Monday, February 23, 2009

ആവര്‍ത്തനം


കൈകൾ കവർന്നു പിടിച്ചിരിക്കുകയായിരുന്നു അത്രയും നേരം. ട്രോളിയുന്താനായുന്നതിനു മുമ്പ്, കൈക്കുമ്പിളില്‍ നിന്നും പാരവശ്യത്തോടെ അവന്റെ കൈകളെടുത്തു നെഞ്ചോടു ഒരു നിമിഷം ചേര്‍ത്തു വെച്ചു.

എന്റെ ഹൃദയം മിടിക്കുന്നത് അവന്റെ വിരലുകളറിയുന്നുണ്ടാവുമോ? അവന്റെ ശ്വാസഗതിയും മനോവിഷമവും മനസ്സിലാക്കാന്‍ എനിക്കാവുന്നുണ്ടോ? വികാരത്തള്ളലില്‍, നുരയുന്ന കണ്ണീ‌‌ര്‍ത്തള്ളലിനെ അണകെട്ടിയൊതുക്കാന്‍, വിറകൊള്ളുന്ന ചുണ്ടുകളെ കണ്ടില്ലയെന്നു നടിക്കാന്‍, എല്ലാവരും തങ്ങളുടെ കണ്ണുകളില്‍ നിര്‍വികാരത തള്ളി നിറച്ചു. തികച്ചും കപടമായ, ചോരുന്ന അഭിനയം .

എങ്കിലും, മനസ്സുകള്‍ ഒരായിരം കാര്യങ്ങള്‍ പറയുകയായിരുന്നു, ചുണ്ടും നാവുമൊന്നും ഉപയോഗിക്കാതെ തന്നെ, അര്‍ദ്ധനിമിഷങ്ങള്‍ കൊണ്ട് എന്തൊക്കെയോ കാര്യങ്ങള്‍
അസ്തിത്വത്തിന്റെ, ജീവന്റെ ഭാഷയില്‍, തമ്മില്‍ പറഞ്ഞു.

അവനോടുള്ള ആശ്ളേഷമയഞ്ഞപ്പോള്‍, ഭാര്യയെ ഇടംകണ്ണിട്ട് നോക്കി. അവളും വിഷമത്തോടെ ശിലാപ്രതിമ കണക്കെ...

വലിയ മനോഭാരത്തോടെ അകത്തേക്കു നടന്നു. മുഖം തിരിച്ചു കഴിഞ്ഞപ്പോഴാണു് കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കുടുകുടാ ചാടിയത്. വാതില്‍ക്കല്‍ എസ്.എല്‍.ആര്‍. റൈഫിളുമേന്തി കാക്കിയണിഞ്ഞ സുരക്ഷാഭടന്‍. യാത്രാരേഖകള്‍ അയാളെ കാണിക്കുമ്പോഴേക്കും അതു വരെ അടക്കി നിര്‍ത്തിയ ചാലുകള്‍ കവിളിലൂടെയൊഴുകുന്നുണ്ടായിരുന്നു. കണ്ണുനീര്‍ തുടയ്ക്കാന്‍ കൈപൊക്കുന്നത് പിന്നില്‍ നില്‍ക്കുന്നയവര്‍ കാണരുതെന്നുണ്ടായിരുന്നതിനാല്‍, വാതിലിനപ്പുറം കടന്നു്, ഭിത്തിയുടെ മറപറ്റിയ ശേഷം മാത്രമാണു് പുറംകൈകൊണ്ട് മുഖം തുടച്ചത്.

വാതിലിനപ്പുറം, തങ്ങളുടെ ഉറ്റവരെ യാത്രയയ്ക്കാന്‍ വന്ന മറ്റനേകം ആള്‍ക്കാര്‍ക്കിടയില്‍ എന്റെയും ആള്‍ക്കാരുണ്ട്..!

വാതിലിനു ഇപ്പുറത്തു് ഞാനും, ഇവളും. വിമാനത്താവളത്തില്‍ നിന്നും തുടങ്ങി ഭൂഖണ്ഡങ്ങള്‍ പരന്നു കിടക്കുന്ന പരുക്കന്‍ ലോകവും, അങ്ങേകോണില്‍ ഞങ്ങളുടെ ചെറിയ ലോകവും.

പോവാതെ പറ്റില്ലല്ലോ?

അവള്‍ ചുമലില്‍ തൊടുന്നതറിഞ്ഞു, ചെക്കിന്‍ ക്യൂവിലെ ഊഴമെത്തിയിരിക്കുന്നു. അന്നേരവും കണ്ണുകള്‍ അവളുടേതുമായി കോര്‍ക്കാതെ കാത്തു.

ചെക്കിന്‍ കൗണ്ടറില്‍ ബാഗേജുകള്‍ ഓരോന്നായി കണ്‍വേയര്‍ ബെല്‍റ്റിലേറി കാണാപ്പുറത്തേക്ക് പോയ്‌‌മറഞ്ഞു.

കൈവിരലുകള്‍ക്കിടയിലൂടെ അവരുടെ കൈകള്‍ ഊര്‍ന്നിറങ്ങിയത് അറിഞ്ഞതേയില്ല. കൃത്യമായി, എപ്പോഴായിരുന്നു വിരല്‍ത്തുമ്പുകള്‍ തമ്മില്‍ അടര്‍ന്നത്? ഇനി എന്നു കാണും? കാണുമോ? പ്രിയമുള്ളവരുടെ അടുത്ത് നിന്നും ഇത്രയും ദൂരം അകലെ ജീവിക്കുന്നതിന്റെ സാംഗത്യം എന്താണു്?

സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലീവീങ്ങ് എന്ന നുകം?

അല്ല.

ഇന്റിമസി വുഡ് ക്രിയേറ്റ് കന്‍ടെമ്പ്റ്റ്. പെന്‍ഡുലം പോലെയാണു് മാനുഷിക ബന്ധങ്ങള്‍. അടുത്തിരിക്കുമ്പോള്‍ വീര്‍‌‌പ്പ്‌‌മുട്ടി മടുക്കുകയും, അകലുമ്പോള്‍ അടുക്കാന്‍ കൊതിക്കുകയും ചെയ്യുന്ന പച്ച മനുഷ്യന്‍. ഇല്ലാത്തവയ്ക്ക് കൊതിയ്ക്കുന്ന മനുഷ്യന്‍. അവന്റെ ആസ്പിറേഷന്‍, അംബീഷ്യന്സ്, പ്രൊഫെഷണല്‍ സ്വപ്നങ്ങള്‍.

സ്വന്തം നാട്ടില്‍ പ്രവാചകര്‍‌‌ക്ക് പ്രവാസം വിധിവിഹിതം.

ചെക്കിന്‍ കഴിഞ്ഞു. ഇനി മറ്റു നടപടികള്‍ക്കുമായി അകത്തേക്കാണു് പോവേണ്ടത്. അതിനു മുമ്പ്,
വെളിയില്‍ ലോഹപ്പൈപ്പുകള്‍ കൊണ്ടുള്ള വേലിക്കപ്പറുത്ത് , മറ്റുള്ളവര്‍ക്കൊപ്പം അവരിപ്പോഴും കാത്ത്‌‌നില്‍ക്കുന്നുണ്ടാവും. അവരെ യാത്രയാക്കേണ്ടതുണ്ട്.

തിരികെ വെളിയിലിറങ്ങാന്‍ പറ്റില്ല. സുതാര്യമായ ഘനമുള്ള ചുവരിനപ്പുറം, അവര്‍ നില്‍പ്പുണ്ടായിരുന്നു.

കണ്ടതും അവര്‍ കൈവീശി.

"ഇനീ പൊയ്ക്കോ..!!" ശബ്ദം കടന്നു പോവില്ലെന്നു അറിയാമായിരുന്നതു കൊണ്ട്, ഒച്ചയില്ലാതെ പറഞ്ഞു. അവര്‍ക്കൊപ്പമുണ്ടായിരുന്ന അനേകം മറ്റുള്ളവര്‍ ഫോക്കസ്സില്‍ നിന്നും പിന്നണിയിലേക്കു് മങ്ങി മങ്ങി പോകവെ,
ക്യാമറയിലെന്ന പോലെ ആ ഫ്രെയിം മനസ്സില്‍ പകര്‍ത്താന്‍ ശാന്തമായി അല്പ നേരം നോക്കി നിന്നു.

ഞങ്ങള്‍ക്ക് പോവാതെ പറ്റില്ലല്ലോ. വിസ്‌‌തൃതമായ ലോകം, വിചിത്രകാഴ്ചകളും സമ്മാനിക്കാനിരിക്കുന്ന വേദനകളുമൊക്കെയുമായി അകത്ത് കാത്തിരിക്കുന്നു.

ഇനി കണ്ണുകള്‍ പിന്‍വലിച്ച്, അകത്തേക്ക് നടക്കാം.

8 comments:

അരവിന്ദ് :: aravind said...

"ഇനി പൊയ്കോ" !

ആഹ്..ഏവൂരാനേ.
ആ ഒരു ഫീലിംഗ് കിട്ടി. ഒട്ടും ഇഷ്ടമില്ലാത്ത ഫീലിംഗ് ആണെങ്കില്‍ പോലും..നന്നായി.

Prayan said...

ശരിക്കും മനസ്സിലാകുന്നു ഈ വിങ്ങല്‍....

സിജി said...

കഥകളുടെ ഈ കൊട്ടാരത്തില്‍ വന്ന് കൗതുകംതോന്നിയ പലതും എടുത്ത്‌ വായിച്ചുനോക്കി തിരിച്ചുവെച്ചിട്ടുണ്ട്‌. സ്ഥാനം തെറ്റി വല്ലതും തിരിച്ചുവെച്ചെങ്കില്‍ ആരെയും സംശയിക്കരുത്‌. :)

വേറിട്ട ശബ്ദം said...

നന്നായി.....മനസ്സിലാകുന്നു...

ജ്വാല said...

“അടുത്തിരിക്കുമ്പോള്‍ വീര്‍‌‌പ്പ്‌‌മുട്ടി മടുക്കുകയും, അകലുമ്പോള്‍ അടുക്കാന്‍ കൊതിക്കുകയും ചെയ്യുന്ന പച്ച മനുഷ്യന്‍. ഇല്ലാത്തവയ്ക്ക് കൊതിയ്ക്കുന്ന മനുഷ്യന്‍. അവന്റെ ആസ്പിറേഷന്‍, അംബീഷ്യന്സ്, പ്രൊഫെഷണല്‍ സ്വപ്നങ്ങള്‍.“
ജീവിതയാത്രകള്‍ ...അതിനു നമ്മള്‍ എത്ര നിര്‍വച്ചനങ്ങള്‍ നല്‍കിയാലും വേദനയുടെ അടിയൊഴുക്കു മറക്കാനാവില്ല.ഈ യാത്രാമൊഴിയിലും അതു വ്യക്തം

...പകല്‍കിനാവന്‍...daYdreamEr... said...

ഇനി കണ്ണുകള്‍ പിന്‍വലിച്ച്, അകത്തേക്ക് നടക്കാം.

മനസ്സ് മാത്രം ബാക്ക് വെച്ച്...! നല്ല എഴുത്ത്...

കുമാരന്‍ said...

ഇഷ്ടപ്പെട്ടു ഈ വരികള്‍.

ആര്യന്‍ said...

Good 'un, evuraan...