Sunday, February 01, 2009

ഷാമിയാനയിലെ സഞ്ചാരി

ഒരുപാട് നാളുകള്‍ക്ക് ശേഷമാണു് ഈ നഗരത്തില്‍ തിരികെ എത്തുന്നത്. പതിവു പോലെയല്ല, ഇത്തവണ വലിയ പരവേശമില്ല, സെയില്‍സ് റിപ്പോര്‍ട്ടിലെ അക്കങ്ങള്‍ ആശ്വാസം പകരുന്നവയാണു്. അഭൂതപൂര്‍വ്വമായ വില്‍പന നടത്തിയ ക്വാര്‍ട്ടറാണു് പിന്നിട്ടത്.

സെയില്‍സ് കോണ്‍ഫറന്സില്‍, സംസ്ഥാനത്തൊട്ടാകെ നിന്നുള്ള എക്സിക്യൂട്ടീവുകള്‍ സമ്മേളിക്കുന്നു. കഴിഞ്ഞ ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതല്‍ വാല്യു ഓര്‍ഡര്‍ നേടിയ ആള്‍ക്കൊരു ട്രോഫി, അടുത്ത മൂന്ന് മാസങ്ങളിലേക്ക് പുതിയ തന്ത്രങ്ങള്‍, പുതിയ പ്രോഡക്റ്റുകള്‍ക്കു വേണ്ട സ്റ്റ്രാറ്റജികള്‍, സെയില്‍സ് പ്രൊജക്ഷന്‍ , തീറ്റ, കുടി .

ഭാരം വലിച്ചു മടുത്ത കാള‌‌യുടെ മുമ്പിലേക്ക് പുല്ല് കെട്ടിയൊരു കമ്പ് ചേര്‍ത്ത് കെട്ടി അതിനെ മോഹിപ്പിച്ചു മുന്നോട്ട് നടത്തുന്ന ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നുണ്ട്. എന്നാണതു ആദ്യമായി കണ്ടതെന്നു് അറിയില്ല.

പതിവായി ക്വാര്‍ട്ടേര്‍ലി മീറ്റിങ്ങിനു വരുമ്പോള്‍ തങ്ങുന്ന ഹോട്ടലാണു് ഇത്തവണയും കുര്യന്‍ ബുക്ക് ചെയ്തത്. പഴയ ഒരു കോഠി മാറ്റിയെടുത്തുണ്ടാക്കിയ ഹോട്ടലാണു് - കട്ടിക്കുമ്മായം തേച്ച ഘനമുള്ള ചുവരുകളും, ഉയരമുള്ള മുറികളും, അലങ്കാരങ്ങളായി തൂക്കു്‌‌വിളക്കുകളുമുള്ള, ഷാമിയാന.

അവിടെ തന്നെ അത്താഴം കഴിക്കാനാകും. എന്നാല്‍, ബസ്‌‌ സ്റ്റാന്‍ഡിനടുത്ത് ഒരു ഗുജറാത്തി ഭോജനാലയമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ നഗരത്തില്‍ തന്നെ ജോലി ചെയ്യുന്ന നാളുകളില്‍ അവിടുന്നായിരുന്നു മിക്കപ്പോഴും ആഹാരം. അതു കൊണ്ട് തന്നെ, വല്ലപ്പോഴുമൊക്കെ തിരികെ വരുമ്പോള്‍, അവിടെത്തന്നെ ചെന്നെത്താറുണ്ട്. ഓര്‍മ്മ പുതുക്കാനല്ല, വിശ്വസിച്ച് വല്ലതും കഴിക്കാം എന്നു് ഉറപ്പുള്ളതു കൊണ്ടാണു്.

അവിടെ ക്യാഷ് കൗണ്ടറിലിരിക്കുന്ന വയസ്സന്‍ ഗുജറാത്തിക്ക് യാതൊരു മാറ്റവുമില്ല. സൗമ്യമായ ഇടപഴകല്‍, ശുചിയായ ചുറ്റുപാട്, സ്വാദിഷ്ടമായ ആഹാരവും.

അത്താഴം കഴിഞ്ഞ്, ഷാമിയാനയിലേക്ക് തിരിക്കുന്നതിനു മുമ്പ്, ന്യൂസ് സ്റ്റാന്‍ഡില്‍ നിന്നും വാര്‍ത്താ വാരികയൊരെണ്ണം വാങ്ങി. വെറുതെ മുഷിയുന്ന നേരത്ത് എന്തെങ്കിലും മറിച്ചു നോക്കാമല്ലോ..?


ലോബിയ്ക്കടുത്ത് എത്തിയപ്പോള്‍ കീശയിലിരുന്ന സെല്‍ഫോണ്‍ ശബ്ദിച്ചു.

വീട്ടില്‍ നിന്നുമാണു്, കോള്‍. ആഹാരം കഴിച്ചുവെന്നും ഇനി ഉറങ്ങാന്‍ പോവുകയാണെന്നും പിന്നണിയില്‍ ഭാര്യ പറഞ്ഞു കൊടുക്കുന്നതു കൊഞ്ചിക്കൊഴിഞ്ഞ് സുന്ദരമായ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്ന മകള്‍.

"ബൈ അപ്പാ..!"

"ബൈ മോളൂ..! ഇനി, അമ്മയ്ക്കൊന്നു ഫോണ്‍ കൊടുത്തേ..!"

മറുതലയ്ക്കല്‍ ഭാര്യ. അവളും ആഹാരം കഴിച്ചെന്നും, വൈകാതെ ഉറങ്ങാന് കിടക്കുമെന്നും, കതകൊക്കെ നന്നായി അടച്ചു പൂട്ടിയിട്ടുണ്ടെന്നും...

"ഗുഡ്‌‌ നൈറ്റ്..!"

ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടുന്ന ജോലിയായതിനാല്‍ പാലിക്കേണ്ടുന്ന പ്രോട്ടോക്കോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും ഇതിനോടകം സുപരിചിതമായിരിക്കുന്നുമുറിയിലെത്തി. ശീതികരണിയുടെ നേരിയ മുരളിച്ചയും, ചെറിയ തണുപ്പും. വേഷം മാറി വന്നു, ടീവി റിമോട്ടുമെടുത്ത് കിടക്കയിലേക്ക് ചാഞ്ഞു.

ചാനലുകള്‍ കുറേ മാറ്റി മാറ്റി നോക്കി, മനസ്സുറയ്ക്കുന്നില്ല. ഉറക്കവും ഒട്ട് വരുന്നില്ല.

നേരത്തെ വാങ്ങിയ വാരിക തപ്പിയെടുത്തു, താളുകള്‍ മറിച്ചു നോക്കി.

ഒടുവില്‍, രാജസ്ഥാനിലെവിടെയോ ഉള്ള രണ്ടു ഗോത്രത്തലവന്മാരുടെ സചിത്ര ലേഖനത്തില്‍‍ കണ്ണുടക്കി. രണ്ടു പേരും, മറ്റ് ഭാര്യമാര്‍ക്ക് പുറമേ തങ്ങളുടെ പത്തു വയസ്സോളം പ്രായമുള്ള പെണ്‌‌മക്കളെ അങ്ങോട്ടുമിങ്ങോട്ടും വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണു് ലേഖനത്തില്‍. അവരുടെയെല്ലാം ചിത്രവുമുണ്ട്. ബാലികമാരുടെ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്, നോവിപ്പിക്കുന്ന ഒരു തരം നിര്‍വികാരതയും.എപ്പോഴാണു് ഉറങ്ങിയതെന്നു ഓര്‍മ്മയില്ല.തലപ്പാവു് ധരിച്ച, പല്ലുകള്‍ കൊഴിഞ്ഞ, നരച്ച കുറ്റിത്താടിയും കപ്പടാ മീശയുമുള്ള മെലിഞ്ഞ കിഴവന്റെ മുഖം..

അയാളുടെ ശ്വാസത്തിനു പുകയിലയുടെ രൂക്ഷഗന്ധം.

പരുപരുത്ത, ശുഷ്ക്കിച്ച കൈകള്‍ കൊണ്ട് മുഖം തനിക്കു നേരേ പിടിച്ച് വെച്ച് അയാള്‍ അധരങ്ങളില്‍ ചുംബിക്കാന്‍ ശ്രമിക്കുകയാണു്. വെള്ളനിറമോടിയ നാവു കൊണ്ട് അയാള്‍ തന്റെ ചിറികള്‍ നനയ്ക്കുന്നു.

ഫ്രഞ്ച് കിസ്സ്.

ഇപ്പോള്‍, അയാളുടെ ചിറികള്‍ തേടിപ്പോവുന്നത്, മുലഞെട്ടിനെയാണു്.മകളുടെ മുല ഞെട്ട്.ഞെട്ടിയുണര്‍ന്നു. വിയര്‍ത്തു കുളിച്ചിരിക്കുന്നു, ഹൃദയം ശക്തിയായി മിടിക്കുന്നു.

മകളെവിടെ?


ഹോട്ടല്‍ മുറിയിലാണെന്നും, ടീവി അപ്പോഴും പ്രവര്‍ത്തിക്കുകയാണെന്നും ദുഃസ്വപ്നമായിരുന്നുവെന്നും മെല്ലെ മനസ്സിലായി.

മണി, നാലരയാവുന്നു. കിടക്കിയിലപ്പോഴും മലര്‍ന്നു കിടന്ന വാര്‍ത്താ വാരിക ചുരുട്ടിക്കൂട്ടിയെടുത്ത് മൂലയ്ക്കെറിഞ്ഞു.

ഇനി ഉറങ്ങാനാവുമോ?

1 comment:

അരവിന്ദ് :: aravind said...

ഇതില്‍ കഥ കണ്ടില്ല. :(