Sunday, December 07, 2008

അതിഥി

ഗ്ളാസ്സില്‍ ബാക്കിയുണ്ടായിരുന്ന കട്ടന്‍ചായ ഒറ്റവലിക്കുതന്നെ തീര്‍ത്തു, ഗ്ളാസ്സ് മേശപ്പുറത്തു തിരികെ വെച്ചു.

മാവിന്‍പലകയടിച്ച മേശപ്പുറത്തേക്കു് ജനലിലൂടെ സൂര്യപ്രകാശം ചരിഞ്ഞു വന്നെത്തുന്നുണ്ട്. പുറത്തെ കാറ്റിലിളകുന്ന ഇലകള്‍ക്കനുസരിച്ചു് മേശപ്പുറത്ത് നിഴലുകളാടിത്തിമിര്‍ക്കുന്നു.

ചായയ്ക്ക് അല്പം പുകഞ്ഞ സ്വാദുണ്ട്, മധുരവും കുറവാണു്. കയ്ക്കുന്നുമുണ്ട്. എങ്കിലും, അരുചി പുറത്ത് കാണിക്കാതെ, നാവു കൊണ്ട് ചുണ്ടുകള്‍ ഒരുതവണ നക്കി വെടിപ്പാക്കി.

മേശപ്പുറത്ത് അതുവരെ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നിരുന്ന ചോണനുറുമ്പുകളിലൊരെണ്ണം മേശപ്പുറത്തു തിരികെ വെച്ച ഗ്ളാസ്സിനു നേരേ വരുന്നു.

മൗനം കനയ്ക്കുന്നു. അസുഖകരമായ, ഘനമേറിയ മൗനം.

വാക്കുകളൊടുങ്ങിയ സംഭാഷണം പല്ലുകളൊടിഞ്ഞ ഈര്‍ച്ചവാളിനെപ്പോലെയാണു്.

"ശരി, എന്നാല്‍ ഞാനിറങ്ങട്ടെ..!"

ആതിഥ്യ മര്യാദയുടെ കൊളുത്തില്‍ അസുഖകരമായ മൗനം തൂങ്ങിയാടി.

"ഉം.."


ഗേറ്റിനപ്പുറത്ത് റോഡരികില്‍ ടാക്സി പാര്‍ക്ക് ചെയ്തിട്ടുണ്ട്, അവിടം വരെ നടന്നു ചെല്ലാന്‍ ദൂരമൊരുപാടൊന്നുമില്ല. ആഞ്ഞു നടന്നാല്‍ അര മിനിറ്റു് സമയം മതിയാവും.

കൃഷിയൊഴിഞ്ഞ പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ പിന്നെയൊരു ഒന്നര മണിക്കൂറോളം യാത്ര തിരികെയുണ്ട്.

തിരികെ, പക്ഷെ ഒറ്റയ്ക്ക്.

അകായില്‍ അവളുണ്ട്. വീറോടെ, വാശിയോടെ അവള്‍, അവളുടെ മുറിയില്‍ തന്നെയുണ്ടാവണം. പെട്ടിയില്‍ നിന്നും അവളുടെ സാധനങ്ങള്‍ തിരികെ നിരത്തുന്നുണ്ടാവണം. അവളുടെ സാരിയും തുണിയും ആഭരണങ്ങളുമൊക്കെ അവളുടെ അലമാരയിലേക്കും അവളുടെ പുസ്തകങ്ങള്‍ അവളുടെ ഷെല്‍ഫിലേക്കും ഇതിനോടകം തിരികെയെത്തിക്കാണും..!

ഏറിയ കലിയോടെ അവള്‍ ശപിക്കുന്നുമുണ്ടാവണം.

കരയ്ക്കാരുടെയും കാരണവന്മാരുടെയും മുമ്പാകെ അവളെ ഈ പടികള്‍ കടത്തിക്കൊണ്ടു പോയിട്ടധികം നാളുകളൊന്നുമായിട്ടില്ല. അന്നു്, കാറു് നീങ്ങിത്തുടങ്ങിയപ്പോള്‍, അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു, മാലയും ബൊക്കെയും പിന്‍സീറ്റിലുണ്ടായിരുന്നു.


"ഗേറ്റിങ്കല്‍ വരെ ഞാനും വരാം, ഗേറ്റ് അടയ്ക്കുകയും വേണം..!" അവളുടെ അച്ഛനും ഒപ്പമെഴുന്നേറ്റു.

അല്പം അദ്‌‌ഭുതം തോന്നാതിരുന്നില്ല; മനഃസംഘര്‍ഷമുണ്ടെങ്കിലും, ആ മനുഷ്യന്റെ ശബ്ദത്തിനു ദൃഢത ആവോളമുണ്ട്.

ഇത്രനേരവും നിസ്സംഗത ഭാവിച്ചെങ്കിലും, ഇപ്പോള്‍, ഈ പടികളിറങ്ങുമ്പോള്‍ അവളുടെ അച്ഛന്റെ മുഖത്തേക്ക് നോക്കാനായില്ല.

പുറത്തു നിന്നും ഗേറ്റിന്റെ പാളി തിരികെ ചാരി.

പ്രൗഢിയാര്‍ന്ന ഇരുനില വീട്. അതിന്റെ ഏതെങ്കിലും ജനാലയിലൂടെ, ഉപ്പ് രുചിയുള്ള നെടുവീര്‍പ്പുകള്‍ക്കൊപ്പം അവള്‍ പുറത്തേക്ക് നോക്കുന്നുണ്ടാവുമോ? ഈ വശത്തേയ്ക്ക്?

ഏയ്, ഇല്ല, ഉണ്ടാവില്ല.. അവിശ്വസ്തനായ ഭര്‍ത്താവിനെ അവള്‍ക്ക് സഹിക്കാനാവില്ല.

കൂടുതല്‍ നോക്കാനും പറയാനുമൊന്നും നിന്നില്ല; തിരികെ പടികളിറങ്ങുന്ന ഈ അതിഥി ഇനി ഇവര്‍ക്കെല്ലാം അനഭിമതനാണു്.

വഷളന്‍, വഞ്ചകന്‍, ചതിയന്‍...!

ഒലക്കയാണു്..! ഒലക്ക..! ഡ്രൈവര്‍ ടാക്സി സ്റ്റാര്‍ട്ടാക്കിയിട്ടുണ്ട്, അതിവേഗം അതിനടുത്തേക്ക് നടന്നു പോന്നു.

അകത്തെ മേശപ്പുറത്തെ കാലി ഗ്ളാസ്സിനുള്ളിലേക്കും ചോണനുറുമ്പുകള്‍ എത്തിക്കഴിഞ്ഞു.

6 comments:

സു | Su said...

‘അതിഥി’ മോശമില്ല. :)

maithreyi said...

enthee athithi aviswasthanaayi?

smitha adharsh said...

എങ്ങനെ അയാള്‍ അവിശ്വസ്തനായി?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)

Bindhu Unny said...

ഞങ്ങടെ നാ‍ട്ടുകാരനാണ് അതിഥിയെങ്കില്‍ “ഒലക്കേടെ മൂടാണ്” എന്ന് പറഞ്ഞേനേ :-)

Sajeesh .V. Balan said...

" Athidhi" - nice story..