയാക്കുന്ന രാവുണ്ണിനായരെ കുട്ടികള്‍ക്ക് ഭയമായിരുന്നു. ഒരിക്കല്‍, കാഞ്ഞിരത്തിന്റെയോ മറ്റോ മുള്ളു കുത്തിക്കയറിയ സ്വന്തം കാല്‍പാദവും അയാള്‍ ഇതേ ഇറയത്തിരുന്നു അതേ കത്തികൊണ്ട് പച്ചനെ തുളച്ച് വൃത്തിയാക്കുകയായിരുന്നു. പിള്ളേരെ തല്ലാനായി മാത്രം ശ്രമപ്പെട്ട് കൂട്ടിയ കുറേ സവിശേഷ വടികളും ഉണ്ടായിരുന്നു ആയാള്‍ടെ പക്കല്‍.

വലുതായിട്ടും ഒരിക്കല്‍, രാവുണ്ണി രമയുടെ സഹോദരനെ തല്ലിയിരുന്നു. വല്ല്യച്ഛന്‍ തല്ലിച്ചു എന്നതാവും കൂടുതല്‍ ശരി - കോളേജില്‍ സമരം നയിച്ചതിനുള്ള ശിക്ഷ.

വീടു വിട്ടു് പോയ രാമഭദ്രന്‍ ഇന്നും എവിടെയാണെന്നു് ആര്‍ക്കുമറിയില്ല.
ചീറിയടുത്തു വരുന്ന രാവുണ്ണി.

"വേണ്ടാ രാവുണ്ണിനായരേ..! അവനെ വിട്ടേക്കൂ..!" അവള്‍ അയാളെ തടുത്തു.

പാത്രം വീണുടഞ്ഞു, അവന്‍ തള്ളിയിട്ടതാകാം. എന്നാല്‍, കുഞ്ഞിനെ തല്ലിയാല്‍ വീണുടഞ്ഞു പോയ പാത്രം തിരികെ വരുമോ?

"വേണ്ടാന്നോ..? നെനക്കങ്ങനെ പറയാം..!"

അയാള്‍ വീണ്ടും അടുത്തു വരികയാണു്.

"നീയ്യൊക്കെ അങ്ങിനേ പറയൂ..!!" ഒരു നിമിഷം രമയുടെ കണ്ണുകളിലേക്ക് നോക്കി അയാള്‍ ചീറി.

എന്നിട്ട്, ഭിത്തിക്കും അവള്‍ക്കുമിടയിലുള്ള വിടവിലേക്ക് രാവുണ്ണി വടിയാഞ്ഞു വീശി.!
വടിയുടെ ശീല്‍ക്കാരം. അടിയില്‍ നിന്നുമൊഴിയാന്‍ ശ്രമിക്കുന്ന മകന്‍ . നീളന്‍ വടിയുടെ ഒരു ഭാഗം അവളുടെ കാലിനെയും വളഞ്ഞു.

സാരിക്കും, അടിപ്പാവാടയ്ക്കും ഉള്ളിലായിട്ടും അവള്‍ക്കു് നന്നേ നൊന്തു.

രാവുണ്ണി വീണ്ടും ഓങ്ങാനായുന്നു, അടി കൊണ്ട് കരയുന്ന മകന്‍.രമ ശക്തിയോടെ അയാളെ തള്ളി മാറ്റി. രാവുണ്ണി നിലത്ത് മലര്‍ന്നടിച്ചു വീണു.

"ഫ്‌‌ഭാ..! മൈരേ..!" അവളലറി.

അവള്‍ നടന്നു ചെന്നു്, ഒരു കൈ കൊണ്ടയാളുടെ തല ചെരിച്ച് പിടിച്ച് ചെകിടടക്കം തല്ലി.

"കഴുവേറീ..! നെന്നോട് എന്റെ കുഞ്ഞിനെ തല്ലരുതെന്നല്ലേ ഞാന്‍ പറഞ്ഞത്..?!"

വീണ്ടും, വീണ്ടും അയാളുടെ ചെകിട്ടത്തടിച്ചു. അവള്‍ക്ക് മതിവരുവോളം.

4 comments:

സിമി said...

കഥ വളരെ നന്നായിട്ടുണ്ട്

അരവിന്ദ് :: aravind said...

ഇദ് അങ്ങട് എയിമായില്ല ഏവൂരാനേ.

PIN said...

good

നന്ദു said...

ഏവൂർജീ, ഒരു വാക്കൊഴിച്ചാൽ കഥ ഇഷ്ടമായി. സഭ്യമല്ലാത്തതൊഴിവാക്കാമായിരുന്നു :)